Image

ബംഗളൂരുവില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍; കൂട്ട പലായനം

Published on 13 July, 2020
ബംഗളൂരുവില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍;  കൂട്ട പലായനം
ബംഗളൂരു:  ബംഗളൂരുവില്‍ െചാവ്വാഴ്ച രാത്രി എട്ടു മുതല്‍ ജൂലൈ 22ന് പുലര്‍ച്ചെ അഞ്ചുവരെ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ഡൗണിനെ തുടര്‍ന്ന് നഗരത്തില്‍നിന്ന് കൂട്ട പലായനം. കോവിഡ് വ്യാപനം അതിതീവ്രമായതോടെയാണ്  ബംഗളൂരു അര്‍ബന്‍, റൂറല്‍ ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് മറ്റു ജില്ലകളില്‍നിന്നുള്ളവരും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവരും തിങ്കളാഴ്ച രാവിലെ മുതല്‍ നഗരത്തില്‍നിന്ന് തിരിച്ചുപോവാന്‍ തുടങ്ങി.

ലോക്ഡൗണിനെ തുടര്‍ന്ന് ജോലിയില്ലാതാകുന്നതും കോവിഡ് വ്യാപനവും കണക്കിലെടുത്താണ് കൂടുതല്‍ പേരും നാടുകളിലേക്ക് മടങ്ങുന്നത്. ബംഗളൂരുവിന് പുറത്തുള്ള അത്തിബലെ ചെക്ക്‌പോസ്റ്റില്‍ ഉള്‍പ്പെടെ തിങ്കളാഴ്ച രാവിലെ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ബംഗളൂരുവില്‍നിന്ന് മടങ്ങുന്നവരെക്കൊണ്ട് വയനാട് അതിര്‍ത്തിയിലെ കര്‍ണാടക ചെക്ക്‌പോസ്റ്റായ മൂലഹോളെയിലും കേരള അതിര്‍ത്തിയായ വാളയാറിലും വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്.

കര്‍ണാടകയുടെ മറ്റു ജില്ലകളില്‍നിന്നുള്ളവരാണ് ബംഗളൂരുവില്‍നിന്ന് കൂടുതലായി മടങ്ങുന്നത്. നാടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ തിങ്കളാഴ്ചതന്നെ മടങ്ങണമെന്നും ബംഗളൂരുവില്‍ ലോക്ഡൗണ്‍ കര്‍ശനമായിരിക്കുമെന്നും റവന്യൂ മന്ത്രി ആര്‍. അശോക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ, ചൊവ്വാഴ്ച വൈകീട്ട് മുതല്‍ നഗരത്തില്‍ കര്‍ശന നിയന്ത്രണം നടപ്പാക്കുമെന്ന് ഉറപ്പായതോടെ തിങ്കളാഴ്ച തന്നെ ആളുകള്‍ പല വാഹനങ്ങളിലായി നഗരാതിര്‍ത്തി കടന്നു.

കോവിഡ് വ്യാപനം തടയാന്‍ ലോക്ഡൗണ്‍ കര്‍ശനമാക്കുമെന്നും ആളുകള്‍ക്ക് നാടുകളിലേക്ക് മടങ്ങാനാണ് രണ്ടുദിവസത്തെ സമയം നല്‍കിയതെന്നും ആര്‍. അശോക പറഞ്ഞു. അതേസമയം, തീവ്രവ്യാപന മേഖലയായ ബംഗളൂരുവില്‍നിന്ന് മറ്റു ജില്ലകളിലെ ഗ്രാമങ്ങളിലേക്ക് ഉള്‍പ്പെടെ ആളുകളെത്തുന്നത് രോഗ വ്യാപനത്തിനിടയാക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ലോക്ഡൗണില്‍ അവശ്യ സര്‍വിസുകള്‍ മാത്രമായിരിക്കും അനുവദിക്കുക. ആളുകള്‍ കൂടുതലായി മടങ്ങുന്നതിനെ തുടര്‍ന്ന് കര്‍ണാടക ആര്‍.ടി.സിയും പ്രത്യേക ബസ് സര്‍വിസുകള്‍ നടത്തി. കേരളത്തിലേക്ക് ഉള്‍പ്പെടെ മടങ്ങുന്നവര്‍ക്കായി എ.ഐ.കെ.എം.സി.സി, കേരള സമാജം തുടങ്ങിയ സംഘടനകളും വിവിധ ട്രാവല്‍ ഗ്രൂപ്പുകളും ബസ് സര്‍വിസുകളും നടത്തി.

ഗുഡ്‌സ് വാഹനങ്ങളിലും ഒട്ടോറിക്ഷകളിലും മറ്റു വാഹനങ്ങളിലുമായി വീട്ടുസാധനങ്ങളുെമടുത്ത് നഗരത്തില്‍നിന്ന് ഇതര ജില്ലകളിലേക്ക് നിരവധി പേരാണ് തിങ്കളാഴ്ച മടങ്ങിയത്. ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരുന്നതിനാല്‍ തിങ്കളാഴ്ച ബംഗളൂരു പരിധിയിലെ ടോള്‍പ്ലാസകളില്‍ വാഹനങ്ങളുെട നീണ്ട നിരയാണ് അനുഭവപ്പെട്ടത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക