Image

നാടകത്തിൽ അവശേഷിച്ചത് (കവിത: സുനിൽ മംഗലത്ത്)

Published on 13 July, 2020
നാടകത്തിൽ അവശേഷിച്ചത് (കവിത: സുനിൽ മംഗലത്ത്)
അരങ്ങിൽ വെളിച്ചപ്പെട്ട മഞ്ഞ നിമിഷങ്ങളിൽ
 ശരീരം മുഴുവൻ ചിത്രശലഭങ്ങളാൽ അലംകൃതനായ ഒരാൾ
നഗ്നനായി നീണ്ട് നിവർന്ന് കിടന്നു.

നിശബ്ദമായ സദസ്സിൽ കാണികളുടെ കൺകൾ മിന്നാംമിനുങ്ങ്കളായി ജ്വാലിച്ചു.
ഇരുളിൽ നഗ്നരായ കാണികൾ
പൂക്കളുടെയും മഴവില്ലിൻ്റയും ഇടയിൽ പാറി നടന്നു.

നാടകം തീരുന്നത് വരെ അരങ്ങും സദസ്സും
പൂന്തോട്ടമായി പരിണമിച്ചു.

വെളിപാടുകളുടെയും ഓർമ്മകളുടെയും
നിഗൂഢ രാത്രികളിൽ അയാൾ തെരുവിലൂടെ
നഗ്നനായി ഓടി.
ഉടഞ്ഞ് വീഴുന്ന നിറമുള്ള കണ്ണാടി ചില്ലുകളുടെ മാസ്മരിക ശബ്ദത്താൽ
അയാൾ അവളുടെ കണ്ണുനീരിലേക്ക് പുഴ പോലെ ഒഴുകി ചെന്നു.

രക്തത്തെ പകരം ചോദിച്ച ആ ദശാസന്ധിയിൽ
വാക്കുകളുടെ ചാറ്റൽ മഴക്കകത്ത്
ഇലകളുടെ മർമ്മരങ്ങൾക്കിടയിൽ
അയാൾ അവളെ ഗാഢമായി ചുംബിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക