Image

പഴമ്പുരാണം - (കവിത: രമണി അമ്മാൾ . ജി)

Published on 23 May, 2020
പഴമ്പുരാണം - (കവിത: രമണി അമ്മാൾ . ജി)


എവിടെയോ പൂക്കുന്നു പാലമരം
മാദകഗന്ധത്തിലിരുളും
മയങ്ങി
യക്ഷിപ്പാലയോ, കുടകപ്പാലയോ
ഏഴിലം പാലയോ പൂത്തു...?

എവിടെയോ പൂത്തല്ലോ
പാലമരം

മുത്തശ്ശി ചൊന്ന 
പഴങ്കഥയിൽ
പാലമരത്തിൽ 
യക്ഷിയുണ്ട്...

നിലാവത്തിളകും  തൂവെളളച്ചേലയും
കണങ്കാലും കവിയുന്ന കാർകൂന്തലും
പാലപ്പൂ ഗന്ധം വഴിയുന്ന മേനിയും 
പാതിരാക്കുളിരേറ്റു സഞ്ചാരവും

ചിലങ്കതന്നിടവിട്ട താളം തുളുമ്പുന്ന
കാലടികളെക്ഷിക്കു യാമങ്ങളത്രേ
മുത്തശ്ശിക്കഥയിലെ യക്ഷിയുണരുമ്പോൾ
പനങ്കാടിനുളളിൽ 
മുരളുന്നു പൂങ്കാറ്റ്
പൊത്തിന്റെയുളളിൽ
മൂളുന്നു മൂങ്ങ
നിർത്താതെ നീട്ടിക്കരയുന്നു 
ചീവീടും....
നിഴലുകൾക്കപ്പോഴൊരായിരം കയ്യുകൾ,
മരത്തിൻ നിഴൽ പോലുമേറെ 
ഭയാനകം 
ചന്ദ്രക്കലയെങ്ങോപേടി-
ച്ചൊളിക്കും പോൽ
നക്ഷത്രക്കുഞ്ഞുങ്ങൾ
വഴിമാറിപ്പോകും പോൽ  
ചക്രവാളങ്ങൾ കൺചിമ്മി
നിൽക്കും പോൽ
പഴങ്കഥയിലെ യക്ഷി....

മാദക ഗന്ധം പരക്കുന്നുണ്ട്...
എവിടെയായ് പൂത്തതീ പാലമരം...?



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക