Image

ലാറ്റിനമേരിക്ക കോവിഡ് പ്രഭവകേന്ദ്രമായി മാറിയേക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ

Published on 28 May, 2020
ലാറ്റിനമേരിക്ക കോവിഡ് പ്രഭവകേന്ദ്രമായി മാറിയേക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ

ജനീവ: കോവിഡിന്‍െറ രണ്ടാംവരവില്‍ യൂറോപ്പിനെയും അമേരിക്കയെയും മറികടന്ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ പ്രഭവകേന്ദ്രമായി മാറുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വൈറസ്ബാധിതരുടെ എണ്ണം അതിവേഗം കുതിക്കുന്ന സാഹചര്യത്തിലാണ് വൈറസിന്‍െറ രണ്ടാംവരവ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ അതിരൂക്ഷമായി ബാധിച്ചേക്കുമെന്ന് ഡബ്ല്യൂ.എച്ച്.ഒ മുന്നറിയിപ്പുനല്‍കിയത്.

നിലവില്‍ വൈറസ്ബാധിതരുടെ എണ്ണത്തില്‍ റഷ്യയെ മറികടന്ന് അമേരിക്കയുടെ തൊട്ടുപിറകിലാണ് ബ്രസീലിന്‍െറ സ്ഥാനം. ഈ നിലയില്‍പോയാല്‍ ആഗസ്‌റ്റോടെ ബ്രസീലില്‍  ഒന്നേകാല്‍ ലക്ഷം പേരെങ്കിലും കോവിഡ് മൂലം മരണപ്പെടുമെന്നാണ് യൂനിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണ്‍ നടത്തിയ പഠനത്തിലെ വിലയിരുത്തല്‍. നിലവില്‍ ബ്രസീലില്‍ കോവിഡ് മരണം 24,512 ആണ്. എന്നാല്‍, ആഗസ്‌റ്റോടെ മരണനിരക്ക് അഞ്ചിരട്ടി വര്‍ധിച്ചേക്കുമെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു.

അമേരിക്കയെ പിന്നിലാക്കി ഒറ്റദിവസം ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായും ബ്രസീല്‍ മാറിയിരിക്കുകയാണ്. തിങ്കളാഴ്ച മാത്രം ബ്രസീലില്‍ 807 പേര്‍ കോവിഡ് മൂലം മരിച്ചു. ഇതേദിവസം, അമേരിക്കയിലെ മരണനിരക്ക് 620 ആയിരുന്നു. പെറു, ചിലി എന്നീ രാജ്യങ്ങളിലും കോവിഡ്ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണെന്ന് പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (പി.എച്ച്.ഒ) ഡയറക്ടര്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ ധിറുതിപിടിച്ച് ലോക്ഡൗണ്‍ പിന്‍വലിക്കരുതെന്നും അത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും പി.എ.എച്ച്.ഒ തലവന്‍ മുന്നറിയിപ്പുനല്‍കി. ചൊവ്വാഴ്ചത്തെ കണക്കുകള്‍പ്രകാരം ചിലിയില്‍ 77,961 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. മരണം 806 ആണ്. രാജ്യത്തെ ഊര്‍ജമന്ത്രിക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക