Image

നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കായി ടിവി ചലഞ്ച്‌; 5 എണ്ണം നല്‍കി മഞ്‌ജു വാര്യര്‍, ഒപ്പം ബി.ഉണ്ണിക്കൃഷ്‌ണനും

Published on 03 June, 2020
     നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കായി ടിവി ചലഞ്ച്‌;  5 എണ്ണം നല്‍കി മഞ്‌ജു വാര്യര്‍, ഒപ്പം ബി.ഉണ്ണിക്കൃഷ്‌ണനും


കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഓണ്‍ലൈന്‍ ക്‌ളാസുകളില്‍ പങ്കെടുക്കാന്‍ ടിവിയോ സ്‌മാര്‍ട്ട്‌ ഫോണോ ഇല്ലാത്തതിനാല്‍ നിര്‍ദ്ധനരായ കുട്ടികള്‍ക്ക്‌ പങ്കെടുക്കാന്‍ സാധിക്കുന്നില്ലെന്ന്‌ പരക്കെ പരാതി ഉയര്‍ന്നിരുന്നു. ടിവി വാങ്ങാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ നിര്‍ദ്ധനയായ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തതോടെ ഡിവൈഎഫ്‌ഐ ടിവി ചലഞ്ച്‌ എന്ന ക്യാമ്പെയ്‌ന്‍ ആരംഭിച്ചു. 5 ടിവികള്‍ സംഭാവന ചെയ്‌തു കൊണ്ട്‌ മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്‌ജു വാര്യരാണ്‌ ടിവി ചലഞ്ചില്‍ ആദ്യം പങ്കാളിയായത്‌.

``ഒന്നിലധികം ടിവി സ്വന്തമായുള്ളവര്‍ ഒരെണ്ണം തരാന്‍ സന്നദ്ധരാകൂ. ടിവി വാങ്ങി നല്‍കാന്‍ താല്‍പര്യമുളളവര്‍ അങ്ങനെ ചെയ്യുക.' എന്ന ആവശ്യത്തോടെ ആരംഭിച്ച ക്യാമ്പെയ്‌നിലാണ്‌ മഞ്‌ജു പങ്കാളിയായത്‌. സംവിധായകന്‍ ബി.ഉണ്ണിക്കൃഷ്‌ണനും സംഘടനാ നേതൃത്വവുമായി ബന്ധപ്പെട്ട്‌ തന്റെ പൂര്‍ണ സഹകരണം ഉറപ്പു നല്‍കിയിട്ടുണ്ട്‌. നേരത്തേ സര്‍ക്കാരിന്റെ തന്നെ ബ്രേക്ക്‌ ദ്‌ ചെയിന്‍ ക്യാമ്പെയ്‌നും മഞ്‌ജു പിന്തുണയുമായി എത്തിയിരുന്നു.

ടിവി ചലഞ്ച്‌ ആരംഭിച്ച്‌ ആദ്യ മണിക്കൂറുകളില്‍ തന്നെ നിരവധി പേര്‍ ക്യാമ്പെയ്‌ന്‌ പിന്തുണ നല്‍കാനായി മുന്നോട്ടു വന്നുവെന്ന്‌ ഡിവൈഎഫ്‌ഐ നേതൃത്വം പറയുന്നു. നേരത്തേ ഹൈബി ഈഡന്‍ എം.പി ഓണ്‍ലൈന്‍ വിദ്യാഭ്യാസം നിറവേറ്റുന്നതിനായി ആരംഭിച്ച ടാബ്ലെറ്റ്‌ വിതരണത്തില്‍ 5 ടാബ്ലെറ്റുകള്‍ നല്‍കി സംവിധായകന്‍ അരുണ്‍ ഗോപിയും പങ്കാളിയായിരുന്നു.      
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക