Image

മഴ നഷ്ടപ്പെട്ടവര്‍(കഥ: മിത്ര.എസ്.റാം)

മിത്ര.എസ്.റാം Published on 23 May, 2020
 മഴ നഷ്ടപ്പെട്ടവര്‍(കഥ: മിത്ര.എസ്.റാം)

പുസ്തകത്താളുകളില്‍  കണ്ണുനട്ടിരുന്ന് എപ്പോഴാണ് ഒരു മയക്കത്തിലേക്ക് വഴുതി വീണതെന്ന് ഓര്‍മ്മയില്ല . മഴയുടെ വരവറിയിച്ചെത്തിയ കാറ്റ് ജാലകവാതില്‍ ശക്തമായി കൊട്ടിയടച്ചത് കേട്ടാണ് കണ്ണ് തുറന്നത്.
 
ജനാലയ്ക്ക്പുറത്തെ പച്ചപ്പിന്റെ മാറിലേയ്ക്ക് മഴ മെല്ലെ പെയ്തു തുടങ്ങി.. പായല്‍ പിടിച്ച മുറ്റത്ത് മഴത്തുള്ളികള്‍ പുതിയ ചിത്രങ്ങള്‍  വരച്ചു ചേര്‍ത്തു. മഴയെ ഓര്‍മ്മയെന്ന് വിളിച്ചത് ആരാണെന്നറിയില്ല.. പക്ഷെ മഴപെയ്തിറങ്ങുമ്പോള്‍ മനസ്സില്‍ പെയ്തിറങ്ങുന്നത് ഓര്‍മ്മകളാണ്..
 
 ഓരോ മഴയും' ഒറ്റപ്പെട്ട മനസിലേക്ക് തുറക്കുന്ന ഓര്‍മ്മവാതിലുകളുടെ  ഒറ്റത്താക്കോലാണ്..    
ഏകാന്തതയുടെ അസഹ്യതയിലേക്ക് ആര്‍ത്തലച്ചു പെയ്യുന്ന  മഴയുടെ താളം കേള്‍ക്കുന്ന നേരം മനസ്സ് എന്നും ഓര്‍മ്മകളുടെ നീര്‍ക്കയത്തില്‍ മുങ്ങി പഴയനരച്ച ബാല്യം ചികഞ്ഞു പോകുന്നു...
                     
തുള്ളിക്കൊരു കുടം കണക്കെ പെയ്യുന്ന മഴയില്‍ അയഞ്ഞ ട്രൗസറും ബട്ടണില്ലാത്ത ഷര്‍ട്ടുമായി വാഴയിലയും തലയില്‍ ചൂടി സ്‌കൂളിലേക്ക് ഓടിയിരുന്ന ഒരു ബാല്യം. പൊട്ടിയടര്‍ന്ന   സ്ലേറ്റും  നിറം മങ്ങി നനഞ്ഞടരാറായ  പുസ്തകവും നെഞ്ചോട് ചേര്‍ത്ത് ക്ലാസ്സ്മുറിയുടെ ചെറുചൂടിലേക്ക് ഓടിക്കയറുമ്പോള്‍ മഴ ആര്‍ത്തു ചിരിക്കുന്നുണ്ടാകും... പിഞ്ഞിത്തുടങ്ങിയ നനഞ്ഞ ഉടുപ്പിനുനെരെ ഉയരുന്ന പൊട്ടിച്ചിരികള്‍ക്കു മേലെ മഴയുടെ ചിരി...
 
പഞ്ഞക്കര്‍ക്കിടകത്തിലെ തോരാമഴയില്‍ അച്ഛനെയും കാത്ത് ഉമ്മറപ്പടിയിലിരുന്ന ബാല്യം. വിശപ്പിന്റെ വേനലില്‍ ശരീരവും മനസ്സും തളരുമ്പോള്‍ കണ്ണുകള്‍ മാത്രം പ്രതീക്ഷയിലാണ്. പാടവരമ്പത്തുകൂടി ഒരു ചേമ്പിലയും ചൂടി വിശപ്പിനുള്ള മറുമരുന്നുമായെത്തുന്ന  അച്ഛനുവേണ്ടിയുള്ള കാത്തിരിപ്പ്. അമ്മയുടെ കണ്ണുനീരിനും വിയര്‍പ്പിനും വിശപ്പിന്റെ മണം. ഒരു താരാട്ടിന്റെ ഈണം പോലെ അമ്മയുടെ നിശ്വാസം. അതിലെപ്പോഴോ വിശപ്പു അലിഞ്ഞു തീരുന്നു.
 
മഴ....  
 
എപ്പോഴാണ് മഴ നഷ്ടങ്ങളുടെ കണക്കുപുസ്തകത്തിലെ ആദ്യ പേരെഴുതി ചേര്‍ത്തത്.
 
പുറത്തെ രാത്രിയിലേക്ക് അന്ന്  മഴ ആര്‍ട്ടഹസ്സിച്ചു പെയ്യുകയായിരുന്നു.
     
രാത്രിമഴയിലേക്ക് നെറുകയിലൊരു സ്‌നേഹചുംബനവും തന്ന് കൂട്ടുകാരോടൊപ്പം യാത്രയാകുമ്പോള്‍  അച്ഛന്റെ വലതുകൈയ്യില്‍ നീണ്ട ചൂണ്ടയുണ്ടായിരുന്നു..
രാത്രിയുടെ ഏതോ യാമത്തില്‍ മഴയുടെ ഹുങ്കാരവത്തിന് മീതെ നാട്ടുകാരുടെ ബഹളമുയര്‍ന്നു കേട്ടു. കാത്തിരിപ്പിന്റെ അറുതിയില്‍ അച്ഛനെ വാടിയ ചേമ്പിന്‍ തണ്ടുപോലെ അവര്‍ ചുമന്നുകൊണ്ടുവന്നു.  .എവിടെവച്ചായിരുന്നിരിക്കണം അച്ഛനെ മഴ കൊണ്ടുപോയത് ?  
 
മഴവെള്ളം കെട്ടിക്കിടന്ന തറയില്‍ വെള്ളപുതച്ച് അച്ഛനുറങ്ങി കിടന്നു .... അമ്മയുടെ കണ്ണുനീര്‍ മറ്റൊരു തോരാമഴയായ് പെയ്തുതുടങ്ങുകയായിരുന്നു.
പിന്നെയും കോപം പൂണ്ടലറി മഴ താളം ചവിട്ടിയപ്പോള്‍ മനസിന്റെ താളം അമ്മയ്ക്കു നഷ്ടമായിരുന്നു.
 
ദുരന്തത്തിന്റെ തീരയാത്രയായ് മഴ വീണ്ടും പെയ്തുകൊണ്ടേയിരുന്നു..
 
രാത്രിയിലൊരു മഴവെള്ളപ്പാച്ചിലായി മലഞ്ചെരുവിലൂടൊഴുകി വന്ന് മഴയൊരിക്കല്‍ അമ്മയെയും കൊണ്ട് പോയി ....
 
സ്വപ്നങ്ങള്‍ കൂടുകെട്ടിയ വീടും ഒരു സാന്ത്വനമായിരുന്ന അമ്മയും ഒലിച്ചുപോയി. പകരം നഷ്ടങ്ങളുടെ കണക്കിലേക്ക് അനാഥത്വമെന്ന ഭാണ്ഡം പകുത്തു തന്നു മഴ വീണ്ടും ചിരിച്ചു...
 
നനവൂറുന്ന രാത്രികളില്‍ സ്വയം കെട്ടിയുണ്ടാക്കിയ ഓലപ്പുരയുടെയുള്ളില്‍ വെറും തറയില്‍ കിടക്കുമ്പോള്‍ പുറത്ത് മഴയുടെ അട്ടഹാസം. മരണം ഒരാശ്വാസമെന്ന് കരുതിയ നാളുകള്‍. മഴ വീണ്ടുമൊരു മലവെള്ളപ്പാച്ചിലായി വന്ന് എന്നെയും കൊണ്ടുപോകുമെന്ന് സ്വപ്നം കണ്ട രാത്രികള്‍. പക്ഷെ മഴ ഒരു ദുസ്വപ്നമായി , ചതിയായി, ദുരന്തമായി പിന്നെയും പെയ്തുകൊണ്ടിരുന്നു...
 
മഴയുടെ അറ്റത്ത് അച്ഛനുമമ്മയും ഉണ്ടാകുമെന്ന് ഒരു വിഫലമോഹമുണ്ടായിരുന്നതുകൊണ്ടാകാം ആര്‍ത്തലച്ചു പെയ്തിരുന്ന മഴയിലേക്ക് വെറുതേയിറങ്ങി നടന്നത് .. മഴ പെയ്തുതീരുമ്പോള്‍ മഴ ചാലുകീറിയ വഴിയിലൂടെ, മഴയുടെ ഉന്മാദനുഭൂതിയില്‍ മദിച്ച മണ്ണിലൂടെ അലഞ്ഞുതിരിഞ്ഞത്  ഒരിക്കല്‍ മഴ കൊണ്ടുപോയ അച്ഛനെയും അമ്മയെയും മഴ തിരികെ തരുമെന്ന് വെറുതെ മോഹിച്ചതു കൊണ്ടായിരുന്നു..
പക്ഷെ മനസ്സിലെ മണ്‍കൊട്ടാരങ്ങളെ മഴവെള്ളമൊലിപ്പിച്ച് കളഞ്ഞത് എന്നെന്നേക്കുമായിട്ടായിരുന്നു..
 
ഒറ്റപ്പെടലിന്റെ വേദനയില്‍ മഴയെ മനം നിറയെ ശപിച്ചതും മഴക്കു  നേരെ ജാലകങ്ങള്‍ കൊട്ടിയടച്ചതും മഴ അറിഞ്ഞിരുന്നതിനാലാകാം മഴ എന്നും വെറുപ്പോടെ പരിഹാസത്തോടെ അവജ്ഞയോടെ നോക്കി അട്ടഹസിച്ചുകൊണ്ടേയിരുന്നു..
 
      ജീവിതം എപ്പോഴോ അനാഥാലയത്തിന്റെ ചുമരുകള്‍ക്കുള്ളിലേക്ക് തളക്കപ്പെട്ടുവെങ്കിലും രാത്രി മഴയുടെ ഹുങ്കാരവത്തിനെ ഭയപ്പെടുമ്പോള്‍ മനസ്സ് അറിയാതെ അച്ഛനെ സമീപം തിരഞ്ഞിരുന്നു. അമ്മീയെന്നുള്ള വിളി തോന്ടയോളം വന്നു കുരുങ്ങി കിടന്നു...
 
പുറത്തു പരിഹാസത്തിന്റെ സ്വരത്തില്‍ മഴ ചിരിക്കുമ്പോഴെല്ലാം നിസ്സഹായത കണ്ണുനീര്‍ ചാലുകളായി ഒഴുകി. .
മഴയുടെ സമവാക്യങ്ങള്‍ തിരുത്തിത്തന്നത് ആരാണ്..
 
ഒരു മഴയുള്ള ദിവസം വാകമരച്ചോട്ടില്‍ ആരെയോ കാത്തു നിന്ന ആ പെണ്‍കുട്ടിയല്ലേ...മഴത്തുള്ളികളേറ്റ് നനഞ്ഞ മുഖത്തേക്ക് ചെറിയ കാറ്റില്‍ പാറി വീണ മുടിയിഴകളെ നീണ്ട വിരലുകള്‍ കൊണ്ട് മാടിയൊതുക്കി നിന്ന ആ പെണ്‍കുട്ടി മനസ്സില്‍ വരച്ചിട്ടത് എന്ത് ചിത്രമായിരുന്നു.      
പേരറിയില്ലെങ്കിലും , നാടേതെന്നറിയില്ലെങ്കിലും  ആ മുഖം ഇടയ്ക്ക് എപ്പോഴൊക്കെയോ  വര്‍ണ്ണരഹിതമായ സ്വപ്നങ്ങളിലേക്കിറങ്ങി വന്ന് അവയെ വര്‍ണ്ണാഭമാക്കിയിരുന്നു . . തോരാമഴക്കിടയിലെപ്പോഴോ ഉദിച്ച ഇളവെയില്‍ പോലുള്ള ആ മുഖവും എന്റെ നഷ്ടങ്ങളുടെ പട്ടികയിലെ അവസാന പേരായി തീരാതിരിക്കാന്‍ പ്രാര്‍ഥിക്കുമ്പോഴും  ആ മുഖം എപ്പോഴൊക്കെയോ , എങ്ങനെയൊക്കെയോ കിനാക്കളുടെ മുന്തിരിത്തോപ്പിലേക്കിറങ്ങിവന്നുകൊണ്ടിരുന്നു..
 
ഈറന്‍ കാറ്റടിക്കുന്ന ഇടനാഴിയില്‍ വച്ച്  ആദ്യമായി എനിക്ക് നേരെയവള്‍ സൗഹൃദഹസ്തം നീട്ടുമ്പോള്‍  പുറത്തു  മഴ മൌനമായി പെയ്യുന്നുണ്ടായിരുന്നു ..
 
എന്നാണവള്‍ എന്നെ പ്രണയിക്കുന്നുവെന്ന് പറഞ്ഞത്.. മഴമേഘങ്ങളില്ലാത്ത ഒരുച്ചക്ക് ലൈബ്രറിയുടെ മുന്നിലെ മരചുവട്ടിലിരുന്ന് എന്റെ ഉള്ളംകൈയില്‍ ചുണ്ടുകളമര്‍ത്തി മെല്ലെയവള്‍ പറഞ്ഞു . - ഞാന്‍ നിന്നെ പ്രണയിച്ചുതുടങ്ങിയിരിക്കുന്നു. -

അപ്പോഴേയ്ക്കും എവിടെനിന്നോ വീശിയടിച്ച മഴയിലേക്ക് അവള്‍ ഇറങ്ങി നടന്നു..
അവള്‍ നടന്ന് നീങ്ങി ഏറെ കഴിഞ്ഞശേഷവും ഞാന്‍ കൈകള്‍ വിടര്‍ത്തിയില്ല . അവള്‍ എന്റെ കൈകളില്‍ ഏല്‍പ്പിച്ച  ഹൃദയത്തെ  എന്റെ ഹൃദയത്തോട് മെല്ലെ ചേര്‍ത്തുവെച്ചു .  
 
ക്ലാസ്സ്മുറിയുടെ അവസാന ബെഞ്ചിലിരുന്ന് അവളുടെ വാക്കുകള്‍ക്കു കാതോര്‍ക്കുമ്പോഴാണ് ഒരു മഴ പെയ്തത് ..  മഴയെ നോക്കിയിരിക്കവേ ഞാന്‍ അവളോട് പറഞ്ഞു .  മഴക്ക് കണ്ണുനീരിന്റെ നിറമാണ് , മരണത്തിന്റെ ഗന്ധവും .  എന്റെ വാക്കുകളെ ചിരിച്ചുതള്ളി അവള്‍ മഴയിലേക്ക് ഓടി .
 
മഴ പ്രണയമാണ് , മഴക്ക് പ്രണയത്തിന്റെ നിറവും ഗന്ധവുമാണ് . അവള്‍ ഇത് പറയുമ്പോള്‍ മഴ അവളിലേക്ക് പെയ്തിറങ്ങുകയായിരുന്നു .  മഴയുടെ സ്പര്‍ശനമേറ്റുവാങ്ങിയ അവളുടെ കിതപ്പുകള്‍ മഴയുടെ താളത്തിലലിഞ്ഞു  ചേര്‍ന്നു .  അപ്പോള്‍ മഴയുടെ നിറവും മാറുകയായിരുന്നു .  മഴ മെല്ലെ സ്‌നേഹമായി, സംഗീതമായി പെയ്തുതുടങ്ങി.
 
മഴയുടെ സമവാക്യങ്ങള്‍ മെല്ലെ മാറി വന്നു .  മഴയെ സ്‌നേഹിക്കുവാന്‍ ഞാന്‍ പഠിച്ചുതുടങ്ങി.. മഴ പെയ്യുമ്പോള്‍ മഴയിലേക്ക് ഓടിയിറങ്ങി .  മഴ നാരുകള്‍ ശരീരത്തെ തഴുകിയിറങ്ങുമ്പോള്‍ മഴ മെല്ലെ ചിരിച്ചു . അവളുടെ ചിരി പോലെ സുന്ദരം.
 
മഴ പ്രണയോത്സവങ്ങളാക്കിയ നാളുകള്‍ ...
 
ഋതുക്കളുടെ നിറഭേദങ്ങളില്‍ മഴയും മഞ്ഞും വേനലും മാറിമാറി വന്നു.
അവളോടുള്ള സ്‌നേഹം ഒരു പ്രാര്‍ത്ഥനയായി നെഞ്ചിലേറ്റിയ നാളുകള്‍ . ആരും വരാനില്ലെന്നറിഞ്ഞിട്ടും വെറുതെ വഴിക്കണ്ണുമായി നിന്ന നാളുകള്‍ .
 
പിന്നീട് ഒരു ഒഴിവുകാലം .

ഒഴിവുകാലം ഓര്‍മ്മകളുടെ കൂടാരമാണ് . സ്വപ്നങ്ങളും പ്രതീക്ഷകളും തേച്ചുമിനുക്കി നാളെയെ സ്വപ്നം കണ്ടിരിക്കുന്ന കാലം .ഓര്‍മ്മകളെ നെഞ്ചോടമര്‍ത്തി കിടക്കുമ്പോള്‍ മനസ്സില്‍ പ്രണയം മഴയായ് പെയ്തുകൊണ്ടിരുന്നു..
 
അവളുടെ ഓര്‍മ്മകളില്‍  വെള്ളക്കടലാസില്‍ അവള്‍ക്കായി എഴുതാന്‍ ശ്രമിക്കുമ്പോഴൊക്കെ പതറിപോകുന്നു.വാക്കുകള്‍ ഓടിയൊളിക്കുന്നു .
അല്ലെങ്കിലും വാക്കുകള്‍ക്ക് പണ്ടേ തനിക്കായിരുന്നു പഞ്ഞം . വാകമരച്ചോട്ടിലിരുന്ന് അവളുടെ തോരാതെ പെയ്യുന്ന ഇമ്പമാര്‍ന്ന വാക്കുകള്‍ക്ക് കാതോര്‍ക്കുമ്പോഴും ഞാനത്ഭുതപ്പെടാറുണ്ട് . ഇവള്‍ക്കെങ്ങനെ ഇങ്ങനെ സംസാരിക്കാന്‍ കഴിയുന്നു . ഒരു വാക്കില്‍ നിന്ന് മറ്റൊന്ന് കോര്‍ത്തെടുത്ത്.....പെരുമഴ പോലെ ..
 
അവളോടൊപ്പമുള്ള നിമിഷങ്ങളില്‍പോലും ഞാന്‍ മൗനത്തിന്റെ പുറംതോടിനുള്ളിലായിരുന്നു..
 
വിരഹത്തിന്റെ വേനല്‍ വേവിലും മഴ പോലെ അവളുടെ ഓരോ കത്തുകളും തേടിയെത്തി..
 
അവളുടെ കത്തുകള്‍.. ചെരിഞ്ഞു പെയ്യുന്ന മഴ പോലെ  നീല നിറത്തില്‍ ചെരിഞ്ഞ അക്ഷരങ്ങളില്‍ പ്രണയം നിറഞ്ഞു കിടന്നു.. ഓരോ അക്ഷരത്തിനെയും ചുംബിച്ചു മതിയാവാതെ ഞാന്‍ രാവുറങ്ങി..
 
കത്തുകള്‍ക്ക് മറുപടിയെഴുതാന്‍ നേരം വാക്കുകള്‍ പെയ്യാനാകാത്ത മേഘം പോലെ വിതുമ്പിനിന്നു..
 
ഒരു വരിപോലുമെഴുതാനാകാതെ പേനയടച്ചു വെച്ചു .  വിളറിയ കടലാസ് മേഘങ്ങളൊഴിഞ്ഞ  ആകാശം പോലെ ശൂന്യമായി കിടന്നു .
ആകാശത്ത് ഒരു മഴമേഘം പോലും ജനിക്കുന്നില്ല. ആദ്യമായി ഒരു മഴക്കായി ദാഹിച്ച ദിവസം ..
 
ഒടുവില്‍ ഒഴിവുകാലത്തിനു മീതെ തിരശീല വീണു.
കണ്ണുകള്‍ അവളുടെ കാഴ്ചക്കായി തിരഞ്ഞു. ഇടനാഴിയുടെ അറ്റത്ത്  ഒരുത്സവമായി അവള്‍ നിറഞ്ഞു . ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി വരുത്തി .ഒരു ചെറു വിശേഷവും തിരക്കി അവള്‍ നടന്നു മറഞ്ഞു .
 
മറുപടിയയക്കാത്തതിനുള്ള പരിഭവം . വേനലിനു മീതെ ഒരു മഴമേഘം പോലും ജനിക്കുന്നില്ല.
എന്തേ മഴ പെയ്യാന്‍ വൈകുന്നു .
 
കാണുമ്പോഴെല്ലാം'  രണ്ടോ മൂന്നോ വാക്കുകള്‍കൊണ്ട് സംസാരത്തിന് അതിരിട്ട് അവള്‍ കൂട്ടുകാരികള്‍ക്കൊപ്പം നടന്നു നീങ്ങുന്നു. മനസ്സില്‍ പെയ്യുവാനായി വെമ്പി നില്‍ക്കുന്ന കാര്‍മേഘങ്ങള്‍ .  പരിഭവങ്ങളും പിണക്കങ്ങളും അലിയിക്കുവാനായൊരു മഴയെന്തേ വരാന്‍ മടിക്കുന്നു?
 
ലൈബ്രറിയിലെ നിശബ്ദതയിലിരുന്നു വായനയില്‍ മുഴുകിയിരിക്കുമ്പോഴാണ് ആദ്യ മഴയുടെ വരവറിഞ്ഞത് . മനസ്സിലാദ്യം ഓടിയെത്തിയത് അവളുടെ മുഖമാണ് .

പുറത്ത്  മഴ പെയ്യുമ്പോള്‍ ക്ലാസ്സ്മുറികളിലും ഇടനാഴിയിലും അവളെ തിരഞ്ഞു . വര്‍ണ്ണക്കുടകള്‍ക്കിടയിലൂടെ ഒരു കുടയും ചൂടിയവള്‍ വന്നു. കണ്‍മുന്നില്‍ പ്രണയത്തിന്റെ മറ്റൊരു മഴയായി അവള്‍.
കയ്യിലെ ക്ഷണക്കത്ത് നീട്ടിയവള്‍ പറഞ്ഞു - എല്ലാം മറക്കണം . വിവാഹത്തിന് വരണം .-
ക്ഷണക്കത്ത് സ്വീകരിക്കുമ്പോള്‍ വിരല്‍ത്തുമ്പുകള്‍ വിറച്ചിരുന്നുവോ .  ഹൃദയം ശക്തമായി മിടിച്ചുവോ.
 
മഴനാരുകള്‍ക്കിടയില്‍ അവളെ കാണാതായി..
 
അപ്പോള്‍ മഴ മൗനമായി പെയ്യുകയായിരുന്നു.
 
 ഇപ്പോള്‍ മഴ പെയ്തു തീര്‍ന്നിരിക്കുന്നു .. ഓര്‍മ്മകളും..
 
ആകാശദൂരങ്ങളില്‍ നിന്നും ഓരോ വരവിലും  മഴ കൊണ്ടുവരുന്നത് ഓര്‍മ്മകളാണ്..
 
എന്നും എന്റെ സ്വപ്നങ്ങളില്‍ നിറം പകരാന്‍ സമ്മതിക്കാതെ ചായക്കൂട്ടുകളിലേക്ക് മഴ  പെയ്തിറങ്ങികൊണ്ടിരുന്നു ..അതിനാലായിരിക്കണം ഓരോ  മഴയും  നിവര്‍ത്തി തരുന്നത് നഷ്ട്ടങ്ങളുടെ കണക്കുപുസ്തകമാണ്. .മോഹഭംഗങ്ങളുടെ നിരാശയുടെ കണക്കുകള്‍!
 
ഇനിയൊരു വരവില്‍ മഴയ്ക്ക് കൊണ്ടുപോകാനെനിക്ക് ബാക്കിയൊന്നുമില്ല. നഷ്ടപെടുവാനായി ബാക്കിയുള്ളത് നരച്ച ഓര്‍മ്മകള്‍ മാത്രം സ്വന്തമായുള്ള ശരീരവും മനസ്സും  മാത്രം.
ഓര്‍മ്മകള്‍ ചോരയൊലിപ്പിച്ച മനസ്സുമായി അവസാന മഴക്കുള്ള ആരവത്തിന് കാതോര്‍ത്ത് ഞാനിരിക്കുന്നു.

 മഴ നഷ്ടപ്പെട്ടവര്‍(കഥ: മിത്ര.എസ്.റാം)
 മഴ നഷ്ടപ്പെട്ടവര്‍(കഥ: മിത്ര.എസ്.റാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക