Image

കുടം കമിഴ്ത്തി വെച്ച് വെള്ളമൊഴിക്കുമ്പോള്‍ (ബിന്ദു ഫെര്‍ണാണ്ടസ്)

Published on 28 June, 2020
കുടം കമിഴ്ത്തി വെച്ച് വെള്ളമൊഴിക്കുമ്പോള്‍ (ബിന്ദു ഫെര്‍ണാണ്ടസ്)
ഹൂസ്റ്റണ്‍ ഇപ്പോള്‍ റെഡ് സോണിലാണ്. ആയതല്ല,ആക്കി മാറ്റി എന്ന് പറയുന്നതായിരിക്കും ബുദ്ധി. ഹൂസ്റ്റണ്‍ മെമ്മോറിയല്‍ ഗാര്‍ഡന്‍സ് സെമിത്തേരി എന്റെ വീടിനടുത്ത് നിന്ന് കഷ്ടി പത്ത് മിനിട്ട് ദൂരം. വെളുത്ത വര്‍ഗ്ഗക്കാരനായ പോലീസിനാല്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ് ഫ്‌ലോയിഡ് അന്ത്യനിദ്രയിലാണ്ടിരിക്കുന്നത് ഇവിടെയാണ്. 

മനോഹരമായ പുല്‍ മേടുള്ള, പൂക്കളുള്ള സിമിത്തേരിയുടെ മുന്നിലൂടെയാണ് ഞാന്‍ ഡ്യൂട്ടിക്ക് പോകുന്നതും വരുന്നതും. ശവമടക്കലുകള്‍ നടക്കുന്ന സമയങ്ങളില്‍ എല്ലാം പോലീസിന്റെ വാഹനങ്ങള്‍ റോഡില്‍ കാണാം. വളരെ അച്ചടക്കത്തില്‍ കാറുകളെ നിയന്ത്രിക്കുന്നത് മാത്രം കണ്ട് പരിചയിച്ച ഈ സിമിത്തേരിയുടെ മുമ്പില്‍ വന്‍പിച്ച ജനക്കൂട്ടമായിരുന്നു ഫ്‌ലോയിഡിന്റെ മൃതസംസ്‌കാര വേളയില്‍ എന്നാണറിവ് . ആള്‍ക്കൂട്ടത്തില്‍ പലര്‍ക്കും മാസ്‌ക് ഇല്ലായിരുന്നു. സാമൂഹ്യ അകലം പാലിക്കപ്പെട്ടതും കുറവാണ്. വിവേകത്തെക്കാള്‍ വികാരം മുന്‍പില്‍ നിന്ന ആ സംഭവത്തെയോ അതിനോടനുബന്ധിച്ച് പലയിടത്തായി നടന്ന പ്രതിഷേധ പ്രകടനങ്ങളെയോ അപലപിക്കാന്‍ ഞാനാളല്ല.

പക്ഷെ അത് വരെ കുറവായിരുന്ന ഹൂസ്റ്റണ്‍ കൊറോണ കേസുകള്‍ കുത്തനെ കൂടാന്‍ ഈ ആള്‍ക്കൂട്ടങ്ങള്‍ വളരെ നന്നായി സഹായിച്ചു എന്നത് സത്യമാണ്. കൊറോണ കാലത്ത് കൂടുതലായും കാണപ്പെടുന്നത് വികാര പ്രകടനങ്ങളാണ്. ശ്രദ്ധിക്കേണ്ടത് വളരെ ചെറിയ കാര്യങ്ങള്‍ ആണെങ്കിലും നിസ്സാരമാക്കി വിടുന്നതും. അത് തന്നെ...ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാക്കാന്‍ കാരണങ്ങള്‍ പലതാണ്. പലര്‍ക്കും അതൊരു വികാരം തന്നെയാണ്.

പക്ഷെ വിവേകമില്ലാത്ത വികാരം മുന്‍ നിര്‍ത്തിയുള്ള ഇത്തരം ആഘോഷങ്ങള്‍, പ്രകടനങ്ങള്‍, പ്രതിഷേധങ്ങള്‍, ഒരു ജനതയെയോ ഒരു രാജ്യം മുഴുവനെ തന്നെയോ ആണ് ദുരന്തത്തിലേക്ക് തള്ളിവിടുന്നത്..

കാണേണ്ട കാര്യങ്ങള്‍ കണ്ണ് തുറന്ന് കാണേണ്ടതും മനസ്സിലാക്കേണ്ട കാര്യങ്ങള്‍ മനസ്സ് തുറന്ന് മനസ്സിലാക്കേണ്ടതും തള്ളി കളയേണ്ട കാര്യങ്ങള്‍ തള്ളിക്കളയേണ്ടതുമായ ഒരു കാലഘട്ടത്തില്‍ കൂടെ കടന്ന് പോകുമ്പോഴും പൊട്ടന്‍ കളിച്ച് നില്‍ക്കുന്നവരോട് കൂടുതല്‍ പറയുക എന്നത് നമ്മുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തി കളയുന്നതിന് തുല്യമാണ്.

വാക്കുകള്‍ പോലും സൂക്ഷ്മതയോടെ ഉപയോഗിക്കേണ്ട ഒരു കാലത്ത് വളരെ തുറന്ന മനസ്ഥിതിയോടെ കോമണ്‍ സെന്‍സിന്റേയും അറിവിന്റെയും വെളിച്ചത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ട പലതും ചെയ്യാത്തത് കൊണ്ട് മാത്രമാണ് ഇന്ന് കൊറോണ കേസുകള്‍ ഒരു കോടി കവിഞ്ഞ് നില്‍ക്കുന്നത് എന്ന് നിസ്സംശയം പറയാന്‍ പറ്റും.
കുടം കമിഴ്ത്തി വെച്ച് വെള്ളമൊഴിച്ചിട്ട് കാര്യമില്ല എന്ന് പഴമക്കാര്‍ പറയുന്നത് എത്ര സത്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക