Image

കട്ടിൽ (കഥ: പുഷ്പമ്മ ചാണ്ടി )

Published on 25 May, 2020
കട്ടിൽ (കഥ: പുഷ്പമ്മ  ചാണ്ടി )



പൊട്ടിച്ചിരിയും   ചെറിയ പിണക്കങ്ങളും പരിഭവങ്ങളും.... പരിഭങ്ങൾക്ക് ഒടുവിൽ അവർ പതിവ് പോലെ ഇണ ചേർന്നു.
വല്ലാത്തൊരു ആവേശത്തോടെ....
അവളുടെ കൊലുസ്സും  കൈ വളകളും കൂടെ താളം പിടിച്ചു. അപ്പോഴാണ് ഞാനെന്ന കട്ടിൽ ആദ്യമായി ഞെരിഞ്ഞമർന്നത്. പക്ഷേ എനിക്കത് സന്തോഷവും  നിർവൃതിയും  തന്നു.
എവിടെയോ തനിയെ കിടന്ന ഞാൻ ഇപ്പൊൾ ഒറ്റയ്ക്കല്ല. ഇത്രയും നാൾ കാത്തിരുന്നത് ഈ സ്നേഹം കാണാനായിരുന്നു എന്നോർത്തപ്പോൾ  സന്തോഷം....
അവരുടെ സുഗന്ധം എന്റേതും ആയി.
 ചില ദിവസങ്ങളിൽ പെൺകുട്ടി പരിഭവിച്ചു.ഇടതു തിരിഞ്ഞു കിടന്നു. അവൻ വലതു തിരിഞ്ഞും.
എനിക്ക് തിരിയാൻ സാധിക്കില്ലല്ലോ...  ഞാൻ കറങ്ങുന്ന ഫാനിൽ നോക്കി സമയം കളഞ്ഞു. അവർക്കിടയിൽ ഒരു താരാട്ട് വേണമെന്ന് അവൾ ശാഠ്യം പിടിച്ചു.
എനിക്കത്  വളരെ ഇഷ്ടമായി....
 ഞങ്ങൾക്കു ഇടയിലേക്ക് ഒരാൾ കൂടി. 
ഒറ്റപ്പെട്ട എനിക്ക് കൂട്ടായി അങ്ങനെ ആളുകൾ വരട്ടെ ..അവളുടെ ശാഠ്യം ഒടുവിൽ നടന്നു. സന്തോഷത്തിന്റെ നാളുകൾ... 

 പിന്നെ പിന്നെ ഞാൻ ഒരു
ഒരു കാര്യം ശ്രദ്ധിച്ചു .അവളുടെ തലമുടി എനിക്ക് ചുറ്റും കാറ്റിൽ പറന്നു നടക്കുന്നു. തൊലിയുടെ നിറം മങ്ങുന്നു. 
അവളത് കണ്ടില്ല അവളുടെ ശ്രദ്ധ മുഴുവനും ആ വെളുത്ത വയറിലായിരിന്നു.
കുറെ മാസങ്ങൾക്ക് ശേഷം പെൺകുട്ടി ഒരേ കരച്ചിൽ, അയാൾ അവളെ ആശ്വസിപ്പിക്കാൻ എന്തൊക്കെയോ പറഞ്ഞു. അപ്പോളും എന്റെ ശ്രദ്ധ അവളുടെ കൊഴിഞ്ഞു വീണ മുടിയിൽ ആയിരിന്നു. അവള് കഷണ്ടി ആയി പോകുമോ എന്ന ഭയം. വയറിൽ പാടുകൾ... 
അമ്മയാവാൻ ഇത്രയും ശാരീരിക അസ്വസ്ഥതകളോ... 

കുറച്ചു ദിവസങ്ങൾക്ക് ശേഷം ഒരു രാത്രി.
അവൾ പ്രസവത്തിനു പോയിരിക്കുന്നു. 
അയാളെ വിട്ടു പോവില്ലെന്ന ശാഠ്യത്തെ അയാൾ എങ്ങനെയോ തിരുത്തി അവളെ വീട്ടുകാരുടെ കൂടെ വിട്ടു. അപ്പോഴേക്കും കൺതടങ്ങളിൽ കറുപ്പേറിയും വയർ വീർത്തുന്തിയും കാലിൽ നീര് വന്നും അവളാകെ മാറിപ്പോയിരുന്നു. 

അങ്ങനെയിടിക്കെ ഒരു രാത്രി  മറ്റൊരു ഗന്ധം എന്നെ ആവരണം ചെയ്തു. എനിക്കത് ഓക്കാനമാണ്  ഉണ്ടാക്കിയത്. ഓരോ ദിവസവും   പല പല ഗന്ധങ്ങൾ ഏറ്റു വാങ്ങി ഞാൻ  ഞെരിഞ്ഞമർന്നു, അത് താങ്ങാൻ ശക്തിയില്ലാതെ ഞാൻ മുരണ്ടത് ആരും കേട്ടില്ല .
ഞാൻ ആ പെൺകുട്ടിക്കായി കാത്തിരുന്നു, പക്ഷേ അവളെ പിന്നെ ഞാൻ കണ്ടില്ല.
പുതുപ്പൂക്കൾ തേടിപ്പോയ അവളുടെ ഇണയെ അവൾ വെറുത്തിരുന്നോ.... 

ഋതുക്കൾ മാറി വന്നു.  അപ്പോളും അവളുടെ കൊഴിഞ്ഞു വീണ മുടിയിഴകൾ ,അവളുടെ ഓർമയിലേക്ക്...എന്നെ കൂട്ടിക്കൊണ്ട്പോയി. 

Join WhatsApp News
Lathaprem Sakhya 2020-05-26 03:29:17
What a spell binding narration. Loved it Pushpa lots of things implicit making readers to create their own stories, You are a wonderful story teller..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക