Image

വാക്ക് (കവിത: രമണി അമ്മാൾ)

Published on 28 May, 2020
വാക്ക് (കവിത: രമണി അമ്മാൾ)
വാക്കുവന്നെന്നോടു ചോദിച്ചു 
മൗനവാതായനങ്ങൾ 
തുറക്കാഞ്ഞതെന്തേ...?
നെഞ്ചിന്റെ കൂട്ടിൽ 
പിടയുന്ന മോഹങ്ങൾ 
ചിറകുകൾ വീശിപ്പറന്നോട്ടെ
വാനിൽ...!

ഇമചിമ്മിയടയുന്ന മാത്രയിലെത്രയോ വാക്കുകൾ 
വാതായനത്തിൽ മുട്ടീട്ടും
ഒരു പാളിപോലും  തുറന്നൊന്നു നോക്കീലാ
കുളിർകാറ്റായ് വന്നു തഴുകിയേനെ..!
നെഞ്ചിൽ പുകയും
നെരിപ്പോടിനുളളിലെ
നൊമ്പരത്തീക്കനലാറ്റിയേനെ...!
മൗനവാതായനങ്ങൾക്കു
ചുവരുകളില്ല 
ചുവരില്ലാതെങ്ങനെ ചിത്രം 
വരയ്ക്കുവാൻ...!
വാക്കുകളിൽ വർണ്ണങ്ങൾ 
ചാലിക്കുവാൻ...!

കരിമുകിൽക്കുഞ്ഞുങ്ങൾ
മറന്നിട്ടുപോയ 
കരിമഷിച്ചെപ്പുണ്ടെന്റെ
കയ്യിൽ 
അതിരില്ലാവാനത്തിൻ
ക്യാൻവാസുണ്ട്
വർണ്ണങ്ങൾ വാരി
വിതറിയാലും...

ഞാൻ വന്നു മുട്ടി വിളിക്കുന്ന 
നേരത്തു 
വാതായനങ്ങൾ 
തുറന്നേകൂ നീ
മറന്നേക്കു പൊയ്പ്പോയ
നാളുകൾ 
ഹൃദയരക്തത്താൽ 
വരച്ചൊരാത്താളുകൾ
കാറ്റും വെളിച്ചവും നിഴലും 
നിലാവും
കാത്തു നിൽക്കുന്നു 
പുറത്തു നിന്നെ.
തിരയേണ്ട നിൻ കൂടെയുണ്ടു ഞാൻ 'വാക്ക് '
മൗനവാതായനങ്ങൾ 
തുറന്നിടൂ നീ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക