Image

മിഷിഗണിലല്ല, മുല്ലപ്പെരിയാറിലാണ് ഇനി ശ്രദ്ധിക്കേണ്ടത് ( ദുര്‍ഗ മനോജ്)

Published on 23 May, 2020
മിഷിഗണിലല്ല, മുല്ലപ്പെരിയാറിലാണ് ഇനി ശ്രദ്ധിക്കേണ്ടത് ( ദുര്‍ഗ മനോജ്)
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശ്രദ്ധ മിഷിഗണില്‍ നിന്നും മുല്ലപ്പെരിയാറിലേക്കാണ് ഇനി നീങ്ങേണ്ടത്. കാരണം, അമേരിക്കയടങ്ങുന്ന വേള്‍ഡ് ബാങ്ക് ഇന്ത്യയിലെ അണക്കെട്ടുകളുടെ സംരക്ഷണത്തിന് ഒരു 2200 കോടി രൂപ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഡാം സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍ മുല്ലപ്പെരിയാര്‍ ഡാം കാണാനേയില്ല. അതു പെരിയാര്‍വാലി റിസര്‍വോയര്‍ എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. അതു കൊണ്ട് തന്നെ ഈ ഫണ്ട് ഇവിടെ ഉപയോഗിക്കാനും സാധ്യതയില്ല. തന്നെയുമല്ല, നൂറു വര്‍ഷങ്ങള്‍ പിന്നിട്ട ഒരു ഡാമിന് ഇനി കാര്യമായ സുരക്ഷയൊന്നും വേണ്ടായെന്നാണ് തീരുമാനമെങ്കില്‍ പത്തു കോവിഡിനെ കൂടുതല്‍ ഇങ്ങോട്ടേക്ക് കയറ്റിവിട്ടേക്കണമെന്നാണ് അടിയങ്ങള്‍ക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. മിഷിഗണില്‍ പൊട്ടിയതിനേക്കാള്‍ വലിയ ബോംബാണ് ഞങ്ങള്‍ കേരനിരകളാടുന്ന കേരളനാട്ടിലെ ജനങ്ങളുടെ തലയ്ക്കു മുകളില്‍ തൂങ്ങിയാടുന്നത്. അക്കാര്യത്തില്‍ മി. ട്രംപ് ഒന്നു മനസു വയ്ക്കണം.

പ്രളയം വരാന്‍ പോകുന്നു, പായും തലയണിയും എടുത്തോ എന്നാണ് പുതിയ ഭീഷണി. എന്നാല്‍ അതിനേക്കാള്‍ വലിയ ഭീഷണിയായ മുല്ലപ്പെരിയാറിനെക്കുറിച്ച് ഇതെന്താണ് ആരുമൊന്നും മിണ്ടാത്തത്. മാനത്തു മഴക്കാറു കാണുമ്പോ പൊട്ടും പൊട്ടുമെന്നു പറഞ്ഞ ഈ മുട്ടയെന്താണ് കാലമിത്രയും കഴിഞ്ഞിട്ട് ഇട്ടാ വട്ടത്തിലങ്ങനെ നില്‍ക്കുന്നതെന്നാണ് സന്ദേഹം? എന്തേരം ബഹളമാരുന്നു, വടിയെടുക്കടോ, കൊടയെടുക്കടോ, ഫ്‌ളോ പോകുന്നു, ഹര്‍ത്താല്‍, സുപ്രീം കോടതി, നിരാഹാരം... അങ്ങനെയങ്ങനെ.

ഇപ്പം നൈസായിട്ട് ഒരു ഡാം അങ്ങ് പൊട്ടീട്ടുണ്ട്. അതായത് മി. ട്രംപിന്റെ നാട്ടില്. തൊട്ടേനം പിടിച്ചേനും ട്രംപിന്റെ നെഞ്ചിലോട്ട് കേറിയിരുന്നു പൂത്തിരി കൊളുത്തണ്ട എന്നു കേരളത്തിലെ റിപ്പബ്ലിക്കന്മാര്‍ പറയാന്‍ വരട്ടെ, സംഗതി ഇച്ചിര സീരിസാണ്. ഇന്റര്‍നാഷണല്‍ പൊളിറ്റിക്‌സാണ്. അതായത് ജന്മശതാബ്ദി ആഘോഷിക്കാന്‍ വെറും നാലു കൊല്ലം കൂടി കാത്തിരുന്നപ്പോഴാണ് ഈ ഡാം ഠപ്പേന്നും പറഞ്ഞ് കഴിഞ്ഞദിവസം പൊട്ടിയത്. അവിടെയായതു കൊണ്ട് വല്യ ദുരന്തം കണ്ടില്ല. എവിടേലും ഡാം പൊട്ടുമെന്നു കേള്‍ക്കുമ്പോ നെഞ്ചിലൊരു തീയാണ്. ഇടുക്കി ഡാം കണ്ടിട്ടുള്ളവര്‍ക്കറിയാം, സൂക്ഷിച്ചു വച്ചിരിക്കുന്നതൊരു ജലബോംബാണ് എന്ന്.

കോവിഡ് നല്ല വെടിപ്പായി മാറാന്‍ കൊല്ലം രണ്ടു പിടിക്കുമായിരിക്കും? എന്നാല്‍, ഈ വാട്ടര്‍ബോംബിന്റെ കാര്യമങ്ങനെയാണോ? 44 നദികള്‍ക്കും കൂടി 33 ഡാമുള്ള കേരളത്തില്‍ ഇതു വല്ലതുമൊരു സംഭവമാണോ എന്റെ കൊച്ചേന്നു ചോദിച്ചാ, ഞാന്‍ പറയും മി. ട്രംപ്, അങ്ങ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ വേണമെന്നും പറഞ്ഞ് ഒരു നട്ടപ്പാതിരിയാക്ക് ഇങ്ങോട്ട് വിളിച്ചയൊരു വിളിയില്ലേ. അതു പോലൊരു വിളി ഒന്നുകൂടി വിളിക്കണം, എന്നിട്ടു പറയണം, ഇതു അപ്പാപ്പന്‍ കളിയല്ല, സംഗതി ഇച്ചിര സീരിയസാണെന്ന്. മിഷിഗണ്‍ സംസ്ഥാനം മുഴുവന്‍ മുങ്ങിയൊലിക്കണത് വിമാനത്തേലിരുന്നു കണ്ടതല്ലേ, പ്ലീസ്, ഇതൊന്നു ടാഗ് ചെയ്തു സഹായിക്കണം, മി. ട്രംപ്!

(ലോക്ക്ഡൗണ്‍ കാലത്തെ ഫേസ്ബുക്ക് കുറിപ്പുകള്‍ വായിക്കാന്‍
fb.com/durgaamanoj ക്ലിക്ക് ചെയ്യുക.)
Join WhatsApp News
JACOB 2020-05-24 15:21:48
If Mullaperiyar dam fails, blame the Indian Supreme court and Tamil Nadu. Supreme court allowed the water level raised to 152 ft. It used to be 136 ft. None of the SC justices are structural or hydraulics engineers (they pretend to be). Good thing, Tamil Nadu is doing the maintenance of the dam. If Kerala is doing it, it world have collapsed years ago, just like Palarivattam overbridge.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക