Image

എന്റെ കാന്താരി ( കഥ: റോബിൻ )

Published on 14 July, 2020
എന്റെ കാന്താരി ( കഥ: റോബിൻ )
എന്തിനെന്നു പോലും അറിയാതെ കോളേജിൽ പോയിരുന്ന ദിവസങ്ങളിൽ ഒന്നിലാണ് ഞാൻ അവളെ ആദ്യം കണ്ടത്- എന്റെ കാന്താരിയെ. ബസ്സിന്റെ സൈഡ് സീറ്റിലിരുന്ന് കുറുമ്പ് ഒപ്പിക്കുന്ന അവളെ ഒന്നു ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു കോളേജിലല്ലെങ്കിലും ഒരേ ബസ്സിലെ യാത്രക്കാർ എന്ന നിലക്ക് ഒന്ന് പരിചയപ്പെടണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. മനസ്സിൽ ധൈര്യം ആവശ്യത്തിലേറെ ഉണ്ടായിരുന്നെങ്കിലും സംസാരിക്കാൻ ഒരു വിഷയം കിട്ടിയിരുന്നില്ല.ആവശ്യത്തിന് തിരക്കുള്ള ബസ്സിൽ ഒരിക്കലും സീറ്റ് കിട്ടാതിരുന്നത് എന്നും അവളുടെ അടുത്ത് പോയി നിക്കാൻ എന്നെ നിർബന്ധിച്ചു. അങ്ങനെ ഒരു ദിവസം എന്നും കാണുന്ന കൂട്ടുകാരിയെ കൂടെ കാണാതെ വന്നപ്പോഴാണ് സംസാരിക്കാമെന്ന് വിചാരിച്ചത്. എന്താ പറയേണ്ടതെന്ന് ഒരു നിശ്ചയോവില്ല. വെറുതെ കേറി പരിചയപ്പെടാൻ പോയാൽ വെറും കോഴി ആണെന്ന് വിചാരിച്ചാലോ..
" എഡോ തന്റെ കൂട്ടുകാരിക്ക് ലൈൻ ഉണ്ടോ?"
"ലൈൻ ഇല്ലേലും രണ്ട് ചേട്ടന്മാരുണ്ട് ചേട്ടാ, വിട്ടേക്ക് .."
അത് പറയുമ്പോൾ അവളുടെ കണ്ണിലെ കുസൃതി ആദ്യമായി ഞാൻ കണ്ടു. ആ ലൈൻ അന്വേഷണത്തിൽ തുടങ്ങിയ പരിചയം സൗഹൃദത്തിലേക്ക് വളർന്നിട്ടും അവളുടെ മുൻപിൽ മനസ്സ് തുറക്കാനുള്ള ധൈര്യമില്ലായിരുന്നു. എല്ലാവരെയുംപോലെ സൗഹൃദം നഷ്ടപ്പെടുമോ എന്ന ഭയം. പിന്നീട് എന്നും അവൾ പോകുന്ന ബസിനു പോകുന്നതും അവളുടെ സീറ്റിനു തൊട്ടടുത്ത് തന്നെ നിന്ന് അവളുടെ കുറുമ്പ് കാണുന്നതും മാത്രമായി എന്റെ ഏറ്റവും വല്യ സന്തോഷം. ആ കണ്ണുകളിലെ തിളക്കം എനിക്ക് ഒരിക്കലും നഷ്ടപ്പെടുത്താനാവില്ലെന്നു തിരിച്ചറിയാൻ ക്ലാസ് കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. വീണ്ടും കാണാൻ ഒരു വഴിയുമില്ലാതെ വിഷമിച്ചിരുന്നപ്പോഴാണ് പിജി പഠിക്കാൻ അവൾ എന്റെ കോളേജിൽ തന്നെ വരുന്നത്. വല്ലാത്ത  ഒരു അനുഭൂതിയായിരുന്നു എനിക്ക്. അവളിലെ പെണ്ണിനെ, കുറുമ്പത്തിയെ , എല്ലാം ഞാൻ അറിയുകയായിരുന്നു. സംസാരിക്കാൻ ഒരാൾ എന്നതിനപ്പുറം എന്നും വഴക്കുണ്ടാക്കാൻ ഒരിക്കലും പിണങ്ങിപ്പോവില്ലെന്നുറപ്പുള്ള ഒരു സൗഹൃദമായിരുന്നു എനിക്ക് അവൾ. ചീത്ത പറഞ്ഞാൽ പറഞ്ഞത് ചീത്ത ആണെന്ന് മനസ്സിലാക്കാനുള്ള ബോധം പോലുമില്ലാത്ത പൊട്ടത്തി. മറ്റാരും സ്വന്തമാക്കാതിരിക്കാൻ ആരെയും അടുപ്പിക്കാതെ എന്റെ സ്വാർത്ഥതയുടെ ചട്ടയിൽ ഞാൻ അവളെ സംരക്ഷിച്ചു. ഒടുക്കം കൈവിട്ടു പോകുമോ എന്ന പേടി കൂടി വന്നപ്പോഴാണ് മനസ്സിലെ ഇഷ്ടം തുറന്നു പറയാൻ തീരുമാനിച്ചത്. എന്റേതാകാൻ  അവൾ സമ്മതം മൂളിയ നിമിഷം ഇന്നും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല. സ്വർഗം കിട്ടിയ സന്തോഷമായിരുന്നു എനിക്ക്. രണ്ട് വീട്ടിൽ നിന്നും സമ്മതം കൂടി കിട്ടിയപ്പോൾ ആ തിളങ്ങുന്ന കണ്ണുകൾ ഇനി എന്നും എനിക്ക് തന്നെ സ്വന്തമാണെന്ന്, എന്റെ മധുരിക്കുന്ന കാന്താരിയെ മാറ്റരും കൊണ്ടോവില്ലെന്നു ഞാൻ ഉറപ്പിച്ചു.
പ്രണയത്തിന്റെ നാളുകളിലൊന്നും അവൾ എന്റെ വീട്ടിലേക്ക് വരാൻ തയ്യാറായിരുന്നില്ല. എത്ര വിളിച്ചാലും സമയമുണ്ടല്ലോ, ഞാൻ എന്നും നിന്റെ കൂടെ ഇല്ലേ എന്ന് മാത്രം പറയും. അതുകൊണ്ട് തന്നെ അന്ന് ഞാൻ വീട്ടിലേക്ക് വരട്ടെ എന്ന് ഇങ്ങോട്ട് ചോദിച്ചപ്പോൾ മനസ്സിലുണ്ടായ സന്തോഷത്തിനു അതിരുകളില്ലായിരുന്നു.  വന്നു കുറച്ച് സമയത്തിനുള്ളിൽ തന്നെ വീട്ടിലെ എല്ലാവരുടെയും എല്ലാം ആയി അവൾ മാറി. അവളുടെ സാന്നിധ്യം എന്നും അവിടെ ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിച്ചു. വീട്ടിലെ തിരക്കിനിടക്ക് ഒന്ന് ഒറ്റക്ക് കിട്ടിയപ്പോൾ തലക്കിട്ട് ഒരു കൊട്ട് കൊടുത്തിട്ട് ഞാൻ ചോദിച്ചു:
"എന്തേ ഇപ്പോ പെട്ടെന്ന് വീടൊക്കെ കാണാൻ ആഗ്രഹം? ഇത്രേം നാളും എന്നാ ജാഡയാരുന്നു?"
"അത് ചുമ്മാ.. എല്ലാരേം ഒന്ന് കാണാൻ തോന്നി."
"എന്താ പെണ്ണേ.. ഇന്ന് വല്യ സന്തോഷത്തിലാണല്ലോ.."
"കലാശക്കൊട്ടാണെന്ന് കൂട്ടിക്കോ മാഷേ .."    ഇതിനിതെന്തു പ്രാന്താണെന്ന് ഓർത്തു തിരിഞ്ഞ് നടക്കാൻ തുടങ്ങുമ്പോൾ  എന്റെ കൈയിൽ പിടിച്ച് നിർത്തിയിട്ട് അവൾ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. "ഞാൻ കഴിഞ്ഞ ആഴ്ച ഒന്ന് തലകറങ്ങി വീണ കാര്യം പറഞ്ഞിരുന്നില്ലേ?"
"അത് സമയത്ത് വെല്ലോം തിന്നണം. അല്ലാതെ മെലിയാനാണെന്നും പറഞ്ഞു തിന്നാതിരുന്നാ ഇങ്ങനെ ഒക്കെ നടക്കും."
"എന്നാലേ .. അത് കഴിക്കാത്തേന്റെ  അല്ല.." "പിന്നെ?"
കണ്ണുകൾ നിറഞ്ഞിട്ടും ചുണ്ടിൽ പുഞ്ചിരി ഉണ്ട്. അവളെ അങ്ങനെ കണ്ടത് ടെൻഷൻ കൂട്ടിയതേ ഉള്ളൂ..
"ഇന്നലെയാ റിപ്പോർട്ട് വന്നത്. കാൻസർ ആണ്. ലാസ്റ്റ് സ്റ്റേജ് ആ..ഇനിയൊന്നും ചെയ്യാനില്ലന്ന് .."
പറഞ്ഞത് എന്താന്ന് മനസ്സിലാകാത്തതുപോലെ ഞാൻ അവളെ നോക്കി നിന്നതേ ഉള്ളു. എത്ര സിമ്പിൾ ആയിട്ടാ പെണ്ണ് പറയുന്നേ..തല പെരുക്കുന്നത് പോലെ തോന്നി. ഇങ്ങനെ ഒരവസ്ഥ.. എന്റെ കാന്താരി പുകയാൻ തുടങ്ങിയിരിക്കുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്തതുപോലെ,  ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതുപോലെയുള്ള  പുകച്ചിൽ.. എന്റെ കണ്ണ് നിറഞ്ഞു വന്നു.
"ഈ കണ്ണ് ഒരിക്കലും നിറയരുതെന്നേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ. എനിക്ക് ഒട്ടും സമയമില്ല. ഞാൻ ഉടനെ പോകും. നിന്നെ ഒറ്റക്കാക്കീട്ട് തന്നെ പോകും. അതുവരെയെങ്കിലും ഈ കണ്ണ് നിറയരുത്. പിന്നെ ഇവിടെ ആരും ഇത് ഇപ്പോ അറിയണ്ട. വെറുതെ  എന്തിനാ എല്ലാരേം വിഷമിപ്പിക്കുന്നേ.."
അമ്മയുടെ വിളി കേട്ടപ്പോൾ ഒന്നും സംഭവിക്കാത്തതുപോലെ കണ്ണ് തുടച്ച് ചിരിച്ചു കൊണ്ട് അകത്തേക്ക് ഓടിക്കയറിയ എന്റെ പെണ്ണ് തന്നെ, എന്നെ ഏറ്റവും സന്തോഷിപ്പിച്ചിരുന്നവൾ തന്നെ, ഇന്ന് എനിക്ക് ഏറ്റവും വല്യ വേദനയായി മാറിയിരിക്കുന്നു. അവളുടെ കണ്ണിലെ തിളക്കം കുറഞ്ഞിട്ടും എനിക്ക് എന്തുകൊണ്ടാണ് അത് മനസ്സിലാകാതെ പോയത്? അത്രയും വല്യ വേദന ആരെയും അറിയിക്കാതെ ഉള്ളിൽ കൊണ്ടുനടന്ന് അവൾ എനിക്ക് മുൻപിൽ ഒരു അത്ഭുതമായി മാറിയിരുന്നു.  പിന്നീടുള്ള ദിവസങ്ങളിൽ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കുകയായിരുന്നു, എന്റേതാകുമെന്ന് ഞാൻ ഉറപ്പിച്ചവൾ ഒരിക്കലും എന്റേതാകില്ല എന്ന സത്യം. അവൾക്കായി കാത്തിരിക്കുന്ന വിധി മറ്റൊന്നാണെന്ന സത്യം. എഴുന്നേറ്റ് നടക്കാൻ അവൾക്ക് സാധിച്ചിരുന്ന സമയം വരെ അവളുടെ ഓരോ ആഗ്രഹങ്ങളായി ഞാൻ നടത്തിക്കൊടുത്തു.
ആശുപത്രി വരാന്തയിൽ അവളുടെ അച്ഛനോടും അമ്മയോടും ഒപ്പം ഞാനും അവളുട ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ച് കാത്തിരുന്നു. ഓരോ തവണ അവളെ കാണുമ്പോഴും ഉള്ളു പിടയുകയായിരുന്നു. എന്റെ കാന്താരി വാടാൻ തുടങ്ങിയിരിക്കുന്നു. ആ കണ്ണുകളിലെ തിളക്കം എനിക്ക് നഷ്ടമാകാൻ തുടങ്ങിയിരിക്കുന്നു. വേദനയുടെ മൂർദ്ധന്യാവസ്ഥയിൽ അവളെ ഒറ്റക്കാക്കാൻ സാധിക്കാതെ ആ താലി അവളുടെ കഴുത്തിൽ കെട്ടുമ്പോൾ എന്റെ കൈകൾ വിറച്ചിരുന്നു. വേദന സഹിക്കാനാവാതെ അവളെ താങ്ങിയ എന്റെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് "എന്നെ ഒന്ന് കൊന്നു താ ചേട്ടായി"എന്ന് പറഞ്ഞ് അവൾ നിലവിളിക്കുമ്പോൾ എന്റെ ഒപ്പം ആ വാർഡിലെ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. ഒടുക്കം വെള്ള പുതച്ച് കൊണ്ടുവന്ന അവളുടെ ശരീത്തിൽ ചുറ്റിപ്പിടിച്ച്, നെഞ്ചിൽ തല വെച്ച്, അത്ര നാളും അവൾ കാണാതെ ഞാൻ സൂക്ഷിച്ചിരുന്ന കണ്ണീരും സങ്കടങ്ങളും ഒഴുക്കി കളഞ്ഞപ്പോൾ അവളുടെ നല്ല ഓർമ്മകൾ എന്നെ തഴുകിക്കൊണ്ടിരുന്നു. ആദ്യമായി ആ കവിളിൽ ഞാൻ ചുംബിച്ചപ്പോഴും ഒന്നും മിണ്ടാതെ, കണ്ണ് തുറന്നൊന്നു നോക്കുക കൂടി ചെയ്യാതെ ചുണ്ടിൽ ഒരു പുഞ്ചിരിയുമായി അവൾ വെറുതെ കിടന്നതേയുള്ളു. "വെറും ഒരു കാമുകിയല്ല, ഞാൻ താലി കെട്ടിയ എന്റെ പെണ്ണായിരുന്നു അവൾ" എന്ന എന്റെ മറുപടിക്ക് മുൻപിൽ മറ്റൊരു വിവാഹത്തിനായി എന്നെ നിർബന്ധിച്ചിരുന്ന എല്ലാവരുടെയും നാവടങ്ങി.
ഇന്ന്, ഇത്രയും നാളുകൾക്കുശേഷവും നിന്നെപ്പോലെ ഒരു കാന്താരിയെ കണ്ടെത്താൻ എനിക്ക് സാധിച്ചിട്ടില്ല പെണ്ണേ... മറക്കില്ല, കൂടെ കാണുമെന്ന എന്റെ വാക്ക് നീ പോലും അറിയാതെ ഞാൻ പാലിച്ചുകൊണ്ടിരിക്കുകയാണ്....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക