Image

ദു:ഖം വന്ന വഴി ( കവിത: ഗഫൂർ എരഞ്ഞിക്കാട്ട്)

Published on 09 July, 2020
ദു:ഖം വന്ന വഴി  ( കവിത: ഗഫൂർ എരഞ്ഞിക്കാട്ട്)
ഞെട്ടറ്റു വീണ
മരക്കൊമ്പു കണ്ടല്ല
രോഗ ശയ്യയിലായ
ബന്ധുവിനെ കണ്ടല്ല
ശരീരത്തിനേറ്റ
ആഘാതം കൊണ്ടല്ല
കച്ചവടത്തിലെ
തകർച്ചകൊണ്ടുമല്ല
മുറിവ്‌ കൊണ്ടോ
ഒടിവു കൊണ്ടോ അല്ല

സ്നേഹത്തിന്റെ
ആടിയൊഴുക്കിനാൽ
നഷ്ടപ്പെട്ട കൂട്ടിന്റെ
ഇഷ്ടമെവിടെയോ
നഷ്ടപെട്ടെന്നു കരുതിയ
ഒരു ചഷകത്തിനിരുപുറമുള്ള
ആരോ ഒരാൾ
മൗനം പാലിച്ചപ്പോൾ

പലതും പറയാതിരുന്നപ്പോൾ
ഖിന്നനായി ഞാൻ
വിഷാദം എന്നെ
തൊട്ടു തലോടി
ഞാനീ മരച്ചുവട്ടിൽ
ഏകനായപ്പോൾ .

മരുന്നുകൾ മാറ്റാത്ത
മനസ്സിനേറ്റ മുറിവാകാം
വാക്കുകൾ കൊണ്ടെറിഞ്ഞ അഭിഷേകമാവാം
നഷ്ടപ്പെടുമെന്നുള്ള ഭയമാവാം

വാക്കുകൾ മൂർച്ചയുള്ള
കത്തികളല്ലേ
മുറിഞ്ഞു പോകില്ലേ
 അറിഞ്ഞ്‌കുത്തിയാൽ
അറിയാതെ കുത്തിയാലും .
വാക്കിനെ നാക്കിനെ
സൂക്ഷിക്കണേ
കൈവിട്ടുപോയാൽ
ആയുധവും വാക്കും
തിരിച്ച് കിട്ടില്ലെന്നത് സത്യമല്ലേ ..

ഈ ദു:ഖ മെന്നിൽ
നിന്നകലുവാനായ്‌
ഞാനാ മര ചില്ലയിലൊന്ന്
കല്ലെറിയട്ടെ
ഏറുകൊണ്ടാമരം
ആടി ഇളകിയാൽ
മന്ദമാരുതൻ എന്നെ
തഴുകിയാലോ ....


ദു:ഖം വന്ന വഴി  ( കവിത: ഗഫൂർ എരഞ്ഞിക്കാട്ട്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക