Image

രണ്ടു തരം മീനുകൾ (കവിത: ഡോ.എസ്.രമ)

Published on 29 June, 2020
രണ്ടു തരം മീനുകൾ (കവിത: ഡോ.എസ്.രമ)
കണ്ണാടിക്കൂട്ടിലെ മൽസ്യമൊരിക്കൽ
കടൽ മൽസ്യത്തെ കണ്ടു.

കണ്ണാടിക്കൂട്ടിലെ മീൻ  പറഞ്ഞു....
 
ചില്ലു കൂട്ടിലെ ഓളങ്ങളിൽ
വർണ്ണങ്ങൾ വിടർത്താനാണ്
എന്റെ വിധി...
രൂപഭംഗിയുടെയാരാധകരെ
കണ്ടു ഞാനുള്ളാലെ  ചിരിക്കും..
ഇടക്കിടെ കിട്ടും  ഭക്ഷണത്തരികളിൽ
തൃപ്തിയടയും...
ചില്ലുകൂടിനപ്പുറമാകാശം  സ്വന്തമെന്ന്
വെറുതെ ധരിക്കും...
സുതാര്യതയുടെയതിരുകളിൽ തട്ടി
നിരാശയോടെ മടങ്ങും..
ആയുസ്സിനെ ഉടൽവർണ്ണങ്ങളിൽ
ബന്ധിച്ചു ഞാനങ്ങിനെ
നീന്തികൊണ്ടേയിരിക്കും...

കടൽമത്സ്യം പറഞ്ഞു.

ചുഴികളും മലരികളും
താണ്ടിയാണെന്റെ യാത്ര..
അടിയൊഴുക്കുകളുണ്ട്...
തിരമാലകളും...
സ്രാവുകളുണ്ട്....
തിമംഗലങ്ങളും...
വലകണ്ണികളിൽ കുരുക്കാൻ
കാത്തിരിക്കുന്നു മനുഷ്യരും...
ജീവനുള്ളയെന്റെ
രൂപഭംഗിക്കാരാധകരില്ല..
ജീവനില്ലാത്ത  മാംസമാണ്
രുചികരം...
പക്ഷേ അതിരുകളില്ലാത്ത
സ്വാതന്ത്ര്യമെനിക്ക് സ്വന്തം..
അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്
മരണത്തിന്റെ ഗന്ധമുണ്ട്...

പരാതികൾ പങ്കുവച്ചിട്ടവർ
അവനവനിടങ്ങളിലെ
അതിജീവനങ്ങളിലേക്ക്
തിരിച്ചു പോയി....

രണ്ടു തരം മീനുകൾ (കവിത: ഡോ.എസ്.രമ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക