Image

ഞാനൊരു രാജ്ഞിയായാൽ (കവിത: പുഷ്പമ്മ ചാണ്ടി)

Published on 03 June, 2020
ഞാനൊരു രാജ്ഞിയായാൽ (കവിത: പുഷ്പമ്മ ചാണ്ടി)
എനിക്കൊരുനാളൊരു രാജ്ഞിയാവണം 
ഈ വീടിന്റെ  കിരീടം ചൂടണം  
കയ്യിലൊരു ചെങ്കോലും വേണം

നിമിഷനേരവുമെന്നെ
നിലത്തു നിർത്താതെ
പണി ചെയ്യിക്കും
വീട്ടു പ്രജകൾക്കു  
'പണി' കൊടുത്തു പണിയെടുപ്പിച്ചീ 
കട്ടിലാകും സിംഹാസനത്തിൽ പ്രൗഡിയോടെ 
മയക്കം നടിച്ചു 
മിഴിയടച്ചു കിടക്കണം

വെച്ചതിനും വിളമ്പിയതിനും കുറ്റം പറയും പ്രജകളെ 
വാ തോരാതെനിക്കു നന്നായ് 
പള്ളു പറഞ്ഞുളളാലെ രസിക്കണം

നാല് നേരെത്തെ
ദേഹണ്ണം കഴിഞ്ഞു  
പഞ്ചപുച്ഛമടക്കി നിൽക്കും പ്രജകളെ നോക്കി 
മന്ദഹസിച്ചു നിൽക്കണം

ഖജനാവിന്റെ  താക്കോൽ 
വിരലിലിട്ടു ചുഴറ്റിക്കൊണ്ടു
തെക്കു വടക്കുലാത്തണം 

ഖജനാവിലെ ധനമെടുത്തു 
നാടിന്റെ നന്മയ്ക്കായ്  
തന്നിഷ്ടത്തോടെ  
വിനിയോഗിക്കാൻ കഴിയണം

ഞാൻ പണിയെടുക്കാ പൂന്തോപ്പിൽ 
വിരിയും പൂക്കൾ  പുഞ്ചിരിക്കെ
അവയെ നോക്കി കണ്ണിറുക്കി  
സ്ഫടിക പാത്രത്തിൻ
ഭംഗി കൂട്ടണം

നന്മയുള്ള മന്ത്രിതന്റെ
ആശയങ്ങളെ 
"കൂപമണ്ഡൂകമേ" യെന്നു വിളിച്ചു പുച്ഛിച്ചു തളളണം  

നടക്കാത്തൊരീ സ്വപ്നങ്ങൾ കണ്ടുറങ്ങാനെന്തു രസം..!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക