Image

വിഹ്വലതകൾ (കവിത: ജിഷ രാജു)

Published on 10 July, 2020
വിഹ്വലതകൾ (കവിത: ജിഷ രാജു)
വൈകുന്നേരങ്ങളിൽ
ഒരാൾ പടിഞ്ഞാറോട്ട്
ഇറങ്ങിപ്പോകുമ്പോൾ
ചെമ്പകയിലയുടെ കവിൾ
ചുവക്കുന്നതു നോക്കിയും
പേപ്പറിൽ കുത്തിവരച്ചും
അത് കറുപ്പിച്ചുമങ്ങനെ
ഒറ്റയ്ക്കിരിക്കുന്ന നേരത്ത്
അങ്ങിനെയങ്ങ് മരിച്ചു പോകുന്നതിനെപ്പറ്റി
ഓർത്തിട്ടുണ്ടോ ?
തെറ്റിപ്പോയൊരുവാക്കിനെ,
മാച്ചുമാച്ചു ഊതിക്കളയുന്ന
റബ്ബർപ്പൊടി പോലെയങ്ങു
പറന്നുപോകുന്നത് ഓർത്തിട്ടുണ്ടോ?
പ്രിയപ്പെട്ടൊരു പാട്ടിന്റെ
താളത്തിലൊഴുകുന്ന  യാത്രക്കിടെയിലങ്ങ്
നിലച്ചുപോവുന്നത് ഓർത്തിട്ടുണ്ടോ ?
ആർപ്പുവിളിക്കുന്ന  സദസ്സിൽനിന്നുയർന്ന
ആരവത്തിന്റെ മുനകൊണ്ട്,
പൊട്ടിപ്പോയ ഒരു ഗിറ്റാർ സ്ട്രിങ്ങുപോലങ്ങു
മരിച്ച് നിശബ്ദമാവുന്നത്
ഓർത്തുനോക്കിട്ടുണ്ടോ ?
ആവർത്തിച്ചാവർത്തിച്ച്
ലഹരി പിടിപ്പിച്ചൊരു കൂട്ടച്ചിരിയുടെ
അലകളിലങ്ങുടക്കി
ഒടുങ്ങിപ്പോവുന്നത്
ഓർത്തു നോക്കിയിട്ടുണ്ടോ?
മത്തുപിടിപ്പിച്ച വിയർപ്പിന്റെ
മണമുള്ള ആലിംഗനങ്ങളുടെ
കിതപ്പിനിടയിലേക്ക്
ശ്വാസംമുട്ടി ഇല്ലാതെയാവുന്നത്
ഓർത്തുനോക്കിയിട്ടുണ്ടോ ?
ആരുമറിയരുതെന്നുറപ്പിച്ച രഹസ്യങ്ങളൊന്നുപോലുമൊളിപ്പിക്കാതെയങ്ങ് കടന്നുപോവുന്നതോർത്തുനോക്കിയിട്ടുണ്ടോ ?
വായിച്ചുവായിച്ചിരിക്കേ
അവസാന വരിയുടെ അവസാന
വാക്കിലേക്കെത്തുംമുൻപ് ഒടുങ്ങിപ്പോവുന്നത്
ഓർത്തുനോക്കിയിട്ടുണ്ടോ ?
തീവ്രമായ ഒരു തലവേദനയുടെ
അസ്വസ്ഥതയിലേക്കിറങ്ങി
മരവിച്ചുപോകുന്നതിനെപ്പറ്റി
ഓർത്തുനോക്കിയിട്ടുണ്ടോ?
കരയാനുള്ളതും പറയാനുള്ളതും
കാണാനുള്ളതും ബാക്കിവച്ച്
മരിച്ചുപോകുമെന്ന് ഓർത്തും പറഞ്ഞും
ഞാൻ വീണ്ടും വീണ്ടും കൊല്ലപ്പെടുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക