Image

ന്റുപ്പുപ്പാക്കൊരു പേനേണ്ടാർന്നു !! (സുധീർ പണിക്കവീട്ടിൽ)

Published on 04 July, 2020
ന്റുപ്പുപ്പാക്കൊരു   പേനേണ്ടാർന്നു !! (സുധീർ പണിക്കവീട്ടിൽ)
സമീപഭാവിയിൽ അമേരിക്കയിലെ മലയാളി പ്രവാസി കുട്ടികളിൽ ആരെയെങ്കിലും അവരുടെ വീടിന്റെ അട്ടത്തോ, നിലവറയിലോ  (ആറ്റിക്, ബേസ്മെന്റ്) പൊടിപിടിച്ചുകിടക്കുന്ന പുസ്തകങ്ങൾ കണ്ടെത്തി അതിൽ അവരുടെ പിതാമഹന്മാരുടെ പേരുകണ്ടു പറയുമായിരിക്കും "ന്റുപ്പാപ്പക്കൊരു പേനേണ്ടാർന്നു”. ഇപ്പോൾ വായനാതാല്പര്യമില്ലാത്ത, എഴുതാത്തവരുടെ കൊച്ചുമക്കൾ അപ്പോൾ വിസ്മരിക്കപ്പെട്ടുപോയി കഴിഞ്ഞ അവരുടെ മുത്തച്ഛന്മാരെ അനശ്വരരാക്കാൻവേണ്ടി ഇങ്ങനെ മറുപടിപറയാൻ സാധ്യതയുണ്ട്.  പേന ഞങ്ങളുടെ ഉപ്പുപ്പാമാരുടെയും  ഉമ്മുമ്മമാരുടെയും കൈകളിൽ ഉണ്ടായിരുന്നു. പക്ഷെ അവരതു ഉപയോഗിച്ചില്ല, കാരണം അവർക്ക് വിവരം ഉണ്ടായിരുന്നു, വേറെ പണിയുമുണ്ടാർന്നു. കുട്ടികളുടെ ഭാഷയിൽ മുസ്‌ലിം ചുവ കാണുമോ? എന്നത് ന്യായമായ സംശയമാണ്. മനുഷ്യൻ ദേശാടനം നടത്തുമ്പോൾ ഭാഷാന്തരം സംഭവിക്കുന്നു. കുട്ടികൾ തർക്കിക്കുമോ അഥവാ തർക്കമുണ്ടായാൽ ആര് പരാജയപെടുമെന്നോ ഇവിടെ അന്വേഷിക്കുന്നില്ല.

ഇരുപത്തിയാറു വർഷങ്ങൾക്ക് മുമ്പ് ജൂലായ് അഞ്ചിന് മൺമറഞ്ഞുപോയ മഹാനായ എഴുത്തുകാരൻ മലയാളഭാഷയ്ക്ക് സമ്മാനിച്ചുപോയ പുസ്തകത്തിന്റെ പേര് ഓർത്തുപോയതാണ് "ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു" കൊച്ചുകൊച്ചു വാക്കുകൾ കൂട്ടിച്ചേർത്ത് ഇമ്മിണിബല്യ ആശയപ്രപഞ്ചം തീർക്കാൻ വിദഗ്‌ധനായ ഈ എഴുത്തുകാരനോട് അദ്ദേഹത്തിന്റെ അനുജൻ  "ഇക്കാക്ക, ഈ വാചകത്തിലെ ആഖ്യാദം  (അച്ചടിപിശ ക്കല്ല) എവിടെ എന്ന് ചോദിച്ച കഥ "പാത്തുമ്മയുടെ ആട്" എന്ന കൃതിയിൽ അദ്ദേഹം സരസമായി പ്രതിപാദിക്കുന്നുണ്ട്.  മുസ്‌ലിംസമുദായക്കാർ ഉപയോഗിക്കുന്ന  നാടൻ  വർത്തമാനഭാഷ ഉപയോഗിച്ച് ആ സമുദായത്തിലെ അനാചാരങ്ങളും, അന്ധവിശ്വാസങ്ങളും, അവരുടെ കഥകളും കൂട്ടിച്ചേർത്ത് വൈക്കം മുഹമ്മദ് ബഷീർ എന്ന വലിയ എഴുത്തുകാരൻ മികച്ച കലാബോധമുൾക്കൊള്ളുന്ന രചനകൾ മലയാളത്തിന് നൽകി.

സ്വന്തം ജീവിതവും വീട്ടുകാരും, ചുറ്റുപാടും, ഈ എഴുത്തുകാരന്റെ തൂലിക തുമ്പിലൂടെ ഇറങ്ങി വന്ന് അനശ്വര കഥാപാത്രങ്ങളായി തീർന്നു. അദ്ദേഹം ഉപയോഗിച്ച വാക്കുകൾ  മലയാളഭാഷയെ അലങ്കരിച്ചു. അനുവാചകരുടെ ചുണ്ടിൽ അതു നിറഞ്ഞുനിന്നു. നീലവെളിച്ചം എന്ന ബഷീറിന്റെ കഥ സിനിമയാക്കിയപ്പോൾ  കൊടുത്ത "ഭാർഗവീനിലയം" എന്ന പേര് പിന്നീട് പ്രേതബാധയുള്ള ഗൃഹങ്ങൾ  തിരിച്ചറിയാൻ ഉപയോഗിച്ച് തുടങ്ങി.
ഇക്കാക്ക വ്യാകരണം പഠിക്കണമെന്ന് അനിയൻ ഉപദേശിച്ചെങ്കിലും ബഷീറിന്റെ വാചകങ്ങൾ പതിന്നാലാം രാവുദിച്ചപോലെ കടലാസ് താളുകളിൽ നിലാവിന്റെ മുഗ്ദ്ധസൗന്ദര്യം പരത്തിനിന്നു. ഭാർഗവീനിലയം എന്ന സിനിമയിലെ "താമസമെന്തേ വരുവാൻ" എന്ന സുന്ദരഗാനം പി. ഭാസ്കരൻ ഒരു പക്ഷെ മെനഞ്ഞെടുത്തത് ബഷീറിന്റെ തിരക്കഥയിൽ നിന്നായിരിക്കാം. ബഷീർ എഴുതി (ഓർമ്മയിൽ നിന്ന് പദാനുപദ ഉദ്ധാരണമാകണമെന്നില്ല) "കന്യകേ നീ എന്തേ വരാത്തത്. മൃദുലമായ നിന്റെ ഹൃദയത്തുടിപ്പോടെ, മധുരമായ നിന്റെ മന്ദഹാസത്തോടെ കുളിർനിലാവ് എത്തിനോക്കുമ്പോൾ നിന്റെ വെമ്പലാർന്ന കാലടിശബ്ധം ഞാൻ കേൾക്കുന്നു. വസന്തകാലരാത്രി തീരാറായി കന്യകേ നീ വരാത്തതെന്തേ...

ബഷീറിന്റെ സ്വച്ഛന്ദ രചനപ്രപഞ്ചത്തിലെ അപൂർവസുന്ദരമായ വാചകങ്ങൾ, അനുവാചകഹൃദയങ്ങളിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകുന്നില്ല. അതൊക്കെ വായിക്കുമ്പോൾ  ഇക്കാക്ക വ്യാകരണം പഠിക്കണമെന്ന് പറഞ്ഞ അനിയനെ നാം ദയയോടെ ഓർത്തുപോകുന്നു.

ആവിഷ്കരണത്തിലെ നർമ്മവും സൗന്ദര്യവുംകൊണ്ട് വായനക്കാരനെ ആനന്ദിപ്പിക്കുമ്പോൾ  തന്നെ അവന്റെ ഉള്ളിലേക്കാഴ്ന്നിറങ്ങി ചിന്തിപ്പിക്കുവാനും അദ്ദേഹത്തിന് കഴിയുന്നു. ആത്മാംശം അലിഞ്ഞു ചേർന്ന "ബാല്യകാലസഖി" എന്ന ഉദാത്ത കൃതിയെ ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഒരേട് എന്നാണു ശ്രീ എം. പി. പോൾ അഭിപ്രായപ്പെട്ടത്.  ചെറുപ്പത്തിലേ നാട്ടു വിട്ടുപോയി അനുഭവങ്ങളുടെ ഒരു വലിയ ഭണ്ടാരവുമായി സ്വന്തം നാട്ടിൽ, വീട്ടിൽ തിരിച്ചെത്തിയ ബഷീറിന് പറയാൻ അനവധി  കഥകളുണ്ടായിരുന്നു.അത് പറയുമ്പോൾ അദ്ദേഹം അതിഭാവുകത്വം  .  യാഥാർഥ്യം കൈവെടിഞ്ഞില്ല.  മണ്ടൻ മുത്തപ്പയും, എട്ടുകാലി മമ്മൂഞ്ഞും, ഒറ്റക്കാൻപോക്കരും , ആനവാരി രാമൻ നായരും, പൊൻ കുരിശ് തോമ്മായും ഒക്കെ കൂടിയ ഒരു സമൂഹം അവരുടെ ചേലുള്ള സംഭാഷണങ്ങൾ, അവർ പ്രതിനിധാനം ചെയ്ത സമുദായത്തിന്റെ ഭാഷ  എല്ലാം കൂടിച്ചേർന്നപ്പോൾ പൂർണ്ണത കൈവരിക്കുന്ന  ഉജ്ജ്വലകലാസൃഷ്ടികൾ രൂപം കൊണ്ടു. ഒരു ഗദ്യകവിതയുടെ സൗന്ദര്യ പ്രകാശപൊലിമയോടെ ബഷീർ എഴുതി. പട്ടു വസ്ത്രങ്ങളും മുത്തുമണികളും അണിഞ്ഞ് ചേലിൽ ഒരുങ്ങി നടക്കുന്ന കുഞ്ഞുപാത്തുമ്മയും, ഇറച്ചിവെട്ടുകാരന്റെ രണ്ടാം ഭാര്യയായി ദീനം വന്നു മരിക്കുന്ന സുഹറയും , പോക്കറ്റടിക്കാരനെ പ്രേമിക്കുന്ന സൈനബയും,  അഗമ്യഗമനത്തിനിരയായി (incest) ഏകയായി അലയുന്ന ശശിനാസും, അനുരാഗത്തിന്റെ ആദ്യദിനങ്ങളിലെ  ദേവിയും വായനക്കാരുടെ ലോകത്ത് എന്നും ജീവിക്കും. ബഷീറിന്റെ കഥാപാത്രങ്ങൾക്ക് മരണമില്ല.

അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തെയും കണ്ടുമുട്ടിയ വ്യക്തികളെയും, തന്റെ കഥകളിലൂടെ ഹൃദയസ്പർശിയായ  രംഗങ്ങളുടെ തന്മയത്വം തുളുമ്പുന്ന വർണ്ണന ബഷീറിനെ കഥകളുടെ ലോകത്ത് ഒറ്റയായാനാക്കുന്നു. അതിർത്തികളില്ലാത്ത സർഗ്ഗസാമ്രജ്യത്തിന്റെ സുൽത്തനാക്കുന്നു. അദ്ദേഹത്തിന്റെ "'അമ്മ" എന്ന കഥയിലെ സംഭാഷണം വായനക്കാർ ഓർക്കും. പുറപ്പെട്ടുപോയ മകൻ വർഷങ്ങൾ ക്കുശേഷം , വീട്ടിൽ തിരിച്ചെത്തുന്നത് പാതിരാത്രിക്കാണ്. പ്രപഞ്ചം മുഴുവൻ ആ നേരത്ത് ഉറങ്ങുകയാണ്. ആ നേരത്തും അദ്ദേഹത്തിന്റെ ഉമ്മ ഉണർന്നിരിക്കുകയായിരുന്നു. വെള്ളം കൊണ്ടുവന്നു മകനോട് കൈകാൽ കഴുകാൻ ആവശ്യപ്പെട്ട അവർ അവന്റെ മുന്നിൽ ചോറ് പാത്രം വച്ചുകൊടുത്തു. ഒന്നും മിണ്ടാതെ, നിശബ്ദതയെ ഭജ്ഞിച്ചുകൊണ്ട് മകൻ ചോദിച്ചു.

"ഉമ്മാ, ഞാൻ ഇന്ന് വരുമെന്ന്  ഉമ്മാ എങ്ങനെ അറിഞ്ഞു." ഉമ്മ പറഞ്ഞു " ചോറുവച്ച് എല്ലാ രാത്രിയിലും ഞാൻ നിന്നെ കാത്തിരുന്നു മകനെ പക്ഷെ മകൻ വന്നില്ല. എത്രയോ കാത്തിരിപ്പിനുശേഷം കാണാൻ കൊതിച്ചിരുന്ന അമ്മയുടെ മുന്നിൽ മകൻ പ്രത്യക്ഷപ്പെടുന്നു.  വികാരനിർഭരമായ ഈ രംഗം ബഷീർ എഴുതിയത് എത്രയോ ലളിതമായ വാക്കുകളിലൂടെ എന്നാൽ ആ വാക്കുകളുടെ ശക്തിയിൽ വായനക്കാരൻ കീഴ്‌പ്പെട്ടുപോകുന്നു. സ്വന്തം അനുഭവങ്ങൾ ഭാവനാത്മകമായി ആവിഷ്കരിക്കുമ്പോഴും കലയുടെ സ്പര്ശനമേറ്റ തിളങ്ങുന്ന വാക്കുകൾ. വിഷാദത്തിന്റെ അംശം പൂണ്ട് ദുഃഖം ഘനീഭവിച്ച് നിൽക്കുന്ന ഒരു സജീവ ചിത്രം വായനക്കാരന്റ മുന്നിൽ തെളിയുന്നു,ഒരു തേങ്ങൽ അവനറിയാതെ ഉയരുന്നു. ഒരു കണ്ണുനീർത്തുള്ളി ഇറ്റ് വീഴുന്നു.

വായനക്കാരുടെ ഓർമ്മയിൽ ഒരിക്കലും മരിക്കാത്ത ശ്രീ വൈക്കം മുഹമ്മദ് ബഷീർ, 1994 ജൂലായ് അഞ്ചിന് ഈ ലോകം വിട്ടുപിരിഞ്ഞു. നോബൽ സമ്മാനത്തിന് അർഹനായ എഴുത്തുകാരൻ എന്ന് സാഹിത്യലോകത്ത് പരക്കെ അംഗീകരിക്കപ്പെട്ടെങ്കിലും അത് ലഭിക്കുവാൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല.  എങ്കിലും അദ്ദേഹം വിശ്വവിഖ്യാതമായ എഴുത്തുകാരാനാകും. അദ്ദേഹത്തിന്റെ അനവധി പുസ്തകങ്ങൾ ഇന്ത്യയിലെ മറ്റുഭാഷകളിലേക്കും വിദേശഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തുവരുന്നു.

ബേപ്പൂരിലെ വീട്ടുമുറ്റത്തെ മാങ്കോസ്റ്റൈൻ തണലിൽ സൈഗാളിന്റെ സംഗീതം കേട്ടിരുന്ന കഥാകാരൻ നമ്മെ വിട്ടുപിരിഞ്ഞു. സൈഗാളിന്റെ സോജാ രാജകുമാരി എന്ന പാട്ടു ടേപ്പിലുറങ്ങുന്നു. ജീവിതകാലം മുഴുവൻ തന്റെ പാട്ടുകേട്ട് ആസ്വദിച്ച കഥാകാരനെ പരലോകത്തുവച്ച് കണ്ടുമുട്ടുമ്പോൾ സൈഗാൾ പാടുമായിരിക്കും "ആജാ രാജകുമാരാ (വരൂ രാജകുമാരാ) ഞാൻ നിന്നെ  കാത്തിരിക്കയായിരുന്നു."താമസമെന്തേ വരുവാൻ"
ശുഭം


Join WhatsApp News
girish nair 2020-07-05 00:13:54
വൈക്കം താലൂക്കിലുള്ള തലയോലപ്പറമ്പെന്ന ഒരു കൊച്ചു ഗ്രാമത്തെ വിശ്വസാഹിത്യത്തോളം വളർത്തിയ ജീവിതത്തെ തന്നെ പ്രാർത്ഥനയായികണ്ട യശശരീരനായ ശ്രീ വൈക്കം മുഹമ്മദ് ബഷീർ എന്ന വരൻമരത്തെയാണ് എന്ന്‌ നിസ്സംശയം പറയാം. ജീവിതവും സാഹിത്യവും തമ്മിലുള്ള അകലം ഇല്ലാതാക്കിയ ഒരു എഴുത്തുകാരൻ ആയിരുന്നു അദ്ദേഹം. പുതിയ പദാവലിയും ശൈലിയും മലയാളത്തിന് സമർപ്പിച്ച മഹപ്രതിഭ. ശ്രീ ബഷീർ രചനകളിൽ താൻ ജീവിച്ച കാലവും നേരിട്ട അനുഭവവും പശ്ചാത്തലവും തെളിഞ്ഞുകിടക്കുന്നു. ബഷീറെന്ന വ്യക്തി തന്റെ കൃതികളിലൂടെയും സംഭാഷണത്തിലൂടെയും വ്യത്യസ്തമായ ജീവിത വഴികളിൽകൂടെയും സാഹിത്യ ലോകത്ത് മുഴുവൻ ഇന്നും പടർന്ന് നിൽക്കുന്നു. ബഷീർ എന്ന യാത്രികനെ കാണിച്ചുതരുന്ന ഒരു ലേഖനം. ഓരോ രചനയും പുതിയ അനുഭൂതികൾ പകരുന്ന ശ്രീ സുധീർ സാറിന്റെ ശ്രീ ബഷീറിനെക്കുറിച്ചുള്ള അനുസ്മരണ സാക്ഷ്യപ്പെടുത്തുന്നു. എത്രയോക്കെ പറഞ്ഞുകഴിഞ്ഞാലും പിന്നെയും ബാക്കിയാകുന്നു ശ്രീ വൈക്കം മുഹമ്മദ് ബഷീർ എന്ന എന്റെ സ്വന്തം നാട്ടുകാരൻ.
Jyothylakshmy Nambiar 2020-07-05 10:36:47
'ന്റുപ്പാപ്പയ്ക്കൊരു പേനെണ്ടാർന്നു' എന്ന തലകെട്ടിലെ തമാശ ശ്രദ്ധേയം. ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെക്കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചുമുള്ള വിവരണം കൂടുതൽ അറിവ് പകർന്നു
andrew 2020-07-05 12:50:50
As a Novelist & short story writer; he created a unique path. His down to earth style is inspiring. His works got translated and he got world wide reputation. His involvement in the freedom fight after seeing Gandhiji, long Journey in India & abroad, all different kinds of jobs he did to survive are great lessons he gave us along with his great literary works. Thanks to Sri.Sudhir for bringing up the memories of this great man. Few quotes from his works:- “പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്‍റെ പ്രിയ സുഹൃത്ത്‌ എങ്ങനെ വിനിയോഗിക്കുന്നു? ഞാനാണെങ്കില്‍...... എന്‍റെ ജീവിതത്തിലെ നിമിഷങ്ങളോരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ് . സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയില്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് . സാറാമ്മയുടെ കേശവന്‍ നായര്‍” from പ്രേമ ലേഘനം ''“എടീ! മധുരസുരഭില നിലാവെളിച്ചമേ” !''
കോരസൺ 2020-07-05 15:08:38
സാധാരണ ഭാഷ കൊണ്ട് അസാധാരണ ചിത്രം വരയ്ക്കാൻ മലയാളിയെ പഠിപ്പിച്ച മലയാളഭാഷയുടെ തച്ചൻ. ഇപ്പോഴും മലയാള എഴുത്തുകാരുടെ ഉപ്പയായി, ഉപ്പയുടെ ആന എന്ന വലിയ അടയാളപ്പെടുത്തൽ. ശ്രീ സുധീർ പണിക്കവീട്ടിന്റെ മനോഹരമായ കുറിപ്പുകളിലൂടെ ഉപ്പാക്ക് ഉള്ള പേനയായി. കോരസൺ
Sudhir Panikkaveetil 2020-07-06 09:09:37
വായിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്‌ത എല്ലാവര്ക്കും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക