Image

ലോക്ഡൗണില്‍പ്പെട്ടു മലയാളികള്‍ ജര്‍മനിയില്‍ കുടുങ്ങി

Published on 27 May, 2020
ലോക്ഡൗണില്‍പ്പെട്ടു മലയാളികള്‍ ജര്‍മനിയില്‍ കുടുങ്ങി


ബര്‍ലിന്‍: കോവിഡ് ലോക്ഡൗണില്‍പ്പെട്ടു ജര്‍മനിയില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് നാട്ടില്‍ തിരികെപ്പോകാന്‍ പറ്റാത്ത സഹാചര്യമാണ് ഇവിടെയുള്ളതെന്നു മലയാളികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സര്‍ക്കാര്‍ വ്യവസ്ഥചെയ്യുന്ന രീതിയില്‍തന്നെ കാര്യങ്ങള്‍ ബന്ധപ്പെട്ട അധികാര സ്ഥാനങ്ങളില്‍ എത്തിച്ചിട്ടും 120ല്‍ അധികം വരുന്ന മലയാളികള്‍ക്ക് ഇതുവരെയായി
നാട്ടിലേക്കു തിരികെ മടങ്ങാനാവാത്ത അവസ്ഥയിലാണ്.

ഇവരില്‍ 70 മേല്‍ പ്രായമുള്ള അമ്മമാരും, വിസാ തീര്‍ന്നവരും, വിദ്യാര്‍ഥികളും, ജോലി നഷ്ടപ്പെട്ടവരും, ജോബ് സീക്കര്‍ വിസക്കാരും, ആരോഗ്യപരമായി ബുദ്ധിമുട്ടുള്ളവരും, ഗര്‍ഭിണികളും സന്ദര്‍ശകരും, അമ്മ മരിച്ചിട്ട് ഒരു നോക്കു കാണാന്‍ ആഗ്രഹിയ്ക്കുന്ന ഒരു വിദ്യാര്‍ഥിയും, ഒക്കെയുണ്ട്. ബര്‍ലിന്‍, ഹാംബുര്‍ഗ്, കൊളോണ്‍, മ്യൂണിക്, സ്‌ററുട്ട്ഗാര്‍ട്ട്, ഫ്രാങ്ക്ഫര്‍ട്ട് തുടങ്ങിയ നഗരങ്ങളിലാണ് ഇവര്‍ പെട്ടു പോയിരിയ്ക്കുന്നത്. ഇത്രയും പേരുടെ ലിസ്റ്റ് ബര്‍ലിനിലെ ഇന്ത്യന്‍ എംബസിയില്‍ കൊടുക്കുകയും രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടും മുന്‍ഗണനാ ക്രമത്തില്‍ പരിഗണിയ്ക്കുക ചെയ്തിട്ടില്ലന്നാണ് ഇവര്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാരിലും, നോര്‍ക്കയിലും, മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിലും ഈ വിഷയം കൊണ്ടുവന്നിട്ടുണ്ടെന്ന് കുടുങ്ങിക്കിടക്കുന്നവര്‍ അറിയിച്ചെങ്കിലും ഇതുവരെയായി ആശ്വാസകരമായ ഒരു സമീപനവും എങ്ങുനിന്നും കിട്ടിയിട്ടില്ലെന്നും ഇവര്‍ പറയുന്നു.

ഈ മാസം 28 നും 29നും ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും എയര്‍ ഇന്ത്യയുടെ രണ്ടു ഫ്‌ളൈറ്റുകള്‍ ഡല്‍ഹി, ബംഗളുരു എന്നിവിടങ്ങളിലേയ്ക്ക് സര്‍വീസ് നടത്താനിരിയ്‌ക്കെയാണ് മലയാളികള്‍ക്ക് പറക്കാന്‍ ഇടം കിട്ടാതെ പോയത്. ഇവരെ കഴിവതും വേഗം നാട്ടിലെത്തിയ്ക്കാന്‍ ലേഖകനും, മലയാളി സംഘടനയും ഉള്‍പ്പടെയുള്ളവര്‍ ശ്രമിച്ചു കൊണ്ടിരിയ്ക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക