Image

രാജ്യത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി; ആരാധനാലയങ്ങള്‍ ജൂണ്‍ 8 മുതല്‍ തുറക്കും

Published on 30 May, 2020
രാജ്യത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി; ആരാധനാലയങ്ങള്‍ ജൂണ്‍ 8 മുതല്‍ തുറക്കും
ന്യൂഡല്‍ഹി:കണ്ടയ്ന്‍മെന്റ് സോണുകളില്‍ മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രാജ്യത്തെ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ഹോട്ടലുകളും ജൂണ്‍ എട്ടുമുതല്‍ തുറക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കണ്ടെയ്ന്‍മെന്റ് പ്രദേശത്തിന് പുറത്തുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഘട്ടം ഘട്ടമായി തുറന്നുപ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്രം പുറപ്പെടുവിച്ചു. ആദ്യഘട്ടത്തില്‍ ജൂണ്‍ എട്ടുമുതല്‍ പൊതുജനങ്ങള്‍ക്കായി ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, സേവനവുമായി ബന്ധപ്പെട്ട മറ്റു സര്‍വീസുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കും.

പൊതുസ്ഥലങ്ങള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ചചെയ്ത് ആഭ്യന്തരമന്ത്രാലയം ഉടന്‍ പ്രസിദ്ധീകരിക്കും.

രണ്ടാം ഘട്ടത്തിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുക.  ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനം. സംസ്ഥാന സര്‍ക്കാരുകള്‍ സ്ഥാപനങ്ങളുമായും രക്ഷിതാക്കളുമായും കൂടിയാലോചന നടത്തി സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

മൂന്നാം ഘട്ടമായി അന്താരാഷ്ട്ര യാത്രകളും മെട്രോ ഗതാഗതവും പുനസ്ഥാപിക്കും. ഈ ഘട്ടത്തിലായിരിക്കും സിനിമാ തിയേറ്ററുകളും ജിംനേഷ്യങ്ങളും സിമ്മിങ്ങ് പൂളുകളും പാര്‍ക്കുകളും തുറക്കുക. മറ്റ് പൊതുപരിപാടികള്‍ക്കും ഈ ഘട്ടത്തില്‍ അനുവാദം നല്‍കും.

ലോക്ക്ഡൗണ്‍ അഞ്ചാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നിയന്ത്രണം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രമായി ഒതുങ്ങുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക