Image

വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇരുട്ടടി: ഓണ്‍ലൈന്‍ കോഴ്‌സ് മാത്രമെങ്കില്‍ രാജ്യം വിടണം (അജു വാരിക്കാട്)

Published on 07 July, 2020
വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇരുട്ടടി: ഓണ്‍ലൈന്‍ കോഴ്‌സ് മാത്രമെങ്കില്‍ രാജ്യം വിടണം (അജു വാരിക്കാട്)
വാഷിംഗ്ടണ്‍, ഡി.സി: വിദേശ വിദ്യാര്‍ഥികളുടെ വയറ്റത്തടിക്കുന്ന നയവുമായി ഇമ്മിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ) രംഗത്ത്.

പഠനം പൂര്‍ണമായും ഓണ്‍ലൈനിലേക്കു മാറ്റുന്ന യൂണിവേഴ്‌സിറ്റികളില്‍ ഉള്ള വിദ്യാര്‍ഥികള്‍ രാജ്യം വിടണമെന്നാണു പുതിയ ഉത്തരവ്. അല്ലെങ്കില്‍ അവരെ ഡീപോര്‍ട്ട് ചെയ്യാം.

യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്നവര്‍ക്കു മാത്രമല്ല ട്രയിനിംഗ് പ്രോഗ്രാമുകള്‍ക്കും മറ്റും വന്നവര്‍ക്കും ഇത് ബാധകമാണ്.

വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, ഈ പ്രഖ്യാപനം നേരിട്ടു ബാധിക്കുന്ന 1.2 ദശലക്ഷം വിദ്യാര്‍ത്ഥികളുണ്ട്.

കോവിഡ് മൂലം ഹാര്‍വാര്‍ഡ് അടക്കം നിരവധി യൂണിവേഴ്‌സിറ്റികള്‍ ഈ ഫാള്‍ സീസണ്‍ മുതല്‍ പഠനം ഓണ്‍ലൈന്‍ ആക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കാമ്പസില്‍ തമസിക്കുന്നവര്‍ക്കും ക്ലാസ് ഓണ്‍ലൈനില്‍ എന്നാണു യൂണിവേഴ്‌സിറ്റികള്‍ തീരുമാനിച്ചത്.

വലിയ തുക മുടക്കി അമേരിക്കയില്‍ പഠിക്കാന്‍ വന്നവരുടെ ഭാവി തന്നെ തകര്‍ക്കുന്നതായി ഈ തീരുമാനം. അപ്രതീക്ഷിതമായ ഈ തീരുമാനം വിദ്യാഭ്യാസ അധിക്രുതരെയും അമ്പരപ്പിച്ചു.

പൂര്‍ണമായും ഓണ്‍ലൈന്‍ കോഴ്‌സില്‍ ചേര്‍ന്നവര്‍ അമേരിക്കയില്‍ തുടരരുത് എന്നാണു ഉത്തരവ്. അതു പോലെ പൂര്‍ണമായി ഓണ്‍ലൈന്‍ കോഴ്‌സിനു ചേരാന്‍ വിസ നല്കില്ല. അത്തരം കോഴ്‌സില്‍ ചേരാന്‍ വരുന്നവരെ ഇങ്ങോട്ടു കടത്തി വിടുകയുമില്ല.

ഈ സാഹചര്യം മറികടക്കാന്‍ കാമ്പസില്‍ ക്ലാസ് നടത്തുന്ന യൂണിവേഴ്‌സിറ്റികളിലേക്കു വിദ്യാര്‍ഥികള്‍ക്ക് മാറാമെന്നു ഐ.സി.ഇ. ഉത്തരവ് പറയുന്നു. കാമ്പസിലും ഓണ്‍ലൈന്‍ ആയും പകുതി വീതം ക്ലാസ് നടത്തുന്ന യൂണിവേഴ്‌സിറ്റികള്‍ക്കും ഇളവുണ്ട്.

കൊറോണ വൈറസ് പാന്‍ഡെമിക്കിന്റെ ഫലമായാണു രാജ്യവ്യാപകമായി സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍ കോഴ്സുകളിലേക്ക് മാറാനുള്ള തീരുമാനം എടുത്തു തുടങ്ങിയത്. അതു പക്ഷെ വിദേശ വിദ്യാര്‍ഥികള്‍ക്ക് ദോഷമായി. വിദേശവിദ്യാര്‍ഥികളില്‍ നല്ലൊരു പങ്ക് ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും വരുന്നവരാണ്. അവര്‍ പഠനം പൂര്‍ത്തീയാക്കാതെ മടങ്ങിയാല്‍ തിരിച്ചു വരാനാവുമൊ എന്ന് ഉറപ്പില്ല. പലരും വിസ നീട്ടി ഇവിടെ തുടരാം എന്ന പ്രതീക്ഷയിലാനു വലിയ വായ്പകള്‍ എടുത്ത് വരുന്നത്. അവരെയൊക്കെയാണു ഉത്തരവ് ബാധിക്കുക.

യൂണിവേഴ്‌സിറ്റികളുടെ വരുമാനത്തേയും ഇത് ബാധിക്കുമെന്നതില്‍ സംശയമില്ല.

'ഇത് വളരെ നിരാശാജനകമാണ്,' ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റിലെ ബിരുദ വിദ്യാര്‍ത്ഥിനി വലേറിയ മെന്‍ഡിയോള (26) സി.എന്‍.എന്‍. നോടു പറഞ്ഞു. 'എനിക്ക് മെക്‌സിക്കോയിലേക്ക് മടങ്ങേണ്ടിവന്നാല്‍, പോകാന്‍ കഴിയും, പക്ഷേ പല അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും അങ്ങനെ അല്ലാ കാര്യങ്ങള്‍.'

പ്രഖ്യാപനം തന്നെയും മറ്റ് പലരെയും അത്ഭുതപ്പെടുത്തി-അമേരിക്കന്‍ കൗണ്‍സില്‍ ഓണ്‍ എഡ്യൂക്കേഷന്‍ വൈസ് പ്രസിഡന്റ് ബ്രാഡ് ഫാണ്‍സ്വര്‍ത്ത് പറഞ്ഞു. 'ഇത് ആശയക്കുഴപ്പവും അനിശ്ചിതത്വവും സൃഷ്ടിക്കുന്നു,' 1,800 കോളേജുകളെയും സര്‍വകലാശാലകളെയും പ്രതിനിധീകരിക്കുന്ന ഫാണ്‍സ്വര്‍ത്ത് പറഞ്ഞു.

'കോവിഡ് സാഹചര്യം കൂറ്റുതല്‍ വഷളാകുകയും കാമ്പസില്‍ ക്ലാസുകള്‍ വാഗ്ദാനം ചെയ്ത സര്‍വകലാശാലകള്‍ തന്നെ സുരക്ഷിതരായി തുടരാന്‍ എല്ലാ കോഴ്സുകളും ഓണ്‍ലൈനിലേക്ക് മാറ്റുകയും ചെയ്താല്‍ എന്ത് സംഭവിക്കുമെന്നതാണ് ആശങ്ക ഉണര്‍ത്തുന്നത്,' ഫാര്‍ണ്‍സ്വര്‍ത്ത് ചൂണ്ടിക്കാട്ടി.

വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ നിയമം എല്ലായ്‌പ്പോഴും കര്‍ക്കശമാണ്. ഓണ്‍ലൈന്‍ മാത്രം ഉള്ള കോഴ്സുകള്‍ എടുക്കാന്‍ യുഎസിലേക്ക് വരുന്നത് നിരോധിച്ചിട്ടുമുള്ളതാണ്.

ഇതൊന്നും വ്യാജ യൂണിവേഴ്‌സിറ്റികളല്ല. കോവിഡ് ഇല്ലായിരുന്നെങ്കില്‍ കാമ്പസില്‍ ക്ലാസുകള്‍ നടത്തുന്നവയാണ് അവ-ബൈപാര്‍ട്ടിസാന്‍ പോളിസി സെന്റര്‍ ഡയറക്ടര്‍ തെരെസ കാര്‍ഡിനല്‍ ബ്രൗണ്‍ പറഞ്ഞു.

'വിദ്യാര്‍ത്ഥികള്‍ വന്ന രാജ്യങ്ങളില്‍ ചിലതിന് യാത്രാ നിയന്ത്രണങ്ങളുണ്ട്, അവര്‍ക്ക് അങ്ങോട്ടു പോകാന്‍ കഴിയില്ല, അവര്‍ എന്തുചെയ്യും? ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ഇരുട്ടടി ആണ്-ബ്രൗണ്‍ പറഞ്ഞു

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ലാറി ബാക്കോയും ഈ നീക്കം അപലപിച്ചു. ഈ നിര്‍ദേശങ്ങളില്‍ ഞങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ട്. യാതൊരു മയവുമില്ലാതെ എല്ലാവര്‍ക്കും ഒരു സൈസിലുള്ള ഷൂ നകുന്നതു പോലെയായി ഇത്. സങ്കീര്‍ണമായ സ്ഥിതി വിശേഷം നേരിടുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് രാജ്യം വിടുന്നതോ മറ്റു സ്ഥാപനങ്ങളിലേക്ക് മാറുന്നതോ അല്ലാതെ അധികം ഒഴിവുകളൊന്നും നല്കിയിട്ടില്ല.

മറ്റു യൂണീവേഴ്‌സിറ്റികളുമായി സഹകരിച്ച് മേല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രഖ്യാപനം മൂലം വിദ്യാര്‍ഥികള്‍ അമേരിക്കക്കു പകരം മറ്റു രാജ്യങ്ങളില്‍ പഠിക്കാന്‍ പോകുന്ന സാഹചര്യവും ഉണ്ടാകുമെന്നദ്ദേഹം പറഞ്ഞു.

പാന്‍ഡെമിക് സാഹചര്യം മുതലെടുത്ത് ട്രമ്പ് ഭരണകൂടം ഇമിഗ്രേഷന്‍ നിയമത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്.

ഗ്രീകാര്‍ഡുകള്‍ നല്‍കുന്നതും എച്ച്-1 ബി വിസയില്‍ ആളുകള്‍ വരുന്നതുമൊക്കെ ഈ വാര്‍ഷാവസാനം വരെ ഭരണകൂടം മരവിപ്പിച്ചിരുന്നു.

കൊറോണയുടെ മറവില്‍ ഭരണകൂടം വലിയ തോതില്‍ കുടിയേറ്റ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുകയും നിയമപരമായ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള അജണ്ട മുന്നോട്ട് വയ്ക്കുകയും ചെയ്യുന്നു എന്നാണ് കുടിയേറ്റ അഭിഭാഷകരും വ്യവസായികളും മറ്റു വിദഗ്ധരും പറയുന്നത്.

ഓഫ്ലൈന്‍ കോഴ്സുകളുള്ള ഒരു കോളേജിലേക്കോ യൂണിവേഴ്സിറ്റിയിലേക്കോ മാറാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടെങ്കിലും, കൊറോണ വൈറസിനെക്കുറിച്ചുള്ള നിരന്തരമായ ആശങ്കകള്‍ക്കിടയില്‍ ഇത് വളരെ അപ്രായോഗികമാണ്.
see order
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക