Image

കോവിഡ് പ്രമേഹം മുതല്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കു വരെ കാരണമാകുമെന്ന് പഠനം

Published on 08 July, 2020
കോവിഡ് പ്രമേഹം മുതല്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കു വരെ കാരണമാകുമെന്ന് പഠനം
കോവിഡ്19 ശ്വാസകോശത്തെയും തലച്ചോറിനെയും കിഡ്‌നികളെയും മാത്രമല്ല ശരീരത്തിന്റെ എന്‍ഡോക്രൈന്‍ സംവിധാനത്തെതന്നെ നശിപ്പിക്കാം എന്നാണ്  ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ഒരു  റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്. ശ്രീലങ്കയിലെ ഗവേഷകര്‍ നടത്തിയ ഈ പഠനം ജേണല്‍ ഓഫ് ദ് എന്‍ഡോക്രൈന്‍ സൊസൈറ്റിയിലാണ് പ്രസിദ്ധീകരിച്ചത്.

ശരീരത്തിലെ ചയാപചയം, കോശസംയുക്തുങ്ങളുടെ പ്രവര്‍ത്തനം, പ്രത്യുത്പാദനപ്രക്രിയ, വളര്‍ച്ച, ഉറക്കം എന്നിവയെ എല്ലാം നിയന്ത്രിക്കുന്ന ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്ന ഗ്രന്ഥികളെയാണ് പൊതുവായി എന്‍ഡോക്രൈന്‍ സംവിധാനം എന്ന് വിളിക്കുന്നത്. ശ്ലേഷ്മഗ്രന്ഥി, തൈറോയ്ഡ് ഗ്രന്ഥി, പാരാതൈറോയ്ഡ് ഗ്രന്ഥി, അഡ്രിനാല്‍ ഗ്രന്ഥികള്‍, പാന്‍ക്രിയാസ്, അണ്ഡാശയം, വൃഷണങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉല്‍പ്പെടുന്നു.

എന്‍ഡോക്രൈന്‍ സംവിധാനം തകരാറിലാകുന്നതുമൂലം നിരവധി പ്രശ്‌നങ്ങള്‍ ശരീരത്തിലുണ്ടാകാം. പ്രമേഹവും തൈറോയ്ഡ് പ്രശ്‌നങ്ങളുമാണ് ഇവയില്‍ പ്രധാനം.

കോവിഡ്19ന് കാരണമാകുന്ന സാര്‍സ് കോവി2 വൈറസുകള്‍ പല കോശസംയുക്തങ്ങളിലുമുള്ള എസിഇ2 റിസപ്റ്ററുകളിലേക്കാണ് ആദ്യം ഒട്ടിച്ചേരുക. പിന്നീട് എന്‍ഡോക്രൈന്‍ കോശങ്ങളിലേക്ക് കയറുന്ന വൈറസ് എല്ലാം തകരാറിലാക്കുന്നു.

2004ലെ സാര്‍സ് പകര്‍ച്ചവ്യാധിയുടെ സമയത്ത് പല രോഗികളിലും വൈറസ് ബാധപോയതിനു ശേഷവും വലിയ ക്ഷീണം അനുഭവപ്പെടുമായിരുന്നു. അഡ്രിനല്‍ ഗ്രന്ഥികള്‍ ആവശ്യത്തിന് കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കാത്തതാണ് ഇതിന് കാരണമായി കണ്ടെത്തിയത്.

ഇന്‍സുലിന്‍ ഉത്പാദനത്തെ തടസ്സപ്പെടുത്തിയാണ് കൊറോണ വൈറസ് രോഗികളില്‍ പ്രമേഹത്തിന് കാരണമാകുന്നത്. തൈറോയ്ഡ് ഗ്രന്ഥിവീര്‍ക്കാന്‍ കാരണമാകുന്ന സബ്അക്യൂട്ട് തൈറോയ്ഡിറ്റിസിനും വൈറസ് വഴിവയ്ക്കാമെന്ന് ഗവേഷകര്‍ പറയുന്നു.

കോവിഡ് എന്‍ഡോക്രൈന്‍ സംവിധാനത്തെ തകരാറിലാക്കിയ രോഗികളില്‍ സ്റ്റിറോയ്ഡ് ചികിത്സ സഹായകമായേക്കാമെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഡെക്‌സാമെത്തസോണ്‍ എന്ന സ്റ്റിറോയ്ഡിന്റെ ഉപയോഗം കോവിഡ് മരണ നിരക്ക് കുറച്ചതായുള്ള പഠനങ്ങള്‍ മുന്‍പ് പുറത്തു വന്നിരുന്നു. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക