Image

അവസാനിക്കാത്ത ആത്മകഥനങ്ങള്‍ ( കെ.ബി.വേണു)

Published on 29 May, 2020
അവസാനിക്കാത്ത ആത്മകഥനങ്ങള്‍ ( കെ.ബി.വേണു)
"ഈ കഥയ്ക്ക് ഇനിയും പൂര്‍ണ്ണത വന്നിട്ടുണ്ടോ എന്നെനിക്കറിയില്ല. ഓര്‍ക്കാത്തതും പറയാത്തതും ബാക്കിയുണ്ടെന്നു തോന്നുന്നു.."

പല അടരുകളില്‍ പറഞ്ഞിട്ടും പൂര്‍ത്തിയാകാത്ത ഈ ആത്മകഥനം അജയന്‍റേതാണ്. ജനിച്ചപ്പോള്‍ത്തന്നെ പരാജയപ്പെട്ടവനാണ് അജയന്‍. പിറന്നു വീണ ആശുപത്രിയില്‍ കുഞ്ഞുവായിലുള്ള അവന്‍റെ തന്നെ പിള്ളക്കരച്ചില്‍ ഉയരുമ്പോള്‍, തോല്‍വിയില്‍ത്തുടങ്ങിയ ജീവിതകഥ അജയന്‍ ഇങ്ങനെ ആരംഭിക്കുന്നു..
"എന്‍റെ പേര് അജയന്‍. അജയകുമാര്‍ എന്നും വിളിക്കാറുണ്ട്. എന്‍റെ അച്ഛനോ അമ്മയോ ഇട്ട പേരല്ല, ഇത്. കാരണം, അറിയപ്പെടുന്ന ഒരച്ഛനോ അമ്മയോ എനിക്കില്ല. ഒരു പക്ഷേ, എന്നെ പ്രസവിച്ച സ്ത്രീക്ക് അവര്‍ അടിപ്പെട്ട പ്രലോഭനത്തിനു കിട്ടിയ ശിക്ഷയായിരുന്നിരിക്കാം എന്‍റെ ജനനം. ആ യുവതി, അവരുടെ ഉദരത്തിന്‍റെ ഭാരവും അപമാനത്തിന്‍റെ ചുമടും ഈ ആശുപത്രിയുടെ പ്രസവമുറിയില്‍ ഇറക്കി വച്ചിട്ട് എങ്ങോട്ടോ ഒളിച്ചോടി.."

അജയന്‍റെ കഥ പറയുന്ന അനന്തരം (1987) അടൂരിന്‍റെ അഞ്ചാമത്തെ സിനിമയാണ്. സ്വയംവരവും കൊടിയേറ്റവും എലിപ്പത്തായവും അപ്പോഴേയ്ക്ക് അദ്ദേഹത്തെ അന്താരാഷ്ട്ര പ്രശസ്തനാക്കിയിരുന്നു. ഒരുപാടു വിമര്‍ശനങ്ങള്‍ക്കിടയാക്കിയ മുഖാമുഖം പുറത്തു വന്നിട്ട് മൂന്നു വര്‍ഷമേ ആയിരുന്നുള്ളൂ. സ്വയംവരത്തില്‍ നിന്ന് അനന്തരത്തിലെത്തിയ ഒന്നരപ്പതിറ്റാണ്ടു കൊണ്ട് കഥപറച്ചിലിന്‍റെ സാങ്കേതികതയില്‍ അടൂര്‍ കൈവരിച്ച കൃതഹസ്തതയും സൂക്ഷ്മതയും വിസ്മയിപ്പിക്കുന്നതാണ്. കഥാകഥനത്തിന്‍റെ സാമ്പ്രദായിക ശൈലികള്‍ ഉടച്ചു വാര്‍ത്ത നവതരംഗസിനിമയ്ക്ക് എണ്‍പതുകളില്‍ മലയാളത്തിലുണ്ടായ ഏറ്റവും മികച്ച മാതൃകകളിലൊന്നാണ് അനന്തരം. കാരണം അത് അടിസ്ഥാനപരമായി കഥപറച്ചിലിനെക്കുറിച്ചുള്ള സിനിമ കൂടിയാണ്. അനന്തരത്തിന് അടൂർ കൊടുത്ത ഇംഗ്ലീഷ് ശീർഷകം Monologue (ആത്മഭാഷണം) എന്നാണല്ലോ. പതിനെട്ടാം വയസ്സില്‍ എറണാകുളത്തെ ഏതോ തിയറ്ററില്‍, റിലീസ് ചെയ്ത ആഴ്ചയില്‍ത്തന്നെ കാണുമ്പോള്‍ കൗമാര സഹജമായ ആശയക്കുഴപ്പങ്ങളിലേയ്ക്ക് ഒരു വിഭ്രാമകാനുഭൂതിയായി പെയ്തിറങ്ങിയ സിനിമയാണ് അനന്തരം. എണ്‍പതുകളിലെ കുറേ ചെറുപ്പക്കാര്‍ക്കെങ്കിലും അവരവരുടേതായ മാനസികതലങ്ങളില്‍ നിന്നുകൊണ്ട് അജയനുമായി (അശോകന്‍) താദാത്മ്യം പ്രാപിക്കാന്‍ കഴിയുമായിരുന്നു.

അനാഥശിശുത്വത്തിന്‍റെ നിസ്സഹായതയില്‍ നിന്ന് മോചിതനായ കഥ അജയന്‍ ഇങ്ങനെ വിവരിക്കുന്നു. "പ്രസവമുറിയില്‍ ഉപേക്ഷിക്കപ്പെട്ടു പോകുന്ന ആദ്യത്തെ കുട്ടിയായിരുന്നില്ല ഞാന്‍ എന്നു തീര്‍ച്ച. പക്ഷേ എന്തുകൊണ്ടോ, പതിവുപോലെ ഏതെങ്കിലും അനാഥാലയത്തിനോ പ്രസവശേഷിയില്ലാത്ത ഒരു സ്ത്രീക്കോ എന്നെ കൈമാറിയില്ല. സര്‍വ്വീസില്‍ നിന്നു പിരിയുമ്പോള്‍ ഡോക്ടറങ്കിള്‍ എന്നെയും ഒപ്പം കൊണ്ടു പോയി.."

ഈ ഡോക്ടറങ്കിളിന്‍റെ നാട്ടിന്‍പുറത്തുള്ള വിശാലമായ വീട്ടിലായിരുന്നു അജയന്‍റെ പിന്നീടുള്ള ജീവിതം. പഠിക്കാന്‍ മാത്രമല്ല, കളികളിലും താന്‍ സ്കൂളില്‍ ഒന്നാമനായിരുന്നു എന്ന് അജയന്‍ അല്പം വിനയത്തോടെ പറയുന്നുണ്ട്. പക്ഷേ, പരാജയങ്ങള്‍ അവനെ പിന്തുടര്‍ന്നു കൊണ്ടിരുന്നു. ക്ലാസ്സില്‍ മറ്റുള്ള കുട്ടികളേക്കാള്‍ മികവോടെ ഉത്തരങ്ങള്‍ പറഞ്ഞ് മുരടനായ ഭാഷാദ്ധ്യാപകന്‍റെ പ്രശംസ നേടിയ അജയനെ ഓട്ടപ്പന്തയത്തില്‍ ഒന്നാമതെത്തിയിട്ടും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അയോഗ്യനാക്കിയ ഒരു കായികാദ്ധ്യാപകനുണ്ടായിരുന്നു. ഫിനിഷിങ് പോയിന്‍റിലെത്തി അവന്‍ പിന്തിരിഞ്ഞോടിയതായിരുന്നു കാരണം. ഏതോ ഗ്രാമീണമേളയിലെ കറക്കിക്കുത്തുകാരുടെ കത്തിയേറു കളിയില്‍ പിഴയ്ക്കാത്ത ഉന്നവുമായി മുന്നേറിക്കൊണ്ടിരുന്ന അജയനെ അരുമയോടെ അണിയറയിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി കഴുത്തിനു പിടിച്ചു പുറത്തു തള്ളിയ കൊമ്പന്‍ മീശക്കാരന്‍ പറഞ്ഞു: "പൊലയാടി മോനേ.. കണ്ടുപോകരുത് ഇവിടെ നിന്നെ.. അവന്‍റെ ഒടുക്കത്തെ ഒരേറ്.. " കാര്‍ണിവലിലെ അടുത്ത കളിക്കു വേണ്ടി ചുട്ടികുത്തിക്കൊണ്ടിരുന്ന യുവതി കൂട്ടിച്ചേര്‍ത്തു: "എല്ലാക്കളിയും ഇയാളങ്ങു ജയിച്ചാപ്പിന്നെ ഞങ്ങളെന്നാത്തിനാ ഇതു നടത്തുന്നേ.." അവിശ്വസനീയമാം വിധം മിടുക്കു കാണിച്ചപ്പോഴൊക്കെ അപമാനിതനായിക്കൊണ്ടിരുന്ന അജയന് സ്കൂളിലെ ലത എന്ന പെണ്‍കുട്ടിയോടു തോന്നിയ കൗമാരാസക്തിയും ദുരന്തപര്യവസായിയായി. പാഠപുസ്തകങ്ങള്‍ക്കപ്പുറത്തേയ്ക്ക് വായനയുണ്ടായിരുന്ന അജയന്‍ ലതയില്‍ നിന്ന് ഒരിക്കല്‍ കടം വാങ്ങിയത് തകഴിയുടെ ചെമ്മീന്‍ എന്ന നോവലായിരുന്നു. തകഴിയുടെ കറുത്തമ്മയെപ്പോലെ തലേം മൊലേം വളര്‍ന്ന പെണ്ണായ ലത പുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ച പ്രേമലേഖനം യൗവ്വനം മുറ്റിയ മറ്റൊരുത്തനു വേണ്ടിയുള്ളതായിരുന്നുവെന്ന് മനസ്സിലായപ്പോള്‍ത്തന്നെ തകര്‍ന്നു പോയ അജയനെ വേറൊരപമാനം കൂടി കാത്തിരിപ്പുണ്ടായിരുന്നു. അജയന്‍ ലതയ്ക്കു കത്തു കൊടുത്തെന്നാരോപിച്ച് അവളുടെ കുട്ടിഗുണ്ടാസംഘം അവനെ വഴിയിലിട്ട് തല്ലി. പുസ്തകങ്ങള്‍ വലിച്ചെറിഞ്ഞു. അവരിലൊരുത്തന്‍റെ തലമണ്ട ഉന്നം പിഴയ്ക്കാതെ കല്ലെറിഞ്ഞു പൊട്ടിച്ച അജയന് ഹെഡ്മാസ്റ്ററുടെ തല്ലും കിട്ടി. പിന്നീട് ലത കാമുകനോടൊത്ത് ഇടവഴിയില്‍ നിന്നു സൊള്ളുന്നതും തന്നെ പരിഹാസത്തോടെ നോക്കുന്നതും സഹിക്കാതെ തലകുമ്പിട്ടു നടന്നു നീങ്ങുമ്പോള്‍ അജയന്‍റെ സ്വഗതാഖ്യാനം തുടരുന്നു.. "കാരണമെന്തെന്നറിയില്ല.. സമപ്രായക്കാര്‍ക്കിടയില്‍പ്പോലും ഉറ്റവരെന്നു പറയാവുന്ന സുഹൃത്തുക്കള്‍ എനിക്കുണ്ടായിരുന്നില്ല. എനിക്കവരോട് ഒന്നും പറയാനില്ലാത്തതുപോലെ.. അവരില്‍ നിന്ന് ഒന്നുമെനിക്കു കേള്‍ക്കാനില്ലാത്തതുപോലെ.. ശരിക്കും പറഞ്ഞാല്‍ എന്‍റെ ചങ്ങാതിമാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് വല്ലപ്പോഴും അവധിക്കു വന്നിരുന്ന ബാലുവേട്ടനും വൈകുന്നേരങ്ങളില്‍ എന്നെയും കൂട്ടി നടക്കാനിറങ്ങുമായിരുന്ന ഡോക്ടറങ്കിളുമായിരുന്നു.. "

സമപ്രായക്കാര്‍ മാത്രമല്ല മുതിര്‍ന്നവരും അജയനെ ഒറ്റപ്പെടുത്തുകയാണുണ്ടായത്. പാചകം ചെയ്യുന്നതിലധികവും സ്വയം ഭക്ഷിച്ചുപോന്നിരുന്ന കുശിനിക്കാരന്‍ രാമന്‍ നായര്‍ (വെമ്പായം തമ്പി), ഒരിക്കല്‍പ്പോലും റോഡിലിറക്കിക്കണ്ടിട്ടില്ലാത്ത പഴഞ്ചന്‍ കാര്‍ സ്വയം റിപ്പയര്‍ ചെയ്തു കാലം കഴിച്ചിരുന്ന ഡ്രൈവര്‍ മത്തായി (ബഹദൂര്‍), ആളൊഴിഞ്ഞ ഡിസ്പന്‍സറിയില്‍ ഒരു ദിനചര്യയെന്നോണം കൂര്‍ക്കം വലിച്ചുറങ്ങിയിരുന്ന കൊമ്പൗണ്ടര്‍ (ബി കെ നായര്‍).. ഇവരായിരുന്നു അജയന്‍റെ ഏകാന്തബാല്യത്തെ യക്ഷിക്കഥകള്‍ കൊണ്ടും പച്ചക്കള്ളങ്ങള്‍ കൊണ്ടും വിഭ്രമിപ്പിച്ചു പോന്ന വൃദ്ധകഥാപാത്രങ്ങള്‍. അജയന് ഓര്‍മ്മയുള്ളപ്പോള്‍ മുതല്‍ തന്നെ പക്വതയുള്ള പുരുഷനെപ്പോലെ പെരുമാറിയിരുന്ന ബാലുവേട്ടന്‍ (മമ്മൂട്ടി) ആകട്ടെ ഗ്രിമ്മിന്‍റെ യക്ഷിക്കഥകളടക്കമുള്ള പുസ്തകങ്ങള്‍ വാങ്ങിക്കൊടുത്തും രാമന്‍ നായര്‍ പറയുന്ന കഥകളൊക്കെ പുളുവാണെന്ന് അവനെ ആശ്വസിപ്പിച്ചും നല്ലൊരു ജ്യേഷ്ഠനായി കൂടെ നിന്നു.

ഒരു മിടുക്കനായി തുടരുന്നതു കൊണ്ട് വലിയ പ്രയോജനമൊന്നുമില്ലെന്നു മനസ്സിലായതു കൊണ്ടാകണം, അതുവരെ ക്ലാസ്സില്‍ ഒന്നാമനായിരുന്ന അജയന്‍ മടിയനും ഉഴപ്പനുമായി. ഗുന്‍റര്‍ ഗ്രസ്സിന്‍റെ ടിന്‍ ഡ്രം എന്ന നോവലിൽ, മുതിര്‍ന്നവരുടെ ലോകത്തിലെ നുണകള്‍ കണ്ടു മടുത്ത് മൂന്നാം വയസ്സിനു ശേഷം വളരേണ്ടെന്നു തീരുമാനമെടുത്ത ഓസ്കര്‍ എന്ന കുട്ടിയെ ഓര്‍മ്മിപ്പിക്കുന്നു അപ്പോള്‍ അജയന്‍.

ഡോക്ടറങ്കിള്‍ മരിച്ച വിവരം വീട്ടുകാര്‍ അജയനെ വൈകി അറിയിച്ചത് മനഃപൂര്‍വ്വമായിരുന്നു. "നീ ഇവിടെയുണ്ടായിരുന്നെങ്കില്‍ കര്‍മ്മം ചെയ്യുന്ന കാര്യത്തില്‍ത്തുടങ്ങി ഓരോന്നിലും പല ചോദ്യങ്ങളും പ്രശ്നങ്ങളുമുണ്ടാകുമായിരുന്നു.. " ഇതാണ് ബാലു അജയനു കൊടുക്കുന്ന വിശദീകരണം. പക്ഷേ, ഒരിക്കല്‍ സ്കൂളില്‍ നിന്നു മടങ്ങി വരുമ്പോള്‍ പൂമുഖത്തിരുന്ന് കരയുന്ന ഡോക്ടറങ്കിളിനെയും ചുറ്റും കൂടി നില്‍ക്കുന്ന വൃദ്ധപരിചാരകരെയും ഒപ്പം ഒരു കാവി വസ്ത്രധാരിയെയും കണ്ട ഓര്‍മ്മ അജയനുണ്ട്. "അങ്കിള്‍ കരയുന്നത് അന്നാദ്യമായി ഞാന്‍ കണ്ടു. കാരണം ചോദിക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. പിന്നീടാണറിഞ്ഞത് - ആശ്രമത്തിലെ യോഗിനിയമ്മ മരിച്ചു. അവരെ ഒരിക്കല്‍ കണ്ട ഓര്‍മ്മയുണ്ട്. ജ്വരം ബാധിച്ചു കിടക്കുമ്പോള്‍ കിടയ്ക്കക്കരികില്‍ വന്ന് വാത്സല്യപൂര്‍വ്വം എന്നെ നോക്കി നിന്നു കരഞ്ഞ സുന്ദരിയായ യോഗിനിയമ്മ.." അളന്നു മുറിച്ച നാലു ഷോട്ടുകള്‍ മാത്രമുള്ള, സംഭാഷണങ്ങളില്ലാത്ത ആ സീനില്‍ മാത്രമാണ് യോഗിനിയമ്മ (കവിയൂര്‍ പൊന്നമ്മ) പ്രത്യക്ഷപ്പെടുന്നത്. "അവരെ ഒരു പ്രാവശ്യം കൂടി കാണാന്‍ എത്ര നാള്‍ കാത്തു. ഒരു സ്വപ്നത്തിലെങ്കിലും അവര്‍ മടങ്ങിവരുമെന്നു ഞാന്‍ കൊതിച്ചു. പക്ഷേ, അതുണ്ടായില്ല.." വിശാലമായ പൂമുഖത്തെ കസേരയില്‍ ചിന്താധീനനായിരിക്കുന്ന ഡോക്ടറങ്കിളിന്‍റെ ദൃശ്യത്തിനു മുകളില്‍ വീണ്ടും അജയന്‍റെ ശബ്ദം ഉയരുന്നു.. "യോഗിനിയമ്മയുടെ മരണശേഷം അങ്കിള്‍ പുറത്തേയ്ക്കു പോയിട്ടില്ല.."

ബാലുവിന്‍റെ വിവാഹത്തിനു ശേഷമാണ് അജയന്‍റെ ജീവിതം എല്ലാ അര്‍ത്ഥത്തിലും താളം തെറ്റാന്‍ തുടങ്ങുന്നത്. ബാലുവിന്‍റെ സുന്ദരിയായ നവവധു, സുമ എന്നു വിളിക്കുന്ന സുമംഗലി (ശോഭന), കിടപ്പുമുറിയില്‍ നിന്ന് അഴിഞ്ഞുലഞ്ഞ മുടിയുമായി ഇറങ്ങി വരുന്നത് ഉറ്റു നോക്കിക്കൊണ്ടു നില്‍ക്കുന്ന അജയന്‍.. കുട്ടിക്കാലത്തു പഠിച്ച ശാസ്ത്രീയസംഗീത പാഠങ്ങള്‍ കുളിമുറിയില്‍ വച്ച് ഉറക്കെപ്പാടുകയും സുമയുടെ അഭിനന്ദനവാക്കുകളില്‍ നിഷ്കളങ്കമായി സന്തോഷിക്കുകയും ചെയ്യുന്ന അജയന്‍.. വെക്കേഷന്‍ തീരും മുമ്പ് ഹോസ്റ്റലിലേയ്ക്കു പുറപ്പെടാനൊരുങ്ങവേ, സുമയുടെ കൈവെള്ളയില്‍ ചുംബിക്കുന്ന അജയന്‍..

പിന്നീട് ഹോസ്റ്റലില്‍ നിന്ന് അജയന്‍ ബാലുവിന് കത്തെഴുതുന്നു.. "എങ്ങനെയാണതു പറയേണ്ടതെന്ന് എനിക്കറിയില്ല. എനിക്കാ നോട്ടം മറക്കാന്‍ കഴിയുന്നില്ല. എനിക്കാ കണ്ണുകള്‍ മറക്കാന്‍ കഴിയുന്നില്ല. എത്രമേല്‍ ശ്രമിച്ചിട്ടും ആ രൂപം എന്‍റെ മനസ്സില്‍ നിന്നു മായുന്നില്ല. മറക്കാന്‍ ശ്രമിക്കുന്തോറും, അടക്കാന്‍ പാടുപെടുന്തോറും ആ വികാരത്തിന് ശക്തിയേറുന്നതേയുള്ളൂ.." ജ്യേഷ്ഠന്‍റെ ഭാര്യയോടു തോന്നുന്ന വിലക്കപ്പെട്ട ആഗ്രഹം മാത്രമാണോ അജയനെ അലട്ടുന്നത്? അതു വെളിപ്പെടുത്തുന്നതിനു മുമ്പ് അജയന്‍റെ ഹോസ്റ്റല്‍ മുറിയുടെ അടച്ചിട്ട വാതിലിനും ജനലുകള്‍ക്കുമപ്പുറം അന്തേവാസികളുടെ ഉദ്വേഗഭരിതമായ മുഖങ്ങള്‍ വന്നു നിറയുന്നു. ആ മുറിയില്‍ ഒരാത്മഹത്യയോ ആത്മഹത്യാശ്രമമോ നടന്നിരിക്കാമെന്ന ചിന്തയുടെ ആഘാതത്തിലമര്‍ന്നിരിക്കുന്ന പ്രേക്ഷകര്‍ അജയന്‍റെ ശബ്ദം വീണ്ടും കേള്‍ക്കുന്നു.. "ഈ കഥ ഇവിടെ അവസാനിക്കുന്നില്ല. പലതും പറയാന്‍ വിട്ടു പോയെന്നു തോന്നുന്നു.."

ഒരു പടുകൂറ്റന്‍ ഘടികാരത്തില്‍ പന്ത്രണ്ടു മണിയടിക്കുന്ന ദൃശ്യമാണ് അടുത്തത്. ക്ലോക്കിന്‍റെ സ്പന്ദനശബ്ദത്തോടൊപ്പം വട്ടപ്പാലം ചുറ്റിച്ചുറ്റി തലകറങ്ങി നിലത്തു വീഴുന്ന വള്ളിനിക്കറിട്ട അജയനില്‍ നിന്ന് അടൂര്‍ പിന്നെയും കഥ പറയാന്‍ തുടങ്ങുന്നു.

ദുഃസ്വപ്നം പോലെ കടന്നുപോയ ബാല്യകാലം മുതല്‍ അജയന്‍റെ കഥ വീണ്ടും തുടരുന്നു. ഒരു മായക്കാഴ്ചയായി തന്‍റെ ജീവിതത്തിലേയ്ക്കു കടന്നു വന്ന് എവിടേയ്ക്കോ പോയ നളിനി എന്ന പെണ്‍കുട്ടിയെക്കുറിച്ച് അജയന്‍ പറയുന്നത് ഇപ്പോഴാണ്. അവള്‍ക്ക് സുമയുടെ ഛായ. അതോ, സുമ തന്നെയാണോ നളിനി? സത്യത്തിനും മിഥ്യയ്ക്കുമിടയില്‍പ്പെട്ടു പോകുന്ന അജയന്‍റെ മാനസിക വിഭ്രാന്തി കാണികളിലേയ്ക്കും പടരുന്നു.. ജ്യേഷ്ഠന്‍റെ ഭാര്യയോട് അജയനുണ്ടായ അദമ്യമായ ആസക്തിയുടെ ഉത്തരം അയാളില്‍ മുള പൊട്ടിയ സ്കിസോഫ്രീനിയയിലാണോ തിരയേണ്ടതെന്ന് നമുക്കു സംശയമുണ്ടാകുന്നു.

എത്ര ശ്രമിച്ചിട്ടും സ്വാഭാവിക യാഥാര്‍ത്ഥ്യത്തിന്‍റെ ലോകത്തില്‍ ജീവിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് അജയന്‍ നേരിടുന്ന ദുരന്തം. അവിശ്വസനീയമായ ബുദ്ധിശക്തി പ്രകടിപ്പിക്കുന്ന പലരുടെയും അനുഭവം ഇതായിരുന്നിരിക്കാം. ഏകാന്തതയ്ക്കും അനാഥത്വത്തിനുമൊപ്പം കെട്ടുകഥകളുടെ വിചിത്രലോകവും അജയന്‍റെ ബാല്യത്തെ ചൂഴ്ന്നു നിന്നിരുന്നു. ഒരു പാത്രം നിറച്ചു മുട്ട പുഴുങ്ങി വച്ച് അവയോരൊന്നും ആസ്വദിച്ചു ഭക്ഷിക്കുന്ന അടുക്കളക്കാരന്‍ രാമന്‍ നായര്‍ ആ മുട്ടയത്രയും കോഴിയായി രൂപം മാറിയ ഡ്രൈവര്‍ മത്തായി ഇട്ടതാണെന്ന് അജയനെ വിശ്വസിപ്പിക്കുന്നു. രാത്രിയില്‍ തിമിര്‍ത്തു പെയ്യുന്ന മഴയത്ത് കിണറ്റില്‍ നിന്നു വെള്ളം കോരുന്ന മത്തായി, മഴ പെയ്യുന്നതേയില്ലെന്ന് അജയനെ വിശ്വസിപ്പിക്കുന്നു. മഴപെയ്യുന്ന രാത്രിയില്‍ ഇറയത്തിരുന്ന് ഒരാഭിചാര ക്രിയ അനുഷ്ഠിക്കുന്നതു പോലെ വലിയൊരു ഭരണിയില്‍ നിന്ന് വാറ്റുചാരായം പകര്‍ന്നു കുടിക്കുന്ന വൃദ്ധപരിചാരകര്‍ സങ്കടങ്ങള്‍ മാറാനുള്ള ഔഷധമാണതെന്ന് അജയനെ തെറ്റിദ്ധരിപ്പിക്കുന്നു. ഇങ്ങനെ സത്യവും നുണയും കൂടിക്കലര്‍ന്ന് ഉണ്മയേതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത മാനസികാവസ്ഥയിലാണ് അജയന്‍ വളര്‍ന്നതെന്ന് കഥയുടെ രണ്ടാം ഭാഗത്തില്‍ വെളിപ്പെടുന്നു. ഈ വൈരുദ്ധ്യത്തെക്കുറിച്ച് Adoor Gopalakrishnan: A Life In Cinema എന്ന ജീവചരിത്രഗ്രന്ഥത്തില്‍ ഗൗതമന്‍ ഭാസ്കരന്‍ എഴുതുന്നു.. "ബാലു അജയന് ജ്യേഷ്ഠനെപ്പോലെയാണ്. പക്ഷേ, യഥാര്‍ത്ഥ ജ്യേഷ്ഠനല്ല. ഡോക്ടറങ്കിള്‍ വളര്‍ത്തച്ഛനാണ്. യഥാര്‍ത്ഥ അച്ഛനല്ല. സുമയുടെ വരവോടെ ഈ വൈരുദ്ധ്യം പൂര്‍ണ്ണമാകുന്നു...'

അനന്തരം കണ്ട് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അടൂരിനെ ആദ്യമായി നേരില്‍ക്കാണുന്നതും അഭിമുഖം നടത്തുന്നതും. കഥാപുരുഷന്‍ എന്ന ചിത്രത്തിന്‍റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് 1996 ല്‍ അദ്ദേഹം ഡല്‍ഹിയില്‍ വന്നപ്പോഴായിരുന്നു അത്. ഡല്‍ഹിയില്‍ The Asian Age എന്ന പത്രത്തില്‍ സബ് എഡിറ്ററായിരുന്നു ഞാന്‍. കഥാപുരുഷനെ മാത്രം അടിസ്ഥാനമാക്കിയുള്ള അഭിമുഖമായിരുന്നില്ല അത്. അടൂരിന്‍റെ അതുവരെയുള്ള എല്ലാ സിനിമകളും കണ്ടിട്ടുണ്ടെന്ന ധൈര്യത്തില്‍ ഒരുപാടു ചോദ്യങ്ങളുമായാണ് അപ്പോയിന്‍റ്മെന്‍റ് എടുത്തത്. എന്‍റെ മണ്ടന്‍ ചോദ്യങ്ങള്‍ക്കു പോലും അടൂര്‍ ക്ഷമയോടെ മറുപടി പറഞ്ഞു. Medium Is The Message എന്ന ശീര്‍ഷകത്തോടെ പത്രത്തിന്‍റെ സണ്‍ഡേ സപ്ളിമെന്‍റില്‍ ഫുള്‍ പേജ് സ്റ്റോറിയായി അഭിമുഖം പ്രസിദ്ധീകരിച്ചു. പിന്നീട് അതു വായിച്ച് അടൂര്‍ എഴുതിയ കത്ത് നിധി പോലെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. 2004 ല്‍ ദാദാ സാഹിബ് ഫാല്‍കേ അവാര്‍ഡ് ലഭിച്ചപ്പോള്‍, കൈരളി ടി വി യുടെ ന്യൂസ് അവറില്‍ അദ്ദേഹത്തെ ആദ്യമായി ഇന്‍റര്‍വ്യൂ ചെയ്യാനുള്ള ഭാഗ്യവുമുണ്ടായി. പിന്നീട് മാജിക് ലാന്‍റേണ്‍ എന്ന പേരില്‍ ഞാനവതരിപ്പിച്ച ചലച്ചിത്ര സംബന്ധിയായ പരിപാടിയുടെ ആദ്യ എപ്പിസോഡില്‍ അതിഥിയായെത്തിയതും അടൂരായിരുന്നു.

വിചിത്രമായ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോകുന്ന ഒരു ചെറുപ്പക്കാരന്‍റെ സൈക്കഡെലിക് അനുഭവങ്ങള്‍ എന്ന അപക്വമായ വിലയിരുത്തല്‍ മാത്രമേ അന്നു വരെ അനന്തരത്തെക്കുറിച്ചുണ്ടായിരുന്നുള്ളൂ. ഡല്‍ഹിയിലെ അഭിമുഖത്തിനിടെ അടൂര്‍ പറഞ്ഞു - "Anantharam is about story telling..'' കഥയും സിനിമയും തമ്മിലുള്ള ബന്ധത്തിലെ സങ്കീര്‍ണ്ണതകളെക്കുറിച്ചുള്ള പല ബോദ്ധ്യങ്ങളുമുണ്ടായത് സുദീര്‍ഘമായ ആ അഭിമുഖത്തിനിടെയാണ്.

"ഒരുവാതില്‍ക്കോട്ട'' എന്ന ബോര്‍ഡു വച്ച ബസ്സില്‍ നിന്ന്, നട്ടുച്ചയ്ക്ക് നഗരത്തില്‍ പ്രത്യക്ഷപ്പെട്ട യക്ഷസുന്ദരിയെപ്പോലെ അജയന്‍റെ പകല്‍ക്കിനാവുകളിലേയ്ക്ക് നളിനി ഇറങ്ങിവരുന്നതു കാണാന്‍ അക്കാലത്ത് വീണ്ടും തിയറ്ററില്‍ പോയിട്ടുണ്ട്. കൗമാരവും യൗവ്വനവും കടന്ന് മദ്ധ്യവയസ്സിന്‍റെ ഉച്ചവെയിലത്തു നില്‍ക്കുമ്പോള്‍ നിലാവു വീഴാന്‍ തുടങ്ങിയ കടപ്പുറത്ത് നീലസ്സാരി ചുറ്റി അജയനൊടൊപ്പം നിന്ന നളിനിയുടെ കത്തുന്ന സൗന്ദര്യം മനസ്സില്‍ നിന്നു മാഞ്ഞിരിക്കുന്നു. പകരം ആ കടലിനോളം വിഷാദത്തിരകളുള്ള അജയന്‍റെ കണ്ണുകള്‍ മാത്രം നിറഞ്ഞു നില്‍ക്കുന്നു. മനോവിഭ്രാന്തിയുടെ രാവണന്‍കോട്ടകളില്‍പ്പെട്ടുഴലുന്ന ഒരു പാവം ചെറുപ്പക്കാരന്‍ സങ്കടത്തോടെ പറയാന്‍ ശ്രമിക്കുന്ന കഥകള്‍ ആ കണ്ണുകളില്‍ കാണാം. ആയിരത്തൊന്നു രാവുകളിലെ, കഥയൊടുങ്ങാത്ത ആവനാഴി മാത്രം കൈമുതലായുള്ള ഷെഹറസാദിനെപ്പോലെ, എപ്പോള്‍ വേണമെങ്കിലും ഒരു വാള്‍ത്തലപ്പിലൊടുങ്ങാവുന്ന ജീവിതം പിടിച്ചുനിര്‍ത്താനുള്ള കഥപറച്ചിലാണത്.
അവസാനിക്കാത്ത ആത്മകഥനങ്ങള്‍ ( കെ.ബി.വേണു)അവസാനിക്കാത്ത ആത്മകഥനങ്ങള്‍ ( കെ.ബി.വേണു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക