Image

അമേരിക്കന്‍ കമ്ബനി മോഡേണയുടെ കോവിഡ് വാക്‌സിന്‍ അവസാനഘട്ട പരീക്ഷണം ഉടന്‍

Published on 15 July, 2020
അമേരിക്കന്‍ കമ്ബനി മോഡേണയുടെ കോവിഡ് വാക്‌സിന്‍ അവസാനഘട്ട പരീക്ഷണം ഉടന്‍

ന്യൂയോര്‍ക്ക്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റ പങ്കാളിത്തത്തോടെ യുഎസ് ബയോടെക്‌നോളജി കമ്ബനി   മോഡേണ  വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലേക്കെന്ന് റിപ്പോര്‍ട്ട്. 


മനുഷ്യരിലുള്ള പരീക്ഷണം ഏതാനും ആഴ്ചകള്‍ കൂടി തുടര്‍ന്നശേഷമേ മരുന്നിനു സര്‍ക്കാര്‍ അംഗീകാരം നല്‍കൂ.


 ഈ വര്‍ഷം തന്നെ വാക്സിന്‍ വിപണിയിലെത്തുമെന്നാണു പ്രതീക്ഷ.

മോഡേണയുടെ വാക്സിന്‍ പരീക്ഷണം 90 ശതമാനവും വിജയകരമാണ് എന്നതാണു ലോകത്തിനു പ്രതീക്ഷയേകുന്നത്. 


രോഗപ്രതിരോധശേഷി കൂട്ടുന്നതാണു വാക്സിന്‍. വാക്സിന്‍ ഉപയോഗിച്ചവരില്‍ കോവിഡിനെ പ്രതിരോധിക്കുന്ന ആന്‍റി ബോഡിയുടെ ഉല്‍പാദനം ഇരട്ടിയായി. 


ചെറിയ പാര്‍ശ്വഫലങ്ങള്‍ കാണുന്നു എന്നതാണ് ഒന്നാംഘട്ട പരീക്ഷണം നേരിടുന്ന വെല്ലുവിളി


 

ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് വാക്‌സിന്റെ ഒന്നാംഘട്ട ഫലം പ്രസിദ്ധീകരിച്ചത്.  


വാക്‌സിന്‍ കുത്തിവെച്ചപ്പോള്‍ ക്ഷീണം, വിറയല്‍, തലവേദന, പേശികളില്‍ വേദന, കുത്തിവെച്ച സ്ഥലത്ത് വേദന തുടങ്ങിയ പാര്‍ശ്വഫലങ്ങളാണ് ഉണ്ടായിട്ടുള്ളത്.


ഈ മാസം അവസാനത്തോടെ വാക്‌സിന്റെ ഒരു വലിയ ഘട്ടത്തിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ ലഭ്യമാക്കണോ എന്ന് അധികൃതര്‍ പരിഗണിക്കുന്നതിന് മുമ്ബുള്ള അവസാന പരീക്ഷണമായിരിക്കുമത്.


പരീക്ഷണം വിജയകരമായി നടപ്പാകുകയാണെങ്കില്‍ പ്രതിവര്‍ഷം തങ്ങള്‍ക്ക് 500 ദശലക്ഷം ഡോസുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് മൊഡേണ പ്രസ്താവനയില്‍ അറിയിച്ചു. 


2021 മുതല്‍ പ്രതിവര്‍ഷം ഒരു ബില്ല്യണ്‍ ഡോസുകള്‍ വിതരണം ചെയ്യാനാകുമെന്നും കമ്ബനി വ്യക്തമാക്കി.


വാക്‌സിന്റെ ഒന്നാം ഘട്ടത്തില്‍ സുരക്ഷയും രോഗപ്രതിരോധ പ്രതികരണങ്ങളും പരിശോധിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഡോ.ലിസ ജാക്‌സണ്‍ പറഞ്ഞു. പഠനത്തില്‍ ഉള്‍പ്പെട്ട സിയാറ്റിലിലെ കൈസര്‍ പെര്‍മനന്റ് വാഷിംഗ്ടണ്‍ ഹെല്‍ത്ത് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ഗവേഷകയാണിവര്‍.


യഥാര്‍ത്ഥത്തിലുള്ള ഫലപ്രാപ്തി പരീക്ഷണം നടത്തിയതിന് ശേഷമേ വാക്‌സിന്‍ കോവിഡില്‍ നിന്ന് പൂര്‍ണ്ണ സംരക്ഷണം നല്‍കുമോ എന്ന കാര്യം പറയാനാകുകയുള്ളുവെന്നും അവര്‍ വ്യക്തമാക്കി. അത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിനുള്ള ട്രയല്‍ ഞങ്ങള്‍ നടത്തിവരികയാണെന്നും ലിസ ജാക്‌സണ്‍ പറഞ്ഞു.


ജൂലായ് 27 മുതല്‍ മൂന്നാംഘട്ട പരീക്ഷണത്തിലേക്ക് കടക്കാനാണ് മൊഡേണ ലക്ഷ്യമിടുന്നത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക