Image

കോട്ടയത്ത് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; കാറുമായി കടന്നയാളെ കേന്ദ്രീകരിച്ച് അന്വേഷണം, ആഭരണങ്ങളും കാണാതായി

Published on 02 June, 2020
 കോട്ടയത്ത് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; കാറുമായി കടന്നയാളെ കേന്ദ്രീകരിച്ച് അന്വേഷണം, ആഭരണങ്ങളും കാണാതായി


കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ മോഷണമാണ് ലക്ഷ്യമെന്ന സംശയിക്കുന്നതായി കുടുംബാംഗങ്ങള്‍. കൊല്ലപ്പെട്ട ഷീബയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഒന്നും കാണാനില്ല. വീട്ടിലെ അലമാരയിലുണ്ടായിരുന്ന സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. ഷീബയുടെ വാഗണ്‍ ആര്‍ കാറും മോഷണം പോയിട്ടുണ്ട്. ഷീബയ്ക്കും കുടുംബത്തിനും സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമില്ലെന്നും ബന്ധുക്കള്‍ പറയുന്നു. 

താഴത്തങ്ങാടി പാറപ്പുറത്ത് ഷാനി മന്‍സില്‍ വീട്ടില്‍ മുഹമ്മദ് സാലിയും ഭാര്യ ഷീബയുമാണ് ആക്രമണത്തിന് ഇരയായത്. ഷീബ കൊല്ലപ്പെട്ടപ്പോള്‍ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മുഹമ്മദ് സാലിയുടെ മൊഴി ലഭിച്ചാല്‍ പ്രതിയെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. 

ഇന്നലെ രാവിലെ 10 മണിയോടെ ഇവരുടെ വാഗണ്‍ ആര്‍ കാര്‍ വീടിനു പുറത്തേക്ക് ഓടിച്ചുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഈ കാറുമായി കടന്നവരാണ് അക്രമികള്‍ എന്നാണ് പോലീസ് സംശയിക്കുന്നത്. രാവിഃലെ 9 മണിയോടെയാണ് കൊലപാതകം നടന്നിരിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം. വീടിനു പുറത്തുകിടന്ന വാഗണ്‍ ആര്‍ കാറാണ് കാണാതായത്. കുമരകം ഭാഗത്തേക്ക് പോയ കാര്‍ എറണാകുളത്തേക്ക് കടന്നുവെന്നും പോലീസ് സംശയിക്കുന്നു. 

വീടിനുള്ളില്‍ മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണമുണ്ട്. ഒരു ഗ്‌ളാസ് പൊട്ടിയ നിലയിലും കണ്ടെത്തി. വീട്ടുകാര്‍ക്ക് പരിചയമുള്ള ആരോ വന്നപ്പോള്‍ കുടിക്കാന്‍ നല്‍കിയതാണെന്ന് കരുതുന്നു. അടുക്കളയില്‍ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് അക്രമി വന്നിരിക്കുന്നതും. 

ഇരുവരുടെയും തലയ്ക്കടിയേറ്റിട്ടുണ്ട്. ൈകയ്യില്‍ ചുറ്റിയിരുന്ന ഇരുമ്പു കമ്പിയിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ച് ഷീബയെ ഷോക്ക് ഏല്പിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. അടുക്കളയില്‍ പാചകവാതകം തുറന്നുവിട്ട നിലയിലുമായിരുന്നു. 

കാര്‍ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ചെക്ക് പോസ്റ്റുകളിലും അതിര്‍ത്തികളിലും പരിശോധന ശക്തമാക്കി. മുഹമ്മദ് സാലിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അബോധാവസ്ഥയിലായ മുഹമ്മദ് സാലിയെ ഇന്നലെ വൈകിട്ട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.  

ഇന്നലെ മൂന്നുമണിയോടെ വീട്ടിലെത്തിയ അയല്‍വാസിയാണ് വീടിനുള്ളില്‍ അസ്വഭാവികയായി എന്തോ നടന്നതായി മനസ്സിലാക്കിയത്. വീട് വാടകയ്ക്ക് കൊടുക്കുന്നുണ്ടോയെന്ന് അന്വേഷിച്ച് എത്തിയതായിരുന്നു അയല്‍വാസി. ഗേറ്റ് തുറന്നിട്ട നിലയില്‍ ആയിരുന്നു. മുറ്റത്ത് കാറും കണ്ടില്ല. ഇതോടെ ഫോണില്‍ വിളിച്ചിട്ടും ആരും പ്രതികരിക്കാതെ വന്നതും വീടിനുള്ളില്‍ നിന്ന് പാചക വാതകത്തിന്റെ ഗന്ധം അനുഭവപ്പെടുകയും ചെയ്തതോടെ ഫയല്‍ഫോഴ്‌സിനെ വിളിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് ഉേദ്യാഗസ്ഥരെത്തി വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയപ്പോഴാണ് ഇരുവരേയും രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. 

നാഗമ്പടം ബസ് സ്റ്റാന്‍ഡിനുള്ളില്‍ റ്റീ സ്റ്റാള്‍ നടത്തിയിരുന്ന മുഹമ്മദ് സാലി തലയിലേക്കുള്ള ഞരമ്പിന്റെ തകരാറിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തുടര്‍ന്ന് ഒരു കണ്ണിന്റെ കാഴ്ച പുര്‍ണ്ണമായൂം മറ്റൊരു കണ്ണിന് ഭാഗികമായൂം നഷ്ടപ്പെട്ടിരുന്നു. 

അതിനിടെ, കൊല്ലപ്പെട്ട ഷീബയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ആരംഭിച്ചു. വീട്ടില്‍ നിന്നു ആഭരണങ്ങളും മറ്റു സാധനങ്ങളും നഷ്ടപ്പെട്ടുവെന്ന് ബന്ധുക്കള്‍ പറയുന്ന സാഹചര്യത്തില്‍ ഫോറന്‍സിക് വിദഗ്ധരും മറ്റും വീട്ടിലെത്തി വീണ്ടും പരിശോധന നടത്തും. കാര്‍ പതിവായി ഓടിച്ചിരുന്നവരേയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക