Image

ബ്രിട്ടനില്‍ മലയാളി നഴ്‌സിനും കുടുംബത്തിനും ഒന്നരക്കോടിയുടെ കാറും 20,000 പൗണ്ടും

Published on 09 July, 2020
ബ്രിട്ടനില്‍ മലയാളി നഴ്‌സിനും കുടുംബത്തിനും ഒന്നരക്കോടിയുടെ കാറും 20,000 പൗണ്ടും
ലണ്ടന്‍ : ബ്രിട്ടനിലെ നോട്ടിംങ്ങാമില്‍ മലയാളി ദമ്പദിമാര്‍ക്ക് ബംബറടിച്ചത് ഒന്നരക്കോടിയിലേറെ വിലവരുന്ന ലാംബോഗിനി കാറും 20,000 പൗണ്ടും. നോട്ടിംങ്ങാം സിറ്റി ഹോസ്പിറ്റലിലെ നഴ്‌സായ ലിനറ്റ് ജോസഫിനെയും ഭര്‍ത്താവ് ഷിബു പോളിനെയുമാണ് കോവിഡിന്റെ ദുരിതകാലത്ത് ഭാഗ്യദേവത കടാക്ഷിച്ചത്. ആഴ്ചതോറുമുള്ള ബിഒടിബി ഡ്രീം കാര്‍ കോംപറ്റീഷിലാണ് ഷിബുവിനും ഭാര്യയ്ക്കും 195,000 പൗണ്ട് വിലയുള്ള ലംബോഗിനി ഊറസും 20,000 പൗണ്ട് ക്യാഷ്‌െ്രെപസും ലഭിച്ചത്.

കോട്ടയം ജില്ലയിലെ വെളളൂരില്‍ പടിഞ്ഞാറെവാലയില്‍ പി.ഒ.പൈലിയുടെ മകനാണ് ഷിബു. മുട്ടുചിറ പഴുക്കാത്തറ ജോസഫിന്റെ മകളാണ് ലിനറ്റ്. നേരത്തെ കേംബ്രിഡ്ജില്‍ ആയിരുന്ന ഷിബുവും ഭാര്യയും ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് നോട്ടിംങ്ങാമിലേക്ക് താമസം മാറിയത്. മൂന്നുവര്‍ഷം മുന്‍പാണ് ലിനറ്റ് ബ്രിട്ടനിലെത്തിയത്. സൗണ്ട് എന്‍ജിനീയറായ ഷിബു ഒരു വര്‍ഷം മുന്‍പും. 

വിവിധ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചും ഓണ്‍ലൈനായും ഇരുപതു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ബിഒടിബി എന്നറിയപ്പെടുന്ന ബെസ്റ്റ് ഓഫ് ദ ബെസ്റ്റ് കാര്‍ ആന്‍ഡ് ലൈഫ്‌സ്‌റ്റൈല്‍ കോംബറ്റീഷന്‍ കമ്പനി. ഇരുവരെയും ഈ  സന്തോഷവാര്‍ത്ത അറിയിക്കുന്ന രംഗങ്ങള്‍ കമ്പനി തന്നെ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.

കാറിനു പകരം പണം വാങ്ങാനാണ് ഷിബുവും ഭാര്യയും തീരുമാനിച്ചിരിക്കുന്നത്. വലിയ നികുതിയും ഇന്‍ഷുറന്‍സും മെയിന്റനന്‍സ് തുകയുമെല്ലാം താങ്ങാനാകില്ലെന്ന യാഥാര്‍ധ്യമാണ് വിവേകപൂര്‍വം പണം വാങ്ങാനുള്ള തീരുമാനത്തിനു പിന്നില്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക