Image

ആല്‍പ്‌സിലെ മഞ്ഞുരുകിയപ്പോള്‍ കിട്ടിയത് ഇന്ദിര ഗാന്ധിയെക്കുറിച്ചുള്ള പത്രത്തലക്കെട്ട്

Published on 14 July, 2020
 ആല്‍പ്‌സിലെ മഞ്ഞുരുകിയപ്പോള്‍ കിട്ടിയത് ഇന്ദിര ഗാന്ധിയെക്കുറിച്ചുള്ള പത്രത്തലക്കെട്ട്

മിലാന്‍: രാഷ്ട്രീയത്തില്‍ മഞ്ഞുരുകലൊക്കെ പതിവാണ്. എന്നാല്‍, ആല്‍പ്‌സിലെ ഒരു മഞ്ഞുരുകല്‍ വെളിച്ചത്ത് കൊണ്ടുവന്നത് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ ഒരേട്.

ഫ്രഞ്ച് ആല്‍പ്‌സിലെ മോണ്ട് ബ്ലാങ്ക് പര്‍വതനിരയില്‍ നിന്നു കിട്ടിയ പഴയ പത്രങ്ങളിലൊന്ന് ഇന്ദിരഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ പോകുന്നതിനെക്കുറിച്ചുള്ള തലക്കെട്ടാണ്. 1966ലേതാണ് പത്രം.

1966 ജനുവരി 24ന് ഈ പര്‍വതനിരയ്ക്ക് സമീപം അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 707 വിമാനം 'കാഞ്ചന്‍ഗംഗ'യില്‍ ഉണ്ടായിരുന്ന നാഷണല്‍ ഹെറാള്‍ഡ് പത്രങ്ങളാണിതെന്നാണ് കരുതപ്പെടുന്നത്. ചമോണിക്‌സ് സ്‌കിയിംഗ് ഹബ്ബിന് സമീപം കഫേ നടത്തുന്ന തിമോത്തീ മോട്ടിന്‍ എന്ന 33കാരനാണ് നാഷണല്‍ ഹെറാള്‍ഡ്, ദി സ്റ്റേറ്റ്‌സ്മാന്‍, ദി ഹിന്ദു എന്നീ പത്രങ്ങളുടെ കോപ്പികള്‍ ഇവിടെ നിന്ന് കണ്ടെത്തിയത്.

'54 വര്‍ഷത്തോളം മഞ്ഞ് മൂടിക്കിടന്ന പത്രങ്ങള്‍ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. കണ്ടെടുത്ത പത്രങ്ങള്‍ നല്ല അവസ്ഥയിലാണ്. അവ ഇപ്പോഴും വായിക്കാവുന്ന രൂപത്തിലാണുള്ളത്' തിമോത്തി പറയുന്നു. കിട്ടിയപ്പോള്‍ അല്‍പം നനഞ്ഞിരുന്ന പത്രങ്ങള്‍ ഉണക്കിയെടുത്ത് തിമോത്തി കഫേയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക