Image

ബ്രിട്ടനില്‍ നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും വന്‍ ഡിമാന്‍ഡ്; ഫാസ്റ്റ് ട്രാക്ക് വീസ സംവിധാനം

Published on 15 July, 2020
ബ്രിട്ടനില്‍ നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും വന്‍ ഡിമാന്‍ഡ്; ഫാസ്റ്റ് ട്രാക്ക് വീസ സംവിധാനം
ലണ്ടന്‍: കൂടുതല്‍ നഴ്‌സുമാരെയും ഡോക്ടര്‍മാരെയും വേഗത്തില്‍ ബ്രിട്ടനിലെത്തിക്കാന്‍ ഫാസ്റ്റ് ട്രാക്ക്, ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വീസ സംവിധാനം ഏര്‍പ്പെടുത്തും. ബ്രെക്‌സിറ്റ് നിലവില്‍ വരുന്ന ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തിലാകുന്ന പോയിന്റ് ബെയ്‌സ്ഡ് ഇമിഗ്രേഷന്‍ സംവിധാനത്തിന്റ ഭാഗമായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഈ ഫാസ്റ്റ് ട്രാക്ക് വീസയെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ അറിയിച്ചു. കെയര്‍ ഹോമുകളിലും മറ്റും ജോലിചെയ്യുന്ന സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാരെ പുതിയ ഫാസ്റ്റ് ട്രാക്ക് വീസയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഫാസ്റ്റ് ട്രാക്ക് ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വീസയ്ക്ക് ഫീസ് ഇളവ് അനുവദിക്കും. ഇത്തരം അപേക്ഷകളിന്മേല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനവും ഉണ്ടാകും. ഇവര്‍ വര്‍ഷം തോറുമുള്ള എമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജും നല്‍കേണ്ടതില്ല.

അണ്ടര്‍ ഗ്രാജുവേറ്റ്. മാസ്റ്റേഴ്‌സ് കോഴ്‌സുകള്‍ക്കായി എത്തുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടണില്‍ പഠനശേഷം രണ്ടുവര്‍ഷം പോസ്റ്റ് സ്റ്റഡി വീസ അനുവദിക്കും. പിഎച്ച്ഡി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മൂന്നുവര്‍ഷവും പോസ്റ്റ് സ്റ്റഡി വീസ ലഭിക്കും.

ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലേതുപോലെ പോയിന്റ് ബെയ്‌സ്ഡ് ഇമിഗ്രേഷന്‍ സംവിധാനത്തിന് ജനുവരി ഒന്നുമുതലാണ് ബ്രിട്ടണ്‍ തുടക്കം കുറിക്കുക. എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ളവര്‍ക്ക് ഈ നിയമം ബാധമാകും. ചുരുങ്ങിയത് 70 പോയിന്റെങ്കിലും ഉള്ളവര്‍ക്കു മാത്രമേ ബ്രിട്ടണിലേക്ക് ജോബ് വീസ ലഭിക്കൂ.

അംഗീകൃത സ്‌പോണ്‍സറില്‍നിന്നുള്ള ജോലി ഓഫറിന് 20 പോയിന്റ്, തൊഴില്‍ വൈദഗ്ധ്യത്തിന് 20, ഇംഗ്ലീഷ് യോഗ്യതയ്ക്ക് 10, ഷോര്‍ട്ടേജ് ഓക്യപ്പേഷന്‍ ലിസ്റ്റിലുള്ള ജോലിക്ക് 20, സാധാരണ പിഎച്ച്ഡിക്ക് 10, സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംങ് ആന്‍ഡ് മാത്ത്‌സ് എന്നീ വിഷയങ്ങളിലെ പിഎച്ച്ഡിക്ക് 20 എന്നിങ്ങനെയാണ് പോയിന്റ് നിശ്ചയിച്ചിരിക്കുന്നത്.

പ്രതിവര്‍ഷം 23,039 പൗണ്ടില്‍ താഴെ ശമ്പളമുള്ള ജോലിക്ക് പോയിന്റില്ല. 23,040 പൌണ്ടു മുതല്‍ 25,599 പൌണ്ട് വരെയുള്ള ജോലിക്ക് 10 പോയിന്റും 25,600 പൌണ്ടിനു മുകളിലുള്ള ജോലിക്ക് 20 പോയിന്റും ലഭിക്കും.

ജീവിതപങ്കാളിയെയും 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെയും ഡിപ്പന്റന്റുമാരായി കൊണ്ടുവരാന്‍ പോയിന്റ് സംവിധാനത്തിലും സാധിക്കും. ഇവര്‍ക്ക് ജോലി ചെയ്യാനും കുട്ടികള്‍ക്ക് പഠിക്കാനും തടസമില്ല. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരല്ലെങ്കില്‍ എന്‍.എച്ച്.എസ് സര്‍ചാര്‍ജ് നല്‍കണം.

പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും മറ്റും ബ്രിട്ടനിലേക്ക് തൊഴില്‍ തേടിയെത്തുന്ന സാധാരണക്കാരുടെ ഒഴുക്ക് പൂര്‍ണമായും നിലക്കും.

വിദേശത്തു നിന്നെത്തി ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്നവരെ നാടുകടത്തും. 12 മാസത്തില്‍ കൂടുതല്‍ തടവുശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെയാണ് നാടുകടത്താന്‍ പുതിയ നിയമത്തില്‍ വ്യവസ്ഥയുള്ളത്. എന്നാാല്‍ സമൂഹത്തിന് ഭീഷണിയാകുന്നവരെയും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നവരെയും നാടുകടത്താല്‍ 12 മാസമെന്ന മിനിമം ശിക്ഷാ കാലാവധി ബാധകമല്ല.

യൂറോപ്യന്‍  യൂണിയന്‍ രാജ്യങ്ങളിലെയും മറ്റുരാജ്യങ്ങളിലെയും ആളുകള്‍ക്ക് ഈ നിയമം ഒരുപോലെ ബാധകമാകും. നിലവില്‍ ബ്രിട്ടനിലുള്ള ഇത്തരം ക്രിമിനലുകളെയും ഈ ലിസ്റ്റില്‍ പെടുത്തി  നാടുകടത്താന്‍ ആലോചനയുണ്ടെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ വ്യക്തമാക്കി. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക