Image

കോവിഡ് മരണങ്ങള്‍ കൂടുന്നു; യുഎഇയില്‍ ശ്മശാനങ്ങള്‍ക്കുവേണ്ടി കാത്തിരിപ്പ്

Published on 01 June, 2020
കോവിഡ് മരണങ്ങള്‍ കൂടുന്നു; യുഎഇയില്‍ ശ്മശാനങ്ങള്‍ക്കുവേണ്ടി കാത്തിരിപ്പ്
ദുബായ് : കോവിഡ് മരണങ്ങള്‍ കൂടിയതോടെ സംസ്കാരം നടത്തുന്നതിന് അസാധാരണ കാലതാമസം. യുഎഇയിലെ ശ്മശാനങ്ങളില്‍ മൂന്നാഴ്ച വരെ കാത്തിരുന്നാണു സംസ്കാരം നടത്തുന്നത്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ശ്മശാനത്തില്‍ ഈ മാസം 26 വരെ ഒഴിവില്ല. ദുബായ്, അല്‍ ഐന്‍ എന്നിവിടങ്ങളിലെ സ്വകാര്യ വൈദ്യുത ശ്മശാനങ്ങളിലും രണ്ടാഴ്ച കഴിഞ്ഞു മാത്രമേ ഒഴിവുള്ളൂ.

86 മലയാളികളടക്കം 264 പേരാണു യുഎഇയില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഇന്ത്യക്കാര്‍ക്കൊപ്പം ഫിലിപ്പീന്‍സ് ഉള്‍പ്പെടെ മറ്റു ചില രാജ്യക്കാരെയും സംസ്കരിക്കുന്നത് ഈ വൈദ്യുതി ശ്മശാനങ്ങളിലാണ്. കോവിഡ് ബാധിച്ചു കഴിഞ്ഞ മാസം 11 നു മരിച്ച ചേര്‍ത്തല സ്വദേശി സാബു ചെല്ലപ്പന്റെ സംസ്കാരം ഒരു മാസത്തോളം വൈകി അടുത്ത ഏഴിനാണു നിശ്ചയിച്ചിട്ടുള്ളത്. ഇതിനു ശേഷം നാട്ടില്‍ മരണാനന്തര കര്‍മങ്ങള്‍ നടത്തുമെന്നു സാബുവിന്റെ ബന്ധു കലേഷ് പറഞ്ഞു.

ദുബായ് ജബല്‍ അലിയില്‍ ഹിന്ദു ക്രിമേഷന്‍ ഗ്രൗണ്ട് കമ്മിറ്റിയുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി ശ്മശാനത്തില്‍ മാസം 30 മൃതദേഹങ്ങള്‍ എത്തിയിരുന്നത് നൂറിലധികമായി വര്‍ധിച്ചു. കഴിഞ്ഞ മാസം 113 മൃതദേഹങ്ങളാണ് ഇവിടെ സംസ്കരിച്ചത്.

ഇവിടെയും അല്‍ ഐനിലും ദിവസേന 5 മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള സൗകര്യമേയുള്ളൂ. ജീവനക്കാരുടെ ഷിഫ്റ്റ് വര്‍ധിപ്പിച്ച് 12 മ!ൃതദേഹങ്ങള്‍ വരെ സംസ്കരിക്കുന്നുണ്ടെന്നു ചുമതലക്കാര്‍ പറഞ്ഞു. ഷാര്‍ജയില്‍ ദിവസേന 2 മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള സൗകര്യമേയുള്ളൂ. വിമാന സര്‍വീസ് ആരംഭിച്ചതിനു ശേഷം ഇതുവരെ 42 മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക