Image

ഡിട്രോയിറ്റിന്റെ പശ്ചാത്തലത്തിലുള്ള ത്രില്ലര്‍ ഡെവിള്‍സ് നൈറ്റില്‍ നടന്‍ നെപ്പോളിയനും

Published on 15 July, 2020
ഡിട്രോയിറ്റിന്റെ പശ്ചാത്തലത്തിലുള്ള ത്രില്ലര്‍ ഡെവിള്‍സ് നൈറ്റില്‍ നടന്‍ നെപ്പോളിയനും

(കോവിഡ്  കാലത്ത് വീട്ടിലിരുന്ന് ആമസോണിലും മറ്റും കാണാം)

ദേവാസുരത്തില്‍ മോഹന്‍ലാലിന്റെ മംഗലശ്ശേരി നീലകണ്ഠനോളം തന്നെ ശ്രദ്ധ നേടിയ കഥാപാത്രമാണ് മുണ്ടയ്ക്കല്‍ ശേഖരന്റേത്. തമിഴില്‍ നായകനായി നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുള്ള നെപ്പോളിയനെ മലയാളികള്‍ക്ക് പെട്ടെന്ന് മനസിലാകാന്‍ മുണ്ടയ്ക്കല്‍ ശേഖരനെന്ന പേര് മാത്രം മതി.

അമേരിക്കന്‍ പ്രൊഡക്ഷന്‍ കമ്പനി 'കൈബ ഫിലിംസ്' ന്റെ ഡെവിള്‍സ് നൈറ്റ്: ഡോണ്‍ ഓഫ് ദ നൈന്‍ റൂഷ് എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന്റെ ഹോളിവുഡ് അരങ്ങേറ്റം ശ്രദ്ധേയമായി

അമേരിക്കന്‍ മലയാളി ജി.ബി. തിമോത്യൂസും തമിഴ്‌നാട് സ്വദേശി ടെല്‍ ഗണേഷും ചേര്‍ന്നുള്ള ഈ നിര്‍മാണ സംരംഭത്തില്‍ നാല് ചിത്രങ്ങളാണ് പിറവി കൊണ്ടത് - ഡെവിള്‍സ് നൈറ്റ്: ഡോണ്‍ ഓഫ് ദ നൈന്‍ റൂഷ്, സെലിബ്രിറ്റി ക്രഷ്, ട്രാപ്പ് സിറ്റി, ക്രിസ്മസ് കൂപ്പണ്‍ എന്നിവ.

ഡെവിള്‍സ് നൈറ്റ്  ജൂണ്‍ 23 ന് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തിരുന്നു.

ചിത്രങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ അറിവുകള്‍ ഇ - മലയാളി വായനക്കാര്‍ക്കായി നിര്‍മാതാക്കളില്‍ ഒരാളായ തിമോത്യൂസ് പങ്കുവയ്ക്കുന്നു. 2017ലാണ് കൈബ ഫിലിംസ് മിഷിഗണില്‍ സ്ഥാപിച്ചത്.



മുന്‍ കേന്ദ്ര മന്ത്രി കൂടിയായ കുമരേശന്‍ ദുരൈസാമി എന്ന നെപ്പോളിയനും ടെല്‍ ഗണേഷും വളരെക്കാലമായി അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും തിരുച്ചിറപ്പള്ളി സ്വദേശികളാണ്.

നിറഞ്ഞ സദസ്സില്‍ ഡെവിള്‍സ് നൈറ്റിന്റെ പ്രീമിയര്‍ പ്രദര്‍ശിപ്പിച്ചിരുന്നുവെന്നും തിമോത്തിയൂസ് പറയുന്നു. ഇപ്പോള്‍ ആമസോണിലും ചിത്രം ലഭ്യമാണ്. പ്രദേശം അനുസരിച്ച് ഡബ്ബ് ചെയ്ത വേര്‍ഷനുകളും സബ്‌ടൈറ്റിലുകളും നല്‍കിയിട്ടുണ്ട്.

സ്ത്രീ കേന്ദ്രീകൃതമായി ഒരു ത്രില്ലര്‍

ഡെവിള്‍സ് നൈറ്റ്: ഡോണ്‍ ഓഫ് ദ നൈന്‍ റൂഷ് സ്ത്രീ കേന്ദ്രീകൃതമായ ഒരു ത്രില്ലറാണ്. വ്യത്യസ്ത അനുഭവമായിരിക്കും പ്രേക്ഷകര്‍ക്ക് ഇത് സമ്മാനിക്കുന്നത്. ചരിത്രവും മിത്തും ഇടകലര്‍ത്തി വേറിട്ട ശൈലിയില്‍ ഒരുക്കിയിരിക്കുന്ന ത്രില്ലറില്‍ സീരിയല്‍ കില്ലിംഗ് കേസ് അന്വേഷിക്കുന്നത് ഒരു സ്ത്രീയാണ്.

ജെസി ജെന്‍സണ്‍, ഗ്രോവര്‍ മാകാന്റ്‌സ്, കെന്യ റെയ്‌നോള്‍ഡ്‌സ്, സ്വിഫ്രാറ്റി മാക്വേ എന്നിവര്‍ക്കൊപ്പം സംവിധായകന്‍ സാം ലോഗന്‍ ഖാലെഗിയും ഒരു വേഷം ചെയ്യുന്നുണ്ട്.

യു. എസ് സമ്പദ് വ്യവസ്ഥയുടെ ചരിത്രം പരിശോധിച്ചാല്‍ അനിഷേധ്യമായ സ്ഥാനമുള്ള, മോട്ടോര്‍ കാര്‍ കമ്പനികളുടെ ഉത്ഭവകേന്ദ്രമെന്ന് വാഴ്ത്തുന്ന ഡെട്രോയിറ്റ് നഗരത്തെ കുറിച്ചുള്ള വിസ്മൃതിയിലാണ്ട അറിവുകളും ചിത്രം വരച്ചുകാട്ടുന്നു.



എഴുപതുകള്‍ക്കൊടുവിലും എണ്‍പതുകളിലും സാമ്പത്തികമായി തകര്‍ന്ന നിലയില്‍ നിന്നുള്ള നഗരത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പും സിനിമ പറഞ്ഞു പോകുന്നുണ്ട്.

നൈന്‍ റൂഷ് എന്നത് മിഷിഗണിന്റെ പൗരാണിക സങ്കല്പത്തിലെ നിഗൂഢ ജീവിയാണ്. ചരിത്രത്തിലെ ഈ ഏട് ഉപയോഗിച്ചാണ് കഥ വികസിപ്പിച്ചത്. ഏകദേശം മുന്നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്നതാണ് ഈ ജീവി. പുതിയ കാലത്തിലേക്ക് റൂഷ് എന്ന അമാനുഷിക ജീവി കടന്നുവരുന്ന രീതിയിലാണ് കഥ പുരോഗമിക്കുന്നത്.

ഡെട്രോയിറ്റ് നഗരത്തിലെ മ്യൂസിയത്തിലെ കാവല്‍ക്കാരനായാണ് നെപ്പോളിയന്‍ എത്തുന്നത്. കേസന്വേഷണത്തില്‍ നായികയെ സഹായിക്കുന്ന പങ്കാളിയുടെ വേഷത്തില്‍ ലോകപ്രശസ്ത അമേരിക്കന്‍ റാപ്പര്‍ എമിനമ്മിന്റെ സഹോദരന്‍ നേഥന്‍ കെയ്ന്‍ മാതേഴ്‌സ് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

മറ്റു ചിത്രങ്ങള്‍

വിശ്വപ്രസിദ്ധ സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ സംവിധാന സഹായിയായ ഒലിവര്‍ റോബിന്‍സ് ഒരുക്കിയതാണ് സെലിബ്രിറ്റി ക്രഷ്. സ്പീല്‍ബര്‍ഗിന്റെ ചിത്രത്തില്‍ ബാലതാരമായി വന്ന റോബിന്‍സിലെ സംവിധാന പ്രതിഭ തിരിച്ചറിഞ്ഞ് അദ്ദേഹം കൂടെ നിര്‍ത്തിയതാണെന്നു പറയുമ്പോള്‍ കഴിവ് ഊഹിക്കാമല്ലോ. മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ മേന്മയ്ക്ക് ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല.


മെയ് 26നാണ് ചിത്രം ആമസോണില്‍ റിലീസ് ചെയ്തത്. റോബിന്‍സിനൊപ്പം അലീസ ഷ്‌ണെയ്ഡര്‍, മെലീസ മാക്‌നെര്‍ണെ, ജൊനാഥന്‍ ഡാനിയല്‍ ലീ, എഡ്ഡി ക്രെയ്ഗ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. 91 മിനിട്ടാണ് ചിത്രം.

മധുരമായ പ്രണയകഥ പറയുന്ന 'ക്രിസ്മസ് കൂപ്പണ്‍' എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡാനിയേല്‍ നഡ്‌സെനാണ്.

'ട്രാപ്പ് സിറ്റി' റാപ്പര്‍മാരുടെ ജീവിതം പ്രതിപാദിക്കുന്ന സിനിമയാണ്. എ. ആര്‍. റഹ്മാന്റെ അനന്തിരവനും സംഗീത സംവിധായകനുമായ ജി. വി. പ്രകാശ് കുമാറും ബ്രാന്റണ്‍ ജാക്‌സണും അഭിനയിക്കുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു. 2021-ല്‍ ആയിരിക്കും റിലീസ്.

കൂടാതെ ലിയാം നീസണ്‍ അഭിനയിക്കുന്ന ദ മാര്‍ക്‌സ്മാന്‍ എന്ന പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 2021 ല്‍ ഇന്ത്യയിലെത്തിക്കുന്നുണ്ട്. സെലിബ്രിറ്റി ഫിലിംസുമായി ചേര്‍ന്നാണ് വിതരണം.

കോവിഡിന്റെ പശ്ചാത്തലത്തില്‍ സിനിമകളുടെ സ്വീകാര്യത

ഡിജിറ്റല്‍ യുഗത്തെ പണ്ടേ സ്വാഗതം ചെയ്ത അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഒ ടി ടി റിലീസിംഗ് കൊണ്ട് ലാഭക്കണക്കില്‍ വലിയ മാറ്റമില്ല.

എല്ലാം അതിജീവിച്ചുകൊണ്ട് എന്റര്‍ടൈന്‍മെന്റ് മേഖലയില്‍ വ്യക്തമായ സ്ഥാനം കണ്ടെത്താനാണ് കൈബ ഫിലിംസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആഗോളതലത്തില്‍ പ്രൊഡക്ഷനുകള്‍ ഏറ്റെടുക്കാനും വ്യാപിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങളിലാണ്

കൈബ ഫിലിംസിന്റെ നാലു സിനിമകളുടെയും വിതരണം ഏറ്റെടുക്കാന്‍ വിതരണ കമ്പനികള്‍ മുമ്പോട്ടു വന്നു. രണ്ട് ശതമാനം ഫിലിമുകള്‍ മാത്രമാണു വിതരണക്കമ്പനിക്കാര്‍ ഏറ്റെടുക്കാറുള്ളതെന്നു പറയുമ്പോല്‍ ഇതിന്റെ പ്രാധാന്യം വ്യക്തം.

ആഗോളതലത്തില്‍ പ്രൊഡക്ഷനുകള്‍ ഏറ്റെടുക്കാനും വ്യാപിപ്പിക്കാനും സജ്ജമാണ് കൈബ ഫിലിംസ്.
ഡിട്രോയിറ്റിന്റെ പശ്ചാത്തലത്തിലുള്ള ത്രില്ലര്‍ ഡെവിള്‍സ് നൈറ്റില്‍ നടന്‍ നെപ്പോളിയനുംഡിട്രോയിറ്റിന്റെ പശ്ചാത്തലത്തിലുള്ള ത്രില്ലര്‍ ഡെവിള്‍സ് നൈറ്റില്‍ നടന്‍ നെപ്പോളിയനുംഡിട്രോയിറ്റിന്റെ പശ്ചാത്തലത്തിലുള്ള ത്രില്ലര്‍ ഡെവിള്‍സ് നൈറ്റില്‍ നടന്‍ നെപ്പോളിയനുംഡിട്രോയിറ്റിന്റെ പശ്ചാത്തലത്തിലുള്ള ത്രില്ലര്‍ ഡെവിള്‍സ് നൈറ്റില്‍ നടന്‍ നെപ്പോളിയനും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക