കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സീരിയലുകളുടെ ചിത്രീകരണം നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് വീട്ടില്‍ ബോറടിച്ച് കഴിയുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. നിര്‍ത്തിവച്ച സീരിയലുകളുടെ സംപ്രേഷണം നാളെമുതല്‍ പുനരാരംഭിക്കുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സീരിയലുകളുടെ ചിത്രീകരണം മാര്‍ച്ച് 31 വരെ നിര്‍ത്തിവെയ്ക്കാനായിരുന്നു മലയാളം ടെലിവിഷന്‍ ഫ്രറ്റേണിറ്റിയുടെ ആദ്യ തീരുമാനം
മാര്‍ച്ച് 17 ന് ചേര്‍ന്ന എക്സിക്യൂട്ടീവ് മീറ്റിംഗില്‍ ലൊക്കേഷനിലെ സാങ്കേതിക വിദഗ്ധരുടെയും ആര്‍ട്ടിസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുക, പൊതു ഇടങ്ങളിലെ സീനുകളുടെ ചിത്രീകരണം ഒഴിവാക്കുക, സെറ്റുകളില്‍ വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുക തുടങ്ങിയ നിബന്ധനകളോടെ മാര്‍ച്ച് 19 ഓടെ എല്ലാ ടെലിവിഷന്‍ പരിപാടികളുടെയും ഷെഡ്യൂളുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ക്കണമെന്നും തീരുമാനമായിരുന്നു
എന്നാല്‍ അതിനിടയിലാണ് സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാവുകയും രാജ്യമൊന്നാകെ 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇത് ടെലിവിഷന്‍ ഇന്‍ഡസ്ട്രിയ്ക്കും കനത്ത തിരിച്ചടിയായി. റിയാലിറ്റി ഷോകള്‍, പ്രതിവാര പരിപാടികള്‍, സീരിയലുകള്‍ തുടങ്ങിയ ടെലിവിഷന്‍ പരിപാടികളുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും അനിശ്ചിതത്വത്തിലായിരുന്നു.
നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെയാണ് ചിത്രീകരണം പുനരാരംഭിക്കുന്നത്. ചിത്രീകരണം പുനരാരംഭിക്കുമ്പോള്‍ നടപ്പിലാക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 37 പേജുള്ള ''പുതിയ വര്‍ക്കിങ് പ്രോട്ടോക്കോളി''ല്‍ പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയാണ് പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
ഓരോ ക്രൂ അംഗവും ചിത്രീകരണ സമയത്ത് ഉടനീളം മൂന്ന് ലെയറുളള മെഡിക്കല്‍ മാസ്കും കയ്യുറകളും ധരിക്കണം.
2. ഹസ്തദാനം, ആലിംഗനം, ചുംബനം, എന്നിവയിലൂടെയുള്ള സ്നേഹപ്രകടനങ്ങള്‍ നടത്തരുത്, ശാരീരിക അകലം പാലിക്കുക.
3. സെറ്റുകള്‍ / ഓഫീസുകള്‍ / സ്റ്റുഡിയോകള്‍ എന്നിവിടങ്ങളില്‍ സിഗരറ്റ് പങ്കുവയ്ക്കുന്നത് നിര്‍ത്തണം
4. സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള 2 മീറ്റര്‍ ദൂരം നിലനിര്‍ത്തണം.
5. 60 വയസ്സിനു മുകളിലുള്ള ക്രൂ, കാസ്റ്റ് അംഗങ്ങളെ കുറഞ്ഞത് മൂന്ന് മാസത്തേക്ക് ഒഴിവാക്കുക.