Image

ഒരു കൊറോണക്കല്യാണം (കഥ: വിജയൻ മന്നോത്ത്‌)

Published on 04 June, 2020
ഒരു കൊറോണക്കല്യാണം (കഥ: വിജയൻ മന്നോത്ത്‌)
നാട്ടില്‍ എല്ലാരും വളരെ ബഹുമാനത്തോടെ മാത്രം കണ്ടിരുന്ന ഒരു വ്യക്തിയായിരുന്നു മേനോന്‍ സാര്‍. കേണല്‍ ഗോവിന്ദമേനോന്‍ എന്നാണു ഔദ്യോഗികമായി അറിയപ്പെട്ടിരുന്നെങ്കിലും, നാട്ടുകാര്‍ക്ക് വെറും മേനോന്‍ സാറായിരുന്നു.

പട്ടാളത്തില്‍ ചെറുപ്പത്തില്‍ത്തന്നെ കയറിയതുകൊണ്ട് വേഗം വിരമിച്ചപ്പോള്‍ മേനോന്‍ സാര്‍ സ്വന്തമായി ഒരു ബിസിനസ് തുടങ്ങി.പട്ടാളച്ചിട്ടയില്‍ മാത്രം നടക്കുന്ന ഒരു മിനി ഹെല്‍ത്ത്‌ സെന്‍റര്‍. അവിടെ സുംബ ഡാന്‍സ്,ബോഡി ബില്‍ഡിഗ്, യോഗ , ജിം ,ഏറോബിക്സ് മുതലായവ എല്ലാമുണ്ട്. സ്ത്രീകള്‍ക്കും, യുവാക്കള്‍ക്കും പ്രത്യേക സമയക്രമത്തില്‍ മാന്യമായി നടത്തി വരുന്ന ഒരു ഹെല്‍ത്ത് സെന്‍റര്‍.

മൂത്ത മകന്‍ രാഹുലിന് ഇതൊന്നും അത്ര ഇഷ്ടമല്ല. ഈ ബിസിനസ് തനിച്ചു നടത്താമെന്ന് പല പ്രാവശ്യം രാഹുല്‍ ആവശ്യപ്പെട്ടതാണ്.പക്ഷെ മേനോന്‍ സാര്‍ അതിനു സമ്മതിച്ചില്ല .യുവതികള്‍ രാപ്പകല്‍ വന്നു നിരങ്ങുന്ന ഒരു സ്ഥലത്ത് വിവാഹം കഴിയാത്ത , പക്വത ഇല്ലാത്ത മകന്‍ നടത്തിപ്പിന് ഇറങ്ങിയാല്‍ അതുവരെ സമ്പാദിച്ച എല്ലാ സല്‍പ്പേരും നശിച്ചുപോകും എന്ന് മേനോന്‍ സാര്‍ ആദ്യമേ മനസ്സില്‍ ഉറപ്പിച്ചിരുന്നു. സല്പ്പേരിന്  കളങ്കം തട്ടുന്ന ഒരു പ്രവൃത്തിയും മേനോന്‍ സാര്‍ ചെയ്യില്ല.

പൊണ്ണത്തടി കുറക്കാന്‍ ദിവസവും രാവിലെ ഹെല്‍ത്ത് സെന്ററില്‍ വന്നു എന്തെങ്കിലും വ്യായാമം ചെയ്യാന്‍ എത്ര പറഞ്ഞാലും രാഹുല്‍ കേള്‍ക്കില്ല .ഭക്ഷണത്തിന് യാതൊരു കുറവും ഇല്ലതാനും. വിവാഹത്തെക്കുറിച്ച് ഒന്ന് നേരിട്ട് സംസാരിക്കാന്‍ അവനെ ഒരിക്കലും കിട്ടാറുമില്ല.

ഇവനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല എന്നും പെട്ടെന്ന് ഒരു കല്യാണം കഴിപ്പിക്കണമെന്നും രാഹുലിന്റെ അമ്മ ദാക്ഷായണി കേണലിനോട് പല പ്രാവശ്യം പറഞ്ഞിരുന്നു. പക്ഷെ കേണല്‍ ഉമ്മറത്തെ ചാരുകസേരയില്‍ ഇരുന്നു മീശ പിരിക്കുമ്പോള്‍ പിന്നാമ്പുറത്ത് കൂടി രാഹുല്‍ സ്ഥലം വിടും. പിന്നെ നട്ടപ്പാതിരക്കു മാത്രമേ  കയറിവരൂ. പട്ടാളക്കാരൊക്കെ ജോലിയില്‍ ഇരിക്കുമ്പോള്‍ തോക്ക് ചൂണ്ടിയും , വിരമിച്ചാല്‍ പിന്നെ മീശ പിരിച്ചുമാണ് പേടിപ്പിക്കാറുള്ളത് എന്ന് പലപ്പോഴും രാഹുല്‍  അമ്മയെ ചൊടിപ്പിക്കാന്‍ പറയാറുണ്ട്‌.

കല്യാണക്കാര്യം വിശദമായി സംസാരിക്കാന്‍ രാഹുലിനെ വീട്ടില്‍ നിന്നും പുറത്ത് പോകാന്‍ സമ്മതിക്കാതെ കെട്ടിയിടണം എന്ന് മേനോന്‍ സാര്‍ പറഞ്ഞതിന്റെ പിറ്റേ ദിവസമായിരുന്നു ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്.

എല്ലാരും വീടിനകത്ത് കുടുങ്ങിയപ്പോള്‍ മേനോന്‍സാര്‍ ഓണ്‍ലൈനില്‍ ഏതെങ്കിലും ഒരു പെണ്ണിനെ കണ്ടു പിടിക്കാന്‍ രാഹുലിനോട് പറഞ്ഞു. അവന്‍ നോക്കി വച്ച പല പെണ്‍കുട്ടികളെയും  വീണ്ടും വീണ്ടും  ചികയാന്‍ തുടങ്ങി. അമ്മയും അവനെ സഹായിക്കാന്‍ കൂട്ടുനിന്നു.

അങ്ങനെയിരിക്കുമ്പോഴാണ് യു ടുബില്‍ മേനോന്‍ സാറിന്റെ കണ്ണുകള്‍ പതിഞ്ഞത്. ഒരുപാട് പെണ്‍കുട്ടികള്‍ യു ടുബില്‍ സ്വന്തമായി വ്ലോഗ് ചെയ്യുന്നത് മേനോന്‍ സാര്‍ കണ്ടു. അതില്‍ നല്ല പെണ്‍കുട്ടികള്‍ ഒരുപാടുണ്ട്. അവരൊക്കെ എന്തെങ്കിലും സംസാരിച്ചു  തുടങ്ങുമ്പോള്‍ ആദ്യം തന്നെ , “ഞാന്‍ പറയുന്നത് നിങ്ങള്ക്ക് തുടര്‍ച്ചയായി കേള്‍ക്കാന്‍ സബ്സ്ക്രൈബ് ചെയ്യൂ എന്നും , പിന്നെ താഴെ കാണിച്ച സ്ഥലത്ത് ഞെക്കുവിന്‍” എന്നുമാണ് പറയാറുള്ളത് . വളരെ കഷ്ടപ്പെട്ട് മേനോന്‍ സാര്‍ ഞെക്കാനുള്ള ബെല്‍ ഐക്കണ്‍ കണ്ടുപിടിച്ചു. പിന്നെ ഓരോ ചാനലുകള്‍ കാണുകയും തുടര്‍ച്ചയായി ഞെക്കുന്നതും മൂപ്പര്‍ക്ക് ഒരു ഹരമായി മാറി.

ഈ സമയത്തിനുള്ളില്‍ ഒരുപാട് സുന്ദരികളെ മേനോന്‍ സാര്‍ കണ്ടു .പലതും തടികൊണ്ട് രാഹുലിന് ചേരുന്നതും , സംസാരം കൊണ്ട് ആരെയും കീഴ്പ്പെടുത്തുന്ന പ്രകൃതം ഉള്ളവരുമായിരുന്നു. മേനോന്‍ സാര്‍ അവരെയൊക്കെ ഭാര്യക്ക് കാണിച്ചുകൊടുത്തു. ഭാര്യക്ക് എല്ലാരെയും ഇഷ്ടപ്പെട്ടു.

ഒരിക്കല്‍ രാഹുലിനെ റൂമിലേക്ക്‌ വിളിച്ചുവരുത്തി  മമ്മി ഈ യു ട്യൂബ് പെണ്‍കുട്ടികളെയൊക്കെ കാണിച്ചുകൊടുത്തു. ചിലരെ അവനു നല്ലോണം ഇഷ്ടായി. അവരെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുകൊണ്ടു , ഇ മെയില്‍ അഡ്രെസ്സ് ഒക്കെ സംഘടിപ്പിച്ച ശേഷം  അടുത്ത ഘട്ടത്തിലേക്ക് കടന്നു. ഫോണ്‍ നമ്പര്‍ കിട്ടിയപ്പോള്‍ മാതാപിതാക്കളുമായി ചര്‍ച്ച നടത്തി.കൊറോണക്കാലമായത് കൊണ്ട് ഒരാഴ്ചയെങ്കിലും ദാമ്പത്യ ജീവിതം പാവങ്ങള്‍ നയിച്ചോട്ടെ എന്ന് കരുതി രണ്ടു വീട്ടുകാരും വളരെ ഫാസ്റ്റ് ആയി കാര്യങ്ങള്‍ നീക്കി.

പെണ്ണുകാണല്‍ ചടങ്ങ് ഓണ്‍ലൈനില്‍ ആക്കി. ഉയരം ,വണ്ണം, തൂക്കം എന്നിവ തമ്മില്‍ പറഞ്ഞു ഉറപ്പാക്കി. മാതാപിതാക്കള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കാര്യങ്ങള്‍ അന്വേഷിച്ചു. പലരും മാസ്ക് വച്ച് സംസാരിച്ചതുകൊണ്ട് ആളെ തിരിച്ചറിയാന്‍ പറ്റാത്ത ഒരു ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാലും വധുവും വരനും മാസ്ക് ഊരി അവരവരുടെ തനിസ്വരൂപം കാണിച്ചു. വധുവിന്റെ പേര് മാലിനി എന്നും അവളുടെ ചാനെലിന്റെ പേര് “മാലിനി ചാനല്‍” എന്നുമായിരുന്നു.

പോലീസുകാര്‍ അറിയാതെ വധുവിനെ വീട്ടിലേക്കു മേയ്ക്കപ്പില്ലാതെ  കൊണ്ടുവന്നു. സദ്യയില്ല...ചടങ്ങില്ല...മാലയില്ല ..ബോക്കെയില്ല..ആള്‍ക്കൂട്ടമില്ല ! ഒരു ഡിജിറ്റല്‍ കല്യാണം അങ്ങിനെ നടന്നു.

മേനോന്‍ സാര്‍ മീശയും പിരിച്ചുകൊണ്ട് , പെണ്ണിനെക്കുറിച്ചു രാഹുലിനോട് ചോദിച്ചു. അവന്‍ സന്തോഷം കൊണ്ട് അച്ഛന്റെ കാല്‍ക്കല്‍ വീണു. പിന്നെ അവന്‍ തീരെ സമയം കളയാതെ തന്റെ മുറിയിലേക്ക് ഓടിക്കയറി. ബാല്‍ക്കണിയില്‍ നിന്നും ചുറ്റുപാടുമുള്ള പലരും കിണ്ണം മുട്ടുന്നുണ്ടായിരുന്നു. അവരുടെ വിവാഹം നാട്ടുകാര്‍ആഘോഷിച്ച പോലെ അവര്‍ക്ക് തോന്നി.ഒരു മീറ്റര്‍ അകലം പാലിക്കുന്ന നിയമം ,മധുവിധുദിവസം കാറ്റില്‍ പരത്താന്‍ അവന്‍ തീരുമാനിച്ചു. സര്‍വ കൊറോണ ദൈവങ്ങളെയും അവന്‍ മനസ്സില്‍ ധ്യാനിച്ചു. മുട്ടൊഴിപ്പിക്കാന്‍ ഒരു നേര്‍ച്ചയും നേര്‍ന്നു.

സിനിമയില്‍ കാണുന്നപോലെ ,മാലിനി പാലും കൊണ്ട് വരുമെന്ന് കരുതി രാഹുല്‍ നിവര്‍ന്നു കട്ടിലില്‍  മലര്‍ന്നു കിടന്നു. അപ്പോള്‍ മാലിനി, HD ക്യാമറ ഓണ്‍ ചെയ്തു ലൈറ്റ് കട്ടിലിലേക്കും മുഖത്തേക്കും ഫോക്കസ് ചെയ്തു കസേരയില്‍ ചാരി ഇരുന്നുകൊണ്ട് വൈഫൈ ഓണാക്കി തന്റെ മാലിനി ചാനല്‍ തുറന്നു. വിവാഹ വിശേഷങ്ങള്‍ അപ്‌ലോഡ്‌ ചെയ്യാന്‍ റെഡിയായി. ഇതുകണ്ട് ചാടി എണീറ്റ രാഹുല്‍ മുണ്ടൊക്കെ ഒന്ന് നേരെയാക്കി അവളെ ചീത്ത വിളിച്ചു. എത്ര നിര്‍ബന്ധിച്ചിട്ടും അവള്‍ കിടക്കാന്‍ സമ്മതിച്ചില്ല . അന്നത്തെ ചാനല്‍പരിപാടിക്ക് അവള്‍ കൊടുത്ത പേര് “ഒരു കൊറോണക്കല്യാണം” എന്നാണെന്ന്  കണ്ടപ്പോള്‍ രാഹുല്‍ അവളെ നിലക്ക് നിര്‍ത്താന്‍ തുടങ്ങി. അതൊക്കെ അവള്‍ ഷൂട്ട്‌ ചെയ്തു. പിന്നെ അപ്‌ലോഡ്‌ ചെയ്തു. രാഹുല്‍ അറിയാതെ ഡൌണ്‍ലോഡ് ആയപോലെ  കട്ടിലില്‍ ഇരുന്നു പോയി.

ബഹളങ്ങള്‍ പുറത്തു കേട്ടപ്പോള്‍ മേനോന്‍ സാര്‍ ഭാര്യയോടു അന്വേഷിക്കാന്‍ തുടങ്ങി. ഇതിലും വലിയ ഒച്ചയും ബഹളവുമല്ലായിരുന്നോ നമ്മളുടെ കല്യാണദിവസം എന്ന് ഭാര്യ ചോദിച്ചപ്പോള്‍ തല കുനിച്ചു നില്‍ക്കാനേ മേനോന്‍ സാറിന് കഴിഞ്ഞുള്ളു . അപ്പോഴും അയാള്‍ മീശ തടവാന്‍ മറന്നില്ല .

മാലിനി പുലര്‍ച്ചെ നാല് മണി വരെ ചാനല്‍ പ്രവര്‍ത്തനങ്ങളില്‍ മുഴുകി, ചാരുകസേരയില്‍ തന്നെ കിടന്നുറങ്ങിപ്പോയി.

നേരം വെളുത്തപ്പോള്‍ രാഹുല്‍ കാര്യങ്ങള്‍ അച്ഛനോടും അമ്മയോടും പറഞ്ഞു.അച്ഛന് അവളുടെ കഴിവുകളെപ്പറ്റി നല്ല മതിപ്പായിരുന്നു. അദ്ദേഹം രാവിലെത്തന്നെ ചാനല്‍ കണ്ടു അത്ഭുതപ്പെട്ടു. അവരുടെ ബെഡ്രൂമാണെന്നു തോന്നാത്ത രീതിയിലുള്ള എഡിറ്റിംഗ്. "ആദ്യരാത്രി എങ്ങനെ തനിച്ചു ആസ്വദിക്കാം" എന്ന കേപ്ഷന്‍ മേലോട്ടും താഴോട്ടും പോപ്പപ്പ് വന്നുകൊണ്ടിരുന്നു. ചിരിക്കുന്ന അവളുടെ മുഖവും ,കൂര്‍ക്കം വലിക്കുന്ന മകന്റെ മുഖവും മാറി മാറി കാണിച്ചപ്പോള്‍ മേനോന്‍ സാറിനു ഒരു യുദ്ധം നേരിട്ട് കാണുന്ന പ്രതീതിയായിരുന്നു.

എന്നാലും ,സ്വന്തം മകനു നേരിടേണ്ടി വന്ന ഈ ദുഖത്തിന് ഒരു പരിഹാരം കാണാന്‍ പട്ടാളക്കാരനായ മേനോന്‍ സാറിനു അധികം സമയം വേണ്ടിവന്നില്ല. അദ്ദേഹം കുളിച്ചു വേഷം മാറ്റി, കേണലിന്റെ തൊപ്പിയൊക്കെ ധരിച്ചു ചാരുകസേരയില്‍ കുത്തനെ നിവര്‍ന്നിരുന്നു. മീശ പതിവിലും കൂടുതല്‍ സ്പീഡില്‍ പിരിച്ചുകൊണ്ടിരുന്നു. മാലിനിയെ ദേഷ്യത്തോടെ വിളിപ്പിച്ചു. ഒരു പ്രതിയെപ്പോലെ മുന്നില്‍ നിര്‍ത്തി. പട്ടാളച്ചിട്ടയില്‍ ചോദ്യശരങ്ങള്‍ എയ്തുതുടങ്ങി.

“ ഇന്നലെ രാത്രി എന്താണ് നിങ്ങളുടെ മുറിയില്‍  സംഭവിച്ചത് ? “

“എല്ലാ രാത്രിയിലും  ഇങ്ങിനെ കസേരയില്‍ ഇരിക്കാനാണോ തീരുമാനം ?”

“അവിടെ നടക്കുന്നതോക്കെയും യു ടുബില്‍ ഇടാനാണോ ഭാവം ?”

“ഒരു പരിധി വിട്ടാല്‍ ഞാന്‍ പിന്നെ അവന്റെ അച്ഛനായിരിക്കില്ല, വെറും പട്ടാളക്കാരനായി മാറും “....ഇതെല്ലാം ഒറ്റ ശ്വാസത്തില്‍ അദ്ദേഹം അവതരിപ്പിച്ചു.

ഇത് കേട്ട ഉടനെ അവള്‍ ദേഷ്യം പിടിച്ചു ഒരൊറ്റ നടത്തം. നേരെ ബെഡ് റൂമിലേക്ക്‌.ഉള്ളില്‍ നിന്നും വാതിലടച്ച്‌ കുറ്റിയിട്ടു.മൂന്നു മണിക്കൂര്‍ പിന്നെ ആര് വിളിച്ചിട്ടും കതകു തുറന്നില്ല. പക്ഷെ അകത്തു ഫാനും ലൈറ്റുമുണ്ട്. ആത്മഹത്യ അല്ല എന്നുറപ്പായി.

താടിക്ക് കൈകൊടുത്തുകൊണ്ട് കേണലും ,ഭാര്യയും,മോനും അന്വേന്യം നോക്കിയിരുന്നു.അപ്പോഴാണ്‌ മേനോന്‍ സാറിന്റെ കയ്യിലെ  മൊബൈലില്‍ ഒരു യു ട്യൂബ് നോട്ടിഫിക്കേഷന്‍ വന്നത്. അയാള്‍ നോക്കിയപ്പോള്‍ മാലിനി ചാനല്‍ തന്നെ. പെട്ടെന്ന് അയാള്‍ അത് നോക്കി.മാലിനിയുടെ ക്രൂരമായ മുഖം കണ്ടു കേണല്‍ അമ്പരന്നു.

മാലിനിയുടെ ചാനല്‍ സംപ്രേഷണം:
ഞാന്‍ നിങ്ങളുടെ സ്വന്തം  മാലിനി. എന്റെ ചാനല്‍ ഇതുവരെ കാണാത്തവര്‍ ഉടന്‍ സബ്സ്ക്രൈബ് ചെയ്യൂ. ഇതുപത്തി അയ്യായിരം പേര്‍ ഇതുവരെ സബ്സ്ക്രൈബ് ചെയ്തു എന്നറിഞ്ഞതില്‍ സന്തോഷം.താഴെ കാണുന്ന ബെല്‍ ഐക്കണില്‍ പ്രെസ്സ് ചെയ്‌താല്‍ നിങ്ങള്ക്ക് എന്റെ നോട്ടിഫിക്കേഷന്‍ ലഭിക്കും. ഇന്നത്തെ ചൂടേറിയ എപ്പിസോഡിലേക്ക് സ്വാഗതം.

“വിവാഹം കഴിഞ്ഞ മകന്റെ കിടപ്പുമുറിയില്‍ എന്ത് സംഭവിച്ചു എന്ന് മരുമകളോട് പട്ടാളക്കാരനായ അച്ഛന്റെ  ചോദ്യം...(മ്യൂസിക്‌)
കസേരയില്‍ ഇരുന്നു ഒന്നുംതന്നെ ചെയ്യരുത് എന്ന് വിലക്ക് ( വീണ്ടും  മ്യൂസിക്‌)...
എല്ലാ കാര്യങ്ങളും യു ടുബില്‍ ഇടരുതെന്നു കേണപെക്ഷിക്കുന്ന കേണല്‍..( ഭീകരമായ പശ്ചാത്തല സംഗീതം )

താന്‍ നിശ്ചയിച്ച പരിധി വിട്ടാല്‍ പിന്നെ പെരുമാറുന്നത് അച്ഛനെപ്പോലെ ആയിരിക്കില്ലെന്ന് പട്ടാളക്കാരനായ അച്ഛന്‍” ( ക്ലൈമാക്സ് മ്യൂസിക്‌ )

ഇതൊക്കെ പോപ്പപ്പ് ആയും, വട്ടം കറങ്ങിയും, നൂലില്‍ കെട്ടിത്തൂക്കിയും, ഇടതു നിന്ന് വലത്തോട്ടും, തിരിച്ചും മറിച്ചും, മുകളില്‍ നിന്ന് താഴേക്കും ,ഇടയ്ക്കിടയ്ക്ക് തന്റെ മീശപിരിച്ചുള്ള നില്‍പ്പും,മകന്റെ ഫോട്ടോയുമൊക്കെ സൂം ഇന്‍ ചെയ്തും സൂം ഔട്ട്‌ ആക്കിയും കാണിച്ചപ്പോള്‍ കേണലിന് തലകറക്കം വന്നു. പെട്ടെന്ന് അദ്ദേഹം മയങ്ങി വീണു. അപ്പോഴും കയ്യിലെ മൊബൈലില്‍ അവള്‍ തകര്‍ക്കുകയായിരുന്നു. ലോകം മുഴുവന്‍ അത് കണ്ടുകൊണ്ടിരുന്നു.

അച്ഛന്റെ മുഖത്ത്  വെള്ളം തളിച്ചുകൊണ്ട് മകനും, നെഞ്ച് തടവിക്കൊണ്ട് ഭാര്യയും ദൈവത്തെ വിളിക്കുമ്പോള്‍, അകത്തെ ബെഡ് റൂമില്‍ അടുത്ത പരിപാടിക്ക് തിടുക്കം കൂട്ടുകയായിരുന്നു മാലിനി ‍.

ബോധം തെളിഞ്ഞ കേണലിനെ കസേരയില്‍ ചാരിക്കിടത്തി നെഞ്ച് തടവിക്കൊണ്ടിരുന്നപ്പോള്‍  രാഹുല്‍ ദയനീയമായി അച്ഛനെ നോക്കി മനസില്‍ പിറുപിറുത്തു .. ഏതു കേണലായാലും  ചില തീരുമാനങ്ങള്‍ ശരിയാവണമെന്നില്ല അച്ഛാ. 

കേണല്‍ രണ്ടുപേരുടെയും കൈകള്‍ ചേര്‍ത്തുപിടിച്ചപ്പോള്‍ , സാമൂഹിക അകലം പാലിച്ചു മാലിനി ലോക്ക് ഡൌണ്‍ ആയി ആ മുറിയില്‍ പതുങ്ങിയിരുന്നു.
ലോക്ക് ഡൌണ്‍  കഴിഞ്ഞാലും   എങ്ങനെ പുറത്തിറങ്ങും എന്നത് കേണലിന്റെ മുന്നില്‍ ഒരു വലിയ ചോദ്യമായി ഉയര്‍ന്നു.മാസ്ക് ധരിച്ചാല്‍ കൊമ്പന്‍ മീശ പുറത്തു കാണില്ലല്ലോ എന്ന ധൈര്യം അയാള്‍ക്ക്‌ ശ്വാസം കഴിക്കാന് ‍പ്രചോദനമായി.


Join WhatsApp News
Vijayan Mannoth 2020-06-06 11:00:30
I am very much thankful for publishing this story in E Malayalam
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക