Image

ജര്‍മനി 160 രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് ഓഗസ്റ്റ് അവസാനം വരെ നീട്ടി

Published on 10 June, 2020
 ജര്‍മനി 160 രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് ഓഗസ്റ്റ് അവസാനം വരെ നീട്ടി


ബര്‍ലിന്‍: കോവിഡ് ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ ജര്‍മന്‍ ഫെഡറല്‍ സര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയനു പുറത്തുള്ള 160 ലധികം രാജ്യങ്ങളിലേയ്ക്കുള്ള യാത്രാ വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടി. വൈറസിന്റെ വ്യാപനം മതിയായ അളവില്‍ അടങ്ങിയിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന വ്യക്തിഗത രാജ്യങ്ങളില്‍ നിന്ന് ഒഴിവാക്കലുകള്‍ ലഭിച്ചാല്‍ പരിഗണിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.

അണുബാധ സംഖ്യകളുടെ നിജസ്ഥിതി, ആരോഗ്യ സംവിധാനങ്ങളുടെ മികവ്, പരീക്ഷണ ശേഷി, ശുചിത്വ നിയമങ്ങള്‍, മടക്ക യാത്രാ ഓപ്ഷനുകള്‍, വിനോദസഞ്ചാരികള്‍ക്കുള്ള സുരക്ഷാ നടപടികള്‍ എന്നിവ കണക്കിലെടുത്തുവേണം യാത്രയ്‌ക്കൊരുങ്ങാനെന്നും മുന്നറിയിപ്പുണ്ട്. മെര്‍ക്കല്‍ മന്ത്രിസഭ ബുധനാഴ്ച ബര്‍ലിനില്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തിരുന്നു.

എന്നാല്‍ ജൂണ്‍ 15 മുതല്‍ 31 യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ജര്‍മന്‍കാര്‍ക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞ ആഴ്ച മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. യാത്രയ്ക്ക് തയാറാകുന്നവര്‍ കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷമെ അത്തരം രാജ്യങ്ങളിലേക്ക് യാത്രതിരിക്കാവൂ എന്നു ജര്‍മന്‍ വിദേശകാര്യ വകുപ്പ് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോയ ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളല്ലാത്ത അതിര്‍ത്തി രഹിത ഷെങ്കന്‍ പ്രദേശത്തെ നാല് രാജ്യങ്ങളായ ഐസ് ലാന്റ്, നോര്‍വേ, സ്വിറ്റ്‌സര്‍ലന്‍ഡ്, ലിച്ചെന്‍സ്‌റ്റൈന്‍ എന്നീ രാജ്യങ്ങള്‍ ഇതില്‍പെടും. ജര്‍മന്‍കാര്‍ കഴിവതും വേനല്‍ക്കാല അവധി ജര്‍മനിയില്‍ തന്നെ ചെലവഴിക്കണമെന്നാണു സര്‍ക്കാര്‍ നിര്‍ദ്ദേശം.

കൊറോണ വൈറസ് പ്രതിസന്ധിയില്‍ യാത്രാ വിലക്കുകള്‍ മൂലം ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകളിലൊന്നാണ് ടൂറിസം വ്യവസായം.വിറ്റുവരവിന്റെ കാര്യത്തില്‍ വ്യവസായത്തിന്റെ ഏറ്റവും ശക്തമായ സീസണാണ് വിദേശ യാത്രകളുമായുള്ള വേനല്‍ക്കാല ബിസിനസ്, ജര്‍മനിയില്‍ 2,300 ടൂര്‍ ഓപ്പറേറ്റര്‍മാരും 11,000 ല്‍ അധികം ട്രാവല്‍ ഏജന്‍സികളും ഉണ്ട്.ജര്‍മന്‍ ട്രാവല്‍ അസോസിയേഷന്റെ കണക്കനുസരിച്ച്, ഓരോ വര്‍ഷവും ജര്‍മനി നടത്തുന്ന 71 ദശലക്ഷത്തിലധികം യാത്രകളില്‍ 70 ശതമാനവും വിദേശ യാത്രകളാണ്.എന്നാല്‍ ഇക്കൊല്ലം ഈ കണക്കുകളൊക്കെ ഒരു ദുസ്വപ്നമായിട്ടാണ് ജര്‍മന്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഇപ്പോള്‍ കാണുന്നത്.

വൈറസ് പ്രതിസന്ധി സാരമായി ബാധിച്ച ടൂറിസം വ്യവസായത്തിന് കനത്ത തിരിച്ചടിയായി തുര്‍ക്കി, ഈജിപ്ത്, ടുണീഷ്യ തുടങ്ങിയ ജനപ്രിയ യാത്രാ സ്ഥലങ്ങള്‍ക്കുള്ള വിപുലീകൃത യാത്രാ മുന്നറിയിപ്പ് കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.കൊറോണവ്യാപനം മൂലം കഴിഞ്ഞ മാര്‍ച്ച് 17നാണ് ജര്‍മനി ലോകമെന്പാടുമുള്ള ഇരുനൂറ് രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.

കൊറോണ പാന്‍ഡെമിക്കിലെ ഗുണപരമായ മാറ്റങ്ങള്‍ മുന്‍നിര്‍ത്തി ജര്‍മനി ജൂണ്‍ 15 മുതല്‍ യൂറോപ്പിനുള്ളില്‍ സഞ്ചാര സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നുവെന്ന് ഫെഡറല്‍ ആഭ്യന്തര മന്ത്രി ഹോര്‍സ്റ്റ് സീഹോഫര്‍ അറിയിച്ചു. ഇതനുസരിച്ച് ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ഇറ്റലി, പോളണ്ട്, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം, ലക്‌സംബര്‍ഗ്, ചെക്ക് റിപ്പബ്ലിക്ക് എന്നിവയുമായുള്ള ആഭ്യന്തര അതിര്‍ത്തി നിയന്ത്രണങ്ങള്‍ ജൂണ്‍ 15 ന് അവസാനിക്കും. ക്വാറന്റൈന്‍ രീതിയും നിര്‍ത്തും.എന്നാല്‍ സ്‌പെയിനില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ഇത് ജൂണ്‍ 21 മുതല്‍ മാത്രമേ ബാധകമാകൂ, സ്വീഡനില്‍ നിന്നുള്ളവര്‍ക്കും വിലക്കുണ്ട്.

ജര്‍മനി എയര്‍പോര്‍ട്ടുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കും

ബര്‍ലിന്‍: ജര്‍മനിയിലെ എല്ലാ വിമാനത്താവളങ്ങളിലും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കാന്‍ ആലോചിക്കുന്നു. ഈ വേനല്‍ക്കാലം കഴിയുന്നതു വരെ നിബന്ധന തുടരാനാണ് ഉദ്ദേശിക്കുന്നത്.

ഇതിനായി വിമാനത്താവള അധികൃതരും ഓപ്പറേറ്റര്‍മാരും കരട് മാര്‍ഗനിര്‍ദേശം തയാറാക്കിയിട്ടുണ്ട്. ഒന്നര മീറ്റര്‍ അകലം ഉറപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ മാസ്‌ക് ഉപയോഗം സുരക്ഷിതത്വം വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.

സെക്യൂരിറ്റി ചെക്ക് ഏരിയ, എയര്‍പോര്‍ട്ട് ഷട്ടില്‍ ബസുകള്‍, ബാഗേജ് റീക്‌ളെയിം, ടാക്‌സി വേ എന്നിവിടങ്ങളിലെല്ലാം മാസ്‌ക് നിര്‍ബന്ധമാക്കാനാണ് ഉദ്ദേശിക്കുന്നത്.

ജൂണ്‍ 15നാണ് ജര്‍മനി യൂറോപ്പിനുള്ളില്‍ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത്. ഇതിനുള്ളില്‍ തന്നെ മാസ്‌ക് നിബന്ധന നടപ്പില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തുരിംഗന്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ആദ്യം ജര്‍മന്‍ സംസ്ഥാനം

ബര്‍ലിന്‍: സാമൂഹിക അകലം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പിന്‍വലിക്കുന്ന ആദ്യത്തെ ജര്‍മന്‍ സ്റ്റേറ്റായി തുരിംഗിയ മാറി. കൊറോണവൈറസ് നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് സ്റ്റേറ്റ് ക്യാബിനറ്റിന്റെ തീരുമാനം. ഇത് ശനിയാഴ്ച പ്രാബല്യത്തില്‍ വരും.

ജൂണ്‍ 29 വരെ നിയന്ത്രണങ്ങള്‍ തുടരാനാണ് ഫെഡറല്‍ ഗവണ്‍മെന്റും 16 സ്റ്റേറ്റ് ഗവണ്‍മെന്റുകളും നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും വൈറസ് വരുതിയിലായെന്ന വിദഗ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്റ്റേറ്റുകള്‍ ഇളവുകള്‍ നല്‍കുന്നുണ്ട്.

തുരിംഗിയയില്‍ സാമൂഹിക അകലം നിര്‍ബന്ധമല്ലാതാകുന്‌പോഴും മാസ്‌ക് ഉപയോഗം നിര്‍ബന്ധിതമായി തുടരും. ഇതിന് രാജ്യത്തെവിടെയും ഇളവ് നല്‍കിയിട്ടില്ല. അതേസമയം, പൂളുകള്‍, സ്പാ, സോന, സിനിമ തുടങ്ങിയവ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കാന്‍ അനുമതി ലഭിക്കും.ഗ്രാമോത്സവങ്ങളും മേളകളും നടത്താനും അനുമതി നല്‍കും. എന്നാല്‍, ഓരോന്നിന്റെയും സംഘാടകരുടെ അപേക്ഷ പരിഗണിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമായിരിക്കും തീരുമാനം.

ഐഫല്‍ ടവര്‍ ജൂണ്‍ 25നു തുറക്കും

പാരീസ്: പാരീസില്‍ ഈഫല്‍ ടവര്‍ ജൂണ്‍ 25നു വീണ്ടും ജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. കൊറോണ വൈറസ് വ്യാപനം കാരണം മൂന്നു മാസമായി ഇവിടെ സന്ദര്‍ശകരെ അനുവദിച്ചിട്ടില്ല.

രണ്ടാം ലോകയുദ്ധത്തിനു ശേഷം ആദ്യമായാണ് ഈഫല്‍ ടവര്‍ ഇത്രയും ദീര്‍ഘമായ കാലത്തേക്ക് അടച്ചിടുന്നത്. വീണ്ടും തുറക്കുന്‌പോള്‍ സന്ദര്‍ശകരുടെ എണ്ണത്തിനു നിയന്ത്രണമുണ്ടാകും. 11 വയസിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഫെയ്‌സ് മാസ്‌കും നിര്‍ബന്ധമായിരിക്കും. പ്രവേശനം കിഴക്കേ കവാടത്തിലൂടെയും പുറത്തേക്കുള്ള വഴി പടിഞ്ഞാറന്‍ കവാടത്തിലൂടെയുമാണ്. എന്നാല്‍ ഓരോ നിലയിലും ഒരേ സമയം തങ്ങുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ പരിധിയുണ്ട്.

പടിക്കെട്ടുകള്‍ കയറാന്‍ സാധിക്കുന്നവര്‍ക്കു മാത്രമേ ആദ്യ ഘട്ടത്തില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. എലിവേറ്ററുകള്‍ തത്കാലം പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഏറ്റവും മുകളിലത്തെ തട്ട് ഇപ്പോള്‍ തുറക്കുകയുമില്ല. 1989 ല്‍ പണി പൂര്‍ത്തിയാക്കിയ ഐഫല്‍ ടവറില്‍ ഒരു വര്‍ഷം 70 ലക്ഷം സന്ദര്‍ശകരാണ് എത്തുന്നത്.

വൈറസിനെ പൂര്‍ണമായി തുരത്തും വരെ സ്‌പെയ്‌നില്‍ മാസ്‌ക് നിര്‍ബന്ധം


മാഡ്രിഡ്: കൊറോണവൈറസിനെ പൂര്‍ണമായി തുരത്തും വരെ സ്‌പെയ്‌നില്‍ മാസ്‌ക് ഉപയോഗം നിര്‍ബന്ധിതമായി തുടരുമെന്ന് ആരോഗ്യ മന്ത്രി സാല്‍വദോര്‍ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ആഭ്യന്തര അടിയന്തരാവസ്ഥ ജൂണ്‍ 21ന് അവസാനിക്കുകയാണ്. എന്നാല്‍, അതിനു ശേഷവും പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗം നിര്‍ബന്ധമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.ഒന്നര മീറ്റര്‍ മുതല്‍ രണ്ടു മീറ്റര്‍ വരെ സാമൂഹിക അലകം പാലിക്കാന്‍ സാധിക്കാത്ത എല്ലാ സ്ഥലങ്ങളിലും ആറ് വയസിനു മേല്‍ പ്രായമുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നതാണ്.

അതേസമയം, ജൂണ്‍ 21ന് ആഭ്യന്തര അടിയന്തരാവസ്ഥ അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ ഇതുവരെ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഈ കാലാവധി അവസാനിക്കുന്നതോടെ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഭൂരിപക്ഷവും അവസാനിക്കും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക