Image

സൗദിയില്‍ ആരാധനാലയങ്ങളും ആഭ്യന്തര വിമാന സര്‍വീസും ഞായറാഴ്ച മുതല്‍

Published on 30 May, 2020
സൗദിയില്‍ ആരാധനാലയങ്ങളും ആഭ്യന്തര  വിമാന സര്‍വീസും ഞായറാഴ്ച മുതല്‍
റിയാദ്: സൗദി അറേബ്യയില്‍ നാളെ മുതല്‍ ആരാധനാലയങ്ങള്‍ പ്രാര്‍ഥനയ്ക്കായി തുറന്നുകൊടുക്കും. ഇതിനു മുന്നോടിയായി 98,800 പള്ളികള്‍ ശുചീകരിച്ച് അണുവിമുക്തമാക്കി. എന്നാല്‍ മക്കയില്‍ ജൂണ്‍ 21 മുതലാണ് പള്ളികള്‍ തുറക്കുകയെന്ന് ഇസ്‌ലാമിക കാര്യ മന്ത്രി അബ്ദുല്‍ ലത്തീഫ് അല്‍ ഷെയ്ഖ് പറഞ്ഞു. 2 മാസത്തിലേറെയായി അടച്ച ആരാധനാലയങ്ങളാണ് നാളെ തുറക്കുക. പള്ളികളിലെ പരവതാനി, ഖുര്‍ആന്‍, അലമാര തുടങ്ങിയവയെല്ലാം അണുവിമുക്തമാക്കിയ ശേഷമാണ് പ്രവേശനം. ആരോഗ്യ, ഇസ്‌ലാമിക മന്ത്രാലയങ്ങളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ആരോഗ്യസുരക്ഷാ മുന്‍കരുതല്‍ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആരാധനയ്‌ക്കെത്തുന്നവരെ വിവിധ ഭാഷകളില്‍ ബോധവല്‍കരിക്കുന്നതിനുള്ള ക്യാംപെയ്‌നും നടത്തിവരുന്നു.

പള്ളികളില്‍ നമസ്കരിക്കാന്‍ വരുന്നവര്‍ വീടുകളില്‍നിന്ന് അംഗശുദ്ധി വരുത്തിവരണം. വിരിപ്പും ഇലക്ട്രോണിക് ഖുര്‍ആനും കൊണ്ടുവരണം. പള്ളിയില്‍ പ്രവേശിക്കുന്നതിനു മുന്‍പും തിരിച്ചുപോകുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കണം. പള്ളിക്കകത്തും 2 മീറ്റര്‍ അകലം പാലിക്കണം. 15 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു പ്രവേശനമില്ല. ഹസ്തദാനം പാടില്ല. മാസ്ക് നിര്‍ബന്ധം.

സൗദിയില്‍ നാളെ മുതല്‍ ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കും. ഇതിന് മുന്നോടിയായി സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. 3 മണിക്കൂര്‍ കൂടുമ്പോള്‍ വിമാനത്താവളങ്ങളും യാത്രയ്ക്കു മുന്‍പും ശേഷവും വിമാനങ്ങളും അണുവിമുക്തമാക്കണമെന്നതാണ് പ്രധാന നിര്‍ദേശം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക