Image

ഒ.എന്‍.വി. കുറുപ്പ് (അനുസ്മരണം: അനില്‍ മിത്രാനന്ദപുരം)

Published on 24 May, 2020
ഒ.എന്‍.വി. കുറുപ്പ്  (അനുസ്മരണം: അനില്‍ മിത്രാനന്ദപുരം)
കൊല്ലം നഗരത്തിലെ “”ഒറ്റപ്ലാക്കല്‍’’ കുടുംബത്തിലെ പ്രസിദ്ധനായ ആയുര്‍വേദ വൈദ്യനും ശ്രീമൂലം പ്രജാസഭാംഗവും കൊല്ലം മുനിസിപ്പല്‍ കൗണ്‍സലറുമായിരുന്ന കൃഷ്ണക്കുറുപ്പ് ഒരുനാള്‍ ഡയറിയിലിങ്ങനെയെഴുതി.

“”1931 മെയ് 27 കൊല്ലം മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിനും കമലാ നെഹ്രുവിനും വമ്പിച്ച ഒരു സ്വീകരണം നല്‍കി... ഇന്ന് എനിക്കൊരു നല്ല ദിവസമാണ്. സന്തോഷത്തിന്റെ ദിവസം. എനിക്കൊരു മകന്‍ ജനിച്ചു.’’

മലയാണ്മയുടെ മുഴുവന്‍ സാംസ്കാരിക പൈതൃകവും സ്വര്‍ണ്ണക്കതിരുപോല്‍ തിളക്കമാര്‍ന്നതാക്കി മാറ്റിയ ശ്രീ ഒറ്റപ്ലാക്കല്‍ നീലകണ്ഠക്കുറുപ്പ് വേലുക്കുറുപ്പ് എന്ന ഒ.എന്‍.വി.യുടെ അച്ഛന്റെ വരികളായിരുന്നു അത്. പരമേശ്വരന്‍ എന്നായിരുന്നു മാതാപിതാക്കള്‍ ആദ്യമിട്ട പേരെങ്കിലും പിന്നീട് കാരണവകുടെയും സ്വന്തം പിതാവിന്റെയും പേരുകള്‍ കൂടി ചേര്‍ത്തുവെച്ചുകൊണ്ട് ഒറ്റപ്ലാക്കല്‍ നീലകണ്ഠക്കുറുപ്പ് വേലുക്കുറുപ്പ് എന്നാക്കി മാറ്റുകയായിരുന്നു.

ഒ.എന്‍.വി. കുറുപ്പ് എന്ന മഹാകവിയുടെ കാവ്യലോകം മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ്. അദ്ദേഹത്തിന്റെ സാഹിത്യസൃഷ്ടികളെല്ലാം മലയാളസാഹിത്യത്തിലും എഴുത്തിന്റെ ലോകത്തും ഏറെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ, അത്തരം കാര്യങ്ങള്‍ വിവരിക്കാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുന്നില്ല. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ ഏതാനും ചില വിശേഷങ്ങളും സംഭവങ്ങളും നിങ്ങളുമായി പèവെക്കുന്നത് ഒ.എന്‍.വി. എന്ന കവിയുടെ അനുഭവങ്ങളും, ചിന്താശരണികളും കുറച്ചുകൂടി വ്യക്തമായി അറിയുന്നതില്‍ നമ്മളെ സഹായിക്കുമെന്നു പ്രത്യാശിച്ചുകൊണ്ട് ഞാന്‍ തുടങ്ങട്ടെ.

എട്ടുവയസ്സു വരെ അപ്പു എന്ന വിളിപ്പേêള്ള ഒ.എന്‍.വി.യുടെ ജീവിതം ശാസ്ത്രീയ സംഗീതവും കഥകളിയുടെ മേളപ്പദങ്ങളാലും സമ്പന്നമായിരുന്നു. ശാസ്ത്രീയസംഗീത വിദ്വാന്‍ കൂടിയായിരുന്ന അച്ഛന്റെ കഥകളിയോഗത്തിന്റെ വക നിഴല്‍ക്കൂത്തും പാദുകപട്ടാഭിഷേകവുമെല്ലാം തറവാട്ടു മുറ്റത്തു തന്നെ അവതരിപ്പിച്ചപ്പോള്‍, കാതും മനസ്സും തുറന്ന് വെച്ച് അപ്പു അതാസ്വദിച്ചു. അച്ഛന്റെ ചുവന്ന ചായമടിച്ച ഓസ്റ്റിന്‍ കാറില്‍ കൊല്ലം പട്ടണത്തിലൂടെ സഞ്ചരിക്കുമ്പോള്‍ കണ്ട കാഴ്ചകള്‍, ലായര്‍ കൊട്ടകയില്‍ “”ശാæന്തളം” നാടകം കണ്ട ഓര്‍മ്മകള്‍... അവയെല്ലാം ആ ബാലന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞുകിടന്നു.

കൊല്ലത്തെ ഗവ: ഇംഗ്ലീഷ് സ്കൂളിലെ പ്രിപ്പറേറ്ററി ക്ലാസിലാണ് അപ്പു ആദ്യമായി ചേര്‍ന്നത്. നാലു ക്ലാസുകളിലെ പഠനം വീട്ടിലിരുന്ന് പൂര്‍ത്തിയാക്കിയ ശേഷം പ്രവേശനപ്പരീക്ഷയിലൂടെയാണ് ഇന്നത്തെ അഞ്ചാംക്ലാസ്സിന് തുല്യമായ പ്രിപ്പറേറ്ററിയില്‍ ചേര്‍ന്നത്. മëഷ്യന്‍ വലിച്ചുകൊണ്ടോടുന്ന റിക്ഷാവണ്ടിയില്‍ ഗമയോടെയാണ് സ്കൂള്‍ യാത്ര. എങ്കിലും, മുന്നില്‍ വിയര്‍ത്തു കിതക്കുന്ന ആളുടെ കുതിപ്പും കിതപ്പും കവിത്വം ഉറങ്ങിക്കിടക്കുന്ന ആ ബാലന്റെ മനസ്സിനെ ഒത്തിരി വിഷമിപ്പിച്ചിരുന്നു. അധികം താമസിയാതെ തന്നെ, രോഗബാധിതനായ അച്ഛന്റെ വേര്‍പാട്, സമ്പന്നതയില്‍നിന്നും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിക്കുന്ന അപ്പുവിന്റെ പിന്നീടുള്ള ജീവിതത്തിലേക്കാണ് കൊണ്ടെത്തിച്ചത്. ആളൊഴിഞ്ഞ, മൂകത നിറഞ്ഞ വീട്ടില്‍, ഒരിക്കല്‍ അച്ഛന്‍ പണ്ടെങ്ങോ കഴുത്തിലണിയിച്ച സ്വര്‍ണ്ണമാല, വാടകക്കുടിശ്ശിക നല്കുവാനായി വേറെ മാര്‍ഗ്ഗമൊന്നുമില്ലാതെ അമ്മ ഊരിയെടുത്തപ്പോഴാണ്, അനാഥത്വത്തിന്റെയും ഇല്ലായ്മയുടെയും ക്രൂരമുഖം ആദ്യമായി അപ്പു കണ്ടത്.

ജന്മദേശമായ ചവറയിലെ ഓല മേഞ്ഞ ജീര്‍ണ്ണിച്ച തറവാട്ടിലേക്കാണ് പിന്നീട് ചേക്കേറിയത്. വിളക്കുകള്‍ക്ക് പോലും വെളിച്ചമില്ലെന്നു തോന്നിച്ച അവിടെ അമ്മയും മൂന്നു കുഞ്ഞുങ്ങളും ഇല്ലായ്മ പങ്കിട്ട് ജീവിച്ചു. അച്ഛന്‍ മക്കള്‍ക്ക് വേണ്ടി ഒന്നും കരുതിവെച്ചില്ലെന്നു പറഞ്ഞ് പരിഹസിക്കുന്ന ബന്ധുക്കള്‍ പലêമുണ്ടായിêì. പക്ഷേ, അച്ഛന്‍ മാസം തോറും ഫീസുകൊടുത്ത് പഠിപ്പിക്കാന്‍ സഹായിച്ചിരുന്ന പല കുട്ടികളും വീട്ടില്‍ വന്നു കരഞ്ഞപ്പോള്‍ അമ്മ പറഞ്ഞു..
”ഇനി അദ്ദേഹത്തിന്റെ æട്ടിçം ആരുമില്ലാതായി !! ’

ചവറയിലെ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലേക്ക്, റിക്ഷാവണ്ടിയില്ലാതെ, വയല്‍വരമ്പിലൂടെ രണ്ടുനാഴിക ദൂരം പുസ്തകവും പൊതിച്ചോറും പഴഞ്ചന്‍ കുടയുമായി പോകുന്ന മകനെ, നിഴല്‍ മായും വരെ കൈതവേലിക്കരികില്‍ നോക്കി നില്‍ക്കാറുള്ള അമ്മയെപ്പറ്റി പിന്നീട് ആ മഹാകവി നൊമ്പരത്തോടെ പറഞ്ഞിട്ടുണ്ട്. ആ ജീവിതത്തില്‍ പിന്നീട് വെളിച്ചമായത് അച്ഛന്റെ പുസ്തകശേഖരമായിരുന്നു. കവിതാ സമാഹാരങ്ങളും ഗദ്യത്തില്‍ സംഗ്രഹിച്ച രാമായണവും മഹാഭാരതവും, അറബിക്കഥകളുമെല്ലാം വായനയുടെ ലോകത്തെ അത്ഭുതങ്ങളായി.

അപ്പു എന്ന æട്ടിയുടെ “”തോന്ന്യാക്ഷരങ്ങളുടെ’’ ഉറവിടം ഈ വായനയായിരുന്നു. അഞ്ചാം ക്ലാസില്‍ മാത്രമേ അപ്പു മലയാളം പഠിച്ചിട്ടുള്ളൂ. സ്കൂളിന് കിഴക്കുവശത്തുള്ള രാമന്‍æളങ്ങര ക്ഷേത്രത്തിലെ കളിത്തട്ടായിരുന്നു, സ്വന്തം കൂട്ടുകാര്‍ക്ക് വേണ്ടി കവിത ചൊല്ലിയ, ആ മഹാകവിയുടെ ആദ്യത്തെ കവിയരങ്ങ്!! ചവറയിലുണ്ടായിരുന്ന ശങ്കരന്‍തമ്പി സ്മാരക വായനശാലയിലെ സ്ഥിരം സാന്നിദ്ധ്യമാണ് അപ്പുവിന് കേശവ്‌ദേവ്, തകഴി, ബഷീര്‍, അന്തര്‍ജനം, പൊറ്റേക്കാട്ട്, തുടങ്ങിയ പ്രമുഖ എഴുത്തുകാരും അന്നത്തെ പുരോഗമന സാഹിത്യകാരന്മാരും, ചങ്ങമ്പുഴയും ഇടപ്പള്ളിയുമെല്ലാം മാനസമിത്രങ്ങളാകാന്‍ അവസരം നല്കിയത്.

ഗാന്ധിജിയുടെയും നെഹ്രുവിന്റെയുമൊക്കെ കൃതികള്‍ വായിച്ചതുമൂലം സ്വാതന്ത്ര്യ സമരത്തോടും ദേശീയപ്രസ്ഥാനങ്ങളോടുമുള്ള അദ്ദേഹത്തിന്റെ ആകര്‍ഷണം കുട്ടിക്കാലം മുതല്‍ക്കേ ഉണ്ടായിരുന്നു എന്നതിന്റെ ചെറിയ ഒരനുഭവം പèവെയ്ക്കുന്നു.

ദേശാഭിമാനി സ്മാരകത്തിന്റെ അങ്കണത്തില്‍ മഹാകവി വള്ളത്തോളിനെ ആദ്യമായി കണ്ടതും അദ്ദേഹത്തിന്റെ പ്രസംഗം ഉത്സാഹത്തോടെ കേട്ടുനിന്നതും കാരണം രണ്ടു പിരിയഡ് വൈകിയാണ് ക്ലാസിലെത്തിയത്. അതിന്റെ ശിക്ഷയായി ഒരു പിരിയഡ് മുഴുവന്‍ ബെഞ്ചില്‍ നില്‍ക്കേണ്ടി വന്നു.
1942 ഓഗസ്റ്റിലെ ക്വിറ്റ് ഇന്‍ഡ്യാ സമരദിനത്തില്‍ സ്കൂള്‍ വളപ്പില്‍ മുദ്രാവാക്യം വിളിച്ചു സ്കൂളിന് ചുറ്റും ജാഥ നടത്തി പ്രതിഷേധിച്ചവരില്‍ അപ്പുവുമുണ്ടായിരുന്നു.

1946 ജൂണ്‍ മാസത്തില്‍ ഉപരിപഠനത്തിനായി തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജില്‍ ചേര്‍ന്ന ദിവസം തന്നെ, കാശ്മീരില്‍ പ്രവേശിക്കാന്‍ നെഹ്രുവിനെ അനുവദിക്കാത്ത അന്നത്തെ നാട്ടുരാജ്യത്തിന്റെ പ്രധാനമന്ത്രി രാമചന്ദ്രകാക്കിന്റെ പോലീസ്, ബയണറ്റുകൊണ്ട് നെഹ്രുവിനെ മുറിവേല്പ്പിച്ച സംഭവം പത്രങ്ങളില്‍ മുഴുവന്‍ വാര്‍ത്തയായിരുന്നു. അന്നു പഠിപ്പുമുടക്കി സമരം ചെയ്ത് മാവിന്‍ ചോട്ടില്‍ പ്രതിഷേധിച്ചവരില്‍ ഒ.എന്‍.വി. എന്ന ദേശസ്‌നേഹിയുമുണ്ടായിരുന്നു. പിന്നീട് 1952-ല്‍ എസ്.എന്‍.കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത് ചരിത്രം.

പുസ്തകപ്രേമവുമായി ബന്ധപ്പെട്ട് ഒരു രസകരമായ സംഭവം അപ്പുവിന്റെ ബാല്യത്തില്‍ത്തന്നെ ഉണ്ടായിട്ടുണ്ട്. “”ബാല്യകാലസഖി” എന്ന ബഷീറിന്റെ പുസ്തകം കണക്ക് ക്ലാസില്‍ ഡെസ്കിനടിയില്‍ മറച്ചുവെച്ച് വായിക്കുകയായിരുന്നു. സുന്ദരയ്യര്‍ എന്ന പരമസാത്വികനായ കണക്ക് സാര്‍ ഈ ഒളിച്ചുവായന കണ്ടതും പുസ്തകം ഹെഡ്മാസ്റ്ററെ ഏല്‍പ്പിച്ചു. ഒളിപ്പിച്ചുവെച്ചു വായിച്ചു എന്നതു മാത്രമായിരുന്നില്ല, പുരോഗമനസാഹിത്യം വായിച്ചു എന്നതു കൂടിയാണ് പ്രധാന പാപം.

“”ഇത്തരം പുസ്തകങ്ങള്‍ വായിച്ചു വഷളാകരുത്’’ എന്ന ഉപദേശം നല്‍കി പ്രധാനാധ്യാപകന്‍ പുസ്തകം തിരിച്ചുനല്‍കി, അത് വൈകീട്ട് വായനശാലയില്‍ തിരികെ ഏല്‍പ്പിച്ചപ്പോള്‍ അപ്പുവിന് ആശ്വാസമായി.

ഒരു വ്യക്തിയുടെ ജീവിതത്തില്‍ സത്യസന്ധതയുടെ വേരുകള്‍ കുട്ടിക്കാലം മുതല്‍ക്കേ കരുപ്പിടിക്കുന്നു. അപ്പുവിന്റെ ജീവിതത്തിലും അതുണ്ടായി. അധ്യയനവര്‍ഷത്തിന്റെ മധ്യത്തിലാണ് ചവറ സ്കൂളിലേക്ക് മാറ്റം വാങ്ങി ചേര്‍ന്നത് എന്ന കാരണത്താല്‍, പ്രധാനധ്യാപകന്‍ മുന്‍ബെഞ്ചില്‍ ഒന്നാമനായിത്തന്നെ അപ്പുവിനെ ഇരുത്തി.

അടുത്ത പിരിയഡ് കണക്കായിരുന്നു. വന്നപാടെ അദ്ദേഹം ചൂരല്‍ കൊണ്ട് മേശപ്പുറത്തടിച്ച് ശബ്ദമുണ്ടാക്കിയിട്ട് “”ഹോംവര്‍ക്ക് ചെയ്യാത്തവര്‍ എണീറ്റ് നിക്ക്..’’ എന്നാജ്ഞാപിച്ചു.
പിന്‍ബെഞ്ചില്‍ രണ്ടുപേര്‍ എഴുന്നേറ്റുനിന്നു. അപ്പുവും. ആദ്യദിവസമായതിനാല്‍ ഹോംവര്‍ക്ക് ചെയ്തില്ല എന്ന് കാരണം പറയാമല്ലോ എന്നു കരുതിയാണ് അപ്പു എഴുന്നേറ്റത്. ഏതു കാരണവശാലും കളവു പറയരുത് എന്ന വിശ്വാസമായിരുന്നു ഉള്ളില്‍. പക്ഷേ സാറാകട്ടെ, മുഖം നോക്കാതെ, ഒന്നും ചോദിക്കാതെ അലുമിനിയംചുറ്റുള്ള പെന്‍സിലിന്റെ അറ്റം കൈയിന്റെ മുകള്‍ഭാഗത്ത് ചേര്‍ത്തുവെച്ച്, അച്ചു æത്തുന്ന പോലെ ഒരു തിരി തിരിച്ചു. അപ്പുവിന് നല്ല വേദനയെടുത്തെങ്കിലും അവന്‍ കരഞ്ഞില്ല.

“”ഇതു പുതുതായി വന്ന കുട്ടിയാ മാഷേ..’’ എന്നടുത്തിരിക്കുന്ന കുട്ടി പറഞ്ഞപ്പോള്‍, മുഖം താഴ്ത്തി എന്നെ നോക്കി സാര്‍ ചോദിച്ചു.. “”പിന്നെ എഴുന്നേറ്റു നിന്നതെന്തിനാ ?’’

താന്‍ അന്ന് എഴുന്നേറ്റ് നിന്നത് ശരിയോ തെറ്റോ എന്ന ചോദ്യം അപ്പുവിന്റെ മനസ്സില്‍ ഉത്തരം കിട്ടാത്ത കണക്കുപോലെ കിടന്നു. എന്നാല്‍, സത്യം പറഞ്ഞാല്‍ ചിലപ്പോള്‍ വേദനിക്കേണ്ടിവരും എന്ന പാഠം അന്നവന്‍ പഠിച്ചു.

കുട്ടിക്കാലം മുതല്‍ക്കേ പ്രകൃതിയും ഗ്രാമഭംഗിയും അപ്പു എന്ന ബാലനെ എത്രമാത്രം സ്വാധീനിച്ചു എന്നത് “”ദിനാന്തം” എന്ന കവിതയില്‍ വ്യക്തമാണ്. പച്ച നിറത്തെ എത്ര തരത്തിലാണ് അദ്ദേഹം വര്‍ണ്ണിച്ചിരിക്കുന്നത് ?
   
പച്ചയില്‍പ്പച്ച
പലവിധമെന്നെന്റെ
    കൊച്ചുനാട്ടിന്‍പുറം
    പണ്ടു കാട്ടിത്തന്നു.

    കന്നിവയലിലെ
    ഞാറിളംപച്ച;
    പൊന്‍മുളം കാടിന്റെ
    പീലിമുടിപ്പച്ച;
    തെങ്ങുകള്‍ ചൂടുന്നൊ-
    രോലക്കുടപ്പച്ച;
    മണ്ണില്‍പ്പടരും
    കറുകവിരിപ്പച്ച;
    എണ്ണമിനുപ്പെഴും
    പൂവരശിന്‍ പച്ച;
    പിന്നെയിലഞ്ഞിയും
    കൊന്നയും കൈതയും
    പുന്നയും ചാര്‍ത്തു-
    മോരോരോ തരം പച്ച !

കായലിനും തോടിനും ഇടയില്‍ നീണ്ടുകിടക്കുന്ന ചവറ എന്ന കൊച്ചുഗ്രാമത്തിന്റെ പ്രകൃതിസൗന്ദര്യം ആ മനസ്സില്‍ കവിതയുടെ വിത്തുപാകാന്‍ കാരണമായി. സൗന്ദര്യത്തോടൊപ്പം തന്നെ, വേദനിക്കുന്നവന്റെയും അധ്വാനിക്കുന്നവന്റെയും ദരിദ്രന്റെയുമൊക്കെ കണ്ണുനീരും ആ കവിഹൃദയത്തെ സ്പര്‍ശിച്ചു എന്നത് അദ്ദേഹത്തിന്റെ കവിതകളില്‍ ഉടനീളം കാണാന്‍ കഴിയും.

നാടന്‍ ശീലിലെഴുതിയ ഒരു കവിത.

    “”മേലെ കിഴക്കേ മാനത്തെന്തൊരു
    ചേലായ് ക്കാണുന്നാ വെള്ളിമല !
    പൊട്ടിച്ചിരിക്കുമാപ്പഞ്ചാര മണല്‍-
    ത്തിട്ടകളാരുടെ കൈവേല ! ’

    എന്ന് ഗ്രാമപ്പുലരിയുടെ ചേലുകണ്ടാസ്വദിക്കുന്ന ഒരു പാവം ചെറുമന്‍, പെട്ടന്നോര്‍ക്കുകയാണ്...
    “”ചന്തം കണ്ടോണ്ടു നിന്നാ വയറ്റിലെ
    ചെന്തീയാരു കെടുത്തീടാന്‍ ?
    കാണാനൊത്തിരി ! നേരമില്ലിത്തിരീ !
    പോണം വേലയ്ക്കു നേരത്തെ !’’

“”വെട്ടം വീഴുമ്പോള്‍’’ എന്ന, ഈ കവിത തൃശ്ശൂരിലെ മംഗളോദയം മാസികയില്‍ പ്രസിദ്ധീകരിച്ചുകൊണ്ട് സാക്ഷാല്‍ ജോസഫ് മുണ്ടശ്ശേരിമാസ്റ്റര്‍ അയച്ച കാര്‍ഡിലെ നാലുവരിക്കുറിപ്പ്, പില്‍ക്കാലത്ത് തനിക്ക് ലഭിച്ച പല പ്രശസ്തിപത്രങ്ങളേക്കാളും വിലപ്പെട്ടതായി എìം ഓര്‍മ്മിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

“”മുന്നോട്ട്’’ എന്ന കവിതയായിരുന്നു അച്ചടിമഷി പുരണ്ട ഒ.എന്‍.വി.യുടെ ആദ്യത്തെ കവിത. കൊല്ലത്തുണ്ടായിരുന്ന രാജ്യാഭിമാനി വാരികയില്‍ വന്നതാണ്. 1948-ലോ 49-ലോ കേരള കൗമുദിയുടെ ഓണം വിശേഷാല്‍പ്രതിയില്‍ വന്ന “”മാളവിക’’ എന്ന കവിതയെപ്പറ്റി, സി.വി.æഞ്ഞിരാമന്‍ തന്നെ മാറോടുചേര്‍ത്തണച്ചു “”നല്ലൊരു കവിയാകാന്‍ വേണ്ട വക കൈയിലുണ്ട്, നഷ്ടപ്പെടുത്തരുത്’’ എന്നു പറഞ്ഞഭിനന്ദിച്ചത് ഏറെ പ്രചോദകമായിരുന്നു എന്ന് ഒ.എന്‍.വി. പിന്നീടോര്‍മ്മിച്ചു.

ഒ.എന്‍.വി. എന്ന കവിയുടെ ജനനം അങ്ങനെയായിരുന്നു. പില്‍ക്കാലത്ത്, ചങ്ങമ്പുഴ കൃഷ്ണപിള്ള, വയലാര്‍ രാമവര്‍മ്മ, പി.ഭാസ്കരന്‍ എന്നിവêടെ ശ്രേണിയിലേക്ക് മലയാളം ചേര്‍ത്തുവെച്ച മറ്റൊരു പ്രതിഭയായി ഈ പ്രിയപ്പെട്ട കവി.

    നാടകഗാനങ്ങളുടെ ലോകത്തിന് ഒ.എന്‍.വി.യുടെ സംഭാവനകള്‍ വിലപ്പെട്ടതാണ്. കെ.പി.എ.സി. എന്ന എക്കാലത്തെയും പ്രശസ്ത നാടകട്രൂപ്പിന്റെ 1952-ല്‍ പുറത്തുവന്ന “”നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” എന്ന നാടകത്തിലെ ഇരുപത്തിനാലു പാട്ടുകള്‍çം വരികളെഴുതിയത് ഒ.എന്‍.വി.യായിരുന്നു. സംഗീതം നല്‍കിയത് തന്റെ പ്രിയപ്പെട്ട സുഹൃത്തായിരുന്ന ജി.ദേവരാജന്‍.

    “”നമ്മളുകൊയ്യും വയലെല്ലാം
    നമ്മുടെതാകും പൈങ്കിളിയെ’’

ഈ വരികളുള്ള ഗാനം ഒരു കാലഘട്ടത്തിന്റെയും ജനതയുടെയും വിമോചനഗാനമായി മാറി.

ഇതിനുശേഷം “”മുടിയനായ പുത്രന്‍’’, “”സര്‍വ്വേക്കല്ല്’’, “”പുതിയ ആകാശം പുതിയ ഭൂമി’’ എന്നീ നാടകങ്ങളിലും ഒ.എന്‍.വി.യുടെ ഭാവനയില്‍ വിരിഞ്ഞ ഗാനങ്ങളായിരുന്നു.
“”മാരിവില്ലിന്‍ തേന്മലരേ...’’, “”വള്ളിക്കുടിലിìള്ളിരിക്കും പുള്ളിçയിലേ പോരൂ..’’, “”അമ്പിളിയമ്മാവാ താമരçമ്പിളിലെന്തൊണ്ട്...’’, “”ചെപ്പുകിലുക്കണ ചങ്ങാതി നിന്റെ ചെപ്പുതുറന്നൊന്നു കാട്ടൂലേ..’’, “”ചില്ലിമുളം കാടുകളില്‍ അല്ലലലം പാടിവരും തെന്നലേ..’’ എന്നിങ്ങനെ ഒêപിടി നല്ല നാടകഗാനങ്ങള്‍ മലയാളികള്‍ ഇപ്പോഴും ഇഷ്ടപ്പെടുന്നു.
കേരളത്തിന്റെ പുരോഗമനപ്രസ്ഥാനത്തിന് ഉണര്‍വ്വുണ്ടായ നാളുകളായിരുന്നു അത്. 1957-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നതിന് പിന്നില്‍ ഈ സാംസ്കാരിക മുന്നേറ്റത്തിന് വലിയ പèണ്ട്.

ഒ.എന്‍.വി.യുടെ വിപ്ലവചിന്താഗതിക്കും ലക്ഷ്യബോധത്തിനും ഉദാഹരണമാകുന്ന മറ്റൊരു സംഭവം കൂടി പèവെíാം.

വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ പ്രശസ്തിനേടിയ ഒ.എന്‍.വി.യുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രവര്‍ത്തനങ്ങള്‍ പുറമേ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എസ്.എന്‍. കോളേജില്‍ നിന്ന് ബിരുദമെടുത്ത ശേഷം, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എം.എയ്ക്ക്  ചേരാന്‍ അപേക്ഷ നല്‍കിയെങ്കിലും, പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ പേരില്‍ പ്രവേശനം നിഷേധിച്ചു. എം.എന്‍.ഗോവിന്ദന്‍ നായര്‍, പി.ഗോവിന്ദപ്പിള്ള എന്നീ നേതാക്കള്‍ നിയമസഭയില്‍ ഈ പ്രശ്‌നം ഉന്നയിക്കുകയും, ഒടുവില്‍ കോളേജധികൃതര്‍ മുട്ടുമടക്കി പ്രവേശനം അനുവദിക്കുകയും ചെയ്തു.

1955-ല്‍ പ്രശസ്തവിജയം നേടി ബിരുദാനന്തര ബിêദം കരസ്ഥമാക്കി. പി.എസ്.സി. പരീക്ഷയില്‍ യോഗ്യത നേടിയിട്ടും, അധ്യാപകന്റെ ഒഴിവിലേക്കുള്ള സെലക്ഷന്‍, പോലീസ് വെരിഫിക്കേഷന്‍ പ്രതികൂലമായതിനാല്‍ ലഭിക്കാതെ പോയി. തുടര്‍ന്ന്, ഒ.എന്‍.വി. നേരിട്ട് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. നിഷ്പക്ഷമായ അന്വേഷണത്തിന്നൊടുവില്‍ 1957 ജൂലൈ മാസം എറണാæളം മഹാരാജാസ് കോളേജില്‍ ഒ.എന്‍.വി. æറുപ്പ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു.

ഒ.എന്‍.വി., വയലാര്‍, പി.ഭാസ്കരന്‍ തുടങ്ങിയ വിപ്ലവ കവികള്‍ വിശ്വസിച്ചുപോന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം, ആദ്യം രണ്ടു ഭാഗങ്ങളായും പിന്നീട് പല പല ചെറുകഷണങ്ങളായും പിളര്‍ന്നത് അറുപതുകളിലാണ്. ഒരുപാടുപേരെ നിരാശയിലാഴ്ത്തിയ ഈ ചരിത്രസംഭവം ഒ.എന്‍.വി. എന്ന മനുഷ്യനിലുണ്ടാക്കിയ വേദനയുടെ അലകള്‍ കവിതകളായി പുറത്തുവന്നിട്ടുണ്ട്. “”വളപ്പൊട്ടുകള്‍” എന്ന കവിത അതിëദാഹരണം. പാര്‍ട്ടിയുടെ ഈ ദുര്‍വിധിയെപ്പറ്റി പിന്നീട് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു.
   
“”സ്വന്തം വാഗ്ദാനങ്ങള്‍ മുഴുവന്‍ നിറവേറ്റാന്‍ ഒരു വിപ്ലവത്തിനും കഴിഞ്ഞിട്ടില്ല. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെവിടെയും.. എന്നാല്‍, വിപ്ലവം അതിന്റെ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ഒരാത്മാര്‍ത്ഥശ്രമം നടത്തുക പോലും ചെയ്യുന്നില്ല എങ്കില്‍, അതിന്റെ ഫലം ദാരുണമായിരിക്കും. സ്വന്തം അണികളില്‍ തീവ്രമായ മോഹഭംഗവും എങ്ങും നൈരാശ്യവും പടര്‍ന്നു പിടിçന്നതിന് കാരണമായിത്തീരുമത്.’’

കാവ്യലോകത്ത് തിളങ്ങി നില്‍ക്കുന്നതോടൊപ്പംതന്നെ, 1960-കളോടുകൂടി ചലച്ചിത്രഗാനരചനയില്‍ സജീവമായി. ഒ.എന്‍.വി. നിരവധി ഗാനങ്ങള്‍ മലയാളസിനിമക്ക് സംഭാവനചെയ്തു. അദ്ദേഹത്തിന്റെ ഏതാനും ചില ഹിറ്റ് ഗാനങ്ങള്‍ പാട്ടിന്റെ പൂമാലയാക്കി പറഞ്ഞുകൊള്ളുന്നു.

അരികില്‍ നീയുണ്ടായിരുന്നെങ്കില്‍...(ജി.ദേവരാജന്‍), ശ്യാമസുന്ദരപുഷ്പമേ..(കെ.രാഘവന്‍), വാതില്‍പഴുതിലൂടെന്‍ മുന്നില്‍...(വി.ദക്ഷിണാമൂര്‍ത്തി), സാഗരമേ ശാന്തമാക നീ..(സലില്‍ ചൗധരി), തുമ്പീ വാ തുമ്പçടത്തില്‍..(ഇളയരാജ), തൊഴുതുമടങ്ങും സന്ധ്യയുമേതോ..(ശ്യാം), കാതോടു കാതോരം..(ഔസേപ്പച്ചന്‍), സാഗരങ്ങളെ പാടി പാടിയുണര്‍ത്തിയ.., മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി..(രവി ബോംബെ), ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ..(രവീന്ദ്രന്‍ മാസ്റ്റര്‍), ഒê ദളം മാത്രം...(എം.ജി.രാധാകൃഷ്ണന്‍), æന്നിമണിച്ചെപ്പുതുറന്നെണ്ണിനോçം നേരം..(ജോണ്‍സണ്‍), ആത്മാവില്‍ മുട്ടി വിളിച്ചതുപോലെ..(രഘുനാഥ് സേത്ത്)... ഇങ്ങനെ പോകുന്നു ഗാനശേഖരം.

12 തവണ മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്. “”ഇനി എനിക്കു തരേണ്ട, പുതിയ തലമുറയെ പരിഗണിക്കൂ..’’ എന്ന് സ്വയം ആവശ്യപ്പെടും വരെ.

“”വൈശാലി’’ എന്ന ചിത്രത്തിലെ “”ഇന്ദുപുഷ്പം ചൂടി നില്‍ക്കും രാത്രീ..’’ എന്ന ഗാനത്തിന് 1989-ല്‍ ദേശീയ പുരസ്കാരം.  നിരവധി അവാര്‍ഡുകള്‍ ലഭിച്ച അദ്ദേഹത്തെ 2007-ല്‍ രാജ്യം ജ്ഞാനപീഠം നല്‍കി ആദരിച്ചു.

അധ്യാപനത്തിന്റെ ആദ്യനാളുകളില്‍ സ്വന്തം വിദ്യാര്‍ത്ഥിനിയായിരുന്ന സരോജിനിയാണ്, ഒ.എന്‍.വി.യുടെ ജീവിതത്തിലെ ഒരേയൊരു പ്രണയവും, ജീവിതാവസാനം വരെ സുഖത്തിലും ദു:ഖത്തിലും ഒരുമിച്ചുണ്ടായിരുന്ന സഹധര്‍മ്മിണിയും. മകന്‍ രാജീവ്, മകള്‍ മായാദേവി.

1955-ല്‍ പ്രസിദ്ധീകരിച്ച “”ദാഹിക്കുന്ന പാനപാത്രം’’ എന്ന ആദ്യ കവിതാസമാഹാരത്തിന് എഴുതിയ അവതാരികയില്‍ പ്രൊഫ.ജോസഫ് മുണ്ടശ്ശേരി ഇടപ്പള്ളിയും ചങ്ങമ്പുഴയുമായുള്ള ഒ.എന്‍.വി.യുടെ സാമ്യവ്യത്യാസങ്ങള്‍ വിലയിരുത്തിക്കൊണ്ട് എഴുതിയ വരികള്‍ കുറിച്ചുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കുന്നു.

“”ഒ.എന്‍.വി. ഒê വ്യക്തിനീതിവാദിയല്ല. പ്രത്യുത ഉറച്ചൊരു സാമൂഹ്യനീതിവാദിയാണ്. ആ അടിസ്ഥാനത്തില്‍ ഒê സാമൂഹ്യപ്രവര്‍ത്തനത്തിë വേണ്ടി ബോധപൂര്‍വ്വം കാഹളമൂതിയേ അദ്ദേഹം അടങ്ങിയിട്ടുള്ളൂ തന്റെ കവിതകളില്‍. പക്ഷേ, ഒìണ്ട്; ഒ.എന്‍.വി.യുടെ കൈയില്‍ കാഹളമിരിക്കുന്നതായി വായനക്കാര്‍ കാണുകയില്ല. ആ മധുരമോഹനമായ ശൈലിയിലൂടെ അതങ്ങനെ ഒഴുകുകയാണ്. എന്നാല്‍, ഇടíിടക്ക് മര്‍മ്മസ്ഥാനങ്ങളില്‍ ആ കാഹളത്തിന്റെ ധ്വനി വേണ്ടെത്ര ഉയര്‍ന്നു കേള്‍ക്കുകയും ചെയ്യും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക