Image

സ്വപ്നയുമായി ഏറെക്കാലമായി ബന്ധമില്ലെന്നു അമേരിക്കയിലുള്ള സഹോദരന്‍

Published on 08 July, 2020
സ്വപ്നയുമായി ഏറെക്കാലമായി ബന്ധമില്ലെന്നു അമേരിക്കയിലുള്ള സഹോദരന്‍
സ്വപ്ന സുരേഷിന്റെ ഇടപാടുകള്‍ അറിയില്ലെന്നു അമേരിക്കയിലുള്ള മൂത്ത സഹോദരന്‍ ബ്രൈറ്റ് സുരേഷ്. തനിക്കും കുടുംബത്തിനും സ്വപ്നയുമായി ഒരു ബന്ധവുമില്ലെന്നും സഹോദരന്‍ പറഞ്ഞു. കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോള്‍ സ്വപ്നയെ താന്‍ കാണാന്‍ പോലും ശ്രമിച്ചിട്ടില്ലെന്നും ബ്രൈറ്റ് മീഡിയ വണിനോട് പ്രതികരിച്ചു.

സ്വപ്ന ഭീഷണിപ്പെടുത്തിയെന്നു സഹോദരന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. സ്വത്ത് സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന്, കൈയും കാലും വെട്ടുമെന്നു പറഞ്ഞു. സ്വപ്നയ്ക്കു നല്ല സ്വാധീനമുണ്ടെന്ന് അറിയാം. കുടുംബസ്വത്തില്‍ താന്‍ ഒരു തരത്തിലും അവകാശമുന്നയിച്ചിട്ടില്ലെന്നും സുരേഷ് പറഞ്ഞു. അവരുടെ സ്വകാര്യ കാര്യങ്ങളിലോന്നും ഇടപെടാറില്ല. പത്താം ക്ലാസ് പാസ് ആയിട്ടുണ്ടോ ഉന്നതവിദ്യാഭ്യാസം നേടിയോ എന്നുപോലും അറിയില്ലെന്നും പറഞ്ഞു.

ജനിച്ചതും വളര്‍ന്നതും അബുദാബിയിലാണ്. മൂത്തയാളാണ് താന്‍. പിന്നെ സ്വപ്ന, ഇളയ സഹോദരന്‍ ബ്രൗണ്‍ സുരേഷ്. പതിനേഴു വയസ്സ് കഴിഞ്ഞപ്പോഴാണ് അമേരിക്കയിലേക്കു പോകുന്നത്. ബാക്കി വിദ്യാഭ്യാസം യുഎസിലായിരുന്നു. ഒരു ടെലികോം കമ്പനിയിലാണു ജോലി ചെയ്യുന്നത്. പിന്നീടു തിരിച്ച് അബുദാബിയിലേക്കു വന്നിരുന്നില്ല. അബുദാബിയില്‍ കുടുംബത്തിനു നല്ല സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നു. അച്ഛന്‍ രാജകുടുംബത്തിലെ ഒരാള്‍ക്കൊപ്പമാണു ദീര്‍ഘനാള്‍ ജോലി ചെയ്തിരുന്നത്. പിന്നീട് ടയര്‍ ഷോപ്പ് ഉള്‍പ്പെടെ പല ബിസിനസുകളും ചെയ്തിരുന്നു.

ഇളയ സഹോദരന്‍ ബ്രൗണ്‍ സുരേഷ് ഇന്ത്യയിലുണ്ടെന്നും അദ്ദേഹവുമായി സംസാരിക്കാറുണ്ടെന്നും ബ്രൈറ്റ് പറഞ്ഞു. ബ്രൗണും സ്വത്തില്‍ അവകാശവാദം ഉന്നയിച്ചിരുന്നില്ല.

22 വര്‍ഷത്തിനു ശേഷം 2015 ല്‍ പിതാവിനെ കാണാനായി അബുദാബിയില്‍ എത്തിയപ്പോഴാണ് സ്വപ്നയെ അവസാനമായി മുഖാമുഖം കാണുന്നത്.

കഴിഞ്ഞ വര്‍ഷം കുടുംബത്തിനൊപ്പം കേരളത്തില്‍ വന്നപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പമാണു കഴിഞ്ഞത്. അമ്മയെ കണ്ടിരുന്നു. സ്വത്തിനു വേണ്ടിയാണ് എത്തിയതെന്നു കരുതി സ്വപ്ന ഭീഷണിപ്പെടുത്തിയിരുന്നു. കൈയും കാലും വെട്ടുമെന്നും തിരിച്ചു യുഎസിനു പോകാന്‍ കഴിയാതെ ഇവിടെയിരുന്നു ഭിക്ഷയെടുക്കേണ്ടിവരുമെന്നും പറഞ്ഞു.

അതേ സമയം, സ്വപ്ന സുരേഷിനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്നു കസ്റ്റംസ് അധികൃതര്‍. യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥയായ ഇവര്‍ രാജ്യത്തിനു പുറത്തുകടക്കില്ലെന്ന് ഉറപ്പിക്കാനാണു നടപടി.

സ്വപ്നയുടെ നീക്കങ്ങളെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നു മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അവര്‍ എന്തിനാണ് ഒളിക്കുന്നതെന്ന് അറിയില്ല. അത് അവരെ കൂടുതല്‍ കുഴപ്പത്തിലാക്കുകയേ ഉള്ളൂ. എന്തായാലും അവരെ പിടികൂടുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അറിയുന്ന നാലു പേരെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അധികൃതരുമായി സഹകരിക്കുമെന്ന് യുഎഇ എംബസി അധികൃതര്‍. സ്വര്‍ണക്കടത്ത് കോണ്‍സുലേറ്റിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന സംഭവമാണെന്നും കോണ്‍സുലേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

കോണ്‍സുലേറ്റിലെ ഒരു ജീവനക്കാരന്‍ പഴുതുകള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. ഇന്ത്യയില്‍ നടന്ന കുറ്റകൃത്യമാണെങ്കിലും സ്വര്‍ണം അയച്ചത് യുഎഇയില്‍ നിന്നാണ്. അതിനാല്‍ സ്വര്‍ണം അയച്ചത് ആരാണെന്ന് അന്വേഷിക്കും. അന്വേഷണത്തില്‍ ഇന്ത്യയുമായി സഹകരിക്കും. കൃത്യമായ അന്വേഷണം ഉണ്ടാവുമെന്നും യുഎഇ എംബസി അധികൃതര്‍ വ്യക്തമാക്കി.

കോണ്‍സുലേറ്റിലെ ആര്‍ക്കും പങ്കില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും നയതന്ത്ര ചാനലിനെ കുറിച്ച് അറിയുന്ന ഒരാള്‍ അത് ദുരുപയോഗം ചെയ്തെന്നാണ് മനസിലാക്കുന്നതെന്നും നേരത്തെ യു.എ.ഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന പറഞ്ഞിരുന്നു.

യു.എ.ഇ. കോണ്‍സുലേറ്റിന്റെ നയതന്ത്ര പാഴ്സലിന്റെ മറവില്‍ സ്വര്‍ണംകടത്തിയെന്നാണ് കേസ്. 15 കോടിരൂപ വിലവരുന്ന 30 കിലോ സ്വര്‍ണമാണ് യു.എ.ഇ. കോണ്‍സുലേറ്റിന്റെ പേരില്‍വന്ന ഡിപ്ലോമാറ്റിക് പാഴ്സലില്‍ കണ്ടെത്തിയത്. ഐ.ടി. വകുപ്പിനുകീഴിലുള്ള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓപ്പറേഷന്‍ മാനേജര്‍ സ്വപ്ന സുരേഷാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്ന് അന്വേഷണസംഘം കണ്ടെത്തി.

സ്വപ്‌ന സുരേഷ് ശാന്തിഗിരി ആശ്രമത്തില്‍ വന്നെന്നത് വ്യാജപ്രചാരണമാണെന്ന് ഗുരുരത്‌നം ജ്ഞാന തപസ്വി. കസ്റ്റംസ് അധികൃതര്‍ ആശ്രമത്തില്‍ എത്തിയെങ്കിലും സ്വപ്ന ആശ്രമത്തില്‍ വന്നിട്ടില്ലെന്ന് അറിയിച്ചു. കുറ്റവാളികള്‍ക്ക് അഭയം കൊടുക്കുന്ന സ്ഥലമല്ല ഇത്.

കോണ്‍സുലേറ്റ് പരിപാടികളില്‍ സ്വപ്‌ന സുരേഷിനെ കണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്വപ്ന ശാന്തിഗിരി ആശ്രമത്തില്‍ ഉണ്ടെന്ന് വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ ആശ്രമത്തില്‍ പരിശോധന നടത്തിയത്.

സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായും സൂചനയുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ പോയ സന്ദീപ് നായര്‍ പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്ന് സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍.

ബിജെപിയുടെ പ്രധാന പ്രവര്‍ത്തകനാണ് സന്ദീപ്. ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ എസ് കെ പി രമേശിന്റെ ജീവനക്കാരനാണ് സന്ദീപ്.

ഇയാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പരിശോധിച്ചാല്‍ അതിലെ പ്രൊഫൈല്‍ ചിത്രം തന്നെ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റെ കൂടെ സന്ദീപ് ഒന്നിച്ചു നില്‍ക്കുന്ന ചിത്രമാണെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

സന്ദീപിന്റെ അമ്മ ഉഷയാണ് ഇയാള്‍ സിപിഎം പ്രവര്‍ത്തകനാണെന്ന് മാധ്യമങ്ങളോട് പറഞ്ഞത്. സന്ദീപിന് ഏതെങ്കിലും പാര്‍ട്ടിയുമായി ബന്ധമുണ്ടോ എന്ന് ചോദിക്കുമ്പോള്‍, അവന്‍ പാര്‍ട്ടിയിലുണ്ട് എന്നാണ് അമ്മ ഉഷ പറയുന്നത്.

അതേസമയം, സന്ദീപ് നായര്‍ സരിത്തിനൊപ്പം മുമ്പും സ്വര്‍ണം കടത്തിയെന്ന് ഭാര്യ സൗമ്യ പ്രതികരിച്ചു. സന്ദീപ് ഇടയ്ക്കിടെ ദുബായില്‍ പോയിരുന്നുവെന്ന് സൗമ്യ കസ്റ്റംസിന്റെ ചോദ്യംചെയ്യലില്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക