Image

നീലച്ചിറകുള്ള മൂക്കുത്തികൾ -18 - സന റബ്സ്

Published on 21 June, 2020
നീലച്ചിറകുള്ള മൂക്കുത്തികൾ -18 - സന റബ്സ്



 വീട്ടില്‍ വന്ന് തന്‍റെ ബാഗ്‌ എത്ര പരിശോധിച്ചിട്ടും ദാസ്‌ നല്‍കിയ സമ്മാനപ്പൊതി കണ്ടെത്താന്‍ കരോലിനായില്ല.  തന്റെ ബാഗുകള്‍ മറ്റാരും തൊടുകയില്ലെന്നറിഞ്ഞിട്ടുകൂടി അവള്‍ വീട്ടില്‍ ബഹളമുണ്ടാക്കി.  എങ്ങനെയാണത് മിസ്സായത്? താന്‍ അത് ഹാന്‍ഡ്‌ബാഗിലേക്കാണ് അപ്പോള്‍ തന്നെ വെച്ചത്. എയര്‍പോര്‍ട്ടിലോ കസ്റ്റംസ് ചെക്കിലോ അത് വെളിയിലെടുത്തിട്ടുകൂടിയില്ലെന്ന് കരോലിന് ഉറപ്പായിരുന്നു. 
ഛെ.... എന്തായാലും വളരെ മോശമായിപ്പോയി.. എന്ത് പറയും റായ്സാറിനോട്... ഉള്ളില്‍ എന്തെന്ന് അറിഞ്ഞിരുന്നെങ്കില്‍ വാങ്ങിയെങ്കിലും കൊടുക്കാമായിരുന്നു.

മകളുടെ പരവേശം കണ്ട്  മേബല്‍ അവളുടെ അരികിലേക്ക് വന്നു. “കാ... നീയിങ്ങനെ ടെന്‍ഷനാവാതെ ഓര്‍ത്തുനോക്കൂ... മറ്റെന്തെങ്കിലും അതിന്റെ കൂടെ വെച്ചത് ഇതുപോലെ മിസ്സായോ എന്ന്.. ആലോചിക്കൂ സമാധാനമായി ഇരുന്നിട്ട്...”

“ഞാന്‍ ഇറങ്ങും മുന്നേയാണ്‌ മമ്മാ അദ്ദേഹം റൂമില്‍ വന്നു ഇത് നല്‍കിയത്. വേറെ എവിടെയും വെക്കാനോ മറക്കാനോ ഉള്ള സമയം പോലും ഉണ്ടായിരുന്നില്ല. പിന്നെങ്ങനെ അത് പോയെന്നാണ്  മമ്മ പറയുന്നത്?”

“ഇറങ്ങാന്‍ നേരം ആരെങ്കിലും മുറിയില്‍ വന്നോ? റൂം ബോയ്‌? ക്ലീന്‍ ചെയ്യുന്ന സെര്‍വന്റ്സ്?” മേബലിന്റെ ചോദ്യം കേട്ട് കരോളിന്‍ നിഷേധാര്‍ത്ഥത്തില്‍ തലവെട്ടിച്ചു.

“ആകെ വന്നത് തനൂജാമേഡമാണ്. അവരുടനെ പോയി. റൂമില്‍ ആരെങ്കിലും വന്നെങ്കിലോ ഇതെടുത്തെങ്കിലോ അവരും കൂടി അത് കാണുമല്ലോ. അതുകൊണ്ടാണ് എങ്ങനെ മിസ്സായി എന്ന് മനസ്സിലാവാത്തത്. മറ്റൊന്നും പോകാതെ  ഇത് മാത്രം?”

“എന്തായാലും നീ മിലാനെ കാണും വരെ ഇത് മിസ്സായ വിവരം പറയേണ്ട. എന്തായാലും റായ് പറഞ്ഞു മിലാന്‍ അറിയും. അല്ലെങ്കില്‍ സര്‍പ്രൈസ് ആയി കാണുമ്പോൾ  അറിയെട്ടെ എന്ന്  കരുതും. നമുക്കൊന്ന് വെയിറ്റ് ചെയ്യാം...”

“എന്നിട്ട്....?”

“ലെറ്റ്‌സ് സീ.... നോക്കാം....  എയര്‍പോര്‍ട്ട്‌ ഓഫീസില്‍ ഒന്ന് വിളിച്ചു ചെക്ക് ചെയ്യാം. കിട്ടാന്‍ സാധ്യത ഇല്ലെങ്കില്‍ ഒരു സോറിപറയാം... അല്ലാതെ എന്ത് ചെയ്യും?” മേബല്‍ മകളെ ആശ്വസിപ്പിച്ചു. പക്ഷെ കരോലിന്‍ വളരെ മൂഡിയായി കാണപ്പെട്ടു.

അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ദാസ്‌ മിലാന്റെ ഓഫീസുമായി ബന്ധപ്പെട്ടു ഉടനെ സോനഗാച്ചി പ്രൊജക്റ്റ് ക്രോഡീകരിച്ചു. ഇതിനിടയില്‍ മിലാന്‍ നടാഷയുമായി ഒരുമിച്ച്സ്കൂള്‍ കുട്ടികള്‍ക്ക് പഠനാവശ്യത്തിനും അവിടത്തെ കുടുംബാംഗങ്ങള്‍ക്ക് പൊതുവായും ടെലിവിഷന്‍ എത്തിച്ചുകൊടുത്തിരുന്നു. അവള്‍ക്കങ്ങോട്ട് അടിക്കടി പോകാന്‍ കഴിഞ്ഞില്ലെങ്കിലും  കുടിവെള്ളം എത്തിക്കാനുള്ള വഴികള്‍ എപ്പോഴും തേടിക്കൊണ്ടിരുന്നു.

“തീപ്പെട്ടിക്കൂടുകള്‍ അടുക്കിവെച്ചത് പോലുള്ള ഈ പ്രദേശത്ത് വലിയൊരു സ്ഥലം വെള്ളത്തിനായി കണ്ടെത്തുക എന്നത് പ്രോപ്പര്‍ അല്ല മേഡം.”                                    അവള്‍ ഏര്‍പ്പെടുത്തിയ സംഘത്തിലെ ഓഫീസര്‍ മിലാനെ എപ്പോഴും അറിയിക്കുന്ന ഒരു കാര്യമാണിത്.

“പിന്നെ നമുക്ക് എങ്ങനെയവരെ സഹായിക്കാന്‍ പറ്റും.”

“ഒരു വഴിയുണ്ട്. വെള്ളം വാങ്ങികൊടുക്കാവുന്നതാണ്‌. ശാശ്വതമായ ഒരു പരിഹാരം കാണും വരേയ്ക്കും  പണം കൊടുത്തു വെള്ളം വാങ്ങി എത്തിക്കാം.” സ്റ്റാഫ് നിര്‍ദ്ദേശിച്ചു.

“മിനറല്‍ വാട്ടര്‍ ആണോ ഉദ്ദേശിക്കുന്നത്?”

“അതല്‍പ്പം റിസ്ക്കാണ് മേഡം. പകരം ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കാന്‍ ശ്രമിക്കാം. കോണ്ട്രാക്റ്റ് കൊടുത്താല്‍ മതി. വെള്ളം ശേഖരിച്ചു വെക്കാനുള്ള സംവിധാനം നമ്മള്‍ ഉണ്ടാക്കണം.”

എന്തായാലും ഈ കാര്യങ്ങള്‍ തുടര്‍ച്ചയായി ചെയ്യാന്‍ അവള്‍ക്കു പലരുമായും ആലോചിക്കണമായിരുന്നു. അതുകൊണ്ട് പിറ്റേന്ന് നടാഷയേയും ദുര്‍ഗയെയും കാണാന്‍  മിലാന്‍ തീരുമാനിച്ചു. എക്സാം തിരക്കുകള്‍ കൂടിയുള്ളതിനാല്‍ അവള്‍ ഒട്ടും ഫ്രീയായില്ല. അന്ന് വൈകുന്നേരം മിലാന് അപ്രതീക്ഷിതമായി കരോലിന്റെ ഫോണ്‍ വന്നു.

“മേം, ക്യാമ്പസ്സില്‍ ഉണ്ടെങ്കില്‍ എനിക്കൊന്നു കാണാന്‍ പറ്റുമോ?”

“അതിനെന്താ കരോലിന്‍, എന്‍റെ വീട്ടിലേക്കു വരാമോ? ക്യാമ്പസ്സിനു വെളിയില്‍ അടുത്ത് തന്നെയാണ്. ഈവനിംഗ് വന്നാല്‍ മതി.”  മിലാന്‍ പറഞ്ഞു.

അന്ന് വൈകുന്നേരം കരോലിന്‍ തന്റെ സുഹൃത്ത്‌ ‘പാ’ എന്ന് വിളിക്കുന്ന പല്ലവിയുമായി മിലാനെ കാണാനെത്തി. കരോലിന്റെ സുന്ദരമായ മുഖം മ്ലാനമായിരുന്നത് മിലാന്‍ ശ്രദ്ധിക്കാതിരുന്നില്ല. കുശലപ്രശ്നങ്ങള്‍ക്ക് ശേഷം കരോലിനെയൊന്നു നോക്കി പല്ലവി മിലാനോട്  ദാസ്‌ നല്‍കിയ ഗിഫ്റ്റ് നഷ്ടപ്പെട്ട കാര്യം മടിച്ചു മടിച്ചു സൂചിപ്പിച്ചു.

മിലാന്റെ മുഖം പെടുന്നനെ വല്ലാതായി. അവള്‍ അല്‍പനേരം മിണ്ടാതിരുന്നു.”ആരെങ്കിലും മുറിയില്‍ വന്നിരുന്നോ? സിഗ്നിഫിക്കന്റ്റ് ആയ ആരെങ്കിലും? ഫാന്‍സ്‌, സ്റ്റാഫ്.... അങ്ങനെ?” ആലോചനയോടെ മിലാന്‍ ചോദിച്ചു. “ആരെങ്കിലും എടുത്തോ എന്നര്‍ത്ഥത്തില്‍ അല്ല , ചിലപ്പോള്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റിയിട്ടപ്പോള്‍ മിസ്സ്‌ ആകാനും മതിയല്ലോ...”

“ആരും വന്നില്ല മേം, അതാണ് എന്നെയും അമ്പരപ്പിക്കുന്നത്.”

“സാരമില്ല കരോലിന്‍, ഞാന്‍ വിദേത് വിളിക്കുമ്പോള്‍ ചോദിക്കാം, വിദേത് ഇനിയും അമേരിക്കയില്‍ പോകുമല്ലോ. അതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല അതുപോലെയൊന്ന് കണ്ടെത്താന്‍... അതാലോചിച്ച് ഇയാള്‍ വിഷമിക്കേണ്ട.. " മിലാന്‍ ചിരിച്ചു. എങ്കിലും കരോലിന്‍ ഒരുപാട് വട്ടം അവളോട്‌ സോറി പറഞ്ഞു. “അതല്ല മേം, എന്റെ ശ്രദ്ധക്കുറവാണ് കാരണം. ഇങ്ങനെയൊരാളെ ബിസിനസ് എങ്ങനെ ഏല്‍പ്പിക്കും എന്ന് റായ് സര്‍ ചിന്തിച്ചാല്‍ കുറ്റം പറയാനാകുമോ..?”

“എക്സാറ്റിലി, തിരിച്ചറിവുകള്‍ നല്ലതാണ്.” പല്ലവി അവളെ കളിയാക്കി.

“സാരമില്ല കുട്ടീ, ഒരു ഗിഫ്റ്റ് നഷ്ട്ടപ്പെട്ടാല്‍ മാഞ്ഞുപോകുന്നതാണോ ഞങ്ങളുടെ പ്രണയം, ലെറ്റ് ഇറ്റ് ഗോ... അതിലും നല്ല സമ്മാനങ്ങള്‍ ഞങ്ങളെ കാത്തിരിക്കുന്നുണ്ട്. അതാണ്‌ ഇതിങ്ങനെ മാഞ്ഞുപോകാന്‍ കാരണം.” മിലാന്‍ പറഞ്ഞത് കേട്ടപ്പോള്‍ കരോലിനും പല്ലവിയും അവളെ ആരാധനയോടെ നോക്കി. യാതൊരു താരജാഡയുമില്ലാതെ മനസ്സില്‍ തൊട്ടാണ് മിലാന്‍ സംസാരിക്കുന്നത് എന്നവര്‍ ഓര്‍ത്തു. മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഈ നഷ്ടത്തെ ഇങ്ങനെ കൂള്‍ ആയി എടുക്കുമായിരുന്നോ.... എന്തെല്ലാം തിരിച്ചു പറയുമായിരുന്നു!

“മേം, ആഗസ്റ്റില്‍ നമ്മുടെ ക്യാമ്പസ്സില്‍ മിസ്സ്‌ കൊല്‍ക്കത്ത കണ്ടസ്റ്റന്‍റ്റ് ഷോ നടക്കുമെന്ന് അറിയാമല്ലോ. മേം ഇവിടെ പഠിക്കുന്നതിനാല്‍ ജഡ്ജ് ആകാന്‍ കഴിയുമോ എന്ന് സംശയമാണ്. നമുക്ക് വേറെയും ആളുകളെ സംഘടിപ്പിക്കേണ്ടേ?”

“അതെ, വേണം,  നിങ്ങളുടെ മനസ്സില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പറയൂ, നമുക്ക് നോക്കാം.”

“ചീഫ്ഗസ്റ്റ് ആയി റായ്  സാറിനെ വിളിച്ചാല്‍ നന്നാകുമെന്ന് എല്ലാവരും പറഞ്ഞു മേം, മേം കൂടി ഇന്ററസ്റ്റ് കാണിച്ചാല്‍ സാര്‍ വരുമല്ലോ...” പല്ലവി മിലാനെ  പ്രതീക്ഷയോടെ നോക്കി. 

മിലാന്‍ ചിരിച്ചു. “എനിക്കറിയില്ല വിദേതിന് അടുത്ത  മാസം എന്തൊക്കെ തിരക്കുകള്‍ എന്ന്...  ഞാന്‍ ആ വക കാര്യങ്ങളൊന്നും ചോദിക്കാറില്ല. എനിക്കാണെങ്കില്‍ നമ്മുടെ ഷോയ്ക്ക് മുന്‍പേ എക്സാമും ഉണ്ട്. എല്ലാം കൊണ്ടും തിരക്കാണ്.”

“എങ്കിലും മേം, സര്‍ വന്നാല്‍ അതൊരു ബെനിഫിറ്റാണ് നമുക്ക്. വളരെയധികം ആളുകള്‍ വരുന്ന ഒരു ഷോ അല്ലെ, സര്‍  ആളുകളെ പിടിച്ചിരുത്തി സംസാരിക്കും. എല്ലാ വിഷയത്തെപറ്റി   സംസാരിക്കാനും ഡിബേറ്റിന് ചുക്കാന്‍ പിടിക്കാനും മിടുക്കനല്ലേ.”

ആ കാര്യത്തില്‍ മിലാന് സംശയമേയുണ്ടായിരുന്നില്ല! സ്റ്റേജ് കയ്യടക്കുക എന്നത് ദാസിന്റെ പ്രത്യേകതയായിരുന്നല്ലോ. “എന്തായാലും നമ്മുടെ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങളും  തീരുമാനങ്ങളും പറയൂ. എന്നിട്ട് ഞാന്‍ വിദേതുമായി  സംസാരിക്കാം, മറ്റു ജഡ്ജസ് ആരെന്നും തീരുമാനിക്കാം...”

“മാത്രല്ല മേം, നമ്മുടെ ‘കാ’ ഈ ഷോയിലെ പ്രധാന കണ്ടസ്റ്റന്റ് ആണ്. ഇവിടെ പരാജയപ്പെട്ടാല്‍ ഇവളുടെ ‘ദാദ’യായ ഡാഡി ഈ പരിപാടിക്ക് ഇവളെയിനി വിടില്ല.  പാവം, ബിസിനസ് ലേഡി ആയി ജീവിക്കേണ്ടി വരും ഇനിയുള്ള കാലം.”

 പല്ലവി കളിയാക്കിയത് കേട്ട് കരോലിന്‍ അവളെ നുള്ളാന്‍ ഓങ്ങി. “പോടീ... ഞാനിവിടെ നേടും....”

“അതെ, ആഗ്രഹവും പരിശ്രമവും വേണം, ട്രൈ യുവര്‍ ലെവല്‍ ബെസ്റ്റ്.”  മിലാന്‍ എഴുന്നേറ്റു രണ്ട്പേരെയും യാത്രയാക്കി. തിരിച്ചിറങ്ങുമ്പോള്‍   പോസിറ്റീവ് ആയ മിലാന്റെ സമീപനത്തില്‍  കരോലിന്റെ മനസ്സിലെ കനം കുറഞ്ഞിരുന്നു.

പിറ്റേന്ന് നടാഷയേയും ദുര്‍ഗയേയും കണ്ട് സംസാരിക്കാന്‍ അവളുടെ സെക്രട്ടറി സമയമൊരുക്കിയിരുന്നു. വീടുകളില്‍ ടിവി എത്തിയ സന്തോഷം മിലാന്‍ മുന്‍പേ അറിഞ്ഞിരുന്നു.  വിശേഷദിവസങ്ങളില്‍ അവിടത്തെ  വലിയ ഹാളില്‍ മാത്രം പോയാല്‍ കാണാന്‍ പറ്റുമായിരുന്ന പരിപാടികള്‍ ഇപ്പോള്‍ സ്വന്തം മുറികളില്‍ വെച്ച് കാണാന്‍ കഴിയുന്നത്‌ എല്ലാവര്ക്കും സന്തോഷം പകരുന്നു എന്നത് നടാഷ മറയില്ലാതെ പങ്കുവെച്ചു. മാത്രമല്ല, മിലാനും ചിലരും ചേര്‍ന്ന് നടത്തുന്ന സോനാഗച്ചിയിലെ ഈ സംരഭം പല രീതിയിലും പരസ്യങ്ങളായി ടിവിയില്‍ വന്നുകൊണ്ടിരുന്നു. അതുകൊണ്ട് തെരുവിലെ കുട്ടികള്‍ക്ക് മിലാനെയും ദുര്‍ഗയെയും ടിവിയിലൂടെ പരിചിതമാകാനും ഇത് അവസരമൊരുക്കി.

മിലാനും ദാസും ഒരുമിച്ചഭിനയിച്ച ഷോര്‍ട്ട് ഫിലിം ഇതുവരെ ടെലിവിഷന്‍ പ്രക്ഷേപണത്തിന് എത്തിയില്ലായിരുന്നു. അതുകൂടി മുന്‍കൂട്ടി കണ്ടാണ്‌ മിലാന്‍ ഈ കാര്യങ്ങള്‍ക്കു തിടുക്കം കൂട്ടിയത്.

ശേഷം മിലാന്‍ യൂനിവേഴ്സിറ്റിയിലെത്തി. ക്ഷണിക്കേണ്ട ആളുകളുടെ ഏകദേശ രൂപം ഉരുത്തിരിഞ്ഞു വന്നിരുന്നു. ജഡ്ജസ് ആയ താരങ്ങളുടെ പേരിലൂടെ വെറുതെ ഒന്നോടിച്ചു നോക്കി. സോണിയാ ഭഗത്, സോണാലി സാഷേ, തനൂജാ തിവാരി... ഒന്ന് സംശയിച്ച മിലാന്‍ വീണ്ടും ആ പേരിലേക്ക് ഓടിക്കയറി. യെസ്, തനൂജാ തിവാരി...

ഓക്കെ... ഒരു സൂപ്പര്‍ സ്റ്റാര്‍ പരിവേഷം ഷോയുടെ പകിട്ട് കൂട്ടട്ടെ. അവള്‍ പുഞ്ചിരിച്ചു. അവള്‍ ദാസിന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു.

അയാളുടെ സ്വരം കാതില്‍ വീണപ്പോള്‍ മിലാന്‍ പതുക്കെ ചോദിച്ചു. “എന്താണ് വിദേത് ഈ സ്പെഷ്യല്‍ സമ്മാനം...?”

ഒരു മീറ്റിങ്ങില്‍  ആയിരുന്നു വിദേത് അപ്പോള്‍. കൂടെയുള്ളവരോട്‌ ഒരു മിനിറ്റ് എന്ന് കാണിച്ചു അയാള്‍ വാതിലിനു വെളിയിറങ്ങി. “നിനക്കിഷ്ടമാകുമെന്ന് എനിക്കറിയാമായിരുന്നു. ഇല്ലേ?”

അയാളുടെ ആകാംക്ഷ  നിറഞ്ഞ ചോദ്യത്തെ അടക്കിപ്പിടിച്ചു മിലാന്‍ പറഞ്ഞു. “ഞാനിത് തുറന്നില്ല. തുറക്കും മുന്‍പേ വിളിക്കാന്‍ തോന്നി. എന്താണെന്ന് പറയൂ വിദേത്...”

അയാള്‍ വിശാലമായ ഹാളിന്‍റെ അറ്റത്തേക്ക് നടന്നു. ഗ്ലാസ്സ് ചുവരുകള്‍ക്കപ്പുറം കല്‍ക്കത്താ നഗരം ഇരമ്പിപ്പായുന്നുണ്ടായിരുന്നു. ദൂരേക്ക് നോക്കി അയാള്‍ പറഞ്ഞു. “നമുക്കൊരുമിച്ചു നോക്കാം. ഇപ്പോള്‍ അതഴിച്ചു നോക്കു. ഞാന്‍ അരികിലുണ്ട്.”

“വിദേത്... അയാം സോറി ഡിയര്‍. ആ സ്നേഹം എന്‍റെയടുത്ത് എത്തിയില്ല. അതുകൊണ്ടാണ് ചോദിച്ചത് എന്തായിരുന്നു അതിലെന്ന്?”

ദാസിന് മിലാന്‍ പറഞ്ഞത് ഒരു നിമിഷം മനസ്സിലായില്ല. “എന്താ നീ പറഞ്ഞത്? എത്തിയില്ലെന്നോ...? വാട്ട്‌ ദി ഹെല്‍...”

മിലാന്‍ ചുരുക്കി കാര്യങ്ങള്‍ പറഞ്ഞു. ദാസിനത് വിശ്വസിക്കാനെ കഴിഞ്ഞില്ല. “എന്താണ് നീ പറയുന്നത് കുട്ടീ, അതെങ്ങനെ നഷ്ടപ്പെടും? ഞാന്‍ കൊടുത്ത ഉടനെ ആ  കുട്ടി അവളുടെ ബാഗിലേക്കു ഭദ്രമായി എടുത്തുവെച്ചതായിരുന്നു. ഞാനത് കണ്ടതുമാണ്.”

“സാരമില്ല വിദേത്. എന്തായാലും അത് പോയി. ലീവ്ഇറ്റ്, അതുപോലൊന്ന് ഇനിയും എനിക്ക് വാങ്ങിത്തന്നാല്‍ മതി. ഉം...?” തന്നില്‍ വന്നു ചേരേണ്ട വളരെ സ്പെഷ്യല്‍ ആയ ഒരു വസ്തുവായിട്ട്പോലും, നഷ്ടം തന്റെതായിട്ട് പോലും അരുമയോടെ തന്നെ ആശ്വസിപ്പിക്കുന്ന മിലാനോട് അയാള്‍ക്ക്‌ ആദരവും അത്ഭുതവും ഒരുമിച്ചു തോന്നി.

“മാത്രമല്ല, ഇവിടത്തെ ക്യാമ്പസ്സ് ഷോ ഗസ്റ്റ് വിദേത് ആണ്. ഞാനിവിടെ ഉള്ളപ്പോള്‍ വിദേതിനെ കിട്ടിയില്ലേല്‍ എന്നെ ഇവിടുള്ളവര്‍ വെറുതെ വിടുകയില്ല. അറിയാമല്ലോ. അതുകൊണ്ട് ഡേറ്റ് കൊടുക്കട്ടെ?”

“ആവട്ടെ, എന്റെ പ്രിയതമ കല്പ്പിക്കുമ്പോള്‍ പറ്റില്ലെന്ന് എങ്ങനെ ഈയുള്ളവന്‍ പറയും?”

സ്റ്റേജ് ടെക്കറേഷന്‍, ഹാള്‍ ബുക്കിംഗ്, ഹോട്ടല്‍ റൂം ബുക്കിംഗ്, ആഹാരം, കോസ്റ്റ്യൂം സെലെക്ഷന്‍ എന്നിങ്ങനെ പല കാര്യങ്ങളിലും കരോലിന്‍ മിലാന്‍റെ സഹായം ആവശ്യപ്പെട്ടിരുന്നു. ഫോണ്‍ വെച്ച് കഴിഞ്ഞയുടനെ  മിലാന്‍ ഷോയുടെ കാര്യങ്ങളില്‍ വ്യാപൃതയായി.

മിലാന്‍റെ ഫോണ്‍ കട്ട്‌ ചെയ്തു കഴിഞ്ഞു ദാസ്‌ വീണ്ടും പുറത്തേക്ക് നോക്കി.  പതിനാലാംനിലയിലെ തന്റെ ഓഫീസില്‍ നിന്നാല്‍ അയാള്‍ക്ക് കല്‍ക്കത്താ നഗരത്തിന്‍റെ മുക്കാല്‍ ഭാഗവും കാണാമായിരുന്നു. 
മീറ്റിങ്ങില്‍ നിന്നാണ് താന്‍ ഇറങ്ങിവന്നെതെന്ന് അയാള്‍ ഓര്‍ത്തു. നടന്നുവരുന്ന വഴിയില്‍ ട്യൂലിപ് പൂക്കള്‍ നിറയെ അലങ്കരിച്ചു വെച്ചിരുന്ന ബോണ്‍ഗിറ്റില്‍നിന്നും അയാളുടെ മുന്നിലേക്ക്‌ തണ്ടോട്കൂടി ഒരിതള്‍ ഊര്‍ന്നുവീണു. കുനിഞ്ഞെടുത്ത് വീണ്ടുമാക്കൂട്ടത്തില്‍ ആ പൂക്കള്‍ ചേര്‍ത്ത് വെക്കുമ്പോള്‍  വേദനയോടെ അയാള്‍ ചിന്തിച്ചു.  “ആ  ചിത്രം നിന്‍റെ കൈയ്യില്‍ എത്തിയിരുന്നെങ്കില്‍ എന്ന് ഇപ്പോഴും  ഞാന്‍ ആഗ്രഹിച്ചുപോകുന്നു മിലാന്‍... അതുപോലൊന്ന് ഇനിയുമുണ്ടാക്കാന്‍  എനിക്ക് കഴിയില്ലല്ലോ   മിലാന്‍.....”

വല്ലാതെ...വല്ലാതെ അയാളത് ആഗ്രഹിച്ചിരുന്നു. വല്ലാത്തൊരു നോവോടെ...

(തുടരും )
നീലച്ചിറകുള്ള മൂക്കുത്തികൾ -18 - സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക