Image

ജർമനിയിൽ കൊറോണവൈറസ് നിയന്ത്രണ വിധേയം: ചാൻസലർ മെർക്കൽ

Published on 30 May, 2020
ജർമനിയിൽ കൊറോണവൈറസ് നിയന്ത്രണ വിധേയം: ചാൻസലർ മെർക്കൽ
ബർലിൻ: ജർമനിയിൽ കൊറോണവൈറസ് വ്യാപനം നിയന്ത്രണ വിധേയമായിക്കഴിഞ്ഞെന്ന് ചാൻസലർ ആംഗല മെർക്കൽ. രോഗവ്യാപനം കുറയുന്നുവെന്ന കണക്കുകൾ ആശ്വാസകരമാണെങ്കിലും മഹാമാരിയുടെ തുടക്കം മാത്രമാണ് ഇപ്പോഴുള്ളതെന്നും അവർ മുന്നറിയിപ്പും നൽകി. പുറത്തിറങ്ങുന്പോൾ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരണമെന്നും മെർക്കൽ കൂട്ടിച്ചേർത്തു.

യൂറോപ്പിലെ പ്രമുഖ വൈറോളജി ലാബായ ബർലിനിലെ റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന വിവരം അനുസരിച്ച് നിലവിൽ അണുബാധ നിരക്ക് 0.78 എന്ന അനുപാതത്തിൽ എത്തി. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ പുതിയ അണുബാധകളുടെ എണ്ണം ശരാശരി കണക്കാക്കിയാണ് പുതിയ ആർ വേരിയന്‍റ് കണക്കാക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജർമനിയിൽ കോവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 600 ഓളം പേർക്ക് മാത്രമാണ്.ഇതുവരെ ജർമനിയിലെ കോവിഡ് ബാധിതർ 1,82,452 പേരാണ്. ആകെ മരണം 8,570. നാളിതുവരെ രോഗവിമുക്തി നേടിയവരുടെ എണ്ണം 1,64,100 ആണ്. ആക്ടീവ് കേസുകളുടെ എണ്ണം 10,000 ൽ (9782) ഉം സീരിയസ് കേസുകൾ 744 ഉം, ടെസ്റ്റുകൾക്ക് വിധേയമായവരുടെ എണ്ണം 39,52,971 ഉം ആണ്. വെസ്റ്റ്ഫാളിയ, ബവേറിയ, ബാഡൻവുർട്ടെംബർഗ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ ഹോട്ട്സ്പോട്ടുകളുള്ളത്.

ഇതിനിടെ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള സോഷ്യൽ ഡിസ്റ്റൻസിംഗ് നിയന്ത്രണങ്ങൾ ജൂലൈ അഞ്ച് വരെ നീട്ടിയതായി ജർമൻ ഫെഡറൽ സർക്കാർ അറിയിച്ചു.

വിവിധ സംസ്ഥാന സർക്കാരുകളുടെ എതിർപ്പ് അവഗണിച്ചാണ് ഫെഡറൽ സർക്കാർ മുന്നോട്ടു പോകുന്നത്. ഇതു പ്രകാരം പൊതു സ്ഥലങ്ങളിൽ ആളുകൾ പരസ്പരം ഒന്നര മീറ്റർ അകലം പാലിക്കണം. വിവിധ ഇടങ്ങളിൽ മാസ്ക് ഉപയോഗം നിർബന്ധിതമാക്കിയിട്ടുള്ള നിർദേശവും തുടരും. പൊതു സ്ഥലങ്ങളിൽ പത്തു പേർക്കു വരെയേ ഒരുമിച്ചു കൂടാൻ അനുവാദമുണ്ടാകൂ. രണ്ടു കുടുംബങ്ങൾക്കു വരെ ഒത്തുചേരാനും അനുമതി തുടരും. എന്നാൽ 16 സംസ്ഥാന മുഖ്യമന്ത്രിമാർക്ക് ഉചിതമെന്നു തോന്നുന്ന സുരക്ഷാ ഇളവുകൾ പ്രാദേശികമായി തീരുമാനിക്കാമെന്നും ചാൻസലർ മെർക്കൽ അറിയിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക