Image

കര്‍ക്കടകമാസം ആദ്ധ്യാത്മികപുണ്യം (ദേവി ദേവി)  

Published on 15 July, 2020
കര്‍ക്കടകമാസം ആദ്ധ്യാത്മികപുണ്യം (ദേവി ദേവി)  
രാമായണ ചിന്തകൾ -1

‘ലക്ഷ്മിയുമസ്ഥിരയല്ലോ മനുഷ്യര്‍ക്കു
നില്‍ക്കുമോ യൗവ്വനവും പുനരധ്രുവം?’
‘രോഗങ്ങളായുള്ള ശത്രുക്കളും വന്നു
ദേഹം നശിപ്പിക്കുമേവനും നിര്‍ണ്ണയം.’

മനസ്സില്‍ ആദ്ധ്യാത്മികപുണ്യം  വിതറി കര്‍ക്കടകമാസം  എത്തി.   ധാരമുറിയാതെ പെയ്യുന്ന മഴയിലമര്‍ന്നെത്തുന്ന  വറുതിയുടെയും രോഗപീഡകളുടെയും അന്ത്യംകുറിച്ചുകൊണ്ട്  സമ്പല്‍സമൃദ്ധമായ ചിങ്ങം വന്നെത്തുമെന്ന പ്രത്യാശയുടെ കാത്തിരിപ്പായിരുന്നു  മലയാളിക്കു കര്‍ക്കടകമാസം .  നിനയാത്തനേരത്ത് ഓടിക്കയറിവരുന്ന മഴയും കര്‍ക്കടകരാശിയിലുടെയുള്ള തന്റെ  യാത്രയ്ക്കിടയില്‍  ഭൂമിയിലേക്കെത്തിനോക്കുന്ന സൂര്യന്റെ പുഞ്ചിരിയും ചേര്‍ന്ന് കള്ളക്കര്‍ക്കടകം  വര്‍ഷത്തില്‍ പതിനൊന്നുമാസവും അദ്ധ്വാനിക്കുന്ന മനുഷ്യനും കന്നുകാലികള്‍ക്കും  ഒന്നു വിശ്രമിക്കാന്‍ ഇത്തിര സാവകാശം നല്‍കുന്നു.  പ്രകൃതിയനുവദിച്ച സുഖവാസകാലം !  ശരീരവും മനസ്സും ശുദ്ധവും സ്വസ്ഥവുമാക്കി  പൂര്‍വ്വാധികം ശക്തിയാര്‍ജ്ജിക്കാന്‍ പൂര്‍വ്വികര്‍  വിധിയാംവണ്ണം മരുന്നുസേവിച്ചും ഉഴിച്ചിലും പിഴിച്ചിലും നടത്തിയും  പഥ്യാഹാരങ്ങള്‍ കഴിച്ചും ഈശ്വരചിന്തയില്‍ മനസ്സുവ്യാപിപ്പിച്ചും കര്‍ക്കടത്തെ  ഉപയോഗപ്രദമാക്കി.

ഛേദിക്കുക , മുറിക്കുക ,ഇറുക്കുക എന്നൊക്കെ അര്‍ത്ഥമുള്ള  കൃന്തനം  എന്നവാക്കില്‍നിന്നാണ്  കര്‍ക്കടകം  ഉണ്ടായത്. ജലരാശിയായ ഞണ്ടാണ്  കര്‍ക്കടകരാശിയെ പ്രതിനിധാനംചെയ്യുന്ന  ചിഹ്നം.  കാലപുരുഷന്‍ അധിപനും.  പകലിനേക്കാള്‍ ദൈര്‍ഘ്യമേറിയ രാവുകളാണ് കര്‍ക്കടകരാശിയില്‍ ഉണ്ടാവുക.  ഇല്ലായ്മയുടെ  വിമ്മട്ടങ്ങളും  കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളും ശക്തിയേറിയ സൂര്യശ്മികളുടെ അഭാവവും ചേര്‍ന്നു നല്‍കിയ രോഗപീഡകളുടെ അസ്വസ്ഥതകളും തരണംചെയ്യാന്‍ സന്ധ്യാ സമയങ്ങളില്‍ വീടുകളില്‍ രാമായണം  തുടങ്ങിയ ഗ്രന്ഥങ്ങള്‍ വായിക്കുമായിരുന്നു.  ദക്ഷിണായനത്തിന്റെ തുടക്കമായ കര്‍ക്കടകമാസം പിതൃക്കളെ ആദരിക്കുന്നതിനും തെരഞ്ഞെടുത്തു. സൂര്യനും ചന്ദ്രനും ഒരേ അക്ഷാംശത്തിലെത്തുന്ന  കര്‍ക്കടകമാസത്തിലെ  അമാവാസി പിതൃതര്‍പ്പണത്തിനായി നീക്കിവച്ചത്  അദൃശ്യമായ ആ ശക്തികള്‍ ദുരിതങ്ങളെ താണ്ടാന്‍ മനഃശക്തിയേകുമെന്ന വിശ്വാസത്തിലാണ്.

കാലം മാറി . കഥകളും.  കൃഷിയെമാത്രം  ആശ്രയിച്ചുള്ള ജീവിതവും  വറുതിയും പോയിമറഞ്ഞു.   പഥ്യാഹാരങ്ങള്‍ അപഥ്യങ്ങളായി. ഈശ്വരനും പിതൃസങ്കല്‍പ്പങ്ങളും തര്‍ക്കവിഷയങ്ങളായി.  ആധുനിക സൗകര്യങ്ങള്‍  കുതിച്ചുപാഞ്ഞെത്തിയപ്പോള്‍  മുറ്റത്തും തൊടിയിലും വളര്‍ന്ന പച്ചമരുന്നുകളാല്‍ ഉണ്ടാക്കിയിരുന്ന ഔഷധങ്ങളുടെ സ്ഥാനം റെഡിമെയ്ഡ്  ഔഷധകിറ്റുകള്‍ക്കായി ഒഴിഞ്ഞുകൊടുത്തു. സന്ധ്യാസമയത്തെ  പുരാണപാരായണം  റെക്കോര്‍ഡ് ചെയ്ത കാസറ്റുകളില്‍നിന്ന് ഒഴുകിനടക്കാന്‍ തുടങ്ങി.  വിശ്വാസങ്ങളുടെ പേരിലെ തര്‍ക്കങ്ങളുടെ ഭാഗമായി  രാമായണമാസമായി കര്‍ക്കടകം മാറി.  'രാമായണമാസാചരണം ' ആരംഭിച്ചു. ( എന്റെ അറിവുവച്ച്  ഏതാണ്ട്  20-25 വര്‍ഷങ്ങള്‍ക്കുമുമ്പാണ്  ഈ ആചരണം തുടങ്ങിയത്. )
   
ജീവിതം ഒരു ദുര്‍വിധിവലയമോ ഒരു ആകസ്മിക സംഭവപ്രവാഹമോ അല്ല. മനുഷ്യരാശി   നദീപ്രവാഹത്തിലെ തടികളെപ്പോലെ ഒത്തുകൂടിയും വേര്‍പിരിഞ്ഞും സഞ്ചരിക്കുമ്പോള്‍ വിവേകവും സ്ഥൈര്യവുമുള്ളവര്‍ ദുഃഖത്തില്‍ മുഴുകുന്നില്ല. ജീവിതത്തിനര്‍ത്ഥമില്ലെങ്കില്‍തന്നെയും  ആദര്‍ശശുദ്ധിയുള്ളവന്  അര്‍ത്ഥമുണ്ടാക്കാന്‍ കഴിയുമെന്നും കഴിയണമെന്നും രാമനിലൂടെ രാമായണം നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്. ജീവിതം ബാഹ്യശാസനയുടെ അനുസരണമല്ല മറിച്ച് സ്വയം സമര്‍ത്ഥനയാണ്. ഒരുവനെ  ഗുണവാനോ ദോഷിയോ  ധീരനോ ഭീരുവോ ആക്കിത്തീര്‍ക്കുന്നത് അവന്റെ മനോവ്യാപാരങ്ങളും  ചേഷ്ടകളുമാണ്. നമ്മുടെ ആത്മാവ് നമ്മുടെ ചേഷ്ടകള്‍ക്കെല്ലാം സാക്ഷിയാണ്. ജീവിതയാത്രയില്‍ നാം സത്യം , ധര്‍മ്മം , ദീനാനുകമ്പ , സൗമ്യത ,ആദരവ്  എന്നിവയോടൊപ്പംവേണം മുന്നോട്ടുപോകേണ്ടത്. ധര്‍മ്മതല്‍പ്പരനായ വ്യക്തി ഈശ്വരന്റെ പ്രതിരൂപമാണെന്ന വിശ്വാസമാണ് ഈ മനോഭാവത്തിന്നാധാരം. ജീവിതത്തെയും മനുഷ്യനെയും മനുജഭാഗധേയത്തെയുംപറ്റിയുള്ള ദര്‍ശനങ്ങളും പ്രതിരൂപാത്മകത തികഞ്ഞ ഇതിവൃത്തത്തിലൂടെയും  രാവിനെ  പകലാക്കാനുള്ള അയനത്തിലേക്കു നയിക്കാന്‍   രാമായണത്തിനു കഴിയും.    നമുക്കു ചുറ്റും വിശാലമായി ,ഊര്‍ജ്ജ്വസ്വലമായി വിരാജിക്കുന്ന പ്രകൃതിയുടെ ആഴമേറിയ ജീവിതയാഥാര്‍ത്ഥ്യത്തെ എടുത്തുകാട്ടുന്ന  രാമാണവായനയിലൂടെ  നന്മയുടെ  കൈത്തിരി വരുംതലമുറയിലേക്കു കൈമാറാം.

കഥകളെന്തുമാകട്ടെ , കലുഷിതമായ  മനുഷ്യമനസ്സുകളില്‍  നീതിബോധവും ധര്‍മ്മവും  നന്മയും വരുത്താനുതകുന്ന   കര്‍മ്മങ്ങളില്‍ വാപൃതരായ ഒരുകൂട്ടം പൂര്‍വ്വികര്‍  തുടങ്ങിവച്ച ചില നന്മകളെ നമുക്കും പിന്തുടരാം. ആത്മശുദ്ധി വരുത്താം. ചേട്ടയെ പുറംതള്ളി ശീപോതിയെ  ഉള്ളില്‍ കുടിയിരുത്താം.

”മുക്തിക്കു വിഘ്‌നം വരുത്തുവാനെത്രയും
ശക്തിയുള്ളോന്നതില്‍ ക്രോധമറികെടോ
മാതാപിതൃഭ്രാതൃമിത്രസഖികളെ
ക്രോധംനിമിത്തം ഹനിക്കുന്നതുപുമാന്‍.”
 
 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക