Image

കോവിഡ്‌ പഠിപ്പിക്കുന്നത് ( രാജൻ കിണറ്റിങ്കര)

Published on 13 July, 2020
കോവിഡ്‌ പഠിപ്പിക്കുന്നത് ( രാജൻ കിണറ്റിങ്കര)
സ്വന്തം ഹൃദയത്തോട്
തനിച്ചിരുന്ന്
ഒന്ന് സംസാരിക്കുന്നത്

അനുഭവിച്ച
സ്വാതന്ത്ര്യത്തിന്റെ
വിലയെന്തെന്ന്

മുഖമല്ല അകമാണ്
സൗന്ദര്യത്തോടെ
കാക്കേണ്ടതെന്ന്

ചുവരുകൾ
ബന്ധനങ്ങളല്ല
കവചങ്ങളാണെന്ന്

സ്വന്തം അടുക്കളയിലെ
ഭക്ഷണത്തിന്റെ
രുചിയെന്തെന്ന്

ആയിരം സൗഹൃദത്തിലും
ഒറ്റപ്പെട്ടു പോകുന്ന
ചില നിമിഷങ്ങളുണ്ടെന്ന്

വരുമാനമില്ലെങ്കിലും
എങ്ങനെ
ജീവിക്കണമെന്ന്

എത്ര ഓടിയാലും
ഒടുവിലഭയസ്ഥാനം
സ്വന്തം വീടെന്ന്

യാത്രകളില്ലാതെ
ദിവസങ്ങളെങ്ങനെ
ചിലവഴിക്കാമെന്ന്

ജീവിതത്തിലെ  
പൊയ്മുഖങ്ങളെ  
എങ്ങിനെ ഒളിപ്പിക്കണമെന്ന്

മുന്നിലെ ആപത്തിനേക്കാൾ  
അദൃശ്യനായ ശത്രുവിനെ
ഭയക്കണമെന്ന്

ഒറ്റപ്പെടലിന്റെ നീറ്റലിൽ
അറിയാതെ എത്തുന്ന  
ചില കരങ്ങളുണ്ടെന്ന്

നമ്മളില്ലാതെ
ഒന്നും ശരിയാവില്ലെന്നത്
വെറും മിഥ്യയാണെന്ന്

മരണത്തിലും
തനിച്ചായി പോകുന്ന
അവസരങ്ങളുണ്ടെന്ന്

ഒടുവിൽ
ഇന്നലെകളിലേക്കൊന്ന്
തിരിഞ്ഞു നടക്കാൻ

കൊഴിഞ്ഞുവീണ
പ്ലാവിലകളിൽ ചവിട്ടി
പച്ചപ്ലാവിലയുടെ
ആയുസ്സളക്കാൻ ..

കൊവിഡ്
ലോകത്തെ പലതും
പറയാതെ പഠിപ്പിക്കുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക