Image

പെരുന്നാൾ (ഷുക്കൂർ ഉഗ്രപുരം)

Published on 23 May, 2020
പെരുന്നാൾ (ഷുക്കൂർ ഉഗ്രപുരം)
ശവ്വാലിൻ മാസപ്പിറ
മാനത്ത് മുഖം
കാണിച്ചാൽ
ഈദിൻറെ ഇശ്‌ഖിൻ
ജപമാലയിലെ
മുത്തുകൾ
വാനിലും പാരിലും
പരിലസിച്ച് തുടങ്ങും.
ഇന്നലെ മാനത്ത്
ചന്ദ്രിക കണ്ണീർ
തൂവിയത് തെരു-
വിലെ മനുഷ്യരെ
നോക്കിയായിരുന്നു .
മൈലാഞ്ചി ചുവപ്പിന്
പകരം കണ്ടത്
ഗ്രാമീണ കുഞ്ഞിൻ
നടന്ന് പൊളിഞ്ഞ
കാൽപ്പാദത്തിലെ
കിനിഞ്ഞ രക്ത-
വർണ്ണമായിരുന്നു.
പ്രഭാതം മുതൽ
പ്രദോഷം  വരെ
വ്രതമെടുക്കുന്ന
വിശ്വാസിക്ക്
പകരം കണ്ടത്
വയറൊട്ടിയ
തെരുവിലെ 
മനുഷ്യരെയാണ് .   
കണ്ണീരും
പേക്കിനാവും
പെരുന്നാൾ
പുടവകളാക്കി
നടന്നകലുന്ന
കൂലികളെയാണ് 
കണ്ടത്.
കണ്ണീരും വിയർപ്പും
രക്തവുമാണ്
അവരുടെ
പുടവയിലെ
ഊദിൻ അത്തറ്.
മസ്ജിദിൻ മിനാരവും 
ഈദ് ഗാഹിൻ
മൈലാഞ്ചിപൂക്കളും
അശ്രു പൊഴിക്കുന്ന
കാഴ്ച്ചയാണ് കണ്ടത് .
ഫിതർ സകാത്തിൻ
അരിപാത്രത്തിൽ
ഉമ്മയുടെ കണ്ണീർ
നനവും
വാപ്പയുടെ കരിഞ്ഞ 
കൃഷി
പൂതികളുമായിരുന്നു. 
രക്ത വർണ്ണം ചാലിച്ച
മിഴിനീരിനാൽ
ആകാശത്ത് ഈദ്
മുബാറക്ക് എന്നെഴുതി
മാനത്തെ ചന്ദ്രിക
എങ്ങോ പോയ്‌
മറഞ്ഞു...    
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക