Image

സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിതയായി ആർ ശ്രീലേഖ

Published on 28 May, 2020
സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിതയായി ആർ ശ്രീലേഖ

സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിതയായി ആർ ശ്രീലേഖ. ഫയർഫോഴ്‌സ്‌ മേധാവിയായാണ്‌ പുതിയ നിയമനം. ഈ പദവിയിലെത്തുന്ന ആദ്യ വനിതയും ശ്രീലേഖ തന്നെ.   1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രീലേഖ നിലവിൽ ട്രാൻസ്‌പോർട്ട്‌ കമീഷണറാണ്‌. 2018ലാണ്‌ ശ്രീലേഖയുൾപ്പെടെ നാല്‌ ഉദ്യോഗസ്ഥരെ ഡിജിപി റാങ്കിലേക്കുയർത്തിയത്‌. സംസ്ഥാനത്തെ ആദ്യ വനിതാ ജയിൽ മേധാവിയും ഇവരാണ്‌‌.

കേരളത്തിൽ ആദ്യമായി നിയമനം ലഭിച്ച വനിതാ ഐപിഎസ്‌ ഓഫീസറായ ശ്രീലേഖ 1988ൽ എഎസ്‌പിയായി കോട്ടയത്ത്‌ നിയമിതയായി. 1991 ൽ കേരളത്തിലെ ആദ്യ വനിതാ എസ്‌പിയായി തൃശൂരിലെത്തി. പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലും എസ്‌പിയായി സേവനമനുഷ്ഠിച്ചു. പൊലീസ് ആസ്ഥാനത്ത് എഐജിയായും നാലുവർഷത്തോളം സിബിഐ കൊച്ചി യൂണിറ്റിലും ജോലിചെയ്തു. വിജിലൻസിൽ സർവീസിലിരിക്കുമ്പോൾ വിശിഷ്ട സേവനത്തിന്‌ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചു. എറണാകുളം റെയിഞ്ച് ഡിഐജിയായശേഷം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തും പ്രവർത്തിച്ചു.  റബർ മാർക്കറ്റിങ് ഫെഡറേഷൻ, കേരള സ്‌റ്റേറ്റ്‌ കൺസ്ട്രക്ഷൻ കോർപറേഷൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായിരുന്നു. പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വർഷം ഡിസംബറിൽ  വിരമിക്കും. ഭർത്താവ് : ഡോ. എസ് സേതുനാഥ്. മകൻ : ഗോകുൽനാഥ്



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക