Image

ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗദറില്‍ ഡെന്ന ആന്‍ ജോമോനും ഡിയോന്‍ ജോമോനും

Published on 20 July, 2020
 ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗദറില്‍ ഡെന്ന ആന്‍ ജോമോനും ഡിയോന്‍ ജോമോനും


ലണ്ടന്‍: ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതറില്‍ ഈയാഴ്ച പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് സെവന്‍ ബീറ്റ്‌സ് യുകെ ബാന്റിലൂടെയും സെവന്‍ ബീറ്റ്‌സ് സംഗീതോത്സവം ഉള്‍പ്പടെ നൂറ് കണക്കിന് വേദികളിലൂടെയും യുകെ മലയാളികള്‍ക്ക് സുപരിചിതയായ കൗമാര ഗായിക ഡെന്ന ആന്‍ ജോമോനും ഇളയ സഹോദരന്‍ ഡിയോന്‍ ജോമോനുമാണ്.

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ചു കൊണ്ടു നടത്തുന്ന ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ ജൂലൈ 21 നു (ചൊവ്വ) വൈകുന്നേരം അഞ്ചിനാണ് (ഇന്ത്യന്‍ സമയം രാത്രി 9.30).

ബെഡ്‌ഫോര്‍ഡ് ഫ്രീ സ്‌കൂളില്‍ ഇയര്‍ 10 വിദ്യാര്‍ഥിനിയായ ഡെന്ന ബാല്യം മുതല്‍ തന്നെ സംഗീത പഠനം ആരംഭിച്ചതാണ്. പ്രശസ്ത സംഗീതാധ്യാപിക മാളവിക അനില്‍ കുമാറിന്റെ ശിക്ഷണത്തില്‍ വോക്കലിലും കീബോര്‍ഡിലും പരിശീലനം തുടരുന്ന ഡെന്ന ഇതിനോടകം കരസ്ഥമാക്കിയ പുരസ്‌കാരങ്ങള്‍ ഈ കലാകാരിയുടെ പ്രതിഭയുടെ നേര്‍സാക്ഷ്യങ്ങളാണ്.

ബെഡ്‌ഫോര്‍ഡ് ഫ്രീ സ്‌കൂള്‍ മ്യൂസിക് ലീഡായി തുടരുന്ന ഡെന്ന 2015 ല്‍ ബെഡ്‌ഫോര്‍ഡ് ബറോ കൌണ്‍സില്‍ സംഘടിപ്പിച്ച ഏഷ്യന്‍ മ്യൂസിക് ഫെസ്റ്റിവലില്‍ സോളോ സോംഗ് വിജയിയായി. ബെഡ്‌ഫോര്‍ഡ് ബറോ കൌണ്‍സില്‍ 2015 ല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ സംഗീത മത്സരത്തില്‍ ബെസ്റ്റ് സിംഗര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയ ഡെന്ന 2017 ല്‍ 'സിംഗ് വിത്ത് സ്റ്റീഫന്‍ ദേവസി' കണ്‍ടസ്റ്റില്‍ റണ്ണര്‍ അപ്പ് സ്ഥാനം നേടി. ബൈബിള്‍ കലോത്സവം റീജിയണല്‍ ലെവല്‍ സോളോ സോംഗ് 2017, 2018,2019 വര്‍ഷങ്ങളില്‍ വിജയിച്ച ഡെന്ന രൂപത തലത്തില്‍ 2018, 2019 വര്‍ഷങ്ങളില്‍ സോളോ സോംഗ് വിജയിയായി. 2018 ല്‍ CBBC യിലെ പ്രശസ്ത മ്യൂസിക്കല്‍ റിയാലിറ്റി ഷോയായ ''Got what it takes' ല്‍ പങ്കെടുത്ത ഡെന്ന 2018 ല്‍ തന്നെ ടീന്‍സ്റ്റാര്‍യു കെ യുടെ റീജണല്‍ ഏരിയ മത്സരങ്ങളില്‍ വിജയം വരിച്ചു. ഈ ഇളം പ്രായത്തില്‍ തന്നെ പീറ്റര്‍ ചേരാനല്ലൂര്‍ ഫാ. ഷാജി തുമ്പേച്ചിറയില്‍ എന്നിവര്‍ക്ക് വേണ്ടി അഞ്ച് ഭക്തിഗാന ആല്‍ബങളില്‍ പാടിയ ഡെന്ന ആല്‍ബം രംഗത്തും തന്റെ ശക്തമായ സാന്നിദ്ധ്യം അറിയിച്ച് കഴിഞ്ഞു.

2019 ല്‍ മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയോടൊപ്പം വേദിയില്‍ പാടാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്ന ഡെന്ന 'സിംഗ് വിത്ത് എം.ജി.ശ്രീകുമാര്‍' കണ്‍ടസ്റ്റിലും പങ്കെടുത്തിട്ടുണ്ട്. സെവന്‍ ബീറ്റ്‌സ് മ്യൂസിക് ബാന്റ് ആന്‍ഡ് സംഗീതോത്സവത്തിന്റെ അഭിമാന താരമായ ഈ ഗായിക 2019 ല്‍ ഒരു പ്രമുഖ പത്രം ഏര്‍പ്പെടുത്തിയ 'യംഗ് ടാലന്റ് ' അവാര്‍ഡ് കരസ്ഥമാക്കി. 2020 ജൂണില്‍ നടന്ന ടീന്‍സ്റ്റാര്‍ യു കെ ലൈവ് ഓഡിഷന്‍ പെര്‍ഫോമന്‍സ് മത്സരത്തില്‍ വിജയിയായ ഡെന്നയ്ക്ക് യു കെ യിലെ പ്രശസ്തനായ ഒരു ഇംഗ്ലീഷ് സംഗീത സംവിധായകന്‍ പുറത്തിറക്കുന്ന ഇംഗ്ലീഷ് ആല്‍ബത്തില്‍ പാടുവാനുള്ള അവസരമാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. സംഗീത ലോകത്ത് രജത താരകമായി ഉദിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന ഡെന്നയുടെ മനോഹരശബ്ദം നൂറു കണക്കിന് വേദികളിലൂടെയും ഏറെ പ്രശസ്തമായ 'We Shall Overcome' ഉള്‍പ്പടെ നിരവധി ലൈവ് ഷോകളിലൂടെയും മലയാളികള്‍ കേട്ടിട്ടുണ്ടെങ്കിലും കീബോര്‍ഡില്‍ ഡെന്നയുടെ മാസ്മരിക പ്രകടനം കാണുവാനുള്ള അസുലഭാവസരമാണ് ' Let's Break It Together' ലൂടെ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്.

ഡെന്നയുടെ കൂട്ടത്തില്‍ ലൈവില്‍ പങ്കെടുക്കുവാന്‍ എത്തുന്ന കുഞ്ഞനുജന്‍ ഡിയോണ്‍ ബെഡ്‌ഫോര്‍ഡിലെ എല്‍സ്റ്റോവ് സ്‌കൂളില്‍ ഇയര്‍ 6 വിദ്യാര്‍ഥിയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി കീബോര്‍ഡില്‍ പരിശീലനം തുടരുന്ന ഈ 11 കാരന്‍ ആദ്യമായാണ് ഒരു പൊതുവേദിയില്‍ പെര്‍ഫോം ചെയ്യുന്നത്. ഫുട്‌ബോള്‍, റഗ്ബി മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഡിയോണ്‍ നല്ലൊരു നര്‍ത്തകന്‍ കൂടിയാണ്. ചിത്രരചനയിലും പെയിന്റിംഗിലും കൂടി തല്പരനായ ഡിയോണ്‍ തന്റെ പിതാവിനേയും സഹോദരിയേയും പോലെ സംഗീത ലോകത്തും വേരുറപ്പിക്കുവാനുള്ള കഠിന പരിശ്രമത്തിലാണ്.

സെവന്‍ ബീറ്റ്‌സ് യുകെ മ്യൂസിക് ബാന്റിലെ പ്രശസ്ത ഗായകന്‍ ജോമോന്‍ മാമ്മൂട്ടിലിന്റേയും ജിന്‍സിയുടെ മക്കളാണ് ഡെന്നയും ഡിയോണും. യുകെയിലെ പ്രശസ്തമായ സെവന്‍ ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ പ്രധാന സംഘാടകന്‍ കൂടിയാണ് ജോമോന്‍. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണിലെ ബെഡ്ഫോര്‍ഡ് മാര്‍സ്റ്റന്‍ കേരളാ അസോസിഷനിലെ സജീവാംഗങ്ങളാണ് ഈ കുടുംബം.

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

എട്ടു വയസു മുതല്‍ 21 വയസുവരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാര്‍ന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ചു നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃതജ്ഞതയും അഭിവാദ്യവും അര്‍പ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്.

വ്യത്യസ്തമായ സംഗീതോപകരണങ്ങളില്‍ കലാവിരുത് പ്രകടിപ്പിക്കുവാന്‍ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഹാസ്യാത്മകമായ പരിപാടികള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്നതും ആകര്‍ഷണങ്ങളുമായ മറ്റു കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കും.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്‌സ് ബാന്‍ഡ് യു കെ യുടെ റെക്‌സ് ജോസും ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്കുവേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം 20 മിനിറ്റ് ആണ്. പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന കലാ പ്രതിഭകള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്‌സ്ആപ്പ് നമ്പറില്‍ അയച്ചു തരേണ്ടതാണ് . ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികള്‍ അവതരിപ്പിക്കേണ്ടവരെ മുന്‍കൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകര്‍ക്ക് ആദരവ് നല്‍കുന്നതിനായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സമ്പന്നരായ കുട്ടികള്‍ അവതരിപ്പിക്കുന്ന 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍ ' എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി.എ ജോസഫ് ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്സണ്‍ ജോര്‍ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

വിവരങ്ങള്‍ക്ക് : സി എ ജോസഫ് 07846747602 , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോഓര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് 07877348602.

റിപ്പോര്‍ട്ട്: കുര്യന്‍ ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക