Image

ഒരു കൊറോണാ അനുഭവം (ബാബു പാറയ്ക്കല്‍)

ബാബു പാറയ്ക്കല്‍ Published on 23 May, 2020
ഒരു കൊറോണാ അനുഭവം (ബാബു പാറയ്ക്കല്‍)
ആലീപോണ്ട് പാര്‍ക്കിലെ  ഒറ്റയടി പാതയില്‍ കൂടി അജിത് വേഗം നടന്നു. പാതയുടെ ഇരുവശത്തും ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന വന്‍മരങ്ങള്‍. നേരം പുലര്‍ന്നിട്ട് അധികനേരമായിട്ടില്ല. കുറച്ചുകൂടി നടന്നാല്‍ ആ ഒറ്റയടിപാത ചെന്ന് അല്പം കൂടി വിശാലമായ ഒരു വഴിയില്‍ ചേരുകയാണ്. അയാള്‍ ആ വലിയ വലിയ വഴിയിലെത്തി മുമ്പോട്ടു നടന്നു. ആ റോഡില്‍ വാഹനങ്ങളൊന്നുമില്ലായിരുന്നു. തന്നെപ്പോലെതന്നെ അതിവേഗം നടന്നുപോകുന്നവരെ അയാള്‍ ശ്രദ്ധിച്ചു. പലരും വിയര്‍പ്പില്‍ കുളിച്ചിരിക്കയാണ്. പ്രത്യേകിച്ചും ല്ക്ഷ്യസ്ഥാനമൊന്നുമില്ലാതെ രാവിലെ വ്യായാമത്തിനുവേണ്ടി നടക്കുന്നവരാണവരൊക്കെ തന്നേപ്പോലെ. നഗരാതിര്‍ത്തിയില്‍ പ്രാന്തപ്രദേശത്തോടടുത്ത് ആളുകളുടെ വ്യായമത്തിനും വിനോദത്തിനും വേണ്ടി നഗരസഭ പ്രത്യേകം കാത്തുസൂക്ഷിക്കുന്ന പാര്‍ക്കായിരുന്നു അത്.
 
മൈലുകളോളം നീളത്തില്‍ ആ റോഡില്‍കൂടി സഞ്ചരിക്കാം. നടക്കുകയോ ഓടുകയോ സൈക്കിള്‍ സവാരി ചെയ്യുകയോ ഒക്കെ ആവാം. നിബിഢവനം പോലെ തോന്നുന്ന ആ പാര്‍ക്കില്‍കൂടിയുള്ള നടപ്പ് ഇല്ലാസകരമായിരുന്നു. കാറോ മറ്റു വാഹനങ്ങളോ ആ വഴിയില്‍ അനുവദിച്ചിരുന്നില്ല. പലരും നായ്ക്കളെയും കൊണ്ടാണു നടക്കുന്നത്. പാശ്ചാത്യലോകത്ത് പലരും നായ്ക്കളെ സ്വന്തം കുട്ടികളെക്കാള്‍ നന്നായി പരിപാലിക്കുന്നു.
 
കൊറോണാ ഭീഷണി ഉണ്ടായതിനുശേഷം എല്ലാവരും മാസ്‌ക് ധരിച്ചാണു നടക്കുന്നത്. അയാള്‍ മുമ്പോട്ടു നടന്നു. മുമ്പത്തേപോലെ പരിചയക്കാര്‍ വഴിയില്‍ തമ്മില്‍ കാണുമ്പോള്‍ കുശലം പറഞ്ഞു നില്‍ക്കാറില്ല. കൈവീശി കാണിച്ചിട്ട് നില്‍ക്കാതെ നടന്നു പോകയാണിപ്പോള്‍ ചെയ്യുന്നത്. മനുഷ്യനേത്രങ്ങള്‍ക്കു കാണാന്‍ കഴിയാത്ത 'കോവിഡ്-19'  എന്ന വൈറസ് മനുഷ്യരെ പല ശീലങ്ങളും ഇപ്പോള്‍ പുതുതായി പഠിച്ചിരിക്കുന്നു. താഴെ വീണ അവന്റെ അഹങ്കാരങ്ങളൊക്കെ ചവുട്ടി അരച്ചാണ് വിനയാന്വിതരായി അവര്‍ മുമ്പോട്ടു നീങ്ങുന്നത്. മാനുഷിക മൂല്യങ്ങള്‍ക്കു വിലയുണ്ടെന്നിപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. മനുഷ്യജീവിതം സാമൂഹ്യ പ്രതിബദ്ധതയുള്ളതാവണം എന്ന പുതിയ പാഠം അവനു മനസ്സിലായി തുടങ്ങിയിരിക്കുന്നു. ഒറ്റയ്ക്ക് ഒന്നു നേടാനാവില്ലെന്നും നേടിയതൊന്നും അനശ്വരമല്ലെന്നും ഉള്ള സത്യം താമസിച്ചാണെങ്കിലും കൊറോണാ വൈറസ് കാട്ടിക്കൊടുത്തു. വഴിയുടെ ഇരുവശത്തും നില്‍ക്കുന്ന വന്‍മരങ്ങളില്‍ നിന്നും താഴേക്കുകിടക്കുന്ന കാട്ടുവള്ളികളില്‍ കൂടി അതിവേഗം മുകളിലേക്കു കയറുന്ന അണ്ണാറക്കണ്ണന്മാരെ നോക്കി അജിത് ചെറുതായി ചിരിച്ചു.
 
പെട്ടെന്നയാള്‍ ചെറുപ്പകാലങ്ങളിലേക്കൊരു നിമിഷം തിരിച്ചുപോയി. സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ മൂന്നു മൈല്‍ വനത്തില്‍കൂടി യാത്രചെയ്താണ് എന്നും സ്‌ക്കൂളില്‍ പൊയ്‌ക്കൊണ്ടിരുന്നത്. മടങ്ങിവരുമ്പോള്‍ ധൃതിയില്ലാത്തതുകൊണ്ട് കൂട്ടുകാരും കൂടി ഏതെങ്കിലും ചോലയുടെ അടുത്തായി വലിയ ഉരുളന്‍കല്ലില്‍ കയറി ഇരിക്കും. അല്പം കഴിയുമ്പോള്‍ ഏതാനും അണ്ണാറക്കണ്ണന്മാര്‍ കുറച്ചടുത്തായി വന്നിരിക്കും. വല്ല കപ്പലണ്ടിയോ മറ്റോ കുട്ടികള്‍ എറിഞ്ഞുകൊടുക്കും. ആ അണ്ണാറക്കണ്ണന്മാരുടെ പുറത്തുവരയുണ്ടായിരുന്നു. കൂട്ടുകാരുമൊത്ത് പല കഥകളും പറഞ്ഞ് രസിച്ചു കുറെ നേരമിരിക്കും. അങ്ങനെയിരിക്കെ,  അല്പം കഴിയുമ്പോള്‍ സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ കൃഷ്ണന്‍ നായര്‍ സാര്‍ അതുവഴി വരും. അദ്ദേഹത്തെ ദൂരെ കാണുമ്പോള്‍ തന്നെ എല്ലാവരും സ്ഥലം വിടും. ചിലപ്പോള്‍ അടുത്തുവന്നു കഴിയുമ്പോഴാണു കാണുന്നത്. അപ്പോള്‍ അദ്ദേഹം പറയും, 'ഇവിടെയിരുന്നു സമയം കളയാതെ വീട്ടില്‍ പോയി വല്ലതും വായിച്ചു പഠിക്കെടാ പിള്ളാരെ.'
 
കുട്ടികള്‍ക്കു കൃഷ്ണന്‍ നായര്‍ സാറിനെ ഭയമായിരുന്നു. എന്തെങ്കിലും കുറ്റത്തിനു സാര്‍ പിടിച്ചിട്ടുണ്ടെങ്കില്‍ പിന്നെ ജീവിതത്തില്‍ മറക്കില്ല. ആ കാലമൊക്കെ പോയി. ഇപ്പോള്‍ ആ പ്രദേശമാകെ റബ്ബര്‍ വച്ചു പിടിപ്പിച്ചിരിക്കയാണ്. ചോലയൊക്കെ എവിടെയോ പോയി മറഞ്ഞു.
 
പക്ഷേ, ഈ മഹാനഗരത്തില്‍ ഇ്‌പ്പോഴും ഈ പാര്‍ക്ക് അതിഭംഗിയായി സൂക്ഷിച്ചിരിക്കുന്നതില്‍ അയാള്‍ക്കു മതിപ്പുതോന്നി.
പാതയോരത്തു പ്രഭാതകൃത്യങ്ങള്‍ നടത്തുന്ന നായ്ക്കള്‍ക്കു പിന്നാലെ ചെറിയൊരു തൊട്ടിയോ പ്ലാസിറ്റിക് ബാഗുമായോ നടക്കുന്ന പലരെയും അയാള്‍ നോക്കിനിന്നു. നായ്ക്കള്‍ ഇട്ടിട്ടുപോകുന്ന വിസര്‍ജ്ജം കൈകൊണ്ടുകോരിയെടുത്തു കൈയ്യിലുള്ള തൊട്ടിയിലോ പ്ലാസ്റ്റിക് ബാഗിലോ നിക്ഷേപിച്ച് ഉടമസ്ഥന്‍  നായയുമായി നടന്നു നീങ്ങുന്നു. അതില്‍ അവര്‍ക്കു യാതൊരു കുറച്ചിലുമില്ല. അയാള്‍ വീണ്ടും മുമ്പോട്ടുനടന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു പട്ടിയെയും പിടിച്ചുകൊണ്ട് ഒരു പ്ലാസ്റ്റിക് ബാഗുമായി നില്‍ക്കുന്ന ഒരാള്‍. അയാള്‍ക്കു ചുറ്റുമായി ഏതാനും പേര്‍. ചുറ്റു നില്‍ക്കുന്നവര്‍ പട്ടിയുമായി നില്‍ക്കുന്ന ആളിനോട് എന്തോ കയര്‍ത്തു സംസാരിക്കുന്നു. എന്താണു കാര്യം എന്നറിയാന്‍ അവരുടെ അടുത്തേക്കു ചെന്നു. പട്ടിയുമായി നില്‍ക്കുന്നയാള്‍ തലകുനിച്ചു നില്‍ക്കുന്നു.

 
'വാട്ട് ഹാപ്പന്‍ഡ്?' അയാള്‍ കാര്യം തെരക്കി.
'ഹി ഈസ് നോട്ട് ക്ലിനിംഗ് ആഫ്റ്റര്‍ ഹിസ് ഡോഗ്. ' കൂട്ടത്തില്‍ ഒരുത്തന്‍  പറഞ്ഞു.
ഹോ! അതാണുകാര്യം. ആരോ ഒരുത്തന്‍ പട്ടിയെയും കൊണ്ടു നടക്കാന്‍ ഇറങ്ങി. പട്ടി വഴിയരുകില്‍ കാര്യം സാധിച്ചു. പക്ഷേ, എല്ലാവരെയും പോലെ അയാള്‍ പട്ടിയുടെ വിസര്‍ജ്ജം കോരി എടുത്തു കയ്യിലുള്ള ബാഗിലിട്ടില്ല. അതുകണ്ട വഴിയാത്രക്കാര്‍ അയാളെ ചോദ്യം ചെയ്യുകയാണ്. അവര്‍ പാര്ക്കു പോലീസ് വരാന്‍ കാത്തുനില്‍ക്കയാണ്.
പട്ടിയുടെ ഉടമസ്ഥന്‍ മസ്‌കു ധരിച്ചു കുനിഞ്ഞുനില്‍ക്കുന്നതിനാല്‍ മുഖം കാണാന്‍ കഴിഞ്ഞില്ല.
 
പെ്‌ട്ടെന്നൊരു പോലീസ് പെട്രോള്‍ കാര്‍ മിന്നുന്ന നിറമുള്ള ലൈറ്റുകള്‍ കത്തിച്ചുകൊണ്ട് അടുത്തുവന്നു. അതില്‍ നിന്നും രണ്ടു പോലീസുകാര്‍ ഇറങ്ങി അവരുടെ അടുത്തേക്കു വന്നു.
'ഹു ഈസ് ദ ഗൈ?' ഒരു പോലീസുകാരന്‍ ചോദിച്ചു.
 
'ഹി ഈസ് ദ ഗൈ?' പലരും ഒരേ സ്വരത്തില്‍ പറഞ്ഞു.
'റെയ്‌സ് യുവര്‍ ഹെഡ്.' ഒരു പോലീസുകാരന്‍ അയാളുടെ കയ്യിലുള്ള ഒരു ചെറിയ വടികൊണ്ട് പട്ടിക്കാരന്റെ താടിയില്‍ തോണ്ടി ഉയര്‍ത്തി.
 
'വൈഡോണ്ട് യു ക്ലീനപ്പ് ആഫ്ടര്‍ യുവര്‍ ഡോഗ്?'
അയാളൊന്നും മിണ്ടിയില്ല. അയാളുടെ രണ്ടു കണ്ണുകളും നിറഞ്ഞിരിക്കുന്നു. അജിത് ആ മുഖത്തേക്കു സൂക്ഷിച്ചു നോക്കി. എവിടെയോ കണ്ടു നല്ല പരിചയം. ഒന്നു കൂടി സൂക്ഷിച്ചുനോക്കി.
 
ഓ മൈ ഗോഡ് ! കൃഷ്ണന്‍ നായര്‍ സാര്‍!
'കൃഷ്ണന്‍ നായരു സാറല്ലേ?' മലയാളത്തിലുള്ള അജിത്തിന്റെ ചോദ്യം കേട്ട് അയാളുടെ മുഖത്ത് വിസ്മയഭാവം വിളയാടി.
'അതെ. നിങ്ങള്‍ ആരാണ്?'
'എന്റെ പേര് അജിത്. സാറു പഠിപ്പിച്ചിട്ടുള്ളതാ.'
'ഓഫീസര്‍, ഐ നോ ദിസ് മേൻ, ഐ വില്‍ ടേക് കെയര്‍ ഓഫ് ഇറ്റ്.'
അജിത് പോലീസ് ഓഫീസറോട് പറഞ്ഞു.
 'ഹു ആര്‍ യൂ?'
അജിത്തിന്റെ സംസാരം പോലീസുകാരനിഷ്ടപ്പെട്ടില്ല. ചുറ്റും കൂടിനിന്നവരോടു പിരിഞ്ഞുപോകാന്‍ ആ പോലീസുകാരന്‍ ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കിലെ പ്രശസ്ത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ക്രിമിനല്‍ ജസ്റ്റീസില്‍ ബിരുദാനന്തര ബിരുദമെടുത്തിട്ടുള്ള അജിത് പോലീസ് ഡിപ്പാര്‍ട്ടുമെന്റില്‍ തന്നെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്. അയാള്‍ പോക്കറ്റില്‍ നിന്നും ഐ.ഡി.കാര്‍ഡെടുത്ത് പോലീസുകാരന്റെ നേരെ നീട്ടി. പോലീസുകാരന്‍ അതു പരിശോധിച്ചിട്ട് അജിത്തിനോടു പറഞ്ഞു.
'സോറി സാര്‍!'
'ഇറ്റ്‌സ് ഓ.കെ.'
'ഡുയു നോ ദിസ് മേന്‍?'
'ഉവ്വ്' എന്ന അര്‍ത്ഥത്തില്‍ അജിത് തലയാട്ടിയിട്ട് കൃഷ്ണന്‍നായര്‍ സാറിന്റെ കൈവശമിരുന്ന പ്ലാസ്റ്റിക് ബാഗു വാങ്ങി നിലത്തുകിടന്ന പട്ടിയുടെ വിസര്‍ജ്ജം കോരി അതിലിട്ടു.
 
'താങ്ക്യൂ സാര്‍.' പോലീസുകാര്‍ തിരിച്ചു കാറില്‍ കയറി.
'സാറിനെന്നെ മനസ്സിലായോ?' അജിത് ചോദിച്ചു.
'ഇല്ല. പിള്ളാരൊക്കെ വളരുമ്പോള്‍ മുഖഛായ മാറുമല്ലോ.'
'സാര്‍ എങ്ങെനെയാണിവിടെ....?'
സാര്‍ ഒന്നും മിണ്ടിയില്ല. നിറഞ്ഞുനിന്നിരുന്ന കണ്ണുകള്‍ തുളുമ്പിയൊഴുകി.
'വരൂ. നമുക്ക് അവിടെയിരിക്കാം.' അടുത്തുള്ള കലുങ്കിലേക്കു നോക്കി അജിത് പറഞ്ഞു.
അവര്‍ ആ കലുങ്കില്‍ വന്നിരുന്നു.
 
സാര്‍ ദൂരേയ്ക്കു നോക്കി ഒന്നു ദീര്‍ഘശ്വാസമുതിര്‍ത്തു.  പട്ടിയുടെ കഴുത്തില്‍ കിടന്ന ബെല്‍റ്റ് സാറിന്റെ കയ്യില്‍ നിന്നും അജിത് ഏറ്റെടുത്തു.
'നിങ്ങള്‍ ഈശ്വരനാണ്.' സാര്‍ പറഞ്ഞു.
 
'അയ്യോ, അങ്ങനെ പറയരുതേ സാര്‍. ഞങ്ങള്‍ക്കു ഗുരുക്കന്മാര്‍ ഈശ്വര തുല്യമാണ്. സാര്‍ എങ്ങനെ ഇവിടെയെത്തി?'
 
'എന്റെ മകന്‍ ഇവിടെയുണ്ട്. കുറച്ചു നാളത്തേക്ക് ഇവിടെ വന്നതാണ്.
 
കൊറോണാ കാരണം തിരിച്ചു പോകാനായില്ല. മകന്‍ രാവിലെ ജോലിക്കു പോയിക്കഴിഞ്ഞാല്‍ പിന്നെ മരുമകളും പന്ത്രണ്ടും പത്തും വയസ്സുവീതമുള്ള രണ്ടു കൊച്ചുമക്കളുമാണ്. രാവിലെ അല്പനേരം ഞാന്‍ നടക്കാന്‍ പോകാറുണ്ടായിരുന്നു. അതുകൊണ്ടു മരുമകള്‍ പറഞ്ഞു. പട്ടിയെയും  കൂട്ടി നടക്കാന്‍. പട്ടി വഴിയില്‍ അപ്പിയിട്ടാല്‍ അതുകോരിയെടുത്ത് ഈ പ്ലാസിറ്റിക് ബാഗിലിടണമെന്നവള്‍ പ്രത്യേകം പറഞ്ഞിരുന്നു. എന്നാല്‍, എത്ര ശ്രമിച്ചിട്ടും എന്നെക്കൊണ്ടതാവില്ല. കഴിഞ്ഞ രണ്ടു ദിവസം അങ്ങനെ കഴിച്ചുകൂട്ടി. ഭാഗ്യം, ആരും കണ്ടില്ല. പക്ഷേ, ഇന്നതു പണിയായി. ആരൊക്കെയോ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.'
 
'ഇവിടെ അതു കര്‍ശന നിയമമാണു സാറേ. ഇവിടെയുള്ളവര്‍ക്ക് അതു കോരിയെടുത്തു കൊണ്ടുപോകുന്നതില്‍ പ്രയാസമില്ല.'
 
'ഞാന്‍ ഒരു ഹൈസ്‌ക്കൂള്‍ അദ്ധ്യാപകനായിട്ടാണു വിരമിച്ചത്. പട്ടിയുടെ വിസര്‍ജ്ജം കോരി കയ്യില്‍ പിടിച്ചുകൊണ്ടുനടക്കാന്‍ എന്നെക്കൊണ്ടാവില്ല, മോനേ'
'ഇവിടെ അതു ചെയ്തില്ലെങ്കില്‍ കുറ്റകരമാണ്. കടുത്ത പിഴ ഈടാക്കും. ചിലപ്പോള്‍ അറസ്റ്റു ചെയ്‌തെന്നും വരാം.'
 
'ഞാനോര്‍ത്തു, എന്നെ അവരു കൊണ്ടുപോകുമെന്ന്. ഒരു കണക്കിന് അതായിരുന്നു ഭേദം. അതും ഒരുപക്ഷേ ജാതകത്തില്‍ എഴുതിയിട്ടുണ്ടാവും.'
 
'സാര്‍ എന്നത്തേക്കാണു തിരിച്ചു പോകുന്നത്.?'
'ഇ്‌പ്പോള്‍ പ്ലെയിനൊക്കെ സര്‍വ്വീസ് തുടങ്ങിയെന്നു കേട്ടല്ലോ. എന്നെ എത്രയും പെട്ടെന്നുതന്നെ മടക്കി അടയ്ക്കണമെന്ന് എന്റെ മോനോട് ഒന്നു പറയുമോ? കൊറോണാ വന്നതുകൊണ്ട് ഇങ്ങനെയും ഒരനുഭവം. ശിവ, ശിവ!'
 
'അതുകൊണ്ടല്ലേ സാറിനെ എനിക്കിവിടെ വച്ചു കാണാന്‍ സാധിച്ചത്. അങ്ങനെ ഒരു പോസിറ്റീവ് വശം കൂടി അതിനുണ്ടായില്ലേ, സാര്‍ സാറിനെ ഞാന്‍ നാളെ വീട്ടില്‍ വന്നു കണ്ടുകൊള്ളാം.'
 
'കൊറോണ ആയതുകൊണ്ട് അതും മരുമകള്‍ സമ്മതിക്കുമോ എന്നറിയില്ല. ഏതായാലും ഞാന്‍ പറയാം.'
 
സമയം നീണ്ടുപോയതുകൊണ്ടാവാം നായ മുരളുവാന്‍ തുടങ്ങി. അജിത്തിന്റെ കയ്യില്‍ നിന്നും അതിന്റെ ബെല്‍റ്റുവാങ്ങിക്കൊണ്ട് സാര്‍ മുമ്പോട്ടു നടന്നു. അടുത്തുകണ്ട ഗാര്‍ബേജ് ബിന്നില്‍ കയ്യിലിരുന്ന പ്ലാസ്റ്റിക് ബാഗു നിക്ഷേപിച്ചിട്ട് അജിത്ത് നടന്നുനീങ്ങുന്ന കൃഷ്ണന്‍ നായര്‍ സാറിനെനോക്കി നിന്നു. അടുത്തുള്ള വന്‍മരത്തില്‍ തൂങ്ങിക്കിടക്കുന്ന കാട്ടുവള്ളിയില്‍കൂടി അണ്ണാറക്കണ്ണന്മാര്‍ അതിവേഗം കയറിക്കൊണ്ടിരുന്നത് അജിത് ശ്രദ്ധിച്ചില്ല.
 
ഒരു കൊറോണാ അനുഭവം (ബാബു പാറയ്ക്കല്‍)
Join WhatsApp News
Kuriakose Tharian 2020-05-23 12:33:01
Very touching. A gift to the teacher which many of us are not lucky to do.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക