Image

പ്രവാസികൾ ഇത്രത്തോളം വെറുക്കപ്പെട്ടവരോ? (ഫിലിപ്പ് ചാമത്തിൽ-ഫോമാ പ്രസിഡൻ്റ്)

Published on 01 July, 2020
പ്രവാസികൾ ഇത്രത്തോളം വെറുക്കപ്പെട്ടവരോ? (ഫിലിപ്പ് ചാമത്തിൽ-ഫോമാ പ്രസിഡൻ്റ്)

വളരെ വേദനയോടെ എഴുതേണ്ടി വരുന്ന ഒരു കുറിപ്പാണിത്. കൊറോണ വൈറസ് ലോകത്തെ പിടിമുറുക്കി നിൽക്കുമ്പോഴും സുഹൃത്തുക്കൾ വരെ രോഗം വന്ന് മരിച്ചുവീഴുമ്പോഴും ഉള്ള വേദനയെക്കാൾ ഹൃദയഭേദകമായ വേദന സമ്മാനമായി ലഭിക്കുന്നത് നമ്മുടെ ജന്മനാടായ കേരളത്തിൽ നിന്നാണ്. പണ്ടൊക്കെ ഗൾഫിൽ നിന്നും അമേരിക്കയിൽ നിന്നുമൊക്കെ  വീട്ടിലേക്ക് ഓടിയെത്തുന്ന പ്രവാസിയെ സ്വീകരിക്കുവാൻ കാത്തിരിക്കുന്ന സ്വന്തം കുടുംബം, എന്തിന് ഒരു നാടു തന്നെ ഉണ്ടായിരുന്നു. അവൻ്റെ രണ്ടോ മൂന്നോ  വർഷത്തെ അധ്വാനത്തിൻ്റെ വിഹിതം പങ്കിട്ടെടുക്കുവാൻ ഓടിയെത്തുന്ന ബന്ധുക്കളുടേയും, സുഹൃത്തുക്കളുടേയും മുന്നിൽ നീരസത്തിൻ്റെ മുഖം കാട്ടാതെ എന്തെങ്കിലുമൊരു പങ്ക് വരുന്നവരുടെയെല്ലാം കയ്യിൽ വച്ചു കൊടുക്കുമായിരുന്ന പ്രവാസിയെ നമുക്കെല്ലാം ഓർമ്മയുണ്ട്. നമ്മളെല്ലാം ഇന്നലെ വരെ അങ്ങനെ ആയിരുന്നു എന്നതാണ് സത്യം.

പക്ഷെ ഇന്ന് ലോകത്തുള്ള ഏതെങ്കിലും ഒരു പ്രവാസിയെ വിളിച്ച് നാട്ടിലേക്ക് ഫ്ലൈറ്റ് ഒക്കെ ആയല്ലോ പോകുന്നില്ലേ എന്ന് ചോദിച്ചാൽ "എന്തിനാ നാട്ടിലേക്ക് പോകുന്നത്. നാട്ടുകാർ തല്ലിക്കൊല്ലാനോ, വീട്ടുകാരും ബന്ധുക്കളും അടിച്ചോടിക്കാനോ. ഇവിടെങ്ങാനും നിൽക്കുന്നതല്ലേ നല്ലത്." ഒരു പക്ഷെ ഇത്രത്തോളം വേദനയുള്ള വാക്കുകൾ അടുത്ത സമയത്തൊന്നും കേട്ടിട്ടില്ല. എടപ്പാളിൽ സ്വന്തം സഹോദരനെ വീട്ടിൽ കയറ്റാതെ ഓടിച്ചു വിട്ട സഹോദരങ്ങളും, കേരളത്തിൻ്റെ പല ഭാഗത്തും ഇത്തരം വിഷമങ്ങൾ ഉണ്ടാക്കുന്ന സഹോദരങ്ങളുടേയും കഥകൾ പേടിപ്പിക്കുന്ന കഥകളായി മാറി. കഴിഞ്ഞ കുറെ ദിവസങ്ങളായി നാട്ടിൽ നിന്നും വരുന്ന മെസേജുകൾ എല്ലാം ഇങ്ങനെ തന്നെ . 

പതിനഞ്ച് ദിവസം സ്വസ്ഥമായി തൻ്റെ വീട്ടിലെ ഒരു മുറിയിൽ സർക്കാർ നിർദ്ദേശം പാലിച്ച് കഴിയാൻ വരുന്ന പ്രവാസിയോട് സ്വന്തക്കാരും നാട്ടുകാരും ക്രൂരത കാട്ടുമ്പോൾ ഭരണകൂടവും നിസ്സഹായരാവുകയാണ്. ഗൾഫിൽ നിന്ന് നാടെത്തിയ പൂർണ്ണ ഗർഭിണിയോടു പോലും നാട്ടുകാർ നീതി കാട്ടിയില്ല  എന്നതാണ് ഇന്നത്തെ വാർത്ത .

ഇത്തരം കടുത്ത അവഗണന ഒരു രോഗത്തിൻ്റെ പേരിൽ ആണെങ്കിൽ കൂടി ഇത് അവഗണനയല്ല സ്വന്തം രക്തത്തോടു കാട്ടുന്ന അനീതിയാണന്ന് പറയേണ്ടി വരും.പല പ്രവാസികളും സ്വന്തം കാര്യം നോക്കാൻ പ്രവാസികൾ ആയവരല്ല. സ്വന്തം കുടുംബത്തിനു വേണ്ടി പ്രവാസിയാവുകയാണ് പലരും. തനിക്കിഷ്ടമുള്ള ഒരു വീട് വയ്ക്കാൻ, സഹോദരിമാരുടെ വിവാഹം നടത്താൻ, സഹോദരങ്ങളെ പഠിപ്പിക്കാൻ തുടങ്ങി എത്രയോ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഒരാൾ പ്രവാസിയാകുന്നത്. മണലാരണ്യത്തിൽ രക്തം വിയർപ്പാക്കി ജീവിക്കുന്ന ഗൾഫിലെ പ്രവാസി  എല്ലാ ദുരിതങ്ങളും സഹിക്കുന്നത് വീട്ടുകാർക്കു വേണ്ടി മാത്രമാണ്. കോവിഡും മഹാമാരികളും ഇല്ലാതിരുന്ന കാലത്ത് നാട്ടിലെത്തുന്ന പ്രവാസികളെ നാട്ടുകാര് മാത്രമാണോ പിഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നത്?

ക്ലബ്ബുകൾ, ആരാധനാലയങ്ങൾ, ജംഗ്ഷനിൽ തൂക്കാനുള്ള രാഷ്ട്രീയക്കാരൻ്റെ കൊടിക്ക് വരെ സ്പോൺസറാകാൻ പ്രവാസി വേണം. വെള്ളപ്പൊക്കം വന്നപ്പോൾ ഗൾഫിലേക്കും അമേരിക്കയിലേക്കും വന്ന കോളുകൾക്കും മെസേജുകൾക്കും കണക്കില്ല. വീടും പുരയിടവും നഷ്ടപ്പെട്ടവർക്ക് വീടും അനുബന്ധ സൗകര്യങ്ങളും ഉണ്ടാക്കിക്കൊടുക്കുവാൻ പ്രവാസികൾ നെട്ടോട്ടമോടിയത് എല്ലാവരും മറന്നു. നിങ്ങളുടെ പഴയ സഹപാഠികളെ, സഹോദരങ്ങളെ കൊറോണപ്പേടിയിൽ സൗകര്യ പൂർവ്വം നിങ്ങൾ ഇപ്പോൾ മറക്കുന്നു.

നാട്ടിലെത്തുന്ന പ്രവാസിക്ക് രോഗം ഉണ്ടോ എന്നറിയുന്നതിനും, ഉണ്ടെങ്കിൽ തുടർ ചികിത്സകൾക്കായും കൂടിയാണ് പതിനഞ്ച് ദിവസം ജാഗ്രത പാലിച്ച് സ്വന്തം വീട്ടിൽ താമസിക്കുവാൻ വരുന്നത്. അവർക്കായി ശാരീരിക സാമൂഹിക അകലം പാലിച്ചുകൊണ്ട് ഒരു മാസം ജീവിക്കാൻ സാധിക്കുന്നില്ലങ്കിൽ ഹൃദയ ബന്ധത്തിൻ്റെ വില എന്താണന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.

പക്ഷെ ഒന്നുറപ്പാണ് ഇക്കൂട്ടർക്ക് കാലം മാപ്പു നൽകില്ല.പക്ഷെ പ്രവാസി വീണ്ടും തിരികെ ഫ്ലൈറ്റ് കയറും. സ്വന്തം കുടുംബത്തിനു വേണ്ടി. സംഭവിച്ചതെല്ലാം ഒരു പുഞ്ചിരിയിലൊതുക്കിക്കൊണ്ട്...
Join WhatsApp News
മല്ലൂക്കാരൻ ബാബു 2020-07-01 17:40:20
അപ്പോൾ അമേരിക്കൻ മലയാളി സംഘടനകളുടെ കേരളാ കൺവൻഷനുകൾക്ക് ഒരു തീരുമാനമായി.
ഷിപ് കൺവെൻഷൻ രെജിസ്റ്റൻറ് 2020-07-01 19:43:44
പത്രവാർത്ത കണ്ടു ഷിപ് കൺവെൻഷൻ റീഫണ്ട് കിട്ടുമെന്നു. പക്ഷെ എനിക്കെൻറെ റീഫണ്ട് ഇന്നിതുവരെ കിട്ടിയില്ല. ഞാൻ വിളിച്ചിട്ടും ഫലമല്ല . ദയവായി ഉടൻ എല്ലാവർക്കും റീഫണ്ട് കൊടുക്കുക . നാട്ടിൽ പോയി നാട്ടുകാർക്ക് വീട്ടുവച്ചു കൊടുക്കുവാനും, ഫോട്ടോ ഇട്ടു സായൂജ്യ മടയാനും , തീപ്പൊരി വായിട്ടടയ്ക്കാനും പോകാതെ ഞാൻഅടച്ച എൻ്റെ കൺവെൻഷൻ കാശു തിരികെ തരിക . ഞാൻ ദിവസ കൂലിപ്പണി ഇവിടെ ചെയ്തത് ഉണ്ടാക്കിയ ചിലികാശാ. എൻ്റെ ക്രെഡിറ്റ് കാർഡിൽ ക്രെഡിറ്റ് ആയി തരാമെന്നാണ് പറഞ്ഞതു . അതു ഉടൻ തരിക പ്ളീസ്
Joseph 2020-07-02 05:41:01
The story is not true. The Pravasi when return has to undergo several proceedings & official steps before he can go straight to home. Several of these kinds of fake stories are circulating.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക