Image

നാലംഗ കുടുംബത്തെ ഡല്‍ഹിയിലെത്തിക്കണം; ഭോപ്പാലില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനമിറക്കി കുടുംബനാഥന്‍

Published on 28 May, 2020
 നാലംഗ കുടുംബത്തെ ഡല്‍ഹിയിലെത്തിക്കണം; ഭോപ്പാലില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനമിറക്കി കുടുംബനാഥന്‍

ന്യുഡല്‍ഹി: കൊവിഡ് ലോക്ഡൗണില്‍ ഭോപ്പാലില്‍ കുടുങ്ങിപ്പോയ കുടുംബത്തെ ഡല്‍ഹിയിലെ വീട്ടിലെത്തിക്കാന്‍ ഗൃഹനാഥന്‍ ഒരുക്കിയത് ചാര്‍ട്ടേര്‍ഡ് വിമാനം. 180 പേര്‍ക്ക് സഞ്ചരിക്കാവുന്ന എയര്‍ബസ് എ 320 ആണ് നാലു പേര്‍ക്ക് വേണ്ടി ഭോപ്പാലില്‍ തിങ്കളാഴ്ച പറന്നത്. 

ഗൃഹനാഥന്റെ ഭാര്യയും രണ്ട് കുട്ടികളും ഇവരെ നോക്കുന്ന ആയയുമായിരുന്നു വിമാനത്തിലെ യാത്രക്കാര്‍. 10 ലക്ഷത്തോളം രൂപ ഇവരുടെ യാത്രയ്ക്ക് ചെലവ് വന്നിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 9.05 ഓടെ ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട വിമാനം 10.30 ഓടെ ഭോപ്പാല്‍ രാജ ഭോജ് വിമാനത്താളവത്തില്‍ ഇറങ്ങി. ഇവിടെനിന്നും കുടുംബത്തേയും കൊണ്ട് 11.30 ഓടെ പുറപ്പെട്ട് 12.55ന് ഡല്‍ഹിയില്‍ തിരിച്ചെത്തി. വിമാനത്തില്‍ മറ്റു യാത്രക്കാര്‍ ഉണ്ടെങ്കില്‍ കുടുംബത്തിന് കൊവിഡ് പകര്‍ന്നേക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് ഗൃഹനാഥന്‍ ഇവരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിച്ചത്. 

എ 320 വിഭാഗത്തിലുള്ള ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് ഒരു മണിക്കൂര്‍ യാത്രയ്ക്ക് നാല് മുതല്‍ അഞ്ചു ലക്ഷം രൂപ വരെ ചെലവ് വരും. ഡല്‍ഹി-മുംബൈ-ഡല്‍ഹി ചാര്‍ട്ടര്‍ വിമാന യാത്രയുടെ ചെലവ് 16-18 ലക്ഷം രൂപയാണ്. മേയ് 21ന് യൂറോപ്പില്‍ നിന്നും മുന്നംഗ കുടുംബം പ്രത്യേക വിമാനത്തില്‍ ഇന്ത്യയില്‍ എത്തിയിരുന്നു. ഇന്ത്യയിലേക്കുള്ള കൊമേഴ്‌സ്യല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തുന്നതിു തൊട്ടുമുന്‍പാണിത്. 80 ലക്ഷത്തോളം രൂപ ഈ യാത്രയ്ക്ക് ചെലവുവരും. 

കൊവിഡിനെ ഭയന്ന് പല വമ്പന്‍മാരും ചാര്‍ട്ടര്‍ വിമാനങ്ങളെ ആശ്രയിക്കുന്നുണ്ടെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ മാത്രം ഡല്‍ഹിയില്‍ നിന്ന് മൂന്ന് ചാര്‍ട്ടര്‍ വിമാനങ്ങളാണ് ബംഗലൂരുവിലെത്തിയത്. പല വിമാനത്താവളങ്ങളും വന്നുപോയ ചാര്‍ട്ടര്‍ വിമാനങ്ങളുടെ കണക്ക് പുറത്തുവിട്ടിട്ടില്ല. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക