Image

സ്വപ്നയുടെ വെളിപ്പെടുത്തല്‍ വിരല്‍ ചൂണ്ടുന്നത് ആരിലേക്ക്?

Published on 09 July, 2020
സ്വപ്നയുടെ വെളിപ്പെടുത്തല്‍ വിരല്‍ ചൂണ്ടുന്നത് ആരിലേക്ക്?
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യാസൂത്രകയെന്ന് ആരോപിക്കപ്പെടുന്ന സ്വപ്ന സുരേഷിന്റെതായി 24 ന്യൂസ് പുറത്തുവിട്ട ശബ്ദരേഖ സ്വര്‍ണക്കടത്തിന് പിന്നില്‍ യുഎഇ കോണ്‍സുലേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥരും ഉണ്ടെന്ന അനുമാനത്തിന് ബലം നല്‍കുകയാണ്.

'ഡിപ്ലോമാറ്റിക് കാര്‍ഗോ വന്നിറങ്ങിയതിന്റെ പിറ്റേന്ന്..കാര്‍ഗോ ഇതുവരെ ക്ലിയര്‍ ആയില്ലെന്ന് യുഎഇയിലെ ഡിപ്ലോമാറ്റ് വിളിച്ചു പറഞ്ഞു...അതൊന്ന് അന്വേഷിച്ചിട്ട് പറയാന്‍ പറഞ്ഞു...അവിടുത്തെ എസി രാമ മൂര്‍ത്തി സാറിനോട് ചോദിച്ചു...യുഎഇ ഡിപ്ലോമാറ്റ് ആകെ വറീഡ് ആണ് , ആ കാര്‍ഗോ എത്രയും പെട്ടെന്ന് ക്ലിയര്‍ ചെയ്യാന്‍ പറഞ്ഞു...ശരി മാഡം എന്ന് പറഞ്ഞു അദ്ദേഹം ഫോണ്‍ വച്ചു...പിന്നീടൊന്നും എനിക്കറിയില്ല....' എന്നാണ് ശബ്ദരേഖയില്‍ സ്വപ്ന പറയുന്നത്.

സ്വപ്നയുടെ ഈ വെളിപ്പെടുത്തലാണ് സ്വര്‍ണക്കടത്തിനു പിന്നില്‍ യുഎഇയിലെ ഏതോ ഒരു ഉന്നത നയതന്ത്ര ഉദ്യോഗസ്ഥന്‍ ഉണ്ടെന്ന സംശയം ബലപ്പെടുത്തുന്നത്. തനിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നാണ് ഈ ശബ്ദരേഖയിലൂടെ സ്വപ്ന സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ, ഇത്തരമൊരു നിയമവിരുദ്ധ പ്രവര്‍ത്തനം യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ടെന്ന വിവരം സ്വപ്നയ്ക്ക് അറിയാമായിരുന്നുവെന്നാണ് അവരുടെ വാക്കുകളിലൂടെ മനസിലാകുന്നത്.

ഈ കേസ് ഉയര്‍ന്നു വന്നതു മുതല്‍ എല്ലാവരും വിരല്‍ ചൂണ്ടിയൊരു സംശയം യുഎഇയില്‍ നിന്നും തിരുവനന്തപുരത്തെ കോണ്‍സുലേറ്റിലേക്ക് ഒരു ഡിപ്ലോമാറ്റിക് ബാഗേജ് അയക്കുമ്‌ബോള്‍ അതിന് യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി പത്രം ആവശ്യമായി വരികയില്ലേ എന്നതായിരുന്നു. കള്ള സ്വര്‍ണം അടങ്ങിയ ബാഗേജിന് യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി കിട്ടിയിരുന്നുതാനും. നയതന്ത്രബന്ധത്തിലുള്ള രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ ഒരിടത്തു നിന്നും മറ്റൊരു രാജ്യത്തുള്ള തങ്ങളുടെ നയതന്ത്രകാര്യ ഓഫിസിലേക്ക് ഔദ്യോഗികമോ വ്യക്തിപരമോ ആയ ഏതൊന്ന് അയക്കണണെങ്കിലും അതിന് ഔദ്യോഗിക അനുമതി വേണം.

ഡിപ്ലോമാറ്റിക് ബാഗേജ് അയക്കുമ്‌ബോള്‍, ഏതു രാജ്യത്ത് നിന്നാണോ അത് അയക്കുന്നത് അതിനായി ആ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ കത്ത്, എങ്ങോട്ടാണോ അയക്കുന്നത്, അത് ആ രാജ്യത്ത് എത്തുമ്‌ബോള്‍ സ്വീകരിക്കാന്‍ അവിടെയുള്ള കോണ്‍സുലേറ്റിന്റെയോ നയതന്ത്ര പ്രതിനിധിയുടെയോ കത്ത്; ഈ രണ്ട് അനുമതികളും വേണമെന്നിരിക്കെ 30 കിലോ സ്വര്‍ണം എങ്ങനെ യുഎഇയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി എന്ന ചോദ്യത്തിനുള്ള ഉത്തരമായി സ്വപ്നയുടെ വെളിപ്പെടുത്തലിലെ ' യുഎഇ ഡിപ്ലോമാറ്റി'നെ കരുതാം.

യുഎഇ വിദേശകാര്യ മന്ത്രാലായത്തിന്റെ ഔദ്യോഗിക അനുമതിയോടെയാണ് സ്വര്‍ണം ഒളിപ്പിച്ച ബാഗ് വിമാനം കയറിയതെന്നത് വ്യക്തമായിട്ടുമുണ്ട്. ബാഗ് അയക്കുന്നത് അനുമതി നല്‍കിക്കൊണ്ടുള്ള കത്താണ് ഇതിന് തെളിവ്. എന്നാല്‍ ഒരു ഡിപ്ലോമാറ്റിക് ബാഗേജ് അയക്കുമ്‌ബോള്‍ അതിനുള്ളില്‍ എന്താണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി അറിവുണ്ടായിരിക്കണം. അങ്ങനെയെങ്കില്‍ 30 കിലോ സ്വര്‍ണം അതിനുള്ളിലുണ്ടെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയത്തിന് അറിവുണ്ടായിരുന്നുവെന്ന് അനുമാനിക്കേണ്ടി വരും. എന്നാല്‍ യുഇഎ പറയുന്നത് തങ്ങള്‍ക്ക് ഈ വിവരം അറിവുണ്ടായിരുന്നില്ലെന്നാണ്. വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ യുഇഎ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഔദ്യോഗിക അനുമതി നേടിയെടുത്തശേഷം നടന്നിരിക്കുന്ന തിരിമറിയാണ് സ്വര്‍ണം കടത്തിലില്‍ സംഭവിച്ചിരിക്കുന്നതെന്നാണ് യുഇഎ പറയുന്നത്. അങ്ങനെയെങ്കില്‍ യുഎഇ വിദേശകാര്യ മന്ത്രാലയത്തെയും കബളിപ്പിച്ച് ഡിപ്ലോമാറ്റിക് ബാഗേജില്‍ തിരുവനന്തപുരത്തേക്ക് 15 കോടിയുടെ സ്വര്‍ണ കടത്തിവിടാന്‍ സഹായം ചെയ്തുകൊടുത്തിരിക്കുക തീര്‍ച്ചയായും സ്വപ്ന പറഞ്ഞ യുഎഇ ഡിപ്ലോമാറ്റ് തന്നെയായിരിക്കും.

ആരാണ് ഈ യുഎഇ ഡിപ്ലോമാറ്റ് എന്നാണ് ഇനി അന്വേഷിക്കേണ്ടത്. പ്രസ്തുത വ്യക്തിയുടെ ആവശ്യപ്രകാരം സ്വപ്ന വിളിച്ചതെന്നു പറയുന്നത് കസ്റ്റംസ് അസി. കമ്മിഷണ്‍ രാമമൂര്‍ത്തിയെയാണ്. സ്വര്‍ണക്കടത്ത് പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനാണ് അസി. കമ്മിഷണര്‍ രാമമൂര്‍ത്തിയെന്നു പറയുന്നു. ഡിപ്ലോമാറ്റ് ബാഗേജ് വേഗം വിട്ടുകിട്ടാന്‍ വേണ്ടി പലരും തങ്ങളെ വിളിച്ചിരുന്നുവെന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണ്‍ സുമിത് കുമാറിന്റെ വാക്കുകളും ഇതിനോട് ചേര്‍ത്തുവച്ചു വായിക്കണം. ഒരു ഡിപ്ലോമാറ്റ് ബാഗേജിനു വേണ്ടി എന്തിനിത്രയധികം അമിത താത്പര്യം കാണിക്കുന്നുവെന്ന സംശയമാണ് സ്വര്‍ണക്കടത്ത് കണ്ടെത്താന്‍ കസ്റ്റംസിന് സഹായകമായതെന്നും സുമിത് കുമാര്‍ പറയുന്നുണ്ട്.

ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് നയതന്ത്ര പരിരക്ഷയുള്ള ബാഗേജ് അയക്കുമ്‌ബോള്‍ അയക്കുന്ന രാജ്യത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി കത്തുവേണ്ടതുപോലെ തന്നെയാണ് ബാഗേജ് സ്വീകരിക്കുന്ന സ്ഥലത്ത്, അതാരുടെ പേരിലാണോ അയച്ചിരിക്കുന്നത് ആ ഉദ്യോഗസ്ഥന്റെ കത്തും വേണ്ടത്. സ്വര്‍ണം അടങ്ങിയ ബാഗേജ് വന്നത് തിരുവനന്തപുരത്തെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പേരിലാണെന്നു പറയുന്നു. ഒന്നുകില്‍ ആ ഉദ്യോഗസ്ഥന്റെ അതല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഭാര്യയോ വേണം ബാഗേജ് സ്വീകരിക്കാന്‍. ബാഗേജിന് കസ്റ്റംസ് ക്ലിയര്‍സ് കിട്ടാന്‍ കാലതാമസം വരികയാണെങ്കില്‍ സ്വാഭാവികമായും ഇവിടെയുള്ള കോണ്‍സുലേറ്റ് പ്രതിനിധിയെയാണ് യുഎഇ കോണ്‍സുലേറ്റില്‍ നിന്നും ബന്ധപ്പെടേണ്ടതും അവരാണ് ബന്ധപ്പെട്ട അധികൃതരെ വിളിച്ച് കാര്യമന്വേഷിക്കേണ്ടതും.

കസ്റ്റംസുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ട്രേഡ് യൂണിയന്‍ നേതാവിന് വരെ ഡിപ്ലോമാറ്റ് ബാഗേജ് വിമാനത്താവളത്തില്‍ പിടിച്ചുവച്ചിരിക്കുന്നുവെന്ന കാര്യം അറിയാന്‍ കഴിഞ്ഞിട്ടും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് ഈ വിവരം കിട്ടാതെ പോയത് എന്തുകൊണ്ടാണ്? എന്തിനായിരിക്കും തങ്ങളുടെ പ്രതിനിധികളെ വിളിക്കാതെ ഒരു മുന്‍ ജീവനക്കാരിയുടെ സഹായം തേടാന്‍ യുഎഇ ഡിപ്ലോമാറ്റ് ശ്രമിച്ചത്? .

സ്വപ്നയെ പോലെ തന്നെ കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ ആയ സരിത് കുമാറാണ് ഡിപ്ലോമാറ്റിക് ബാഗേജ് സ്വീകരിക്കാന്‍ എത്തിയതെന്നതുമോര്‍ക്കണം. അതും കോണ്‍സുലേറ്റിന്റെ വ്യാജ ഐഡി കാര്‍ഡുമായി. യുഎഇ ഔദ്യോഗികമായി പറഞ്ഞതുപോലെ ബാഗേജ് അയക്കാനുള്ള അനുമതി നല്‍കി കഴിഞ്ഞു നടന്നിരിക്കുന്ന കള്ളത്തരമാണിതെങ്കില്‍, അത് സംഭവിച്ചിരിക്കുന്നത് തീര്‍ച്ചയായും വിമാനത്തില്‍ ബാഗേജ് കയറുന്നതിനും മുമ്ബായിരിക്കും. ഇത്രകണ്ട് ഔദ്യോഗികമായൊരു കാര്യത്തില്‍ പുറത്തു നിന്നൊരാള്‍ക്ക് ഇടയ്ക്ക് കയറാന്‍ എന്തായാലും കഴിയില്ല. പ്രത്യേകിച്ച് നിയമങ്ങള്‍ ഏറെ കര്‍ശനമായ യുഎഇയില്‍.

ഇതിനിടയില്‍ ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞിരിക്കുന്നത് വന്നത് ഡിപ്ലോമാറ്റിഗ് ബാഗേജ് അല്ലെന്നാണ്. അന്താരാഷ്ട്രധാരണകള്‍ പ്രകാരമുള്ള സംരക്ഷണമില്ലാത്ത ഒന്ന്. അങ്ങനെയെങ്കില്‍ ആ ബാഗേജ് തുറന്നു പരിശോധിക്കാന്‍ എന്തിനാണ് കസ്റ്റംസ് കോണ്‍സുലേറ്റിന്റെ അനുമതി കാത്തതെന്ന ചോദ്യത്തിനും മന്ത്രി മറുപടി പറയുന്നുണ്ട്. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു രാജ്യമെന്ന നിലയിലാണ് യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന പാര്‍സല്‍ എന്ന രീതിയില്‍ വന്ന കള്ളക്കടത്ത് അവരുടെ കൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്തതെന്നാണ് മന്ത്രി പറയുന്നത്. മന്ത്രി പറയുന്നത് അവിശ്വസിക്കേണ്ടതില്ല.

വിമാനത്താവളത്തില്‍ യാതൊരു ചെക്കിംഗ് ഇല്ലാതെ തന്നെ യുഎഇയില്‍ നിന്നും വരുന്ന ബാഗേജുകളും പാര്‍സലുകളും സുഖമായി കൈയില്‍ വരുമെന്നുള്ളതുകൊണ്ട് തന്നെയാകും സരിത്ത് ഇത്തവണയും ആത്മവിശ്വാസത്തോടെ വിമാനത്താവളത്തിലേക്ക് പോയത്. പക്ഷേ, അതിനിടയില്‍ ഈ റാക്കറ്റിന് ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധികള്‍ ഇത്തവണ നേരിട്ടെന്നു മാത്രം.

യുഎഇ ഡിപ്ലോമാറ്റ് വറീഡ് ആകുന്നതും സ്വപ്നയ്ക്കും വിളി വരുന്നതും സ്വപ്ന കസ്റ്റംസ് കമ്മിഷണറെ വിളിക്കുന്നതുമെല്ലാം അതോടെയാണ്. പക്ഷേ, കാര്യങ്ങള്‍ അവരുടെ കൈപ്പിടിയില്‍ നിന്നില്ല. സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഗൗരവത്തിലെടുത്താല്‍ സ്വര്‍ണക്കടത്ത് റാക്കറ്റിനു പിന്നില്‍ നയതന്ത്ര ഉദ്യോഗസ്ഥരടക്കമുണ്ട്. രണ്ട് രാജ്യങ്ങളെ കബളിപ്പിച്ചാണ് ഇവരിത്ര നാളും കള്ളക്കടത്ത് നടത്തിയിരുന്നതും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക