Image

കറുപ്പ് (ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 08 June, 2020
കറുപ്പ് (ദീപ ബിബീഷ് നായര്‍)
അന്നൊരാമാവാസി നാളില്‍ പിറന്നു ഞാനന്ധകാരത്തിന്‍ നിറത്തിലായി
കണ്ടവര്‍ കണ്ടവര്‍ നെറ്റി ചുളിച്ചതാ
പൈതലിന്നെണ്ണക്കറുപ്പിന്‍ നിറത്തെ നോക്കി

പെണ്ണുകറുപ്പെങ്കിലാരു കെട്ടുമെന്നെന്നെ
നോക്കി നെടുവീര്‍പ്പില്‍ ചിലര്‍
ഒക്കത്തെടുക്കുവാനിഷ്ടമില്ലാര്‍ക്കെങ്കിലും
ഒക്കത്തിരുത്തി വളര്‍ത്തിയമ്മ

ഏഴഴുകുളള നിറമാണെനിക്കെന്നും
കാര്‍വര്‍ണ്ണനല്ലോ കറുമ്പനെന്നും
ആശ്വാസപ്പൂത്തിരി വാക്കില്‍ നിറച്ചമ്മ
ആശ്വസിക്കാനായിട്ടോതിയെന്നും

ഏതോ നികൃഷ്ടജീവിപോല്‍ കാണുന്നു
കൂട്ടുകാര്‍, വീട്ടുകാര്‍, നാട്ടുകാരും
കൗമാര കാമുകരെന്നെ തിരഞ്ഞില്ല
നമ്രശിരസ്‌കയായ് ഞാന്‍ നടന്നു

കറുപ്പെന്ന നിറത്തെ വെറുക്കുന്നവള്‍
പരാജിതയായ്  തിരസ്‌കരിക്കുന്നവളെ ചൂഷണത്തിനിരയാകാന്‍ വിധിച്ചവള്‍
എന്തിനേറെപ്പറയുന്നവളൊറ്റപ്പെടുന്നെവിടെയും

ഒടുവിലായിന്നിതാ ശ്വാസം മുട്ടിയമര്‍ന്നവന്‍
കറുത്ത നിറത്തില്‍ പിറന്നവനും
നെഞ്ചിനുള്ളിലൊരു നെരിപ്പോടായി മാറുന്നു
ഇനിയും മരിക്കാത്ത വര്‍ണ്ണ വിവേചനങ്ങള്‍....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക