Image

എനിക്കു ശ്വാസം മുട്ടുന്നു (ദുർഗ മനോജ്)

Published on 29 May, 2020
എനിക്കു ശ്വാസം മുട്ടുന്നു (ദുർഗ മനോജ്)
"എനിക്കു ശ്വാസം മുട്ടുന്നു " എന്നു എറിക് ഗാർനർ എന്ന നാൽപ്പത്തിമൂന്നു വയസുകാരൻ പറഞ്ഞതും, അടുത്ത നിമിഷം മരിച്ചതും 2014ൽ ലോകത്തിൻ്റെ പ്രധാന നഗരങ്ങളിൽ ഒന്നായ ന്യൂയോർക്ക് സിറ്റിയുടെ തെരുവിലാണ്.പോലീസിൻ്റെ നിയമം നടപ്പാക്കുന്നതിലുള്ള വ്യഗ്രതയിൽ, കറുപ്പായതു കൊണ്ടു മാത്രം ഇരയായ ഒരാൾ. ആറു വർഷത്തെ ഇടവേള, ലോകം വെർച്ച്വലായി കുതിച്ചു മുന്നേറി,

എന്നിട്ടും ഒരു കുഞ്ഞനണു വന്നു കണ്ണുരുട്ടിയപ്പോൾ ആശുപത്രിക്കിടക്കയിലെ വെൻറിലേറ്ററുകളെ നിഷ്പ്രഭമാക്കി, മുങ്ങിച്ചാവുമ്പോൾ ശ്വാസം മുട്ടി പിടയുന്ന അത്രയും യാതനയോടെ പിടഞ്ഞു യാത്രയായത് ആയിരങ്ങൾ, ആ വാർത്ത കേൾക്കുമ്പോൾ മനസ് മരവിക്കും. സ്വയം തത്വജ്ഞാനം പറയും. മനുഷ്യർ ഏത് നാട്ടിലും മരണത്തിനും രോഗത്തിനും മുന്നിൽ തുല്യർ തന്നെയെന്ന്. ഒപ്പം ആശ്വസിക്കും,ഇനി ലോകത്തു കുറേ വേർതിരിവുകൾ ഇല്ലാതാകുമെന്ന്.എന്നാൽ,
അത്തരം ചിന്തകൾ വെറുതേയാണെന്നു ഇന്നലെ മിനിയപ്പലിസ് സാക്ഷ്യപ്പെടുത്തുന്നു. ജോർജ് ഫ്ലോയിഡ് എന്ന ആഫ്രിക്കൻ വംശജനെ പോലീസ്,കള്ളനെന്നു സംശയിച്ച്, കാല് മുട്ടു കഴുത്തിലമർത്തി തെരുവിൽ, എല്ലാ നീതിബോധങ്ങളേയും അട്ടിമറിച്ച്,  ഒരു പുഴുവിനെ നൊടിച്ചു കൊല്ലുന്നതിലും ലാഘവത്തിൽ കൊന്നുകളഞ്ഞു, ജോർജും അവസാനമായി പിടഞ്ഞത് ജീവശ്വാസത്തിനു വേണ്ടി ആയിരുന്നു.
അമ്മേ, എനിക്കു ശ്വാസം മുട്ടുന്നുവെന്ന്.

നമ്മൾ വികസിത സമൂഹമാണ്. പക്ഷേ സങ്കുചിത മനസിനെയാണ് നാം വികസിതമെന്നു പറയുന്നതെന്നു മാത്രം.
വികസിതമെന്നതിൻ്റെ നിർവ്വചനത്തിനു കാര്യമായ തിരുത്തലുകൾ ആവശ്യമുണ്ട്.

സാംസ്ക്കാരികമായി മുന്നേറിയ ഒരു ജീവിവർഗമാണു മനുഷ്യർ അഥവാ ഹോമോസാപ്പിയൻസ് എന്നാണ് നമ്മുടെ വിശ്വാസം.
അതായത്, തൊലിയുടെ നിറമോ, ഭാഷയോ, സംസ്ക്കാരമോ വിഭിന്നമാകട്ടെ, അടിസ്ഥാനപരമായി സ്നേഹമെന്ന വികാരമാണ് മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കേണ്ടത്, അപരനോടുള്ള ഇടപെടലിൽ മുന്നിൽ നിൽക്കേണ്ടത് എന്നുള്ള ചിന്തയിൽ സമൂഹത്തിലെ ഓരോ വ്യക്തികളോടും ഇടപെടുവാനാകുമ്പോഴാണ് ആ ജനത സാംസ്ക്കാരികമായ ഔന്നത്യത്തിലേക്കുയരുന്നത്.
പക്ഷേ, ലോകമെങ്ങും, ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അകറ്റി നിർത്തലുകളും, കാലുഷ്യവും പുകയുകയാണ്.

നിറത്തിൻ്റെ പേരിൽ മനുഷ്യരെ വകവരുത്തുമ്പോൾ ഇരുപക്ഷത്തും അമർഷം പുകയും. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളിൽ നിരാശയും അനാഥത്വവും ഒരിക്കലും പരിഹരിക്കപ്പെടില്ല. അത് ഒരു വ്യക്തിയിൽ നിന്നും അപരനിലേക്ക് അതിവേഗം കത്തിക്കയറും. കൊലപാതകികളും വ്യത്യസ്തരല്ല.അവർക്കിടയിൽ വിജയലഹരി നുരയും. കൂടുതൽ ആക്രമണങ്ങൾക്ക് അത് ഹേതുവാകും.
അതായത് സമാധാനം തലമുറകളോളം അകലെയെന്നർത്ഥം.

എന്തിനു പടിഞ്ഞാറേക്ക് നോക്കുന്നു സ്വന്തം രാജ്യവും ഭദ്രമോ?
നാട് വലിയ പാലായനത്തിനും സാക്ഷ്യം വഹിക്കുകയാണ്. സുപ്രീം കോടതിയുടെ ചോദ്യത്തിനു മുന്നിൽ തല താഴ്ത്തി നിൽക്കുന്നു ഭരിക്കുന്നവർ. സ്വന്തം നാട്ടിൽ ജീവിതം പുലർത്താനാകുമായിരുന്നെങ്കിൽ അവർ മറ്റ് നാടുകളിലേക്കു പോകുമായിരുന്നോ? അതും മാറ്റിവയ്ക്കാം, ഇത്ര കാലം അവർ അയച്ച പണം സ്വന്തം സംസ്ഥാനങ്ങളിലായിരുന്നല്ലോ പ്രവാസികളുടെ പ്രിയപ്പെട്ടവർ ചിലവിട്ടിരുന്നത്? ഇപ്പോൾ ജോലി ഇല്ലാതായി രണ്ടു മാസങ്ങൾക്കു ശേഷം പണം തന്നാൽ ടിക്കറ്റ് നൽകാമെന്നും, ആ ടിക്കറ്റ് കാശ് പിന്നീട് മടക്കി നൽകിക്കോളാമെന്നും പറയുന്നതു കേൾക്കുമ്പോൾ, ചങ്ങലക്ക് ഭ്രാന്ത് പിടിച്ചോ എന്നു സംശയം തോന്നും.
ജനങ്ങൾ നടക്കുകയാണ്. റെയിൽ പാളങ്ങളിലൂടെ, കാടരികിലൂടെ രാത്രിയുടെ മറ പറ്റി, കത്തിക്കാളുന്ന വേനൽ സൂര്യനു കീഴിൽ ഉരുകി ഒലിക്കുന്ന ടാറിട്ട റോഡുകളിലൂടെ. അഞ്ചു മിനിട്ടോ പത്തു മിനിട്ടോ അല്ല, നാലോ അഞ്ചോ കിലോമീറ്ററുകളുമല്ല, മറിച്ച് ദിവസങ്ങൾ നീളുന്ന നടപ്പ്, പെട്ടിയും ഭാണ്ഡവുമേറി, രോഗവും വിശപ്പും അവഗണിച്ച്.

അതെ, അവർ നടക്കാൻ വിധിക്കപ്പെട്ടവരാണ്. ബീഹാറി, ബംഗാളി എന്നൊക്കെ പുച്ഛരസത്തിൽ നമ്മൾ ദൂരെ മാറ്റി നിർത്തിയവരാണ്. പണ്ട് നോക്കിയാൽ പോലും അയിത്തമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. അയിത്തക്കാർ താഴെ നോക്കി നടക്കണം. അവർ നോക്കിയാലും അവരെ നോക്കിയാലും കുറ്റം അവർക്കാണ്. ഇന്ന് നമ്മൾ വളരെ പുരോഗമിച്ചു. പക്ഷേ ഉള്ളിൻ്റെ ഉള്ളിൽ, അവൻ നികൃഷ്ടൻ എന്ന ബോധത്തിനു യാതൊരു ഉലച്ചിലും തട്ടിയിട്ടില്ല. തവിട്ടു നിന്നുള്ള തോലിൽ പൊതിഞ്ഞവർ, കൂടുതൽ തവിട്ടു നിറമായ തൊലിയിൽ ഒരാളെ കണ്ടാൽ പരിഹസിക്കും. കാഴ്ചപ്പാടുകൾക്കു യാതൊരു മാറ്റവുമില്ല എന്നർത്ഥം.

 നാലു ദിവസത്തിനിടെ ശ്രമിക്ട്രെയിനുകളിൽ മരിച്ചവർ 9. അവർ മരിച്ചതു രോഗം കൊണ്ടെന്നു ഭരണപക്ഷക്കാർ. പട്ടിണി കൊണ്ടെന്നു പ്രതിപക്ഷവും. നാട്ടിലെ ജനങ്ങൾ തിരികെ വന്നാൽ ഉൾക്കൊള്ളാൻ പ്രയാസമെന്നു പറയുന്ന ഭരണാധിപരോട് എന്തു പറയാൻ.ഇക്കാലമത്രയും ഭരിച്ചു ഭരിച്ച്, ഒടുവിൽ ജനങ്ങളെ പല നാടുകളിലേക്കു പാലായനം ചെയ്യിച്ചവർ രണ്ടു തട്ടുകളിലായി നീ, നീ എന്നു സ്വയം അപഹാസ്യരാകുമ്പോൾ, മരിച്ച അമ്മയെ പുതപ്പിച്ച പുതപ്പിൽ കണ്ണാരം പൊത്തിക്കളിക്കുന്ന കുഞ്ഞുമുത്തേ, നിൻ്റെ അമ്മയും അവസാനം പറഞ്ഞത് ഇതു തന്നെയാകണം,
"എനിക്ക് ശ്വാസം മുട്ടുന്നു.... "
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക