Image

ഉത്ര കൊലക്കേസ് പ്രതി സൂരജിന് സിപിഎം സഹായമെത്തിച്ചെന്ന് കോണ്‍ഗ്രസ്

Published on 27 May, 2020
ഉത്ര കൊലക്കേസ് പ്രതി സൂരജിന് സിപിഎം സഹായമെത്തിച്ചെന്ന് കോണ്‍ഗ്രസ്
പത്തനംതിട്ട : ഉത്ര കൊലക്കേസിലെ പ്രതിയെ സഹായിക്കാന്‍ സിപിഎം നേതാക്കള്‍ നടത്തിയ ഇടപെടലുകള്‍ അന്വേഷിക്കണമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. അറസ്റ്റിലായ പ്രതി സൂരജ് ഡിവൈഎഫ്‌ഐയുടെ അടൂര്‍ ചിരണിക്കല്‍ യൂണിറ്റ് സെക്രട്ടറിയാണ്. സിപിഎമ്മിന്റെ പറക്കോട് കാരയ്ക്കല്‍ ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. ഉത്രയുടെ മരണശേഷം ഒന്നര വയസ്സുള്ള മകനെ സൂരജിനു വിട്ടു കൊടുക്കാന്‍ സിപിഎം പ്രാദേശിക നേതാക്കള്‍ ഇടപെട്ടു. പത്തനംതിട്ട, കൊല്ലം ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളില്‍ അവര്‍ സ്വാധീനം ചെലുത്തി കുഞ്ഞിനെ പിടിച്ചെടുത്ത് സൂരജിനു കൈമാറുകയായിരുന്നു.

അതിനാല്‍ സിപിഎമ്മിന്റെ പങ്ക് അന്വേഷിക്കണമെന്നും അവര്‍ പറഞ്ഞു. ഉത്ര കേസില്‍ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവിനെ രക്ഷപ്പെടുത്താന്‍ പൊലീസ് ശ്രമിക്കുന്നതായി കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു ആരോപിച്ചു. സൂരജ് ഡിവൈഎഫ്‌ഐ ബ്രാഞ്ച് സെക്രട്ടറിയും മേഖലാ കമ്മിറ്റി അംഗവുമാണെന്ന വിവരം പൊലീസ് മാധ്യമങ്ങളില്‍ നിന്നു മറച്ചുവച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ സംരക്ഷിക്കുന്ന സിപിഎം നേതാക്കളുടെ ഇടപെടല്‍ അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണന്‍ ആവശ്യപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക