Image

കൂടപ്പിറപ്പുകൾ (കവിത: ജിഷ രാജു)

Published on 01 June, 2020
കൂടപ്പിറപ്പുകൾ (കവിത: ജിഷ രാജു)
ഒരേ വേരുകൾ, ഒരേ ഇലകൾ
ഒരേ പൂവുകൾ
അങ്ങിനെയുള്ള മരങ്ങൾ ഭൂമിയിൽ
വെവ്വേറെ ഇടങ്ങളിൽ
ഉണ്ടാവില്ലേ?

അങ്ങിനെയെങ്കിൽ ...
ഞാനും ജോർജ്ജ് ഫ്ലോയ്ഡും
കൂടപ്പിറപ്പുകളെല്ലെന്ന്
എങ്ങിനെ പറയാൻ കഴിയും?

ഞങ്ങൾ തമ്മിൽ
വംശവും ജാതിയും,
രൂപവും ചിന്തയും,
രണ്ടായിരുന്നിരിക്കാം.
ഞങ്ങളുടെ ആഴങ്ങളിലേക്ക്
എത്തിനോക്കിയാൽ കാണാം.
അയാളുടെ അപ്പൂപ്പൻ്റേയും
എൻ്റെ അപ്പൂപ്പൻ്റേയും
കാലുകളിലെ തിണർത്ത തഴമ്പുകൾക്ക്
ഒരേനിറമാണെന്ന്.
ഒരേ പഴക്കമാണെന്ന്.
ഉള്ളിൽ പഴുക്കുന്നതും
ഒരേ ചാട്ടവാറിൻ്റെ മുറിവുകളാണെന്നും
കഴുത്തുഞെരിക്കും കാലുകൾക്ക്
ഒരേ വിയർപ്പുമണമാണെന്ന്.

രണ്ട് ഭൂഖണ്ഡങ്ങളിലായി
ഒരു നിലവിളിയുടെ
രണ്ടറ്റത്ത് തൂങ്ങി കിടക്കും
ഒരേ നിറമുള്ള അപ്പൂപ്പൻമാർ.
അപ്പോൾ ഞങ്ങൾ കൂടപ്പിറപ്പുകൾ തന്നെയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക