Image

കഥകളുടെ സുൽത്താൻ (1908-1994) - ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ

Published on 05 July, 2020
കഥകളുടെ സുൽത്താൻ (1908-1994) - ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ
നിഷ്കളങ്കമായ ഭാഷാശൈലിയിലൂടെ പ്രസാദാത്മകമായ ഒരു അനുഭൂതി വായനക്കാരന് പകരാനുള്ള ശ്രീവൈക്കംമുഹമ്മദ്ബഷീറിന്റെ കഴിവ് അദ്ദേഹത്തെ മലയാള സാഹിത്യത്തിലെ എക്കാലത്തെയും സുൽത്താനാക്കുന്നു. അനുപമസുന്ദരമായ രചനകൾകൊണ്ട് ജീവിച്ചിരിക്കുമ്പോൾ തന്നെ ഒരു ഇതിഹാസമാകാൻ കഴിഞ്ഞ ഈ അനുനഗ്രഹീത എഴുത്തുകാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്  ഈ ജൂലായ് മാസം അഞ്ചിന് ഇരുപത്തിയാറു വർഷങ്ങൾ തികഞ്ഞു.ബഷീറിനെ കുറിച്ച് ഓർക്കുമ്പോൾ പെട്ടെന്ന് നമ്മുടെ മനസ്സിലേക്ക് ഓടി വരുന്ന അദ്ദേഹത്തിന്റെ പ്രശസ്ത പുസ്തകങ്ങൾ ബാല്യകാലസഖി, പാത്തുമ്മയുടെ ആറ്, പ്രേമലേഖനം, മതിലുകൾ, ശബ്ദങ്ങൾ, ന്റുപ്പാപ്പാക്ക്ഒരാനേണ്ടാർന്നു, പാവപ്പെട്ടവരുടെ വേശ്യ, മുച്ചീട്ടുകളിക്കാരന്റെമകൾ, വിശ്വവിഖ്യാതമായ മൂക്ക് , വിഡ്ഢികളുടെ സ്വർഗ്ഗം എന്നിവയാണ്. തന്റെ കഥകളിലും നോവലുകളിലും ബഷീർ അദ്ദേഹം ചുറ്റിലും കണ്ട മനുഷ്യരുടെ ജീവിതം അക്ഷരങ്ങളിലൂടെവരച്ചുകാട്ടി. അതിലെ കഥാപാത്രങ്ങൾ എക്കാലവും, വായനയിലൂടെഎന്ന്തോന്നാതെ,മുഖാമുഖംനമ്മോടുസംവദിച്ചു. അധികമൊന്നും നീട്ടിവലിച്ചെഴുതുന്ന പ്രകൃതം അദ്ദേഹത്തിനില്ലായിരുന്നു. അദ്ദേഹത്തിന്റെ ആത്മാംശം നിറഞ്ഞ നോവൽ ബാല്യകാലസഖി വെറും എഴുപത്തിയഞ്ച് പേജുകളിൽ അദ്ദേഹം എഴുതി വച്ചു.

ജീവിതാനുഭവങ്ങൾ അക്ഷരങ്ങളിൽ പകർത്തുന്ന ഒരുഎഴുത്തുകാരാണ് അധികവുംഇപ്പോഴുംപ്രശസ്തരാകാറുള്ളത്എന്ന്പറയാറുണ്ട്. ഇത്ശ്രീബഷീറിന്റെകാര്യത്തിൽ പലപ്പോഴുംവളരെശരിയാണെന്നുതോന്നാറുണ്ട്. കാരണം വിദ്യാഭ്യാസം പൂർത്തിയാക്കാതെ അദ്ദേഹം നന്നേ ചെറുപ്പത്തിൽ നാടുവിട്ടുപോയി.അങ്ങനെ സഞ്ചരിച്ച രാജ്യങ്ങളിൽ കണ്ടുമുട്ടിയ മനുഷ്യർ, അവരുടെ ജീവിതങ്ങൾ അദ്ദേഹം കഥകളിൽ ആവിഷ്കരിച്ചു.പച്ചയായ ജീവിതത്തിന്റെ നേർക്കാഴ്ച്ചകളിലേക്ക് നോക്കിയിരുന്നു എഴുതിയ രചനകൾ അങ്ങനെ പകരം വയ്ക്കാനില്ലാത്ത അമൂല്യസൃഷ്ടികളായി. തീവ്രമായ മാനുഷിക വികാരങ്ങൾ വളരെ ലളിതമായ ഭാഷയിൽ എഴുതികൊണ്ട് സ്വാഭാവികതയുടെ ചട്ടക്കൂട്ടിൽ അദ്ദേഹംഒതുക്കി നിറുത്തി.

ശക്തമായ ആക്ഷേപഹാസ്യം അദ്ദേഹത്തിന്റെ സവിശേഷമായ ശൈലിയിൽ പെടുന്നു. മുസ്ലിം സമുദായത്തിൽ നില നിന്നിരുന്ന അനാചാരങ്ങളെ ധീരതയോടെ തുറന്നുകാട്ടുന്ന നോവലായിരുന്നു ന്റുപ്പുപ്പാക്ക് ഒരാനേണ്ടാർന്നു. അതിലെ നിഷ്ക്കളങ്കയായ കുഞ്ഞുപാത്തുമ്മായുടെ സംസാരം, ലോകവിവരം ഇല്ലാത്ത ആ നാടൻ പെൺകുട്ടിയുടെ സംശയങ്ങൾ എല്ലാം രസകരമായി വിവരിക്കുമ്പോൾ അത് വായിച്ച് രസിക്കുന്ന വായനക്കാരൻ അതിലെഅന്തഃസത്തയെകുറിച്ച്ചിന്തിക്കുക കൂടി ചെയ്യുന്നു.

‘പ്രേമലേഖനം’ എന്ന ആദ്യകൃതി എഴുതികൊണ്ട് രംഗപ്രവേശം ചെയ്ത ബഷീർ കഥകളിലെല്ലാം പ്രണയം വിഷയമാക്കിയിട്ടുണ്ട്. മതിലുകൾ എന്ന നോവലിൽ ജയിൽപുള്ളികളായ സ്ത്രീയും പുരുഷനും ഒരു മതിലിന്റെ അപ്പുറത്തും ഇപ്പുറത്തും നിന്ന് പ്രണയസല്ലാപം നടത്തുന്നത് കൽപ്പിത കഥയെന്നു തോന്നാത്ത വിധം യാഥാർഥ്യത്തിന്റെ സുതാര്യമായ ആവിഷ്കാരമാണ്. അവരുടെ സംഭാഷണങ്ങൾ പോലും കൃത്രിമത്വം തീരെ കലരാത്ത വിധം പവിത്രമായ സ്നേഹവികാരത്തിന്റെ മന്ത്രധ്വനികൾ പോലെയായിരുന്നു. വായനക്കാർ അതെല്ലാം കൗതുകത്തോടെ, അതിശയത്തോടെ വായിക്കുമ്പോൾ എല്ലാ കഥകളിലും ഒരു പുതുമ വായനക്കാരന് അനുഭവപ്പെടുന്നു.

ബഷീറിന്റെ ‘ബാല്യകാലസഖി’ അദ്ദേഹത്തിന്റെ സാക്ഷാത്കരിക്കപ്പെടാത്ത പ്രണയത്തിന്റെ കഥയാണ്. ആ നോവലിലെ മജീദെന്നകഥാപാത്രംബഷീറും സുഹറ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവളുമാണ്.പ്രണയസാക്ഷാത്കാരം കാമുകി കാമുകന്മാരുടെ സ്വപ്നമാണ്. സ്വപനം എന്ന് പറയുന്നതാണ് ശരി.അയൽക്കാരായ സുഹറയും മജീദും ചെറുപ്പം മുതൽ ഒരുമിച്ച്കളിച്ചുവളർന്നവരായിരുന്നു. പ്രായമായപ്പോൾ ആ ചങ്ങാത്തംപ്രണയത്തിന്റെ അനുഭുതിയിലേയ്ക്ക് കൈകോർത്തുയാത്രതുടങ്ങി. എന്നാൽ വിധി ആ ബന്ധത്തെ അനുകൂലിച്ചില്ല. പ്രത്യേകസാഹചര്യത്തിൽ നാടുവിട്ട പോകേണ്ടിവന്ന മജീദ് തിരിച്ചെത്തിയപ്പോൾ സുഹ്‌റകശാപ്പുകാരന്റെ ജീവിതപങ്കാളിആയി കഴിഞ്ഞിരുന്നു. അയാളുടെ ക്രൂരത സഹിക്കാൻ കഴിയാതെ സ്വന്തംവീട്ടിലേയ്ക്ക്തിരിച്ചുവന്ന സുഹ്റയോട് തിരിച്ചുപോകേണ്ടെന്നു പറഞ്ഞു വീണ്ടും നാടുവിടുന്ന മജീദ് കേൾക്കുന്ന സുഹറയുടെ മരണവാർത്തയെകുറിച്ചുള്ള അവതരണം ഏതൊരുസഹൃദയവായനക്കാരന്റെയുംമിഴികൾ ഈറനണിയിക്കുന്നു.. തീവ്രമായ, തീഷ്ണമായ പ്രണയത്തിന്റെ അനുഭവങ്ങൾ വികാരപരതയോടെ ബഷീർ എഴുതിയിരിക്കുന്നു.“മാംസനിബദ്ധമല്ലാത്ത ഒരു അനുരാഗത്തിന്റെ ദാരുണമായ അന്ത്യം”. സുഹ്‌റ മരിച്ചുവെന്നറിയിച്ചുകൊണ്ട് ഉമ്മ അയച്ച എഴുത്തുവായിച്ച് മജീദിന്റെഹൃദയവികാരത്തെഅദ്ദേഹം നമുക്ക്കാണിച്ച്തന്നത്ഇങ്ങിനെയാണ് “പ്രപഞ്ചം ശൂന്യം, ഇല്ല പ്രപഞ്ചത്തിൽ ഒന്നും സംഭവിച്ചിട്ടില്ല, നഗരം ഇരമ്പുന്നു, സൂര്യൻ പ്രകാശിക്കുന്നുണ്ട് , കാറ്റ് വീശുന്നു, ഉള്ളിൽ നിന്ന്  രോമകൂപങ്ങൾ വഴി പൊന്തിയ ആവിയിൽ മജീദ് കുളിച്ചുപോയി. ഓർമ്മകൾ... മജീദ് ഓർത്തു. യാത്രപറഞ്ഞു ഇറങ്ങാൻ തുടങ്ങുമ്പോൾ സുഹ്‌റ എന്തോ പറയാൻ ആരംഭിച്ചു. പക്ഷെ ബസ്സിന്റെ ഹോണിന്റെ ശബ്ദം കേട്ട് ഉമ്മ വന്നു പറഞ്ഞു മോനെ ബസ്സു പോകും, മജീദ് പുറപ്പെട്ടു. സുഹ്‌റക്ക് പറയാൻ ഉണ്ടായിരുന്നത് മജീദിന് കേൾക്കാൻ കഴിഞ്ഞില്ല.  നിറഞ്ഞ  നയനങ്ങളോടെ ചെമ്പരുത്തിയിൽ പിടിച്ചുകൊണ്ട് പൂന്തോട്ടത്തിൽ സുഹ്‌റ...എന്തായിരുന്നു സുഹ്റാക്ക് പറയാൻ ഉണ്ടായിരുന്നത്. മജീദിന്റെ മനസ്സിൽ കേൾക്കാൻ കൊതിച്ച ആ കാര്യം എന്തെന്നറിയാത്ത കാര്യം തുടിച്ചുകൊണ്ടിരുന്നു”

മലയാളത്തിലെ വളരെ സാധാരണമായ വാക്കുകൾകോർത്തിണക്കുമ്പോൾ അദ്ദേഹത്തിന്റെതൂലികയുടെമാന്ത്രികസ്പർശംവായനക്കാരന്റെമനസ്സിനെപിടിച്ചിരുത്തുന്നു. ഈ സുൽത്തന്റെ തൂലികയിൽ നിന്നും മനുഷ്യജീവിതത്തിലെ എല്ലാ സംഭവങ്ങളും ഒഴുകി വന്നു. ചിലപ്പോൾ നർമ്മം കലർത്തി നമ്മെ രസിപ്പിച്ചുകൊണ്ട്, ചിലപ്പോൾ വളരെ തത്വചിന്താപരമായ ആശയങ്ങൾ അവതരിപ്പിച്ചുകൊണ്ട്, ചിലപ്പോൾ നമ്മെ ഗഹനമായി ചിന്തിപ്പിച്ചുകൊണ്ട്.  എല്ലാ രചനകളിലും സുന്ദരമായ ഭാഷ ഉപയോഗിക്കുന്നതിൽ ബഷീർ നിഷ്കർഷതപാലിച്ചു.സ്വന്തം ജീവിതത്തെതുറന്നഒരുപുസ്തകമാക്കി, മനോഹരമായഭാഷയിൽ അദ്ദേഹംവായനക്കാർക്കായിനിവർത്തിവച്ചു.
മലയാളഭാഷയ്ക്ക് ഒരിക്കലും മറക്കാനാവാത്ത കൃതികൾ സമ്മാനിച്ച ഈ എഴുത്തുകാരനറെ ഓർമ്മകൾക്ക് മുന്നിൽ ഈ എളിയ എഴുത്തുകാരിയുടെ പ്രണാമം.

Join WhatsApp News
girish nair 2020-07-05 11:47:00
കഥക്ക് വേണ്ടി കഥ എഴുതിയിരുന്നില്ല ശ്രീ ബഷീർ... അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു കഥയും. ഇമ്മിണി ബല്യ ഒന്നിൽ.... പാത്തുമ്മയുടെ ആടിൽ.... എല്ലാം എല്ലാം.... അനുഭവങ്ങളുടെ വെളിച്ചത്തിൽ വിടർന്നതും. കഥകളുടെ ഒരു ഭുഖണ്ഡം തന്നെ മലയാളക്കരയിലേക്ക് കൊണ്ടുവന്നു. ബേപ്പൂർ സുൽത്താനെന്ന സ്വയം പദവി അലങ്കരിച്ച അദ്ദേഹം കഥകളുടെ സുൽത്താനായി ജീവിച്ചു. അദേഹത്തിന് തുല്യം അദ്ദേഹം മാത്രം. സരസമായി ഏഴുതിയിരിക്കുന്നു. മനോഹരം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക